കുരിശിന്‍റെ തണലില്‍

മിഴിവട്ടത്തിലെ മൊഴിവെട്ടം-10

എം.പി. തൃപ്പൂണിത്തുറ

അകമേ വസിക്കുന്ന ഒരുവനുമായി, എത്ര കാതം അകലമുണ്ട് നമുക്കെന്ന് പരിശോധിക്കുന്ന നാളുകളാണ് നോമ്പിന്‍റേത്. തിരക്കിട്ട ഓട്ടത്തിനിടയില്‍ ലൗകിക വ്യഗ്രതകള്‍ക്കിടയില്‍, ക്രിസ്തുവിലേക്ക് നാം തിരിയുന്നു. ആചരണത്തിന്‍റെ പെരുമകൊണ്ടും, പൊലിമകൊണ്ടും സ്വയം നീതികരിക്കാനുള്ള വഴിയല്ല നോമ്പിന്‍റേത്. അനുതാപത്തിന്‍റേയും ആത്മപരിത്യാഗത്തിന്‍റേയും വഴിയിലേക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് നോമ്പാചരണങ്ങള്‍.

നോമ്പുകാലത്ത് നാം പൊടിതുടച്ച് എടുക്കുന്ന പ്രാര്‍ത്ഥനകളില്‍ ഒന്നാണ് കുരിശിന്‍റെ വഴി. എന്നും നാം നടക്കേണ്ടത് ആ വഴിയിലൂടെയാണ്. യേശുവിനെ അനുഗമിക്കുന്നു എന്നാണല്ലോ വിശ്വാസജീവിതത്തിന്‍റെ അര്‍ത്ഥംതന്നെ. അവിടുന്നാകട്ടെ, തന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കിയ സൂചികയും അതുതന്നെയാണ്, ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കുക. നിര്‍ബന്ധമായും അനിവാര്യമായും നാം ചുമക്കേണ്ട കുരിശിനെ ചൂണ്ടി വിശുദ്ധ പൗലോസും അതുപറഞ്ഞു. ഓരോരുത്തരും സ്വന്തം ഭാരം വഹിച്ചേ മതിയാകൂ (ഗലാത്തി 6:2).

ഇതുപറഞ്ഞവരൊന്നും പട്ടുപരവതാനിയില്‍ നിന്നുകൊണ്ടല്ല ഇതു പറഞ്ഞത്. ഘോരപീഡകളുടെയും നിന്ദനങ്ങളുടെയും കുരിശുമരണത്തിന്‍റെയും വഴിയില്‍നിന്നാണ്, കൂട്ടുപോരാന്‍ താത്പര്യമുണ്ടോയെന്ന് ക്രിസ്തു ചോദിച്ചത്. പട്ടിണിയും നഗ്നതയും ആപത്തും വാളും ക്രിസ്തുവിനെപ്രതി സ്വീകരിച്ചുകൊണ്ടാണ് വി. പൗലോസ് അതു പറഞ്ഞത്.

കുരിശിന്‍റെ വഴി കേവലം ക്രിസ്തുവിന്‍റെ പീഡാനുഭവ അനുസ്മരണമല്ല. അല്‍പകാലത്തേക്ക്, അവന്‍റെ വേദനകളില്‍ സഹതപിച്ച്, ഒരു വൈകാരികാനുഭവത്തിന്‍റെ മറയ്ക്കകത്ത് വ്യാപരിക്കുകയല്ല, കുരിശിന്‍റെ വഴിയുടെ ലക്ഷ്യം. പാടിയും ചൊല്ലിയും തീര്‍ക്കുമ്പോഴും ഹൃദയം മറുതലിക്കുകയാണ് ജീവിതക്കുരിശിനോട്. കുരിശുകളെയും അതു ചുമന്ന് നാം നടത്തുന്ന ജീവാര്‍പ്പണത്തിന്‍റെ യാത്രകളെയും നാം എത്രത്തോളം സ്വീകരിക്കുന്നുണ്ട് എന്ന് പരിശോധിക്കാന്‍ ഇനിയും വൈകരുത്.

ക്രൂശിതനെ പുകഴ്ത്തുകയും കുരിശുകളെ വണങ്ങുകയും ചെയ്യുമ്പോഴും, പിശാചുക്കള്‍ ഭയക്കുന്ന ജീവിതക്കുരിശുകളെ ഒഴിവാക്കുകയാണ് നാം. ഒരു മരക്കുരിശും ചുമന്ന് മലകയറാന്‍ നമുക്ക് എളുപ്പമാണ്. ക്രൂശിതന്‍റെ വഴിയെ ആചരണത്തിന്‍റെ ആഘോഷപ്പെരുമയാല്‍ മറച്ചുവയ്ക്കണം നമുക്ക്. കുരിശും ചുമന്ന് കാല്‍നടയായി മലകള്‍ കയറാന്‍ പോകും നമ്മള്‍. ഭാരമുള്ള മരക്കഷണം ചുമക്കും നമ്മള്‍. എന്നിട്ട് അവിടുന്ന് നീട്ടുന്ന കുരിശുകളെ നാം ഒഴിവാക്കാന്‍ പ്രാര്‍ത്ഥിക്കും.

