വ്യാപാരി, ജനങ്ങള്‍ക്ക് ‘പ്യാരി പ്യാരി’ ആകാത്തതെന്തേ

വ്യാപാരി, ജനങ്ങള്‍ക്ക് ‘പ്യാരി പ്യാരി’ ആകാത്തതെന്തേ

ആന്റണി ചടയംമുറി

ഏത് പട്ടിക്കാട്ടിലുമുണ്ട് ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍. മാളുകള്‍ പുട്ടിനു പീരയെന്നപോലെ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഇലവീശി നില്‍ക്കുന്നു. ഏത് കാട്ടുമുക്കിലും ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടുമെല്ലാം നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതെന്തും ഇപ്പോള്‍ വീട്ടില്‍ എത്തിച്ചുതരും. പച്ചക്കറിയായാലും പച്ചമീനായാലും വാട് സാപ്പ് ഗ്രൂപ്പുകളിലൂടെ വിറ്റഴിച്ച് ലാഭം കൊയ്യുന്നവരും ഏറെ. പാലാരിവട്ടം തമ്മനം റൂട്ടിലുള്ള മാതാ റസ്റ്റോറന്റും, കര്‍തൃക്കടവ് റോഡിലുള്ള മച്ച്‌ലി റെസ്റ്റോറന്റും കടമക്കുടിയിലുള്ള നായരുടെ കടയുമെല്ലാം കച്ചവടം പൊടിപൊടിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളില്‍ പോലുമുള്ള 'ഒറ്റയാള്‍ കച്ചവട സംരംഭങ്ങള്‍' സമൂഹമാധ്യമങ്ങളെ കൂട്ടുപിടിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ തുടങ്ങിയിരിക്കുന്നു. അച്ചടി മാധ്യമങ്ങള്‍ക്ക് 5% ജി.എസ്.ടി.യാണുള്ളതെങ്കിലും ഡിജിറ്റല്‍ മാധ്യമങ്ങളില്‍ നിന്ന് 18 ശതമാനം ജി.എസ്.ടി. പിഴിഞ്ഞെടുക്കാന്‍ ഭരണകൂടങ്ങള്‍ക്കും ഉളുപ്പില്ല.
കഴിഞ്ഞ ദിവസം സുജിത്ത് ഭക്തന്റെ വ്‌ളോഗില്‍ കൊല്ലം അഴീക്കല്‍ ഫിഷിങ് ഹാര്‍ബറിലെ രംഗങ്ങള്‍ പകര്‍ത്തിയത് യൂട്യൂബില്‍ ഒറ്റ ദിവസം കണ്ടത് മൂന്നു ലക്ഷത്തി പതിനായിരം പേരാണ്. ലോകമെങ്ങും നമ്മുടെ ഏത് കാര്യങ്ങളും അതേ കാര്യങ്ങളില്‍ താത്പര്യമുള്ളവരോടു പറയാന്‍ ഇന്ന് യൂ ട്യൂബിലുള്ള അവസരങ്ങള്‍ അനന്തമാണ്.
ഈ പുതുവര്‍ഷത്തില്‍ ഇത്തരം 'പുതിയ കാര്യങ്ങളെ'ക്കുറിച്ച് പഠിക്കാതെയും ചിന്തിക്കാതെയും ആര്‍ക്കും മുന്നോട്ടു പോകാനാവില്ല. ലുലുപോലുള്ള വന്‍കിടമാളുകള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു വികസന വാദികള്‍ പറയുന്നു. ആ വാദം ശരിയായിരിക്കാം. പക്ഷെ, ഡിജിറ്റല്‍ കാലഘട്ടത്തില്‍ ചെയ്യാനാവുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും അത് നടപ്പാക്കാനുമുളള 'മൂള' ജനസമൂഹങ്ങളിലെ എല്ലാ വിഭാഗങ്ങള്‍ക്കുമുണ്ടാകണം. സംഘടിത വിഭാഗങ്ങള്‍ പോലും ഇക്കാര്യത്തില്‍ പഴയ ശൈലിയില്‍ പ്രവര്‍ത്തിക്കുകയാണോ എന്ന് സംശയിക്കണം.

കരയുന്ന കുഞ്ഞിന് പാലല്ല, നല്ല 'ചുട്ട പെട' കൊടുക്കുന്ന
ഭരണകൂടങ്ങളാണ് ഇന്നുള്ളത്. അതുകൊണ്ട്,
പ്രിയ വ്യാപാരികളേ കരഞ്ഞു കൂവാതെ
പുതിയ കാലഘട്ടത്തോടൊപ്പം മുന്നേറാനുള്ള
പുതുവഴികള്‍ തേടാം നമുക്ക്.


നമുക്ക് കേരളത്തിലെ വ്യാപാരികളുടെ കാര്യമെടുക്കാം. 14 ലക്ഷം ചെറുകിട-ഇടത്തരം വ്യാപാരികള്‍ സംസ്ഥാനത്തുണ്ട്. പ്രളയങ്ങളും നോട്ട് നിരോധനവും കോവിഡുമെല്ലാം കൂടി രംഗം കീഴടക്കിയപ്പോള്‍ പൂട്ടിക്കെട്ടിയത് 2 ലക്ഷം കടകളാണ്. ഈ കടകളില്‍ ശരാശരി നാല് ജോലിക്കാരുണ്ടെങ്കിലോ? എട്ടു ലക്ഷം പേരുടെ പണി പോയെന്നത് മനക്കണക്ക്. ഈ സാഹചര്യത്തില്‍ സര്‍ക്കാരുവക ബജറ്റ് സഹായം എന്തെങ്കിലും കിട്ടുമെന്ന് വ്യാപാരികള്‍ പ്രതീക്ഷിച്ചു. പക്ഷെ, കിറ്റും പെന്‍ഷനും കൂട്ടി കണ്ണില്‍ പൊടിയിട്ട് ധനമന്ത്രി തടിതപ്പി. അതിന്റെ പ്രതികരണമെന്നോണം ഇടതുമുന്നണിക്ക് എതിരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപാരികള്‍ പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി സംഘടനയുടെ നേതാവ് വെടിപൊട്ടിച്ചു കഴിഞ്ഞു. രാഷ്ട്രീയ നിലപാടിനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. വ്യാപാരികള്‍ സംഘടിതരാണെങ്കില്‍ എന്തുകൊണ്ട് പുതിയ രീതിയിലുള്ള വിപണന സാധ്യതകള്‍ അവര്‍ പരീക്ഷിക്കുന്നില്ല? ഒട്ടും ഇല്ലെന്നല്ല പറഞ്ഞത്. കല്യാണ്‍, ശീമാട്ടി തുടങ്ങിയ തുണിക്കടകള്‍ നിങ്ങള്‍ ഒരു സാരി ഇഷ്ടപ്പെട്ടാല്‍ അതേ സാരി ഉടുത്തു നില്‍ക്കുന്ന ഒരു യുവതിയുടെ ചിത്രം വാട്‌സാപ്പില്‍ അയച്ചുതരും. പക്ഷെ, സാധാരണ ചെറുകിട വ്യാപാരികള്‍ കമ്പ്യൂട്ടര്‍ ഫ്രണ്ട്‌ലിയല്ല. വ്യാപാരികളുെട യൂത്ത്‌വിംഗിന് ഈ മേഖലയില്‍ അവര്‍ക്ക് സഹായമെത്തിക്കാന്‍ കഴിയില്ലേ?
അതോടൊപ്പം എന്തു വിറ്റാലും അമിതലാഭം കിട്ടണമെന്ന ചിന്ത ചില വ്യാപാരികള്‍ക്കുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വിഷം തളിച്ചുകൊണ്ടു വരുന്ന പച്ചക്കറികള്‍ ജനങ്ങളുടെ ആരോഗ്യത്തെ പ്രതി ഇനി വില്‍ക്കില്ലെന്ന് വ്യാപാരികള്‍ എന്തുകൊണ്ട് പ്രഖ്യാപിക്കുന്നില്ല? പകരം അവരവരുടെ ദേശങ്ങളിലെ നാട്ടുകൃഷി കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കാന്‍ തക്ക വാട്‌സാപ്പ് ഗ്രൂപ്പുകള്‍ എന്തുകൊണ്ട് അവര്‍ രൂപീകരിക്കുന്നില്ല?
സത്യം പറയാമല്ലോ. കച്ചവടം കച്ചകപടമാണെന്നു പൊതുജനങ്ങള്‍ കരുതുന്നുണ്ട്. ഇത് നല്ല അവസരമാണ്. വിഷരഹിത പച്ചക്കറിയും മായമില്ലാത്ത പലചരക്കുമെല്ലാം വില്‍ക്കാന്‍ നിങ്ങള്‍ തയ്യാറായാല്‍ കച്ചവടം ഇനി കച്ചകപടമായി ജനം കാണില്ല. ജനപക്ഷത്തു (പി.സി. ജോര്‍ജിന്റെ ജനപക്ഷമല്ല) നില്‍ക്കാത്ത പ്രസ്ഥാനങ്ങളും സംഘടിത ഗ്രൂപ്പുകളുമെല്ലാം അല്‍പ്പായുസ്സായിരിക്കുമെന്ന് നാം ഓര്‍മ്മിക്കണം.
