Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> മദ്യദൗര്‍ലഭ്യമല്ല, മാലിന്യസമൃദ്ധിയാണ് ടൂറിസ്റ്റുകളെ അകറ്റുന്നത്

മദ്യദൗര്‍ലഭ്യമല്ല, മാലിന്യസമൃദ്ധിയാണ് ടൂറിസ്റ്റുകളെ അകറ്റുന്നത്

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

സാക്ഷരത, വിദ്യാസമ്പന്നരുടെ എണ്ണം, സമ്പൂര്‍ണ വൈദ്യുതീകരണം, പരിസ്ഥിതിബോധം തുടങ്ങി പല മേഖലകളിലും കേരളം മുന്നിലാണ്. എന്നാല്‍ ആളുകള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്ന മാലിന്യം എന്തു ചെയ്യണമെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത പ്രശ്നമായി അവശേഷിക്കുന്നു. സമ്പൂര്‍ണ ശുചിത്വസംസ്ഥാനമായി കേരളത്തെ ഉടനെ പ്രഖ്യാപിച്ചേക്കാം. തുറന്ന സ്ഥലങ്ങളില്‍ മല മൂത്ര വിസര്‍ജ്ജനം നടത്താത്ത സംസ്ഥാനമെന്ന ഖ്യാതിയാണു കിട്ടാന്‍ പോകുന്നത്. പക്ഷേ, ഇവിടെ എന്താണു നടക്കുന്നത്? അടച്ചിട്ട മുറികളില്‍ നിക്ഷേപിക്കുന്ന വിസര്‍ജ്ജ്യം ഇടയ്ക്കിടെ മൊത്തമായെടുത്തു തോടുകളിലും പുഴകളിലും ഒഴുക്കിക്കളയുന്നു. അങ്ങനെ നാടു മുഴുവനും മലിനമാകുന്നു. മറ്റു ഖരമാലിന്യങ്ങളുടെ കാര്യവും തഥൈവ.

ഇന്ത്യയിലും ലോകത്തെമ്പാടും ദശലക്ഷക്കണക്കിന് ആളുകള്‍ പാര്‍ക്കുന്ന വന്‍ നഗരങ്ങളുണ്ട്. അത്രയും വലിയ നഗരങ്ങള്‍ കേരളത്തില്‍ ഇല്ല. ഉള്ളതില്‍ വലിപ്പമേറിയ നഗരം കൊച്ചിയാണ്. ശുചിത്വത്തിന്‍റെ കാര്യത്തില്‍ നാലാം സ്ഥാനത്തുനിന്ന കൊച്ചി പുതിയ കണക്കെടുപ്പില്‍ 271-ാം സ്ഥാനത്താണ്. ഖരമാലിന്യസംസ്കരണത്തിലുണ്ടായ വന്‍ വീഴ്ചയാണു കൊച്ചി വളരെ പിന്നില്‍ പോകാന്‍ കാരണം. മാലിന്യസംസ്കരണത്തെപ്പറ്റി ചര്‍ച്ചകള്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ബ്രഹ്മപുരത്ത് ഒരു പ്ലാന്‍റ് തുടങ്ങി. ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ അതിടിഞ്ഞുവീണു. പിന്നീടു ബ്രഹ്മപുരത്തു മാലിന്യം നിക്ഷേപിക്കലല്ലാതെ സംസ്കരണമില്ല. കാക്കനാട് ഭാഗത്തു ബ്രഹ്മപുരത്തുനിന്നുള്ള ദുര്‍ഗന്ധംമൂലം സാധാരണ ജീവിതം താറുമാറായിട്ടു വര്‍ഷങ്ങളായി. ഇതിനിടെ മാലിന്യസംസ്കരണത്തിനുവേണ്ടിയുള്ള പ്രോജക്ട് നിര്‍ദ്ദേശങ്ങള്‍ പലതുണ്ടായി. ഒന്നും നടപ്പിലായിട്ടില്ല. ലോകത്തിലുള്ള വന്‍നഗരങ്ങളിലെല്ലാം മാലിന്യസംസ്കരണം നടക്കുന്നുണ്ട്. കൊച്ചിക്കു മാത്രം അതു സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ഒരു പിടിയും കിട്ടുന്നില്ല.

നമ്മുടെ ചുറ്റുപാടുകളെ മലിനമാക്കുന്നതില്‍ വലിയ പങ്കു പ്ലാസ്റ്റിക്കിനുണ്ട്. നാട്ടിന്‍പുറങ്ങളില്‍പ്പോലും പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും ചിതറിക്കിടക്കുകയാണ്. ചില പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പ്ലാസ്റ്റിക് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അതൊന്നും എങ്ങുമെത്തിയിട്ടില്ല. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ സര്‍ക്കാരിനു നിരോധിക്കാവുന്നതേയുള്ളൂ. അത്തരം ബാഗുകളുണ്ടാക്കുന്ന കമ്പനികളോടാണു സര്‍ക്കാരിനു പ്രതിബദ്ധത; പൊതു ജനാരോഗ്യവും ശുചിത്വവും സര്‍ക്കാരിന്‍റെ മുന്‍ഗണനകളല്ല. പണ്ടു ഫ്ളെക്സ് നിരോധിക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തി. ഫ്ളെക്സ് അടിക്കുന്ന പ്രസ്സുകളുടെ താത്പര്യാര്‍ത്ഥം ആ നീക്കം ഉപേക്ഷിച്ചു. പൊതുതാത്പര്യത്തിനെന്നതിനേക്കാള്‍ വ്യക്തിതാത്പര്യത്തിനു പ്രാമുഖ്യം നല്കുന്നതാണു മാലിന്യപ്രശ്നം ഇത്രയും രൂക്ഷമാകാന്‍ കാരണമെന്നതില്‍ പക്ഷാന്തരമില്ല.

