മഴയെത്തുംമുമ്പേ….

മഴയെത്തുംമുമ്പേ….

മഴയെത്തുംമുമ്പേ മനസ്സിലൊരു മഴനോട്ടം വേണം. മാനം കറുക്കുന്നതു മനസ്സറിയണം. മഴ അനുഗ്രഹമാണ്. കാറ്റും കഥയുള്ള കാര്യംതന്നെ. പ്രകൃതി ദുരന്തമല്ല സമ്പന്നതയാണു വച്ചു നീട്ടുന്നത്. പ്രകൃതി ദുരന്തമായെത്തുന്ന അനുഭവവും നമുക്കുണ്ട്. ദുരന്തങ്ങളുണ്ടാകുകയല്ല, ഉണ്ടാക്കുകയാണ് എന്നതൊരു വസ്തുതയാണ്. മനസ്സുവച്ചാല്‍ ദുരന്തങ്ങളൊഴിവാക്കാന്‍ നമുക്കു സാധിക്കും. മനുഷ്യന്‍റെ സ്വാര്‍ത്ഥതയാണ് അനുഗ്രഹങ്ങളെ ദുരന്തങ്ങളാക്കി മാറ്റുന്നത്.

ദുരന്തങ്ങളൊഴിവാക്കാനും ദുരന്തങ്ങളുണ്ടായാല്‍ പരിഹരിക്കാനും നിസ്വാര്‍ത്ഥവും ത്യാഗസമ്പന്നവുമായ മനസ്സുണ്ടാകണം. ദുരന്തനിവാരണ കാര്യത്തില്‍ നമ്മുടെ നാട് വളരെ പിന്നിലാണ്. ഒരു മഴക്കാലം കഴിയുന്നതിനുള്ളില്‍ കടല്‍ ക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കാറ്റിലും കോളിലും എത്രയോ പേരാണു മരിച്ചുപോകുന്നത്. പ്രകൃതിദുരന്തങ്ങള്‍ അപ്രതീക്ഷിതമാണ്, പെട്ടെന്നുണ്ടാകുന്ന ദുരന്തങ്ങളാകുമ്പോള്‍ എന്തു ചെയ്യാനാണ് എന്നൊക്കെ ചോദിച്ചേക്കാം. ഇപ്പോഴുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളില്‍ പലതും മനുഷ്യനിര്‍മ്മിതമാണ് എന്നതു മറക്കാതിരിക്കാം. അല്പം ജാഗ്രതയും ഒരുക്കവുമുണ്ടെങ്കില്‍ മരണനിരക്കും ദുരിതങ്ങളും വളരെ കുറയ്ക്കാനാവും. ഇപ്പോള്‍ നല്ല മഴയുണ്ടായാല്‍ കേരളത്തിലെ കൊച്ചി ഉള്‍പ്പെടെ മിക്ക നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിലാകും. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള വഴികളെല്ലാം അടഞ്ഞിരിക്കുകയായിരിക്കും. പണ്ടുകാലത്തു വീടിനു ചുറ്റും വേലികെട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ മതില്‍ക്കൂമ്പാരങ്ങള്‍ നിരന്നു കഴിഞ്ഞു. വേലികള്‍ വെള്ളം ഒഴുകുന്നതിനു തടസ്സമാകുമായിരുന്നില്ല, എന്നാല്‍ മതിലുകള്‍ വെള്ളം ഒഴുകുന്നതിനു തടസം സൃഷ്ടിക്കുന്നു. വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ടുതന്നെ സാംക്രമിക രോഗങ്ങള്‍ പെട്ടെന്നു പടരുന്നു. അതും ഒരുപാടു പേരുടെ മരണത്തിനിടയാക്കാറുണ്ട്. മിക്ക സ്ഥലങ്ങളിലും വെള്ളം ഒഴുകി മാറുന്നതിനായി നിര്‍മ്മിച്ചിട്ടുള്ള കാനകള്‍ അടഞ്ഞുകിടക്കുകയായിരിക്കും. അവയെല്ലാം നേരത്തെ ശുചിയാക്കിയാല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാം. കടല്‍ക്ഷോഭം മഴക്കാലത്തുണ്ടാകാറുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതു മു ന്നില്‍ക്കണ്ട് ഒരു മുന്‍കരുതലും സ്വീകരിക്കാറില്ല.

കടല്‍കയറ്റം രൂക്ഷമാകുന്ന സ്ഥലങ്ങള്‍ എല്ലാവര്‍ക്കുമറിയാം. കടല്‍ഭിത്തി കെട്ടിയും മണല്‍ച്ചാക്കുകള്‍ കരുതിയും ദുരന്തമുഖത്തുള്ള വീട്ടുകാരെ മാറ്റിപാര്‍പ്പിച്ചും ജീവന്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ കാലേകൂട്ടി ചെയ്യാവുന്നതാണ്. അതിനു പകരം കടല്‍കയറി ആളുകള്‍ ദുരന്തത്തിലകപ്പെടുമ്പോള്‍ ഇരകളെ കാണാന്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാധ്യമങ്ങളും എത്തും. ദുരന്തങ്ങളെ വാര്‍ത്തയാക്കിയും ഇരകള്‍ക്കുമേല്‍ കാരുണ്യം വീഴ്ത്തിയും ഉത്തരവാദപ്പെട്ടവര്‍ രംഗം വിടുന്നു. ഉരുള്‍പൊട്ടലുണ്ടാകുന്നതു പലപ്പോഴും മനുഷ്യരുടെ ചില തെറ്റായ നടപടികള്‍ മൂലമാണ്. കല്ലും പാറയും പൊട്ടിച്ചും മണലൂറ്റിയും മനുഷ്യര്‍തന്നെയാണ് ദുരന്തങ്ങള്‍ വിളിച്ചു വരുത്തുന്നത്. ഇതൊക്കെ തടയാന്‍ തക്കസമയത്തു നടപടികളുണ്ടായാല്‍ അപകടങ്ങള്‍ ഒഴിവാക്കാവുന്നതാണ്.

