സ്വാഭാവിക നീതിയുടെ അടയാളപ്പെടുത്തലുകള്‍

സ്വാഭാവിക നീതിയുടെ അടയാളപ്പെടുത്തലുകള്‍

"അങ്ങയെ ഞങ്ങളുമായി രമ്യതപ്പെടുത്തുന്ന നീതിയുടെ പ്രവൃത്തികളാല്‍…"

ആല്‍ഫസ് പത്രോസ്

ആല്‍ഫസ് പത്രോസ്
ആല്‍ഫസ് പത്രോസ്

ഒരു വര്‍ഷത്തോളം മുന്‍പ് തുടങ്ങി, ഇനിയും എത്ര നാള്‍ നീളും എന്ന് അറിഞ്ഞു കൂടാത്ത ആശയടക്കങ്ങളുടെ ഒരു നീണ്ട കാലത്തിന് ഇടയ്ക്കാണ് ഇത്തവണത്തെ വലിയ നോമ്പ്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും, യാത്രകള്‍ക്കും, സന്ദര്‍ശനങ്ങള്‍ക്കും, ഉല്ലാസങ്ങള്‍ക്കും, ചടങ്ങുകള്‍ക്കുമെല്ലാം കടുത്ത നിയന്ത്രണങ്ങള്‍! 2020-ലെ നോമ്പു വീടലുകളില്‍ പല പതിവു വിഭവങ്ങളും ഉണ്ടായിരുന്നില്ല. മഹാമാരിയെ തടുക്കാനായി ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും എല്ലാം, പക്ഷെ, എല്ലാവരും തന്നെ നീതിപൂര്‍ണവും ന്യായയുക്തവുമായി ആണ് കരുതുന്നതും, അവയോട് സഹകരിക്കുന്നതും.
മതേതരായ പൊതു സമൂഹത്തിലും, ആദ്ധ്യാത്മികതയുടെ തലത്തിലും ഏറ്റവും അടിസ്ഥാനപരമായ മൂല്യമായാണ് നീതി കണക്കാക്കപ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ രാഷ്ട്രത്തിന്റെ ഒന്നാമത്തെ ഉദ്ദേശ്യമായി പറഞ്ഞിട്ടുള്ളത് സാമൂഹ്യവും, സാമ്പത്തികവും, രാഷ്ട്രീയവുമായ നീതി എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തുക എന്നതാണ്. നിയമങ്ങളുടെ അടിസ്ഥാന ഉദ്ദേശ്യമായി കരുതപ്പെടുന്നതും നീതി എല്ലാവര്‍ക്കും ഉറപ്പാക്കുക എന്നത് തന്നെയാണ്. ലിഖിത രൂപത്തില്‍ ലഭ്യമായ ഏറ്റവും പുരാതന നിയമസംഹിതയായ ഹമ്മു റാബിയുടെ നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യമായി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: 'കരുത്തന്മാര്‍ ബലഹീനരെ ഞെരുക്കാതിരിക്കാനും, ഹിംസോത്സുകര്‍ ശാന്തശീലരെ കീഴ്‌പ്പെടുത്താതിരിക്കാനും.' ഇത്തരമൊരു വീക്ഷണം ന്യായമാണ് എന്ന ഒരു ശക്തമായ പൊതു ബോധം എല്ലാ സമൂഹങ്ങളിലും ഉണ്ട്.
മനുഷ്യര്‍ തമ്മിലുള്ള എല്ലാ ഇടപെടലുകളും ന്യായയുക്തമാകണം എന്നത് ഒരു പൊതുവായ ബോധ്യമാണ്. ദൈവശാസ്ത്രത്തില്‍ ഇതിനെ വിവക്ഷിക്കുന്നത് സ്വാഭാവികനിയമം എന്ന പദം കൊണ്ടാണ്. എല്ലാ മനുഷ്യരുടെയും മനഃസാക്ഷിയുടെ അടിസ്ഥാനവും സ്വാഭാവിക നിയമമാണ്. ചരിത്രത്തിലുടനീളം സ്വാഭാവിക നിയമത്തെ നിര്‍വചിക്കാനായി തത്വചിന്താപരമായ പല ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. 1970കളില്‍ അമേരിക്കന്‍ രാഷ്ട്രീയ ചിന്തകനായ ജോണ്‍ റൗള്‍സ് നീതിയെക്കുറിച്ച് സമ ഗ്രമായ ഒരു ചിന്താപദ്ധതി മുന്നോട്ടു വച്ചു.
വ്യാവഹാരികമായ (transactional) ഒരു മൂല്യമായാണ് റൗള്‍സ് നീതിയെ കാണുന്നത്. ന്യായയുക്തമായ നീതി (Justice as Fairnes) എന്നതിനെക്കുറിച്ച് ഒരു സാമൂഹ്യ ഉടമ്പടി (Social Contact) എങ്ങനെ ഉരുത്തിരിയും എന്നതാണ് അദ്ദേഹം ചര്‍ച്ച ചെയ്യുന്ന അടിസ്ഥാന ചോദ്യം. വ്യക്തികള്‍ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എപ്പോഴും ഉത്സുകരായിരിക്കും. പരമാവധി സ്വാതന്ത്ര്യവും, അവസരങ്ങളിലും വിഭവങ്ങളുടെ വിതരണത്തിലും തുല്യതയും ഓരോ വ്യക്തിയും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ പ്രവചനാതീതമായ പലതരം ദുര്‍ബലാവസ്ഥകളും (Vulnerabilities) ഉണ്ടാകും. ലിംഗം, വംശം, ജാതി, ദേശീയത, സാമ്പത്തികസ്ഥിതി, തുടങ്ങിയ സ്വന്തം ശക്തിദൗര്‍ബല്യങ്ങളില്‍നിന്ന് (Disparities) ഉടമ്പടിയില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ ഒരു അജ്ഞതയുടെ തിരശീലയാല്‍ മറക്കപ്പെടണം എന്ന സങ്കല്‍പം റൗള്‍സ് കൊണ്ടുവന്നിട്ടുണ്ട്. നിയമം ഉണ്ടാക്കിയതിനു ശേഷം മാത്രമേ അവരവരുടെ അവസ്ഥ വെളിപ്പെടുകയുള്ളൂ. അപ്പോള്‍ ദുര്‍ബല വ്യക്തികള്‍ക്ക് കൂടുതല്‍ കരുതലും സംരക്ഷണവും വേണം എന്ന തത്വം എല്ലാവരും അംഗീകരിക്കും. കാരണം തനിക്കായിരിക്കും ചിലപ്പോള്‍ ആ ദുര്‍ബലാവസ്ഥ ഉണ്ടാകുന്നത് എന്ന ഭയം ഓരോരുത്തരിലും ഉണ്ടാകും. അങ്ങനെ സ്വന്തം താല്‍പര്യത്താല്‍ നയിക്കപ്പെടുന്ന വ്യക്തികള്‍ ന്യായയുക്ത മായ ഒരു നീതിവ്യവസ്ഥ സാമൂഹ്യവ്യവഹാരത്തിനായി രൂപീകരിക്കും എന്ന ആശയമാണ് റൗള്‍സിയന്‍ രീതിശാസ്ത്രത്തിന്റെ കാതലായ ആശയം.

നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്ന നീതി…
മനുഷ്യര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന സമയവും, പ്രകൃതിയിലെ വിഭവങ്ങളും പരിമിതമാണ്. അവയുടെ വിനിയോഗം സംബസിച്ച വി നിമയങ്ങളില്‍ സ്വാഭാവികമായ നീതി പുലരേണ്ടത് അവശ്യമാണ് എന്ന് വചനം അടിവരയിട്ട് പഠിപ്പിക്കുന്നുമുണ്ട്. എന്നാല്‍ അത് ദൈവരാജ്യത്തിലേക്കുള്ള ഒന്നാമത്തെ ചുവട് മാത്രമാണ്.
നിയമം പൂര്‍ത്തീകരിക്കുന്നതിനായി കാലത്തിന്റെ തികവില്‍ കടന്നു വന്ന മിശിഹാ നീതിയുടെ ഒരു പുതിയ ക്രമം വെളിപ്പെടുത്തി.
നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു (മത്തായി 5:20).
വ്യക്തിതലത്തിലും സമൂഹതലത്തിലും ഉള്ള വ്യവഹാരങ്ങള്‍ കൊള്ളല്‍ കൊടുക്കലുകളില്‍ സന്തുലനം പാലിക്കുന്നവ (Zero sum Game) ആകണം എന്നാണ് സ്വാഭാവിക നീതി ആവശ്യപ്പെടുന്നത്. എന്നാല്‍ പരിമിതികള്‍ക്കെല്ലാം ഉപരിയായ ദൈവത്തിന്റെ നീതി വ്യാവഹാരികമായ ഒന്നല്ല; മറിച്ച് അവിടുത്തെ അപരിമേയമായ പരി പൂര്‍ണതയുടെ സത്താപരമായ സ്വഭാവവിശേഷമാണ്.

