Latest News
|^| Home -> Pangthi -> ഉള്‍പ്പൊരുള്‍ -> മണിമുഴങ്ങുന്നതാര്‍ക്കുവേണ്ടി, മണിയാശാനുവേണ്ടിയോ മന്ത്രി മുഖ്യനുവേണ്ടിയോ?

മണിമുഴങ്ങുന്നതാര്‍ക്കുവേണ്ടി, മണിയാശാനുവേണ്ടിയോ മന്ത്രി മുഖ്യനുവേണ്ടിയോ?

ഫാ. സേവ്യര്‍ കുടിയാംശേരി

പണ്ടു വളരെ വ്യാപകമായി ചോദിച്ചുവന്ന ഒരു പഴഞ്ചൊല്‍ച്ചോദ്യംപോലെ “മണിയാശാനെ പ്പിടിച്ചു മന്ത്രിക്കസേരയില്‍ ഇരുത്തിയാല്‍ ഇരിക്കുമോ?” എന്നൊരു പുതിയ ചോദ്യം ഉയരുന്നു. മണിമൊഴികള്‍ ആശാനെ കസേരയില്‍ ഇരുത്തില്ല എന്നു മണിയാശാനു തന്നെ അറിയാം. ബി.ജെ.പി.യും കോണ്‍ഗ്രസ്സും ആശാനെ മാറ്റണമെന്നാവശ്യപ്പെടുന്നുണ്ട്. അതു വെറും രാഷ്ട്രീയ തട്ടിപ്പാണ്. മണി തുടരണമെന്നുതന്നെയാണ് അവരുടെയെല്ലാം ആത്മാര്‍ത്ഥമായ ആഗ്രഹം. മണി കുറച്ചു കാലംകൂടി മന്ത്രിക്കസേരയിലുണ്ടായാല്‍ പ്രതിപക്ഷത്തിനു വീട്ടില്‍ കിടന്നുറങ്ങാം. ഭരണവിരുദ്ധവികാരം ആശാന്‍തന്നെ സൃഷ്ടിച്ചുകൊള്ളും. അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ മണിമൊഴികളിറക്കി വോട്ടു പിടിക്കാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല.

മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിനില്‍ക്കേയാണ് എം.എം. മണി നടത്തിയ വിവാദ പ്രസംഗം പുതിയ വിവാദങ്ങള്‍ക്കു വഴിതെളിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ നിശിതമായി വിമര്‍ശിച്ചുതുടങ്ങിയ പ്രസംഗത്തില്‍ “പെമ്പിളൈ ഒരുമൈ” സമരത്തെ അശ്ലീലച്ചുവയോടെ പരാമര്‍ശിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. മുന്‍ മൂന്നാര്‍ ദൗത്യസംഘത്തലവന്‍ കെ. സുരേഷ്കുമാറിനൊപ്പം മദ്യപാനവും സകല പണിയുമുണ്ടായിരുന്നു എന്നാണ് മാധ്യമപ്രവര്‍ത്തകരെ മണി ആക്ഷേപിച്ചത്. ഇപ്പോള്‍ ദേവികുളം സബ് കളക്ടറോടോപ്പമാണ് വൈകുന്നേരമെന്നും മണി പറഞ്ഞു. മന്ത്രി മണി രാജിവയ്ക്കണമെന്നും മൂന്നാറില്‍ നേരിട്ടെത്തി മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ നിരാഹാരമിരിക്കുകയാണ്. “എം.എം. മണിയെ വിടമാട്ടേന്‍” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സംഘടനയുടെ നേതാവ് ഗോമതിയുടെ നേതൃത്വത്തിലുള്ള സമരം. ഇതിനകംതന്നെ സാംസ്കാരിക കേരളം മണിയുടെ വിവാദപ്രസംഗത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു. മാത്രമല്ല കേരളമൊട്ടാകെ പ്രതിഷേധവുമിരമ്പുകയാണ്. മുഖ്യ മന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മണി ചെയ്തതു തെറ്റാണെന്ന് ആദ്യം പറഞ്ഞുവെങ്കിലും അസംബ്ളിയില്‍ മണിയുടെ ഗ്രാമ്യഭാഷയെ മാധ്യമപ്രവര്‍ത്തകര്‍ വളച്ചൊടിച്ചു എന്നു പറഞ്ഞ് മണിയെ ന്യായീകരിക്കാന്‍ വൃഥാ ശ്രമം നടത്തിയത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷം മണിയാശാനെ ബഹിഷ്കരിക്കുമെന്നു ഭീ ഷണി മുഴക്കിയിരിക്കുന്നു. ഞാന്‍ ഗ്രാമ്യഭാഷയില്‍ പറഞ്ഞതു വളച്ചൊടിച്ച് എന്നെ അധിക്ഷേപിക്കുകയാണ്, ഇതിലേതോ ഗൂഢാലോചനയുണ്ട്, എനിക്കു പ്രൊഫസറുടെ ഭാഷയറിയില്ല എന്നൊക്കെ പറഞ്ഞ് രക്ഷപെടാന്‍ മണിയാശാനും ശ്രമിക്കുന്നുണ്ട്. ഗ്രാമ്യഭാഷ തെറിഭാഷയല്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. മുട്ടാപ്പോക്കു വര്‍ത്തമാനങ്ങള്‍ ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കാന്‍ അഞ്ചാംക്ലാസ്സ് പഠനം മതി. പൊതുവായി ഖേദം പ്രകടിപ്പിച്ചിരുന്നുവെങ്കിലും മൂന്നാറില്‍ പോയി പെമ്പിളൈ ഒരുമയുടെ മുന്നില്‍ മാപ്പു പറയില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്നും മണി നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ അക്രമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും മണി നടത്തിയിട്ടുള്ള വിവാദപ്രസംഗങ്ങള്‍ മണിയെയും പാര്‍ട്ടിയെയും നേരത്തെതന്നെ ഉപരോധത്തിലാക്കിയിട്ടുള്ളതാണ്. മണിയെ മന്ത്രിയാക്കുന്നതിനു മു മ്പുതന്നെ പ്രബുദ്ധ കേരളത്തില്‍ ഒരു മന്ത്രിയാകാന്‍ അങ്ങേര്‍ക്കു യോഗ്യതയുണ്ടോ എന്നു പരിശോധിക്കേണ്ടതായിരുന്നു. എന്തായാലും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ മണിയാശാനെതിരെ കലാപമുയര്‍ന്നിട്ടുണ്ട്. ഒരുപക്ഷേ മണിയാശാന്‍ മന്ത്രിപദം ഒഴിയേണ്ടിവന്നേക്കാം.

മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കു മുമ്പ് സ്റ്റഡി ക്ലാസ്സുകളുണ്ടായിരുന്നു. കമ്യൂണിസം എന്താണെന്ന് പഠിപ്പിക്കുമായിരുന്നു. ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ എത്ര പേര്‍ക്ക് മാര്‍ക്സ് ആരാണ്, ദാസ് കാപ്പിറ്റല്‍ എന്താണ് കമ്യൂണിസ്റ്റു മാനിഫെസ്റ്റോ എന്താണ് എന്നൊക്കെ അറിയാമോയെന്നു ചോദിച്ചാല്‍ പാര്‍ട്ടി പരുങ്ങലിലാകും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചറിയാമോ ജനാധിപത്യത്തെക്കുറിച്ചറിയാമോ എന്നൊക്കെ ചോദിച്ചിട്ടു കാര്യമൊന്നുമില്ല. നൂറു ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണു കേ രളം. സാമൂഹിക സാംസ്കാരിക രംഗത്ത് ഇന്ത്യയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. നാടിന്‍റെ സംസ്കാരത്തെയും സാമൂഹിക ഔന്നത്യത്തെയും മാനിച്ചുകൊണ്ടുവേണം രാഷ്ട്രീയ നേതൃത്വം കേരളത്തിന്‍റെ മന്ത്രിമാരെ നിശ്ചയിക്കാന്‍. കേരളജനതയെ പ്രതിനിധീകരിക്കുന്ന ഒരു മന്ത്രിക്ക് വിവേകവും പക്വതയും മാന്യതയുമെങ്കിലും വേണമെന്നത് കേരളജനതയുടെ അവകാശമല്ലേ? പാര്‍ട്ടിക്ക് മണിയാശാന്‍റെ നിലവാരം മതിയായേക്കാം. കേരളത്തിനതു പറ്റില്ലല്ലോ?

എല്ലാം ശരിയാക്കാം എന്നു പറഞ്ഞെത്തിയ കമ്യൂണിസ്റ്റു മന്ത്രിസഭ “കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി” എന്നു പറയുംപോ ലെ എല്ലാം ശരിയാക്കി ശരിയാക്കി ഇവിടെ ഭരണമില്ലാതാക്കി. ഭരണരംഗത്ത് വിവാദങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. പൊലീസുകാരെ നിലയ്ക്കു നിര്‍ത്താന്‍ കഴിയുന്നില്ല. ഉദ്യോഗസ്ഥവൃന്ദം അവര്‍ക്കു തോന്നിയതുപോലെ. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിതന്നെ അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഒന്നും നേരെചോവ്വേ നീങ്ങുന്നില്ല. മന്ത്രിമാരുടെ നാവുപോലും നിയന്ത്രിക്കാനാവാതെ മുഖ്യമന്ത്രി ഇരുട്ടില്‍ത്തപ്പുകയാണ്.

Leave a Comment

*
*