വചനത്താല്‍ നേരിടുക

ലോകത്താകമാനം മരണം ഭീകരതാണ്ഡവമാടുകയാണ്. മാനവരാശിയുടെ ഹൃദയത്തില്‍ നിരാശയുടെ അന്ധകാരം നിഴല്‍ പരത്തിയിരിക്കുന്നു. മനുഷ്യന്‍ ഇന്നോളം ആര്‍ജ്ജിച്ച ശാസ്ത്രീയ അറിവുകളുടെ ആവനാഴി ശസ്ത്രരഹിതമായിരിക്കുന്നു. അറിവിന്‍റെയും കഴിവിന്‍റെയും സമ്പത്തിന്‍റെയും കൊടുമുടികള്‍ നി ലംപൊത്തി. പ്രാര്‍ത്ഥനയുടെ കുറുക്കുവഴികള്‍ നിഷ്പ്രഭമായി. മനുഷ്യര്‍ ഭയന്ന് മാളങ്ങളിലൊളിച്ചു.

ഇപ്പറഞ്ഞതെല്ലാം നമ്മുടെ കാഴ്ചയ്ക്കു മുന്നിലുള്ള കാര്യങ്ങളാണ്. ഇത്രയും മാത്രം കാണുന്ന പരിമിതപ്പെട്ട കാഴ്ചയാണ് നമുക്കുള്ളതെങ്കില്‍, നമ്മുടെ കണ്ണുകള്‍ അന്ധമാണെന്നേ പറയേണ്ടതുള്ളൂ. നമ്മുടെ കണ്ണുകളില്‍ ക്രിസ്തു പ്രകാശിക്കുന്നില്ല എന്നര്‍ത്ഥം.

ദൈവം പരംപൊരുളാണ്. നമ്മുടെ അറിവിന്‍റെ പരിമിതികളെ അതിലംഘിക്കുന്ന ജ്ഞാനം. ദൈവിക ഇടപെടല്‍ ഭൗമിക പ്രശ്നങ്ങളുടെ കാണാപ്പുറങ്ങളിലേക്ക് നമ്മെ വഴി നടത്തുന്നു. അവിടുന്ന് തന്‍റെ പ്രവര്‍ത്തികള്‍ മനുഷ്യരായ നമ്മുടെ കൈകളില്‍ ഏല്‍പ്പിച്ചിരിക്കുന്നു. മനുഷ്യപ്രയത്നത്തിലൂടെയാണ് ദൈവത്തിന്‍റെ സ്നേഹം വെളിപ്പെടുക. അതുകൊണ്ടാണല്ലോ ക്രിസ്തു മനുഷ്യനായി വന്നു പിറന്ന് തന്‍റെ കരങ്ങള്‍ വഴി പ്രവര്‍ത്തിച്ചത്. തന്‍റെ യാഗം വഴി രക്ഷ പ്രദാനം ചെയ്തത്. സാമാന്യമായി ദൈവത്തിന്‍റെ വെളിച്ചത്തില്‍ ജീവിതത്തെ വീക്ഷിക്കാനും ജീവിതസമസ്യകളെ വിശകലനം ചെയ്യാനും വിശ്വാസജീവിതത്തിനു കഴിയണം. ഇത്തരം ചിന്തയും ആഹ്വാനവും ശ്രമവും പുതിയ കാര്യമല്ല. ക്രൈസ്തവജീവിതദര്‍ശനം രൂപപ്പെടേണ്ടത് അത്തരത്തിലാണെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.

ദൈവവചനംകൊണ്ട്, പൊരുളറിയണം, നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കണം, അതിലൂടെ ദൈവമഹത്വത്തിലേക്ക് പ്രവേശിക്കാണം. ഇത്തരത്തില്‍ ഒരു പ്രായോഗിക ദൈവികമാനം മനുഷ്യന്‍റെ ജീവിതത്തിന്‍റെ ഏതവസ്ഥയേയും നേരിടാന്‍ ആവശ്യമുണ്ട്.

ദൈവവചനത്തെ, നാം ഉപയോഗിക്കുന്നുണ്ട് എന്നുതന്നെയാണ് നമ്മുടെ ധാരണ. പലതരത്തില്‍. അതിലൊന്ന് കാരണം കണ്ടെത്താനുള്ള ശ്രമമാണ്. എന്താണ് ദുരിതങ്ങളുടെ കാരണം? അതിനുത്തരമാകാവുന്ന വിശുദ്ധഗ്രന്ഥ ഭാഗമുണ്ടോ എന്നാണ് നമ്മുടെ പരിശോധന. എന്നിട്ട് മനുഷ്യന്‍റെ അകൃത്യങ്ങളാണ് കാരണമെന്ന് കണ്ടെത്താവുന്ന പഴയനിയമ വചനഭാഗങ്ങള്‍ നാം തിരഞ്ഞെടുക്കുകയായി. ഭൂമിയില്‍ മനുഷ്യന്‍റെ പാപം വര്‍ദ്ധിച്ചിരുന്നതായി ദൈവം കണ്ടു. എന്നത് രോഗപ്പകര്‍ച്ചയുടെ കാരണമായി, ഈ ദുരിതത്തിന്‍റെ നാളുകളില്‍ ആരോപിച്ചവരുണ്ട്. പാപം വര്‍ദ്ധിച്ചിടത്ത് കൃപ അതിലേറെ വര്‍ദ്ധിച്ചിരിക്കുന്നു എന്ന പരമാര്‍ത്ഥം അവര്‍ അറിയാതെ പോയി എന്നുവേണം കരുതാന്‍.

മറ്റൊരു തരത്തില്‍, പ്രശ്നപരിഹാരത്തിനുള്ള കുറുക്കുവഴിയായി, തിരുവചനത്തെ പ്രയോഗിക്കുന്ന രീതിയാണ്. രോഗത്തിനെതിരെ, പൈശാചിക തിന്മകള്‍ക്കെതിരെ, സാമ്പത്തിക തകര്‍ച്ചയ്ക്കെതിരെ, ജീവിതപ്രതിസന്ധികള്‍ക്കെതിരെ പ്രയോഗിക്കാനുള്ള വചനങ്ങള്‍ തരംതിരിച്ച് ഉപയോഗിക്കുന്ന രീതി. അതിപ്പോള്‍ ഏറെക്കുറെ സാധാരണ പ്രയോഗരീതിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് വിശ്വാസികളുടെ ഇടയില്‍. സൗഖ്യം നല്‍കുന്ന വചനങ്ങള്‍ എന്ന് തിരുവചനത്തെ വേര്‍തിരിച്ചത്, യുക്തിപരമായ ഏതെങ്കിലും അറിവിന്‍റെ അടിസ്ഥാനത്തിലല്ല. തിരുസഭ അങ്ങനെ വ്യാഖ്യാനിച്ചിട്ടുമില്ല.

ഉല്‍പ്പത്തിപ്പുസ്തകം ആരംഭിക്കുന്ന ആദിയില്‍ ആകാശവും ഭൂമിയും എന്ന വചനം മുതല്‍, വെളിപാടിലെ അവസാന വാക്യമായ കര്‍ത്താവേ വേഗം വരേണമേ എന്നതുവരെയുള്ള മുഴുവന്‍ വിശുദ്ധഗ്രന്ഥ വചനങ്ങളും ചേര്‍ത്തുവായിച്ചാല്‍, അതില്‍ നിന്നും അനുഭവമാകേണ്ടത് ദൈവവചനമായ യേശുക്രിസ്തുവിനെയാണ്. ദൈവവചനം എഴുതപ്പെട്ട വിശുദ്ധഗ്രന്ഥത്തിന്‍റെ പരിമിതികളില്‍ നിന്ന് സമ്പൂര്‍ണതയിലേക്ക് പ്രവേശിക്കുന്നത് യേശുക്രിസ്തുവിലും, അത് ഇന്ന് അനുഭവമാകുന്നത് തിരുസഭയുടെ ജീവിതത്തിലൂടെയുമാണ്.

അപ്രകാരം വചനമാകുന്ന ക്രിസ്തുവിന്‍റെ പ്രകാശത്തില്‍ ജീവിതത്തെയും പ്രത്യേകമായി ആനുകാലികജീവിത പ്രതിസന്ധികളെയും നമുക്ക് വിശകലനം ചെയ്യാന്‍ കഴിയണം.

മരുന്നുലേപനമോ ഔഷധമോ അല്ല, അവിടുത്തെ വചനമാണ് സുഖപ്പെടുത്തുന്നത് (ജ്ഞാനം 16:12) എന്ന തിരുവചനം പറഞ്ഞത് ക്രിസ്തുവിനെക്കുറിച്ചാണെന്നും, ആ പ്രവചനം യേശുക്രിസ്തുവില്‍ പൂര്‍ത്തിയാകുന്നത് വെളിപ്പെടുത്താനാണ് തന്‍റെ ചരിത്രജീവിതകാലത്ത് ക്രിസ്തു രോഗികളെ സുഖപ്പെടുത്തിയതെന്നും, ഒടുവില്‍ തന്‍റെ കുരിശിലെ മുറിവിനാല്‍ അവന്‍ നമ്മെ, നിത്യമായി സുഖപ്പെടുത്തിയെന്നും (1 പത്രോസ് 2:24) നാം അറിഞ്ഞു വിശ്വസിക്കുകയും, ക്രിസ്തുവിന്‍റെ സൗഖ്യദായകമായ സ്നേഹത്തിന്‍റെ സ്പര്‍ശനമായി വര്‍ത്തമാനകാലത്ത് വ്യാപരിക്കുകയും ചെയ്യണം.

വര്‍ത്തമാനകാലത്തെ മനുഷ്യാനുഭവത്തെ, വേദനകളുടെയും നിസ്സഹായതയുടെയും കയങ്ങളിലേയ്ക്ക് തള്ളിയിട്ട് ഒരു മഹാവ്യാധി അരങ്ങുവാഴുകയാണ്. മനുഷ്യജീവിതത്തിന്‍റെ കാര്യവും കാരണവും വെളിപ്പെടാന്‍ ഈ രോഗം നിമിത്തമാകുന്നുണ്ട്. പക്ഷെ, നാം ശ്രമിക്കുന്നത് രോഗത്തിന്‍റെ കാര്യവും കാരണവും തേടാനാണ്. അത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഒരിക്കല്‍ വിജയിക്കും. അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം നാം കണ്ടെത്തും. അപ്പോള്‍ ആ രോഗം അവസാനിക്കും. അടുത്തത് പ്രത്യക്ഷപ്പെടും. തേടേണ്ടത് രോഗത്തിന്‍റെ കാരണമല്ല. മനുഷ്യജീവിതത്തിന്‍റെ കാര്യകാരണബന്ധങ്ങളാണ്.

നൂറുനൂറ് ഊഹാപോഹങ്ങള്‍ പറയാമെങ്കിലും, നിജമായിട്ടുള്ളത് ഒന്നു മാത്രമാണ്. അത് മനുഷ്യജീവിതത്തിന്‍റെ നിസാരത വെളിപ്പെടുത്തുന്നു. മനുഷ്യപ്രയത്നങ്ങളുടെ അര്‍ത്ഥശൂന്യത കാട്ടിത്തരുന്നു. സമ്പത്തിന്‍റെയും ആഢംബരങ്ങളുടെയും ക്ഷണികത കാട്ടിത്തരുന്നു. മാത്രമോ, സഹോദര സ്നേഹത്തിന് നമുക്കിടയിലുള്ള സ്ഥാനം വെളിപ്പെടുത്തുന്നു. കരുണയുടെ കരമാകാന്‍ പ്രേരിപ്പിക്കുന്നു. ഈ ലോകത്തിന്‍റെ തിരക്കുകളില്‍ നിന്ന്, എപ്പോള്‍ വേണമെങ്കിലും തിരികെ വിളിക്കപ്പെടാമെന്ന ഓര്‍മ്മപ്പെടുത്തല്‍ നല്‍കുന്നു. കാര്യവും കാരണവുമായ ദൈവസന്നിധിയയിലേക്ക് നമ്മെ വഴി നടത്തുന്നു.

സ്വാര്‍ത്ഥത്തിന്‍റെ ലോകത്തുനിന്ന് അപരപ്രിയത്വത്തിന്‍റെ വിശാലതയിലേക്ക് നമ്മെ പ്രവേശിപ്പിക്കുകയാണ് കോവിഡ്-19. തികച്ചും വ്യക്തിപരമായ പ്രശ്നമായ രോഗം ഒരു സാമൂഹ്യപ്രശ്നമായി, സാഹോദര്യ കേന്ദ്രീകൃതമായ ബന്ധം കൊണ്ട് നേരിടേണ്ട ഒന്നായി മാറിയിരിക്കുന്നു.

ഇനി എങ്ങനെ ഇതിനെ മറികടക്കും? അവിടെ പണം കൊണ്ട് ഇതിനെ തോല്പിക്കാനാവില്ല. അപരനെ കരുതുന്നതിലൂടെ, അവന് രോഗം വരാതിരിക്കാന്‍ ഞാന്‍ എന്‍റെ ഇഷ്ടങ്ങളെ, സ്വാതന്ത്ര്യത്തെ ഉപേക്ഷിക്കുന്നതിലൂടെ മാത്രമേ, ഇതിനെ അതിജീവിക്കാനാകൂ. വ്യക്തിപരമായി നേരിടുന്ന സഹനാനുഭവങ്ങളെ പരിമിതികളെ ക്രിസ്തുബോധത്തോടെ സ്വീകരിക്കണം. അപരനുവേണ്ടി ഇഷ്ടങ്ങളിലുള്ള മരണം സംഭവിക്കണം. നഷ്ടങ്ങളില്‍ ആനന്ദിക്കാന്‍ തുടങ്ങണം. ക്രിസ്തുവില്‍ ഉത്ഥാനമഹത്വത്തിലേക്ക് ചുവടുവയ്ക്കുന്ന ജീവിതമുണ്ടാകണം.

അപ്പോഴാണ് വചനംകൊണ്ട്, ലോകത്തെ കീഴ്പ്പെടുത്തിയെന്ന രക്ഷാകരവചനങ്ങള്‍, നമ്മുടെ ജീവിതം കൊണ്ട് പൂര്‍ത്തീകരിക്കപ്പെടുക. അപ്പോഴാണ് വചന വെളിച്ചത്തിലുള്ള തീര്‍ത്ഥയാത്രയായി നമ്മുടെ ജീവിതം മാറുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org