കേരളത്തില്‍ നാം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ സാമൂഹികപ്രവര്‍ത്തനവും കാരുണ്യപ്രവര്‍ത്തനവുമായിട്ടൊക്കെയാണു കണക്കാക്കുക. അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കുന്നതുതന്നെ ഔദാര്യമായിട്ടാണു കരുതുന്നത്. പക്ഷേ ഇതു മനുഷ്യാവകാശത്തിന്‍റെ വിഷയമാണ് എന്നു തിരിച്ചറിയണം. മാന്യമായി ജീവിക്കാനുള്ള അവകാശം, സുരക്ഷിതത്വത്തിനും സുരക്ഷയ്ക്കുമുള്ള അവകാശം എന്നിവയെല്ലാം നാം സൗകര്യപൂര്‍വ്വം മറക്കുന്നു. പ്രതീക്ഷിക്കാവുന്ന അപകടങ്ങളില്‍നിന്നുള്ള സുരക്ഷ മനുഷ്യാവകാശത്തിന്‍റെ ഭാഗമാണ്. ഏതു സമയത്തും വീണ് അപകടമുണ്ടാക്കാന്‍ പാകത്തില്‍ റോഡിലേക്കു ചാഞ്ഞുനില്‍ക്കുന്ന മരം മുറിച്ചു മാറ്റി ആളുകള്‍ക്കു സുരക്ഷ ഉറപ്പു വരുത്തേണ്ടത് അധികാരികളുടെ കടമയും അങ്ങനെ സുരക്ഷ ലഭിക്കുക പൗരന്മാരുടെ അവകാശവുമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ റിപ്പയര്‍ ചെയ്ത് ആളുകളുടെ യാത്ര സുരക്ഷിതമാക്കേണ്ടതാണ്. റെയില്‍പാളത്തില്‍ വിള്ളലുണ്ടാകാതിരിക്കാന്‍ കരുതലും ജാഗ്രതയും പുലര്‍ത്തണം. സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തേണ്ടതും പൗരന്മാരുടെ അവകാശവും അധികാരികളുടെ കടമയുമാണ്. ദുരന്തമുഖത്തു സഹായങ്ങളുമായെത്തുന്നവര്‍പോലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അന്താരാഷ്ട്ര സമൂഹം ദുരന്തമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതു ചുവടെ ചേര്‍ക്കുന്നു.

ദുരന്തമുഖത്തുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അനുയോജ്യവും കാലോചിതവുമാകണം.

അതു ഫലപ്രദവും തക്ക സമയത്തു ലഭിക്കുന്നതുമാകണം

മാത്രമല്ല പ്രാദേശിക സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതും പരിപോഷിപ്പിക്കുന്നതും ഒപ്പം നിഷേധാത്മകഫലമുളവാക്കാത്ത തരത്തില്‍ ശ്രദ്ധയോടെ നിര്‍വ്വഹിക്കുന്നതുമാകണം.

അടിയന്തിര ശുശ്രൂഷാ പരിപാടികള്‍ പരസ്പരമുള്ള ആശയവിനിമയത്തോടും പങ്കാളിത്തത്തോടും കൂടിയതാവണം.

പരാതികള്‍ ഉണ്ടെങ്കില്‍ സ്വീകരിക്കുകയും പരിഹരിക്കുകയും വേണം.

മാനുഷിക പ്രതികരണം സംയോജിതവും പരസ്പര പൂരകവുമാകണം.

മാനുഷികപ്രതികരണ ദൗത്യത്തിലേര്‍പ്പെടുന്നവര്‍ നിരന്തരം പഠിക്കുകയും പുരോഗമിക്കുകയും ചെയ്യണം.

ഇതിനായി രംഗത്തിറങ്ങുന്നവര്‍ അവരുടെ ദൗത്യനിര്‍വ്വഹണത്തിനാവശ്യമായ സഹായം ലഭിക്കുകയും അവര്‍ മാന്യമായി പരിഗണിക്കപ്പെടുകയും വേണം.

ലഭ്യമായിരിക്കുന്ന സാമ്പത്തികവും അല്ലാത്തതുമായ സ്രോതസ്സുകളെ ഫലപ്രദമായി നിയന്ത്രിക്കുകയും ഉദ്ദേശിച്ചിരിക്കുന്ന ലക്ഷ്യം സാധിക്കുന്നതിനായി വിനിയോഗിക്കുകയും വേണം.

മനുഷ്യരുടെ രക്ഷയും അവര്‍ക്കു മാന്യമായി ജീവിക്കുന്നതിനുള്ള അവകാശസംരക്ഷണവുമാണു പരമപ്രധാനമായത്. അതിനാല്‍ ദുരന്തമുണ്ടായിട്ടു സഹായിക്കാനെത്തുന്നതിനേക്കാള്‍ ദുരന്തമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ്.

മഴയെത്തുംമുമ്പേ നമുക്കെല്ലാവര്‍ക്കുമുണ്ട് എന്തെങ്കിലുമൊക്കെ ചെയ്തുതീര്‍ക്കാന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org