|^| Home -> Pangthi -> മിഴിവട്ടത്തിലെ മൊഴിവെട്ടം -> ഉദരം ശരണം

ഉദരം ശരണം

Sathyadeepam

മിഴിവട്ടത്തിലെ മൊഴിവെട്ടം – 13

എം.പി. തൃപ്പൂണിത്തുറ

ഊട്ടുതിരുനാളുകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. തിരുനാളുകളോടും നവനാളുകളോടും ചേര്‍ന്ന് സദ്യകള്‍ പെരുകുന്നു. പായസക്കിറ്റുകളും പ്രസാദങ്ങളും ഏതൊരു തിരുനാളിലും ഏറ്റം പ്രധാനപ്പെട്ട വില്പനച്ചരക്കാകുന്നു. നവനാളുകളും പ്രാര്‍ത്ഥനകളും സമാപിക്കുന്നത്, ഈ ഉദരപൂജയിലാണ്. ഇതാ ഒരു മാര്‍ച്ച് പത്തൊമ്പത്, സദ്യവട്ടങ്ങളും നേര്‍ച്ചപ്പായസവുമായി വീണ്ടും എത്തുന്നു. നല്ല മരണത്തിന് എന്തു ചെയ്യണമെന്ന വി. യൗസേപ്പിന്‍റെ ജീവിതമാതൃകയെ, നേര്‍ച്ചസദ്യയുടെ ആഘോഷങ്ങളില്‍ നാം മുക്കിക്കൊല്ലുന്നു.

വിശ്വാസജീവിതത്തെ തത്ത്വത്തിലും പ്രയോഗത്തിലും വിമര്‍ശ്യഭാവത്തോടെ വിശകലനം ചെയ്യേണ്ടതുണ്ട്. ആചാരലംഘനങ്ങള്‍ കൊണ്ട്, ആചാരനിഷേധമായിരുന്നില്ല ക്രിസ്തുവിന്‍റെ രീതി. അവ ആചാരങ്ങള്‍ക്കകത്തെ അകക്കാമ്പ് വെളിപ്പെടുത്തുകയായിരുന്നു.

യേശുക്രിസ്തുവാകുന്ന പ്രകാശത്തില്‍ നമ്മെയും നമ്മുടെ ജീവിതത്തെയും കാണുമ്പോള്‍ നമുക്ക് ഉള്‍ക്കരുത്തോടെ നമ്മുടെ വഴികളെ ക്രിസ്തുവില്‍ ഉറപ്പിക്കാന്‍ ക ഴിയും. വിമര്‍ശനങ്ങളില്‍ അസഹിഷ്ണുതയല്ല, വിമര്‍ശിക്കപ്പെടാതെ പോകുമ്പോള്‍ നമ്മുടെ ജീവിതം അതിവേഗത്തില്‍ ആത്മനാശത്തിലേക്കാണ് എന്ന ബോധമാണ് നമുക്കുണ്ടാകേണ്ടത്.

അപരനെ ‘ഊട്ടുക’ എന്നത് ക്രിസ്തുഭാവം തന്നെയാണ്. അഞ്ചപ്പത്തിന്‍റെ അത്ഭുതത്തില്‍ തുടങ്ങി, സ്വയം മുറിച്ചു വിളമ്പുന്ന ബലിമേശയില്‍ വരെ അപരനു ജീവന്‍ പകരാന്‍ അവനൊരുക്കിയ വിരുന്നുകള്‍. ആ വിരുന്നിന് ജീവിതത്തിന്‍റെ ഉപേക്ഷകള്‍കൊണ്ട് തുടര്‍ച്ചയായവരാണ് വിശുദ്ധാത്മാക്കള്‍. അതിന്‍റെ ഒടുവിലത്തെ നിരയിലാണ് നമ്മള്‍.

പക്ഷേ, നാമിന്ന് നടത്തുന്ന ഊട്ടു തിരുനാളുകള്‍ ലക്ഷങ്ങള്‍ പിരിച്ചും ലക്ഷങ്ങളുണ്ടും, ലക്ഷങ്ങള്‍ മിച്ചുംവച്ചും ലക്ഷണക്കേടുകളായി മാറുകയാണ് എന്ന പരമാര്‍ത്ഥം ഓര്‍ക്കണം. വിശക്കുന്നവരുമായി അന്നം പങ്കുവയ്ക്കാനല്ല, ആത്മപരിത്യാഗത്തിന്‍റെ അര്‍ത്ഥം പകരാനല്ല നമ്മു ടെ ഊട്ടുതിരുനാളുകള്‍.