നൂറുമേനി ഫലം പുറപ്പെടുവിക്കാന്‍ നിലത്ത് വീണ് അഴുകുന്ന
ഗോതമ്പ് മണി പോലെ, പുതുജീവന്റെ ആനന്ദത്തിനു മുന്നോടിയായി
ഈറ്റുനോവ് അനുഭവിക്കുന്ന അമ്മയെപ്പോലെ, ലോകത്തിന്റെ പാപങ്ങള്‍
നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എല്ലാം പുതുതാക്കി മാറ്റുന്നു.
സ്വാഭാവിക 
നീതിയുടെ പരിണിത ഫലം പ്രതിക്രിയയും നഷ്ടപരിഹരണവും,
തൃപ്തിയും ആണെങ്കില്‍, ദൈവികനീതിയുടെ പരിണിതഫലം വീണ്ടെടുപ്പും
പുനസ്ഥാപനവും ആനന്ദവും ആണ്.


ദൈവികനീതി വെളിപ്പെടുന്നത് കരുണയായിട്ടാണ്. തന്റെ ഏക ജാതനെ നല്‍കിക്കൊണ്ട് ലോകത്തെ സ്‌നേഹിച്ച പിതാവിന്റെയും, അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ അര്‍പ്പിക്കുന്ന പുത്രന്റെയും, കൃപയുടെ അഭിഷേകമായി ഇറങ്ങിവരുന്ന പരിശുദ്ധാത്മാവിന്റെയും ജീവിതത്തിലേക്ക് പ്രവേ ശിക്കുന്നതിനുള്ള വിളിയാണ് നോമ്പുകാലത്തിന്റെ കാതല്‍.
ദൈവവല്‍ക്കരണം (Theosis) എന്ന ആശയം പൗരസ്ത്യ ദൈവ ശാസ്ത്രത്തിലുണ്ട്. പ്രാര്‍ത്ഥന, വചന മനനം, ആത്മീയാഭ്യസനം, ജീവിതനവീകരണം എന്നീ പടവുകളിലൂടെ ദൈവത്തിന്റെ സ്വഭാവത്തിന് സ്വന്തം വ്യക്തിത്വത്തെ അനുരൂപമാക്കുക എന്ന പ്രക്രിയയാണ് അതുകൊണ്ട് അര്‍ത്ഥമാക്കുക. പാശ്ചാത്യ വീക്ഷണത്തില്‍ ഇതിനു സമാനമായ ഒരു ചിന്താധാരയാണ് മിശിഹാനുകരണം.
ദൈവത്തിന്റെ സ്വഭാവവുമായി അനുരൂപപ്പെടുക എന്നാല്‍ ദൈവത്തിന്റെ നീതിയുമായി അനുരൂപപ്പെടലാണ്. പാപികളായ മനുഷ്യര്‍ക്കു വേണ്ടി തന്നെത്തന്നെ ശൂന്യനാക്കി കുരിശുമരണം വരെ താഴ്ന്ന മിശിഹായോട് ഉള്ള അനുരൂപണമാണ് അത്.
തന്നെത്തന്നെ സമര്‍പ്പിക്കുന്ന മിശിഹാ, ആ സമര്‍പ്പണം പുതിയ ലോകക്രമത്തിന്റെ സൃഷ്ടിയുടെ നാന്ദിയായാണ് പ്രഖ്യാപിക്കുന്നത്. നൂറുമേനി ഫലം പുറപ്പെടുവിക്കാന്‍ നിലത്ത് വീണ് അഴുകുന്ന ഗോതമ്പ് മണി പോലെ, പുതുജീവന്റെ ആനന്ദത്തിനു മുന്നോടിയായി ഈറ്റുനോവ് അനുഭവിക്കുന്ന അമ്മയെപ്പോലെ, ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എല്ലാം പുതുതാക്കി മാറ്റുന്നു. സ്വാഭാവികനീതിയുടെ പരിണിത ഫലം പ്രതിക്രിയയും നഷ്ടപരിഹരണവും, തൃപ്തിയും ആണെങ്കില്‍, ദൈവികനീതിയുടെ പരിണിതഫലം വീണ്ടെടുപ്പും പുനസ്ഥാപനവും ആനന്ദവും ആണ്.

