മരുഭൂമി

മരുഭൂമി

ക്രിസ്തുവിന്‍റെ കൂടെ – 1

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

ആത്മാവ് നയിച്ച ഇടത്തെ ചൂണ്ടിക്കാണിച്ചാണു നോമ്പുകാലം മിഴി തുറക്കുന്നത്. സമാനസുവിശേഷകന്മാര്‍ ഒരുമിച്ചിരുന്ന് എഴുതിയതുപോലുണ്ട് ആ വരികള്‍: "ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 1:1; മര്‍ക്കോ. 1:2; ലൂക്കാ 4:1). ആത്മാവു നയിക്കുന്ന ഇടത്തിന്‍റെ പേരാണോ മരുഭൂമി? അങ്ങനെയെങ്കില്‍ ജീവിതത്തിലെ പച്ചപ്പുകള്‍ പലതും ആത്മാവിനാല്‍ നയിക്കപ്പെടുന്ന ഇടങ്ങളല്ല എന്നൊരു ധ്വനികൂടെ വരികള്‍ക്കിടയില്‍ മറഞ്ഞിരിപ്പില്ലേ? ഒന്നുറപ്പാണ്. മരുഭൂമിയനുഭവം ഇല്ലാത്ത പച്ചപ്പിന്‍റെ അനുഭവം ഉണ്ടാകുക പ്രവാസി ബഹിഷ്കരണം നടപ്പിലാക്കുന്ന അത്ര എളുപ്പമല്ല. അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനോട്, "അല്ലയോ പ്രസിഡന്‍റ് ട്രംപ്, താങ്കള്‍ മൂന്നു ദിവസം തുടര്‍ച്ചയായി പട്ടിണി കിടന്നിട്ടുണ്ടോ?" എന്നു സിറിയക്കാരിയായ ബാന അലാബെഡ് എന്ന ഏഴു വയസ്സുകാരി ചോദിച്ചപ്പോള്‍ അവളുടെ ജീവിതത്തില്‍ ഒരു മരുഭൂമി അനുഭവം നിറഞ്ഞുനില്പുണ്ട് എന്നു വേണം കരുതുവാന്‍. 'മതിലുകെട്ടി വേര്‍തിരിക്കുന്നതല്ല മറിച്ചു സൗഹൃദത്തിന്‍റെ പാലങ്ങള്‍ തീര്‍ക്കുന്നതാണു ക്രിസ്തീയത' എന്നു ഫ്രാന്‍സിസ് പാപ്പ ലോകത്തോടു വിളിച്ചോതിയതും മരുഭൂമി അനുഭവത്തിന്‍റെ നിറവില്‍ നിന്നുതന്നെയാണ്.
എന്താണു ജീവിതത്തിലെ മരുഭൂമികള്‍? വിശപ്പും ദാഹവും അറിഞ്ഞു വസ്ത്രത്തിന്‍റെയും പാര്‍പ്പിടത്തിന്‍റെയും ജീവിതസുരക്ഷയുടെയും മൂല്യങ്ങള്‍ അറിയുവാന്‍ ക്രിസ്തു ആനയിക്കുന്ന ഇടങ്ങളാണത്. ഒഴിവാക്കാമായിരുന്നിട്ടുപോലും അവന്‍ 40 നാള്‍ മരുഭൂമിയില്‍ വസിച്ചു എന്നുള്ളതു നമുക്കുള്ള വെല്ലുവിളിതന്നെയാണ്. ജീവിതപ്രതിസന്ധികളില്‍ ഒരുവന്‍റെ സ്വത്വം ലോകത്തിന്‍റെ ഇഷ്ടങ്ങളിലേക്കും ചേഷ്ടകളിലേക്കും ഒരുവനെ പിടിച്ചുവലിക്കുമ്പോള്‍ ദൈവത്തില്‍ മാത്രം പ്രത്യാശയര്‍പ്പിച്ചു ജീവിക്കേണ്ടതിന്‍റെ പ്രാധാന്യം മരുഭൂമിയിലെ ക്രിസ്തു പഠിപ്പിക്കുന്നുണ്ട്. അങ്ങനെയൊരു മരുഭൂമിയില്‍ നിന്ന് ഇറങ്ങി വന്ന സ്നാപകനാണു ക്രിസ്തുവിനെ സ്നാനപ്പെടുത്തി 'ഇവന്‍ ലോകത്തിന്‍റ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടാണ് എന്നു ജനത്തിനു പരിചയപ്പെടുത്തിയതും (യോഹ. 1: 1-29). പഴയ നിയമത്തിലെ പ്രവാചകന്മാരൊക്കെയും മരുഭൂമിയുടെ ചൂടറിഞ്ഞു ദൈവത്തിന്‍റെ തണലില്‍ അഭയം തേടിയവരാണ്. മരുഭൂമിയനുഭവത്തിനുശേഷം എത്ര സമചിത്തതയോടെയാണു പ്രലോഭകനെ ക്രിസ്തു നേരിടുന്നത് എന്നതും ചിന്തിക്കേണ്ടതാണ്.
വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സന്യാസജീവിതത്തിലും വിശപ്പിന്‍റെയും ദാഹത്തിന്‍റെയും പാര്‍പ്പിടത്തിന്‍റെയും മരുഭൂമി അനുഭവങ്ങള്‍ സമൃദ്ധിയുടെ നിറച്ചാര്‍ത്തില്‍ അന്യം വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. ചോദിക്കുന്നതെന്തും അതിലധികവും മക്കള്‍ക്കു നല്കുന്ന മാതാപിതാക്കള്‍ ഇല്ലായ്മകളുടെയും പരാജയങ്ങളുടെയും പാഠങ്ങള്‍ മക്കള്‍ക്ക് ഓതിക്കൊടുക്കുവാന്‍ മറന്നുപോകുന്നു. പല കുടുംബങ്ങളിലും ലക്ഷങ്ങള്‍ കടമുള്ള കാര്യം മാതാപിതാക്കള്‍ അവരുടെ മക്കളെ അറിയിച്ചിട്ടില്ല. മക്കളുടെ കാഴ്ചയില്‍ ചോദിക്കുന്നതെന്തും നല്കുന്ന അത്ഭുതവൃത്തങ്ങളാണ് അവരുടെ മാതാപിതാക്കള്‍. ഇതിനിടയില്‍ ഇല്ലായ്മകളുടെയും പരാജയങ്ങളുടെയും അനുഭവങ്ങള്‍ കടന്നുവരുമ്പോള്‍, അവയെ നേരിടാനും അതിജീവിക്കാനും മരുന്നില്ലാതെ ആത്മഹത്യയിലേക്കും തെറ്റായ ബന്ധങ്ങളിലേക്കും നടന്നുനീങ്ങുകയാണു പലരും.
ഒരു കാര്യം നമ്മള്‍ മനസ്സിലാക്കണം; മരുഭൂമിയില്‍ 40 നാള്‍ ക്രിസ്തു തനിച്ചായിരുന്നു. ശിഷ്യഗണത്തിന്‍റെ തിരഞ്ഞെടുപ്പിനു മുമ്പായിരുന്നുവത്. അതിനാല്‍ത്തന്നെ ആ അനുഭവം സുവിശേഷത്തില്‍ തീ പാറുന്ന വചനങ്ങളായി മാറിയെങ്കില്‍ അതിനര്‍ത്ഥം ക്രിസ്തു തന്‍റെ രഹസ്യ പ്രബോധനങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു തന്‍റെ ശിഷ്യരുമായി പങ്കുവച്ച അനുഭവമായിരുന്നു അതെന്നതാണ്. സമാനമായ അനുഭവങ്ങള്‍ അവര്‍ക്ക് ഉണ്ടാകണമെന്നും ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് അവയെ അതിജീവിക്കേണ്ടത് എന്നും ക്രിസ്തു പഠിപ്പിക്കുകയായിരുന്നു. മാതാപിതാക്കളും മുതിര്‍ന്നവരും തങ്ങളുടെ കഷ്ട ദിനങ്ങളുടെയും ജീവിത പ്രാരാബ്ധങ്ങളുടെയും കഥകള്‍ മക്കളോടും കുടുംബാംഗങ്ങളോടും പങ്കുവയ്ക്കണം. എന്നാല്‍ മാത്രമേ അദ്ധ്വാനത്തിന്‍റെയും വിശപ്പിന്‍റെയും വസ്ത്രത്തിന്‍റെയുമെല്ലാം മൂല്യം അവര്‍ മനസ്സിലാക്കൂ. അതുപോലെതന്നെ മാതാപിതാക്കളുടെ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ ശരീരത്തിലും ജീവിതത്തിലും വന്ന പ്രലോഭനങ്ങളെയും പ്രതിസന്ധികളെയും അവര്‍ എങ്ങനെയാണ് അതിജീവിച്ചതെന്നും മക്കള്‍ക്കു പറഞ്ഞുകൊടുക്കുവാനാകണം.