ചരിത്രത്തില്‍, അടയാളമായി മാറിയ ഊട്ടുതിരുനാളുകളുണ്ട്. അത്തരത്തിലൊന്നാണ് കണ്ണമാലിയിലുള്ളത്. നില്‍ക്കാത്ത മഴയും കോളറയും കണ്ണമാലിയെ ശവപ്പറമ്പാക്കിയപ്പോള്‍, ശവമടക്കാനോ, അടിയന്തിരം നടത്താനോ കഴിയാതെ പ്രദേശവാസികള്‍ കരഞ്ഞുതളര്‍ന്നപ്പോള്‍, അന്നത്തെ വികാരിയച്ചന്‍റെ ഹൃദയത്തില്‍ ദൈവം കൊടുത്ത പ്രേരണയാണ്, മാര്‍ച്ച് 19-ന്‍റെ ആചരണം. സ്വന്തം വീടുകളില്‍ വച്ച ഭക്ഷണം പള്ളിമുറ്റത്തിരുന്നുണ്ട്, തങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞവരെ ഓര്‍ക്കുകയും, നല്‍മരണ മദ്ധ്യസ്ഥനെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ നാട്ടില്‍, മഴയും കോളറയും നീങ്ങിപ്പോയി. ചരിത്രത്തിന്‍റെ മുറ്റത്ത് കാലങ്ങളായി ഈ ഓര്‍മ്മയിലുണ്ടും ഓര്‍മ്മയുണ്ടും ജനം പ്രാര്‍ത്ഥിച്ചു.

പിന്നെപ്പിന്നെ കച്ചവടം അരങ്ങുവാഴുകയാണ്. ട്രസ്റ്റുകളും കമ്മിറ്റികളും പുണ്യത്തിന് പകരം കുടിയിരുത്തുന്നത് പണത്തെയും ആഘോഷത്തെയുമാകുന്നു. നിരനിരയായി കപ്പേളകള്‍തോറും ദേവാലയങ്ങള്‍ തോറും ഊണും പായസവും കച്ചവടവും പൊടിപൊടിക്കുന്നു. വില പറയാനാകാത്ത ആശീര്‍വാദത്തെ പായസരൂപത്തിലാക്കി വിലപേശി വില്‍ക്കുകയാണ് നമ്മുടെ ദേവാലയ മുറ്റങ്ങളില്‍. ഇത് വി. യൗസേപ്പിനോടുള്ള ഭക്തിയാണോ? അതോ ഇപ്പോഴും ഉദരം ശരണം പലവിധവേഷം എന്ന ലോകയുക്തിയാണോ?

എല്ലാം ഭക്ഷണത്തിലടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന ആചാരങ്ങളുടെ പേരിലുള്ള വിശ്വാസനിഷേധങ്ങളെ, തിരിച്ചറിഞ്ഞ് ഉപേക്ഷിച്ചേ മതിയാകൂ. നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാന്‍ പറഞ്ഞവനെ ദേവാലയത്തില്‍ വച്ചുപൂട്ടി ദേവാലയമുറ്റത്തെ കൂറ്റന്‍ പന്തലുകളില്‍ ഇഷ്ടഭോജ്യങ്ങള്‍ കൊണ്ടും പണക്കൊഴുപ്പുകൊണ്ടും നടത്തുന്ന ആ ഘോഷമേളങ്ങള്‍ ദരിദ്രന്‍റെ പട്ടിണിയുടെ മേല്‍ നടത്തുന്ന കടന്നുകയറ്റമാണ്. അപ്പമാകാന്‍ വിളിക്കപ്പെട്ടവന്‍, സ്വയം മുറിച്ചു വിളമ്പുന്നതിനു പകരം ഭക്ഷണത്തിനു മുന്നില്‍ അടിയറവുപറയുന്നതിന്‍റെ അടയാളമാണ്. വിശ്വാസത്തിന്‍റെ കൗദാശീക ജീവിതത്തെ കേവലാഘോഷങ്ങളില്‍ തളച്ചിടുന്ന അപഭ്രംശമാണ്. വിശുദ്ധാത്മാക്കളുടെ ജീവാര്‍പ്പണത്തോടു ചെയ്യുന്ന അപരാധമാണ്. വരൂ… നമ്മുടെ തെരുവുകളിലെ വിശപ്പു കാണൂ. അന്നമില്ലാതെ മരിക്കുന്ന കുഞ്ഞിന്‍റെ മിഴിയിലെ ദൈന്യത കാണൂ. വിരുന്നുണ്ണാനല്ല വിരുന്നാകാനുള്ള ദൈവവിളിക്ക് പ്രത്യുത്തരിക്കൂ…

Leave a Comment

*
*