പൂര്‍ത്തീകരിക്കപ്പെടേണ്ട ഉപമ
വീണ്ടെടുപ്പിന്റെയും ആനന്ദത്തിന്റെയും മൂന്ന് ഉപമകള്‍, നഷ്ടപ്പെട്ട ആട്, നഷ്ടപ്പെട്ട നാണയം, നഷ്ടപ്പെട്ട മകന്‍, ദൈവത്തിന്റെ യുക്തി വെളിപ്പെടുത്തുന്നവയാണ്. സാമാന്യയുക്തിയുടെ ലെന്‍സിലൂടെ നോക്കിയാല്‍ അഗ്രാഹ്യമായ രഹസ്യങ്ങളാണ് അവ മുന്നോട്ട് വക്കുക. നഷ്ടപ്പെട്ട ഒരാടിനെ തേടാന്‍ മറ്റ് തൊണ്ണൂറ്റി ഒന്‍പതിനെയും വിട്ട് അലയുന്ന ഇടയനും വീണ്ടെടുത്തവയുടെ ഭൗതിക മൂല്യത്തെ അതിശയിക്കുന്ന ആഹ്‌ളാദ പ്രകടനങ്ങളും ദൈവത്തിന്റെ ഹൃദയം സ്വന്തമാക്കിയവര്‍ക്കേ ഉള്‍ക്കൊള്ളാന്‍ കഴിയൂ.
പരിശുദ്ധ കുര്‍ബാനയില്‍ ഇങ്ങനെ ഒരു ഭാഗമുണ്ടല്ലോ: 'കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും ഒന്നു ചേര്‍ന്ന് അങ്ങയെ ഞങ്ങളുമായി രമ്യതപ്പെടുത്തുന്ന നീതിയുടെ പ്രവൃത്തികളാല്‍ ജീവിതകാലം മുഴുവനും അങ്ങയെ യഥോചിതം പ്രീതിപ്പെടുത്തുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.' കരുണാനിധിയായ ദൈവത്തോട് രമ്യതപ്പെടുത്തുന്ന പ്രവൃത്തി കരുണ തന്നെയാണ്. ഈ പശ്ചാത്തലത്തില്‍ ധൂര്‍ത്തപുത്രന്റെ ഉപമയ്ക്ക് ഒരു പുനര്‍വായന നന്നായിരിക്കും.
ഈ ഉപമ ക്രിസ്തു മനഃപൂര്‍വം പൂര്‍ത്തിയാക്കാതെ നിറുത്തുകയാണ്. സ്വാഭാവികമായ നീതി ആവശ്യപ്പെടുന്ന മൂത്തമകന്‍ പിതാവുമായുള്ള രമ്യതയില്‍ നിന്നും സ്വയം പിന്‍മാറുന്നു. അയാളോട് തന്നെ ഹൃദയം കാണാനും, തന്റെ മനോഭാവം സ്വായത്തമാക്കാനും പിതാവ് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നിടത്ത് വച്ച് ഉപമ തീരുന്നു. ആ മകന്‍ ആ അഭ്യര്‍ത്ഥന സ്വീകരിച്ചോ ഇല്ലയോ എന്നത് ഒരു തുറന്ന ചോദ്യമാണ്. ഈ അഭ്യര്‍ത്ഥന യാഥാര്‍ത്ഥത്തില്‍ നമ്മോടോരോരുത്തരോടുമാണ്. പിതാവിന്റെ കരുണ സ്വായത്തമാക്കി അവിടുത്തോട് രമ്യതപ്പെടുന്നോ ഇല്ലയോ എന്നതാണ് നമുക്കു നല്‍കപ്പെട്ടിരിക്കുന്ന തെരഞ്ഞെടുപ്പ്.