ശബരിമല തീര്‍ത്ഥാടനകേന്ദ്രം പ്ലാസ്റ്റിക് വിമുക്തമേഖലയായി പ്ര ഖ്യാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള ശ്രമം അവിടെ ഒട്ടൊക്കെ വിജയിച്ചിട്ടുണ്ടെന്നാണു മനസ്സിലാക്കുന്നത്. മലയാറ്റൂര്‍ അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഈ വര്‍ഷം ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കി. അതും നല്ല വിജയമായി. സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നിട്ടിറങ്ങിയാല്‍ പരിസരശുചീകരണത്തിനുള്ള ഏതു നീക്കത്തെയും ജനം സര്‍വാത്മനാ പിന്തുണയ്ക്കുമെന്നാണ് ഇതെല്ലാം കാണിക്കുന്നത്.

മൂന്നാര്‍ കയ്യേറ്റം ഇപ്പോഴും ചൂടുള്ള ചര്‍ച്ചാവിഷയമാണല്ലോ. കയ്യേറ്റം മാത്രമല്ല അവിടെ പ്രശ്നം. മൂന്നാര്‍ പട്ടണം മാലിന്യസമൃദ്ധമാണ്, മൂന്നാര്‍ പുഴ മാലിന്യവാഹിനിയും. മൂന്നാറിനു വഹിക്കാന്‍ പറ്റുന്നതിലധികമാണ് അവിടെ വരുന്ന ടൂറിസ്റ്റുകളുടെ എണ്ണം. അവരാകട്ടെ പരിസരബോധമില്ലാതെ പെരുമാറുന്നു; പ്ലാസ്റ്റിക്കിന്‍റെ വെള്ളക്കുപ്പികളും മദ്യക്കുപ്പികളും വലിച്ചെറിയുന്നു. വാഗമണ്‍പോലുള്ള എല്ലാ ഹില്‍ സ്റ്റേഷനുകളിലും ഇതാണു സ്ഥിതി. ഹില്‍ സ്റ്റേഷനുകളിലെല്ലാം ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടത്.

ബാര്‍ഹോട്ടലുകളും മദ്യശാലകളും പൂട്ടിയതുകൊണ്ടു കേരളത്തില്‍ ടൂറിസ്റ്റുകളുടെ എണ്ണം കുറയുന്നുവെന്നു തത്പരകക്ഷികള്‍ വിലപിക്കുന്നു. മദ്യം കഴിക്കുന്ന ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന സ്ഥലമാകരുതു കേരളം. മദ്യത്തിന്‍റെ കൂടെ മയക്കുമരുന്നും കടന്നുവരും. മദ്യശാലകളില്ലെങ്കിലും കോണ്‍ഫെറന്‍സുകള്‍ക്കു വരുന്നവരെ സത്കരിക്കാന്‍ കഴിയും.

മദ്യദൗര്‍ലഭ്യമല്ല മാലിന്യസമൃദ്ധമായ നഗരങ്ങളും ഹില്‍സ്റ്റേഷനുകളുമാണു ടൂറിസ്റ്റുകളെ കേരളത്തില്‍നിന്നകറ്റുന്നത്. കേരളത്തിലെ നഗരങ്ങളും ടൂറിസ്റ്റു കേന്ദ്രങ്ങളും വൃത്തിയായി സൂക്ഷിച്ചാല്‍ വിനോദസഞ്ചാരികള്‍ ധാരാളമായി ഇവിടെ എത്തുമെന്നു തീര്‍ച്ചയാണ്. സഞ്ചാരികള്‍ ധാരാളമായി എത്തുന്ന ആലപ്പുഴ നഗരവും കായലുകളും വൃത്തിയായി സൂക്ഷിക്കാതെ മദ്യമില്ലാത്തതുകൊണ്ടു ടൂറിസ്റ്റുകള്‍ വരുന്നില്ല എന്നു പറയുന്നത് ആത്മവഞ്ചനയാണ്. മെട്രോയും വാട്ടര്‍മെട്രോയുമൊക്കെയായി കൊച്ചിക്കു പുതിയൊരു മുഖം കൈവരുകയാണ്. പൊട്ടിപ്പൊളിഞ്ഞ നടപ്പാതകളും തുറന്ന കാനകളും മാലിന്യകൂമ്പാരങ്ങളും ഉള്ള വഴിയോരങ്ങളും കൊതുകു വളര്‍ത്തല്‍ കേന്ദ്രങ്ങളായ തോടുകളും അതേപടി തുടരുകയാണെങ്കില്‍ മെട്രോകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടാകുകയില്ല. അവയെല്ലാം വൃത്തിയാക്കുകയാണെങ്കില്‍ വിദേശ വിനോദസഞ്ചാരികള്‍ ഇങ്ങോട്ട് ഒഴുകിയെത്തുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതുമില്ല.

Leave a Comment

*
*