മനഃസാക്ഷിയുടെ ഭാരമിറക്കുന്ന സംഘബോധം

മനഃസാക്ഷിയുടെ ഭാരമിറക്കുന്ന സംഘബോധം

വ്യക്തികള്‍ക്ക് മനഃസാക്ഷി ഭാരമായി അനുഭവപ്പെടാം. കാരണം മനഃസാക്ഷി കുറ്റപ്പെടുത്തുന്നു; ഉത്തരവാദിത്വം ആവശ്യപ്പെടുന്നു. അതു സൃഷ്ടിക്കുന്ന കുറ്റബോധത്തിന്‍റെ വ്രണം സകല നേരവും വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു.
മനഃസാക്ഷിയോടു ശുഭരാത്രി ആശംസിച്ച് ഉറക്കാന്‍ എന്താ മാര്‍ഗം? മനഃസാക്ഷി ശല്യപ്പെടുത്തുന്നത് എന്നോട് ഉത്തരവാദിയായവന്‍ കല്പിച്ചുകൊണ്ടാണ്. ജീവിതത്തിന്‍റെ ഉത്തരവാദിത്വം വലിയ ഭാരമാണ്, ക്ലേശമാണ്. അതൊന്ന് ഇറക്കിക്കളഞ്ഞു സ്വതന്ത്രനാകാന്‍ കഴിയുമോ? സത്യത്തില്‍ സ്വാതന്ത്ര്യമാണ് എനിക്കു പ്രശ്നം. എനിക്കു സ്വാതന്ത്ര്യമല്ല വേണ്ടതു സ്വാതന്ത്ര്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് ആവശ്യം.
ഇതിനു കണ്ടുപിടിക്കുന്ന മാര്‍ഗം സംഘം ചേരലാണ്. സമുദായം, മതം, രാഷ്ട്രീയ പാര്‍ട്ടി ഇങ്ങനെ എന്തെല്ലാം സംഘങ്ങള്‍! സംഘം എപ്പോഴും കാലിസ്വഭാവമെടുക്കാം. കാലികള്‍ പരസ്പരം അനുകരിക്കുന്നു. മുമ്പേ പോയ ഗോവിന്‍റെ പിന്നാ ലെ സകല സഹഗോക്കളും.
അങ്ങനെ പാര്‍ട്ടി കൂടിയാല്‍ അതിലേക്ക് എല്ലാ ഭാരങ്ങളും ഇറക്കിക്കളയാം. സംഘബോധം റദ്ദാക്കുന്നതു മനഃസാക്ഷിയാണ്. സംഘം ചേര്‍ന്നാല്‍ മദ്യപിക്കാം, പെണ്ണുപിടിക്കാം, അടിപിടി നടത്താം, മോഷ്ടിക്കാം. അവിടെ ഉത്തരവാദിത്വം ആര്‍ക്കുമില്ല. മറ്റുള്ളവര്‍ ചെയ്തു; അതുകൊണ്ടു ഞാനും ചെയ്തു. അത്രതന്നെ.
ഇങ്ങനെ ചെയ്യുമ്പോള്‍ എന്തുകൊണ്ടു ചെയ്തു എന്നതിന് ഉത്തരം പറയേണ്ട. ഉത്തരം പറയാന്‍ ഒരു മുഖമില്ല. സംഘാംഗങ്ങള്‍ മുഖം സംഘത്തില്‍ ഒളിപ്പിക്കുന്നു. വ്യക്തികള്‍ സംഘത്തില്‍ മുഖമില്ലാത്ത അക്കങ്ങളായി മാറുന്നു. ഒരാള്‍ അയാളാകാതെ അവനും അവരുമാകുകയാണ്. ഞാന്‍ ഞാനാകാന്‍ അഗ്രഹിക്കുന്നില്ല. ഈ സംഘങ്ങള്‍ ഭൂരിപക്ഷാഭിപ്രായം നടപ്പിലാക്കുകയല്ല, സംഘത്തിനു സ്വന്തമായ നിലപാടില്ല. വെള്ളം തീ കെടുത്തിക്കൊള്ളും. സംഘം വ്യക്തിയുടെ ആന്തരികതയാണ് ഇല്ലാതാക്കുന്നത്. സംഘത്തില്‍ അകമില്ലാത്ത ആളുകളാണ്, അവര്‍ സംഘത്തോടെ ഒഴുകുന്നു. അവര്‍ക്ക് ആന്തരികതയോ അതിന്‍റെ സത്തയോ ഇല്ലാത്തതുകൊണ്ട് എപ്പോഴും പൊങ്ങുതടിയായി ഒഴുകുന്നു. സംഘത്തിന്‍റെ ഒഴുക്കില്‍ ഇവര്‍ സ്വാതന്ത്ര്യത്തില്‍ നിന്നു വിമുക്തമായി ഒഴുകുന്നു.
ഇവിടെ മനുഷ്യജീവിതം സ്വന്തം ആത്മാവിനോടുപോലും ജീവിതത്തിനു കണക്കു പറയുന്നില്ല. അവര്‍ കഥയില്ലാത്ത മനഷ്യരായി ആള്‍ക്കൂട്ടത്തില്‍ ഒളിച്ചു ജീവിതത്തില്‍ നിന്ന് അവധിയെടുക്കുന്നു. ആള്‍ക്കൂട്ടത്തില്‍ ആത്മാവു മറന്നും മാറ്റിവച്ചും ഒഴുകുന്നവര്‍ക്ക്, ആത്മാവില്ല, ആന്തരികതയില്ല, സത്യവുമില്ല. അവര്‍ കാലിക്കൂട്ടത്തിലെ കാലിയാവാന്‍ തീരുമാനിച്ചു. ഒരു കാലിക്കും കഥയില്ല. ഇത്തരക്കാര്‍ കഥയില്ലാത്തവരായി അവസാനിക്കുന്നു; അവശേഷിപ്പിക്കാന്‍ ഒന്നുമില്ലാതെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org