നോമ്പ്: ദൈവിക നീതിയിലേക്കുള്ള വിളി
സുവിശേഷത്തില്‍ വിശുദ്ധന്‍ എന്ന പദത്തിന്റെ തല്‍സമമാണ് നീതിമാന്‍. അന്ത്യവിധിയില്‍, കര്‍ത്താവിന്റെ വലതുഭാഗത്തു നിര്‍ത്തപ്പെടുന്നവരെ സുവിശേഷം അങ്ങനെയാണ് വിശേഷിപ്പിക്കുക. അവര്‍ ചെയ്ത പ്രവൃത്തികള്‍ പക്ഷെ വ്യാവഹാരികമായ സ്വാഭാവിക നീതി മാത്രമല്ല, മറിച്ച് കരുണയുടെ പ്രവൃത്തികള്‍ ആണെന്ന് സുവിശേഷം സുവ്യക്തമായി പറയുന്നുണ്ട്.
പേത്തൂര്‍ത്ത വിചിന്തനങ്ങള്‍ എല്ലായ്‌പോഴും തന്നെ മിശിഹായുടെ മരുഭൂമിയിലെ പരീക്ഷകളെക്കുറിച്ച് ആകാറാണ് പതിവ്. സുവിശേഷഭാഗം എന്ന നിലക്ക് അത് തന്നെയാണ് ഏറ്റവും പ്രധാനവും. അന്നത്തെ പ്രവചന വായന, പക്ഷേ, നോമ്പിന്റെ ചൈതന്യത്തേക്കുറിച്ചുള്ള അസന്നിഗ്ദ്ധമായ ഒരു പാഠമാണ്.
ഇത്തരം ഉപവാസമാണോ ഞാന്‍ ആഗ്രഹിക്കുന്നത്? ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണ പോലെ തലകുനിക്കുന്നതും ചാക്കു വിരിച്ച് ചാരവും വിതറികിടക്കുന്നതും ആണോ അത്? ഇതിനെയാണോ നിങ്ങള്‍ ഉപവാസമെന്നും കര്‍ത്താവിനു സ്വീകാര്യമായ ദിവസം എന്നും വിളിക്കുക?
ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വ തന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?
വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?
അപ്പോള്‍, നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും; നീ വേഗം സുഖം പ്രാപിക്കും; നിന്റെ നീതി നിന്റെ മുന്‍പിലും കര്‍ത്താവിന്റെ മഹത്വം നിന്റെ പിന്‍പിലും നിന്നെ സംരക്ഷിക്കും.
നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന് അവിടുന്ന് മറുപടി തരും. മര്‍ദ്ദനവും കുറ്റാരോപണവും ദുര്‍ഭാഷണവും നിന്നില്‍നിന്ന് ദൂരെയകറ്റുക.
വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്കു സംതൃപ്തി നല്‍കുകയും ചെയ്താല്‍ നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും. നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്‌നം പോലെയാകും (ഏശയ്യാ 58:1-10).
കര്‍ത്താവിന്റെ ഹൃദയം സ്വായത്തമാക്കി അവന്റെ നീതിയില്‍ വളരാന്‍ ഈ നോമ്പ് നമുക്ക് അനുഗ്രഹദായകമായി തീരട്ടെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org