ഉപവസിക്കുമ്പോള്‍

മിഴിവട്ടത്തിലെ മൊഴിവെട്ടം – 9

എം.പി. തൃപ്പൂണിത്തുറ

ഋതുഭേദങ്ങളിലേക്ക് പ്രവേശിക്കുന്ന ഭൂമിയെപ്പോലെ വീണ്ടും വലിയ നോമ്പിലേക്ക് നാം പ്രവേശിക്കുന്നു. തികച്ചും സ്വാഭാവികവും ആവര്‍ത്തനവുമാകുന്ന ഒരു ചുവടുവയ്പ്. ഇലപൊഴിച്ച് തളിര്‍ചൂടി പൂത്തുലഞ്ഞ് കായ് പുറപ്പെടുവിക്കുന്ന വൃക്ഷം കണക്ക്. പല പ്രകാരങ്ങളില്‍ നോമ്പിനെ നോക്കിക്കാണുന്നവരും സമീപിക്കുന്നവരുമുണ്ട്. അതെങ്ങനെയോ അതനുസരിച്ചായിരിക്കും ഫലം.

മണ്ണിന്‍റെ പരിമിതികളില്‍ നിന്ന് വിണ്ണിന്‍റെ അപരിമേയതയിലേയ്ക്ക് യേശുക്രിസ്തുവില്‍ പ്രവേശിക്കുന്ന മനുഷ്യന്‍ ഒരു കേവല മതഭാവനയല്ല. സാധാരണത്വങ്ങളില്‍ നിന്ന് മഹത്ത്വത്തിന്‍റെ ജീവിതത്തിലേക്ക് നമുക്കു ലഭിച്ച പ്രവേശനം, ക്രിസ്തുവിന്‍റെ കടന്നുപോകലിനോട് ചേര്‍ത്തുവച്ച് നാമനുഭവിക്കുന്ന ഇടമാകണം നോമ്പു കാലം. മതാചാരത്തിനു ഭാവുകത്വം പകരുകയല്ല നോമ്പനുഷ്ഠാനത്തിന്‍റെ ലക്ഷ്യം.

നിരന്തരമായി ആവര്‍ത്തിച്ച് കേവലാനുവര്‍ത്തനങ്ങളായിപ്പോയ നോമ്പനുഷ്ഠാനങ്ങള്‍ എന്തിനെന്നുപോലും അറിയാതെ ആചരിച്ചുപോവുകയാണ് നാം. ഉപവസിക്കുന്നത് എന്തിനെന്നും എങ്ങനെയെന്നും പലവിധ ധാരണകള്‍ നിലവിലുണ്ട്. ഉപവാസം ഒരു കാര്യസാധ്യ പ്രാര്‍ത്ഥനയല്ല. മാതാപിതാക്കളുടെ മനസ്സലിയിച്ച് കാര്യം കാണാന്‍ കുട്ടികള്‍ നടത്തുന്ന പട്ടിണി സമരം മുതല്‍ ഭരണാധികാരികളെ പാഠം പഠിപ്പിക്കാന്‍ നടത്തുന്ന നിരാഹാരസമരം വരെ, ഉപവാസ രൂപത്തിന്‍റെ ഗണത്തില്‍ പെടുത്തുകയാണ് ചിലര്‍. അതുകൊണ്ട്, ദൈവത്തിന്‍റെ മനസ്സ് മാറ്റിയെടുക്കാന്‍ കഴിയുമെന്ന് പഴയനിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഇപ്പോഴും നമ്മള്‍ പുലമ്പിക്കൊണ്ടിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍, ഭൗമികമായ സാധ്യതകളല്ല ജീവന്‍റെ ആധാരം. ദൈവമേ എന്‍റെ ജീവന്‍റെ നിലനില്‍പ് നിന്നിലാണ് എന്ന പ്രഖ്യാപമാണ് ഉപവാസം. നാം ജീവിക്കുന്നത് അപ്പംകൊണ്ടല്ല, ദൈവത്തിന്‍റെ അനന്ത കരുണകൊണ്ടാണെന്ന് ഏറ്റുപറയുകയാണവിടെ. ക്രിസ്തു തന്‍റെ ഭക്ഷണം പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നതും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതുമാണെന്നു പറയുന്നു. തന്‍റെ ഭൗമികമായ നിലനില്‍പ് തന്‍റെ ദൗത്യമാണ് എന്നാണ് അതിനര്‍ത്ഥം. ആ ബോധ്യത്തോടെ, നമ്മെ എന്തിനായി നിയോഗിച്ചിരിക്കുന്നു, നമ്മുടെ ദൗത്യമെന്ത് എന്ന് തിരിച്ചറിഞ്ഞ് അതിലേക്ക് പ്രവേശിക്കാന്‍, സാധാരണത്വങ്ങളെ വെടിയലാണത്. അതിനായി ക്രിസ്തുവിനോട് ചേര്‍ന്നിരിക്കാന്‍. ഉപവാസത്തിലൂടെ നാം സ്വയം അര്‍പ്പിക്കുന്നു. എന്‍റെ അടുത്തുവരുന്നവന് വിശക്കുകയില്ല, എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല എന്ന സത്യം ജീവിതത്തില്‍ അനുഭവിക്കുന്നിടമാകണം ഉപവാസം. അപ്പോള്‍ അത് ഉത്സവസദൃശ്യമാകും. മര്‍ദ്ദിതരുടെ കെട്ടുകള്‍ അഴിക്കുന്നതും, കരുണ ചൊരിയുന്നതുമാകും. ഔദാര്യപൂര്‍വമായ ജീവിതനിലപാടാകും. നാം സ്വാതന്ത്ര്യമനുഭവിക്കും.

ഉപവാസത്തിനുള്ള സാധ്യത നിലനിറുത്തുമ്പോഴും തിരുസഭ ഉപവാസത്തെ നിര്‍ബന്ധപൂര്‍വ്വകമാക്കാറില്ല. അത് ഒരു ആചാരത്തിന്‍റെ കെട്ടിനകത്ത് പെട്ടുപോകാതിരിക്കാനാണ്. പുണ്യം പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരുമായി വിശ്വാസികള്‍ വിഭജിക്കപ്പെട്ടുകൂട എന്ന അജപാലനതാല്പര്യം അതിന്‍റെ പിറകിലുണ്ട്. തിരുസഭ വിഭൂതിയിലും നല്ല വെള്ളിയിലും അത് നിര്‍ബന്ധപൂര്‍വം നിഷ്കാര്‍ഷിക്കുകയും ചെയ്യുന്നു. അതു പറയുമ്പോള്‍, സഭയെ അനുസരിക്കാത്ത ഉപവാസ ലംