ദൈവഹിതം

മിഴിവട്ടത്തിലെ മൊഴിവെട്ടം – 10

എം.പി. തൃപ്പൂണിത്തുറ

വചനമാകുന്ന യേശുക്രിസ്തുവിനെ ജീവിതത്തില്‍ പ്രയോഗിക്കുകയും അനുഭവിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുകയാണല്ലോ ക്രൈസ്ത വധര്‍മ്മം. മതാചാരങ്ങളുടെ ബാഹ്യപ്പൊലിമയില്‍ ക്രൈസ്തവ ആദ്ധ്യാത്മികതയെ തളച്ചിടുകയും ക്രിസ്തു അസാധ്യങ്ങള്‍ സാധിക്കാനുള്ള കേവല ഉപാധിയായി തരംതാഴ്ത്തുകയും ചെയ്യുന്നത് നാം നേരിടുന്ന വിശ്വാസാപചയത്തിന്‍റെ ലക്ഷണമാണ്.

ജീവിതം ദൈവപിതാവിനുള്ള ആരാധനയും അര്‍പ്പണവുമായി മാറാനുള്ള ഏറ്റവും ലളിതമായ വഴിയാണ് ക്രിസ്തു. സ്വയാര്‍പ്പണത്തിന്‍റെ ഈ പാഠവുമായി ആനുകാലിക ജീവിതം പുലര്‍ത്തുന്ന അകലത്തെ തിരിച്ചറിയാനും തിരികെ നടക്കാനുമുള്ള ജീവിത കാലയളവാണ് നോമ്പിന്‍റേത്.

ദൈവഹിതം നിറവേറാന്‍ സ്വയമര്‍പ്പിച്ച ക്രിസ്തുവില്‍ വിശ്വസിക്കുകയാണ് ദൈവഹിതമെന്ന് സുവിശേഷം പഠിപ്പിക്കുന്നു. ദൈവഹിതത്തിന് വിധേയപ്പെടുകയാണ് നമ്മുടെ പുത്രത്വാനുഭവത്തിനായി നാം ചെയ്യേണ്ടത്. ക്രിസ്തു ദൈവവുമായുള്ള സമാനത വെടിഞ്ഞ് പിതാവിനോട് അനുസരണമുള്ളവരായി സ്വയം താഴ്ത്തുന്നു. നാം ജീവിതത്തിന്‍റെ നിലപാടും നിലനില്‍പ്പുമായി കാണുന്നത് ദൈവഹിതമാണോ, സ്വന്തം ഇഷ്ടമാണോ?

എന്താണ് ദൈവഹിതം? ഉത്തരം വളരെ ലളിതമാണ്. ദൈവം നല്‍കുന്ന ജീവിതത്തെ, സ്വീകരിക്കുക. അതിനാകണമെങ്കില്‍ സ്വന്തം അഭിലാഷങ്ങളെ, അവകാശബോധത്തെ ഉപേക്ഷിക്കണം. ജീവിതം നല്‍കുന്ന കഷ്ടാനുഭവങ്ങളെയും കുരിശുകളെയും ദൈവത്തെ പ്രതി സ്വീകരിക്കണം. ഇത് ബലിയാണ്. സമര്‍പ്പണമാണ്.

എന്നാല്‍ ദൈവഹിതത്തെ പലപ്പോഴും തെറ്റായി നാം വ്യാഖ്യാനിക്കുന്നു. ദൈവഹിതമല്ലേ നടക്കൂ എന്നു പറഞ്ഞ്, നടക്കുന്നതെല്ലാം ദൈവത്തിന്‍റെ തലയില്‍ കെട്ടിവയ്ക്കുന്നതല്ല, ഈ വിധേയപ്പെടല്‍. ദൈവജനത്തിന്‍റെ വിമോചനമാണ് ദൈവഹിതം. ആ ദൈവഹിതത്തെ നാല്പതു സംവത്സരം മരുഭൂമിയില്‍ എതിര്‍ക്കുന്ന ജനതയുടെ പ്രവൃത്തി ദൈവഹിതമല്ല. ആത്യന്തികമായ രക്ഷയെ അനുഭവിക്കാന്‍ കഴിയുന്നതും കഴിയാത്തതും അവനവന്‍ ഹിതമെന്ന മര്‍ക്കടമുഷ്ടിയുടെ ഫലമാണ്.

ഒരു പ്രവൃത്തി ദൈവഹിതമാണെന്ന് പറയാന്‍ കഴിയണമെങ്കില്‍, അതിലുള്ള അവനവന്‍ താല്പര്യത്തെ പൂര്‍ണമായും തള്ളാന്‍ മനസ്സ് കാണിക്കുകയാണ് ആദ്യത്തെ പ്രവൃത്തി. തന്നിഷ്ടത്തെ നിരാകരിക്കുക അത് എളുപ്പമല്ല. തന്നിഷ്ടം ഉള്ളില്‍വച്ചുകൊണ്ടും ആഗ്രഹിച്ചുകൊണ്ടും ദൈവേഷ്ടം നടപ്പാകട്ടെ എന്ന് പറയുന്നത് ആത്മവഞ്ചനയാണ്. തനിക്ക് തോന്നിയത് പ്രലോഭനമാണെന്നു ദൈവത്തോട് നീ പറയുന്നതാണ് ശരിയെന്നും പറയാന്‍ കഴിയുമ്പോഴാണ് നാം ദൈവഹിതത്തിന്‍റെ പക്ഷത്താവുക. അതിന് ദൈവം നമ്മുടെ ജീവിതത്തിന്മേല്‍ അവകാശം അധികാരങ്ങളുമുള്ളവരെ നിയോഗിക്കും. അവരെ ദൈവത്തെ പ്രതി സ്വീകരിച്ചും അവര്‍ പറയുന്നത് ദൈവത്തെ പ്രതി അനുസരിച്ചും മുന്നോട്ട് നടന്നാല്‍, ഒരു ദൈവഹിതം പ്രത്യേകമായി പിന്നെ അന്വേഷിക്കേണ്ടതില്ല.

ജീവിതത്തില്‍ ഒരു തീരുമാനമെടുക്കുമ്പോള്‍, ദൈവ വചനം അഥവാ ക്രിസ്തു അതിനെക്കുറിച്ച് എന്തു പറയുന്നു? ദൈവ വചനത്തെ ആനുകാലിക ലോകത്തിന് വ്യാഖ്യാനിച്ചു നല്കുന്ന അപ്പസ്തോല പ്രബോധനം എന്തു പറയുന്നു? ക്രൈസ്തവ ധാര്‍മ്മികമൂല്യങ്ങള്‍ എന്തു പറയുന്നു? എന്നൊക്കെ ചിന്തിക്കണം. ഇങ്ങനെയൊക്കെ ചിന്തിക്കുന്നതിനുമുമ്പ് യേശുക്രിസ്തുവില്‍ സ്വഹിതത്തെ ഉപേക്ഷിച്ചില്ലെങ്കില്‍ വക്രതയാര്‍ന്ന നമ്മുടെ മനസ്സ് ഇവയൊക്കെ വളച്ചൊടിച്ച് തന്നിഷ്ടങ്ങള്‍ക്ക് അനുകൂലമായി മാറ്റും.