ന്യായീകരണത്തിന്‍റെയും സ്വയം നീതികരണത്തിന്‍റെയും വാദമുഖങ്ങള്‍ അനേകമുണ്ട് നമുക്ക്. അതിലൊന്ന് നാമൊക്കെ സാധാരണ മനുഷ്യരല്ലേ എന്ന ചോദ്യമാണ്. നാം സാധാരണ മനുഷ്യരല്ലല്ലോ. സാധാരണ മനുഷ്യരാകാനാണോ അവന്‍റെ മരണത്തോട് നമ്മെ ഐക്യപ്പെടുത്തുന്ന ജ്ഞാനസ്നാനം നാം സ്വീകരിച്ചത്. ലോകത്തിന് മരിച്ച് ദൈവത്തിന് അടിമകളായി ജീവിക്കാന്‍ തീരുമാനിച്ചത്. നാം അസാധാരണ മനുഷ്യരാണ്. സാധാരണ ജീവിത സാഹചര്യങ്ങളെ അസാധാരണമായി നേരിടുന്നവര്‍. ക്ലേശങ്ങള്‍ സഹിച്ചുമരിച്ചവര്‍ വിജയികളെന്ന് ഉദ്ഘോഷിക്കുന്നവര്‍. മരണമെ നിന്‍റെ ദംശനമെവിടെ? എന്ന് മരണത്തെ വെല്ലുവിളിക്കുന്നവര്‍.

ഇതൊക്കെ നമുക്ക് അറിയാം. പിന്നെ എല്ലാം മറന്ന് നാം പുതിയ സൂത്രവാക്യങ്ങള്‍ തേടുകയാണ്. ലോകാധിപത്യത്തിന് കീഴടങ്ങി ക്രിസ്തുവിനെ തന്നെ പരിതപിക്കുന്നവനാക്കി നാം പുനരവതരിപ്പിക്കുകയാണ്. "ഏവമെന്നെ ക്രൂശിലേറ്റുവാന്‍, അപരാധം എന്തു ഞാന്‍ ചെയ്തു" എന്ന് ക്രിസ്തുവിന്‍റെ പേരില്‍ നാം പാടുകയാണ്. ഒന്നോര്‍ത്തുനോക്കൂ. ക്രിസ്തു അങ്ങനെ പരാതിപ്പെട്ടിരുന്നെങ്കില്‍ മനുഷ്യരക്ഷ സാധ്യമാകുമോ? അവന്‍ സ്വയമേ കുരിശും ചുമന്ന് കാല്‍വരിയിലേക്കു പോയി എന്നാണ് വചനം പറയുക. അവന്‍ മരണത്തോളം കുരിശുമരണത്തോളം തന്നെത്തന്നെ വിധേയനാക്കി. പിതാവിനെ അനുസരിക്കുന്നവനായി, ക്ലേശത്തിനെതിരുനില്‍ക്കാതെ, സ്വയം അര്‍പ്പിച്ചു (ഫിലി. 6-11). പിന്നെ എന്തിനാണ്, ക്രിസ്തുവിനെക്കൊണ്ടു പരാതി പറയിക്കുന്നത്.

നമുക്ക് നമ്മുടെ ജീവിതക്കുരിശുകളെക്കുറിച്ച് പരാതി പറയണം. ക്രിസ്തുവിന്‍റെ മനുഷ്യത്വത്തിന്‍റെ സ്വരമാണത് എന്നാണ് വാദം. ക്രിസ്തുവിന്‍റെ മനുഷ്യത്വം പിറുപിറുപ്പിന്‍റേതാണോ? കുരിശിനെ ഒഴിവാക്കാന്‍ പറഞ്ഞ വി. പത്രോസിനെ സാത്താനെ എന്നാണ് അവിടുന്ന് വിളിച്ചത്. മാനുഷികചിന്ത പൈശാചികമെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. കുരിശിന്‍റെ വഴിയില്‍പോലും മാനുഷികതയുടെ പരിതാപങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ നാം അറിയാതെ ശ്രമിച്ചുപോകുന്നു.

ശരിയാണ് അത്രയേറെ ബലഹീനരാണ് നമ്മള്‍. ബലവാനായവനില്‍ ആശ്രയിച്ചുകൊണ്ട് പരിതാപമില്ലാതെ, പിറുപിറുപ്പില്ലാതെ ഈ നോമ്പില്‍ നമുക്ക് കുരിശിന്‍റെ വഴിയിലെ യാത്രയിലേക്ക് പ്രവേശിക്കാം. ആചരണങ്ങള്‍ അവസാനിച്ചാലും നമ്മുടെ ചരണങ്ങള്‍ ഇനി വഴിമാറാതിരിക്കാന്‍ നോമ്പിന്‍റെ നാളുകളില്‍ ചിട്ടയായി നമുക്ക് പരിശീലിക്കാം ക്ലേശം സഹിക്കാന്‍. ഭാരം വഹിക്കാന്‍ കുരിശില്‍ മരിക്കാന്‍ ഇളവുകള്‍ തേടാതെ സ്വയം അര്‍പ്പിക്കാം. പരാതിയില്ലാത്ത അര്‍പ്പണം കൊണ്ട് മനുഷ്യരക്ഷ പൂര്‍ത്തിയാക്കിയ ക്രിസ്തുവിന്‍റെ ചുവടുകള്‍ക്കൊപ്പിച്ച് ജീവിതക്ലേശങ്ങള്‍ ചുമന്നുകൊണ്ട് നമുക്കും പിറുപിറുക്കാതെ സ്വയം അര്‍പ്പിക്കാം.

മനുഷ്യന്‍ എന്തുതന്നെയായാലും ക്ലേശങ്ങളുടെ വഴിയെ നടക്കണം. ക്രിസ്തുവിശ്വാസിയായാലും അല്ലെങ്കിലും. വിശ്വാസം വഴി ക്ലേശങ്ങള്‍ സഹിച്ച് നാം പ്രവേശിക്കുന്നത് മഹത്വത്തിലേക്കാണ്. പ്രത്യാശയോടെ, കുരിശിന്‍റെ തണലില്‍ നമുക്ക് മുന്നേറാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org