പ്രതീക്ഷയും പ്രത്യാശയുമെല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജനസമൂഹമാണ് ഇന്നുള്ളത്. ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ ഇന്ന് നാടാകെയറിയുന്നുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ പ്രാദേശിക പേജുകളില്‍ ചുരുട്ടിക്കെട്ടിയ നാട്ടു നന്മകള്‍ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ ലോകമെങ്ങും അറിയുന്നു. അപ്പോള്‍ വ്യാപാരികളായാലും വീട്ടമ്മമാരായാലും ജനങ്ങള്‍ക്ക് ഇഷ്ടമുള്ളതും അവരുടെ കീശ ചോരാത്തതുമായ ഉല്പന്നങ്ങളുടെ വിപണനത്തിന് സമൂഹമാധ്യമങ്ങളെ കൂട്ടുപിടിക്കുകയല്ലേ വേണ്ടത്? പരമ്പരാഗതമായി സര്‍ക്കാര്‍ സഹായം കാത്തിരിക്കുന്ന വ്യാപാരികളോട് ഒന്നേ പറയാനുള്ളൂ. ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിപണന സാധ്യതകള്‍ ജനോപകാരപ്രദമായി വിനിയോഗിക്കുമെന്ന് പ്രതിജ്ഞ ചെയ്യുക. അറിവിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് വ്യാപാരികള്‍ക്കും സംരംഭകര്‍ക്കുമെല്ലാം ഒത്തുനീങ്ങാം. അതിനിടയില്‍ 'ഇട്ടിമാണി'മാരുടെ വക മായവും മായാജാലങ്ങളും വ്യാപാരികള്‍ ഉപേക്ഷിക്കുക. ജനങ്ങളെ കരുതുന്നവരായി, അവരുടെ ക്ഷേമത്തിന് പ്രഥമ പരിഗണന കൊടുക്കുന്നവരായി വ്യാപാരികള്‍ മാറിയേ പറ്റൂ. നിവിന്‍ പോളിയുടെ 'ആക്ഷന്‍ ഹീറോ ബിജു' എന്ന സിനിമയിലെ ഹാന്‍സും മറ്റും വില്‍ക്കുന്നവനോട് എസ്.ഐ. ചോദിക്കുന്നുണ്ട്: "നീ ഈ ഹാന്‍സും പാന്‍ പരാഗുമെല്ലാം നിന്റെ മക്കള്‍ക്ക് നല്കുമോ?" എന്ന്. ഇല്ലെന്നു പറഞ്ഞപ്പോഴും സി. ക്ലാസ് കടക്കാരന് നല്ല കിടുക്കാച്ചി ഇടി കിട്ടി. വരും തലമുറയോടൊപ്പം, നാട്ടിലെ നേരിനോടൊപ്പം നന്മയോടൊപ്പം നീങ്ങാന്‍ വാട്‌സാപ്പോ സിഗ്നലോ ഏതു മാധ്യമം സഹായിച്ചാലും നമുക്കു കൈകോര്‍ക്കാം. സര്‍ക്കാര്‍ ഏജന്‍സികള്‍ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുതേ എന്ന വ്യാപാരികളുടെ മുട്ടിന്മേല്‍ നിന്നുള്ള പ്രാര്‍ത്ഥനയോടൊപ്പം കൈകൂപ്പാന്‍ നന്മയെ സ്‌നേഹിക്കുന്നവരെല്ലാം ഒന്നിക്കും.
ഒറ്റയ്ക്ക് കൊള്ള ലാഭമുണ്ടാക്കുകയെന്ന കച്ചകപടതന്ത്രങ്ങള്‍ ഇനി വിജയിക്കില്ല. ജനങ്ങളോടുള്ള സാമൂഹികാകലം പാലിക്കല്‍ വ്യാപാരികള്‍ക്കെന്നല്ല ആര്‍ക്കും ഗുണം ചെയ്യില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org