സ്വയമുപേക്ഷയുടെ ജീവിതമാര്‍ഗത്തിലായിരിക്കുന്ന നാം തന്‍ ഇഷ്ടപ്രാപ്തിക്കായി ഇന്ന് നടത്തുന്ന ഓട്ടങ്ങള്‍ ക്രൈസ്തവ ധാര്‍മ്മികതയ്ക്ക് എതിരായി മാറിയിരിക്കുന്നു. കുരിശിന്‍റെ വഴിയെ യാത്ര പോകുമ്പോഴും കയ്യില്‍ കരുതുന്ന മോഹത്തിന്‍റെ ഭാണ്ഡങ്ങള്‍ നാം ഉപേക്ഷിച്ചിട്ടില്ല. അതിന് നാമിപ്പോഴും പ്രതീകങ്ങളായ പഴയ നിയമ സാധ്യതകളെ ചുമക്കുകയാണ്. അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു. അവന് സമ്പത്തുണ്ടായി. സോളമന്‍ പ്രാര്‍ത്ഥിച്ചു. സോളമന്‍ ജ്ഞാനിയും ധനികനുമായി എന്നൊക്കെ നാമിപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. അവയെല്ലാം പ്രതീകങ്ങളായിരുന്നു. പൂര്‍ണ്ണതയായ ക്രിസ്തു എന്തു പ്രാര്‍ത്ഥിച്ചു. ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയുടെ ഫലം എന്തായിരുന്നു. ക്രിസ്തുവിന്‍റെ ആസ്തി എന്തായിരുന്നു? ക്രിസ്തുവിന്‍റെ ദൈവാനുഭവം എന്തായിരുന്നു? സ്വന്തം അസ്തിത്വത്തെക്കുറിച്ച് അവനെന്തുറച്ചു? അതൊന്നും നമ്മുടെ ജീവിതവഴിയുമായി നാം കൂട്ടിയിണക്കാന്‍ താല്പര്യപ്പെടുന്നില്ല. അവിടുന്ന് പ്രാര്‍ത്ഥിച്ചത് പിതാവിന്‍റെ ഇഷ്ടം തേടിയായിരുന്നു. ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയുടെ ഫലം ദൈവേഷ്ടത്തിനു കീഴ്പ്പെടുകയായിരുന്നു. തന്‍റെ സര്‍വ്വസ്വമായി അവിടുന്നു കണ്ടത് പിതാവിനെയായിരുന്നു.

ദൈവഹിതം ഒന്നേയുള്ളൂ. അതു ക്രിസ്തുവാണ്. പിതാവിലേക്കുള്ള തിരികെപ്പോക്കാണ്. നമ്മുടെ സമ്പൂര്‍ണ്ണ രക്ഷയാണ്. അതിനുള്ള മാര്‍ഗ്ഗം ക്രിസ്തുവിന്‍റെ ജീവിതമാണ്. അത് സ്വയം ഉപേക്ഷയും ജീവാര്‍പ്പണവുമാണ്. അതില്‍ കുറഞ്ഞൊന്നും അതില്‍ ഇല്ല. ഇളവുകള്‍ തേടാനല്ല, കുരിശുകള്‍ താങ്ങാനാണ് തിരുവചനവും ക്രൈസ്തവ ആദ്ധ്യാത്മികതയും നമ്മെ പഠിപ്പിക്കുന്നത്. തന്നിഷ്ടങ്ങളെ ദൈവഹിതമാക്കാന്‍ നാം നടത്തുന്ന ശ്രമങ്ങള്‍, ക്രൈസ്തവ വിരുദ്ധമാണ്. തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മാറ്റി നോക്കിയാലും നവനാളുകളും ധ്യാനങ്ങളും എത്ര മാറി കൂടി നോക്കിയാലും കയ്യിലുള്ള കഷ്ടത്തിന്‍റെ കയ്പ് മാറില്ല. എന്ന്, സ്വന്തം രുചിബോധത്തെ അര്‍പ്പിക്കുന്നുവോ, ക്രിസ്തുവിനെപ്രതി പിതാവില്‍ നിന്ന് അവയെ സ്വീകരിക്കുന്നുവോ അന്നുമാത്രമേ രക്ഷയും ആനന്ദവും ജീവിതത്തെ പുല്‍കൂ. കുരിശിന്‍റെ വഴിയില്‍ ചുമടുതാങ്ങികള്‍ തേടാതെ, അവനെ പിന്‍ചൊല്ലാന്‍ നമുക്കാകണം. അതിനാവണം നോമ്പുകാല പ്രാര്‍ത്ഥനകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org