മനുഷ്യന്‍റെ രൂപാന്തരീകരണം കാണ്ടാമൃഗത്തിലേക്ക്

മനുഷ്യന്‍റെ രൂപാന്തരീകരണം കാണ്ടാമൃഗത്തിലേക്ക്

ഓടിക്കിതച്ചു നഗര ഓഫീസിലെത്തിയ സ്ത്രീ പറഞ്ഞു: "വഴിനീളെ ഒരു കാണ്ടാമൃഗം എന്‍റെ പിന്നാലെ വരുന്നു…" കാണ്ടാമൃഗം ഓഫീസിലെ കോവണി കയറുന്ന സ്വരം. നഗരത്തിന്‍റെ അഗ്നിശമന വിഭാഗത്തില്‍ വിളിച്ചു സഹായമഭ്യര്‍ത്ഥിച്ചു. പക്ഷേ, അവര്‍ വലിയ തിരക്കിലാണ്. പതിനേഴു കാണ്ടാമൃഗങ്ങളാണു നഗരത്തില്‍. താഴെ മൃഗത്തിന്‍റെ സ്വരം കേട്ടു താഴേയ്ക്കു നോക്കിയ സ്ത്രീ മോഹാലസ്യപ്പെട്ടു. കാര്യം തിരക്കിയപ്പോള്‍ അവള്‍ പറഞ്ഞു: "അയ്യോ, അത് എന്‍റെ ഭര്‍ത്താവാണ്." യുക്തിവാദി പറഞ്ഞു. ഇതൊക്കെ മാധ്യമസൃഷ്ടിയും അബദ്ധങ്ങളും. "ഞാന്‍ ഒന്നും കാണുന്നില്ല; വെറും മിഥ്യാബോധം."
ഇതിലൊന്നും താത്പര്യമില്ലാത്തവനും സ്ഥിരം മദ്യപിക്കുന്നവനുമായ ബെരെങ്കര്‍ സുഹൃത്തു യാനുമായി സംഭാഷിക്കുന്നു. ആ കാണ്ടാമൃഗം "കല്ലിനടിയില്‍ ഒളിച്ചിരിക്കുകയായിരുന്നിരിക്കണം." പക്ഷേ, യാന്‍ പറഞ്ഞു: "ജീവിതം സ്വപ്നമല്ലേ. ചിലപ്പോള്‍ എനിക്കുതന്നെ അസ്തിത്വമുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു." പിന്നെ യാന്‍ കാണ്ടാമൃഗമായി രൂപാന്തരപ്പെട്ടതു ബെരെങ്കര്‍ കാണുന്നു.
ഈ വലിയ ദുരന്തത്തെ അതിജീവിക്കുന്നതു ഡയസിയും ബെരെങ്കറും മാത്രമാണ്. മനുഷ്യരെ നോക്കി ഡയസി പറഞ്ഞു: "അവര്‍ പാടുകയും നൃത്തമാടുകയും ചെയ്യുന്നു."
"നീ അതിനെ നൃത്തമെന്നാണോ പറയുന്നത്?"
"അത് അവരുടെ നൃത്തരൂപമാണ്; അവ സുന്ദരമാണ്."
"വൃത്തികെട്ടതാണ്."
"നീ അസുഖകരമായതു പറയുന്നു. അത് എന്നെ അലട്ടുന്നു."
"ക്ഷമിക്കണം, അവരുടെ കാര്യം പറഞ്ഞു നാം വഴക്കുണ്ടാക്കണ്ട."
"അവര്‍ ദൈവങ്ങളെപ്പോലെയാണ്." ഈ ഡയസി അവസാനത്തില്‍ പറയുന്നു തനിക്കു കുഞ്ഞുങ്ങള്‍ ഉണ്ടാകണ്ട എന്നും ലോകം രക്ഷപ്പെടേണ്ടതില്ല എന്നും. അധികം വൈകാതെ അവളും കാണ്ടാമൃഗമായി. അവശേഷിക്കുന്നത് ഒരാള്‍ മാത്രം. ബെരെങ്കര്‍. അയാള്‍ കണ്ണാടി നോക്കി ആത്മഗതം നടത്തുന്നു.
ഈ നാടകം മനുഷ്യനെ കാണ്ടാമൃഗമാക്കുന്ന രോഗത്തിന്‍റെയും വസന്തയുടെയും കഥയാണ്. വീക്ഷണങ്ങള്‍, മൗലികവാദങ്ങള്‍, തീവ്രവാദങ്ങള്‍ നാസിസം, കമ്യൂണിസം ഇവ കഴിച്ചു മനുഷ്യത്വം നഷ്ടമായി മനുഷ്യന്‍ കാണ്ടാമൃഗമാകുന്നു. ഒരാളെ മാത്രം ഇതൊന്നും കീഴ്പ്പെടുത്തുന്നില്ല. ഈ കഥാപാത്രം നാടകകൃത്തിന്‍റെ തന്നെ പ്രതിരൂപമാണ്. അദ്ദേഹം എഴുതി: "നാടകരംഗത്ത് എന്‍റെ ആന്തരികനാടകമാണു ഞാന്‍ വിക്ഷേപിക്കുന്നത്. വിചിത്രവും അസംഭവ്യവുമായ എന്‍റെ ലോകത്തിന്‍റെ എന്‍റെ നാടകം." ഈ ആന്തരികതയില്‍ അന്ധമായ ശക്തികളുടെ വടംവലിയും സംഘട്ടനവുമാണ്. യൂജിന്‍ ആയനെസ്കോ എഴുതി: "ഒരു കാര്യം വ്യക്തമാണ് ഞാന്‍ ആരെന്നും ഞാന്‍ എന്തുകൊണ്ടെന്നും ഞാന്‍ ഒരിക്കലും അറിയില്ല." തന്നെ അറിയാതെതന്നെ അന്വേഷിക്കുന്നവന്‍ മാത്രം. മൃഗീയതയിലേക്കു മടങ്ങുന്നില്ല, മൃഗീയതയില്‍ കുടുങ്ങുന്നില്ല. ഈ ആത്മജ്ഞാനം കണ്ടാമൃഗമാകാതെ കാത്തുസൂക്ഷിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org