മരുഭൂമി അനുഭവത്തിന്‍റെ നിറവില്‍ നിന്നാണു ക്രിസ്തു പഠിപ്പിച്ച സ്വര്‍ഗസ്ഥനായ പിതാവേ (മത്താ. 6:915; ലൂക്കാ 11: 2-9) എന്ന പ്രാര്‍ത്ഥനയും രൂപംകൊണ്ടത്. അതില്‍ അന്നത്തിനും സുരക്ഷയ്ക്കും പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കരുത്തിനുവേണ്ടിയുള്ള നിലവിളികളുണ്ട്. അവന്‍ മരുഭൂമിയില്‍ കടന്നുപോയ അനുഭവങ്ങള്‍ കാച്ചിക്കുറുക്കി തയ്യാറാക്കിയതാണ് ആ പ്രാര്‍ത്ഥന. ജീവിതാനുഭവങ്ങളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനകള്‍ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഉണ്ടായിരിക്കണം എന്നൊരു പാഠംകൂടി ക്രിസ്തു പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണു ജനക്കൂട്ടത്തിനു വിശന്നപ്പോള്‍ അവരെ ഭവനങ്ങളിലേക്കു പറഞ്ഞയയ്ക്കാന്‍ ശിഷ്യന്മാര്‍ പറഞ്ഞപ്പോഴും അവര്‍ക്കു ഭക്ഷണം കൊടുക്കണം എന്ന ദൈവികശാഠ്യം അവനില്‍നിന്നുണ്ടായത് (മത്താ. 14:13-21; മര്‍ക്കോ. 6:30-44, യോ ഹ. 6:1-14). നോമ്പുകാലത്തിലെന്നല്ല മറ്റുള്ള സമയങ്ങളിലും വല്ലപ്പോഴും കുടുംബാംഗങ്ങള്‍ ഒരുമിച്ച് അഗതിമന്ദിരങ്ങളിലും അനാഥമന്ദിരങ്ങളിലും കടന്നുചെല്ലുന്നതും അവരോടൊപ്പം ഭക്ഷണം പങ്കിടുന്നതും സമയം ചെലവഴിക്കുന്നതും നല്ലതായിരിക്കും. മക്കളെക്കൊണ്ടു ദാനധര്‍മങ്ങള്‍ ചെയ്യിപ്പിക്കുന്നതും നല്ലതുതന്നെ. ആശുപത്രികളില്‍ കടന്നുചെന്നു രോഗികളെ സന്ദര്‍ശിക്കുന്നതും അവരെ ആശ്വസിപ്പിക്കാന്‍ പരിശ്രമിക്കുന്നതും ദൈവികതതന്നെയാണ്. അങ്ങനെയുള്ള ഒരു തലമുറ വളര്‍ന്നുവരുമ്പോള്‍ അവരെ നോക്കി ക്രിസ്തു പറയും: "എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു; ദാഹിച്ചു, കുടിക്കാന്‍ തന്നു; ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു; ഞാന്‍ നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; ഞാന്‍ രോഗിയായിരുന്നു, നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു (മത്താ. 25:35). മറ്റുള്ളവരിലേക്കു മനവും മെയ്യും നീങ്ങുന്ന മരുഭൂമികള്‍ നമുക്കുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org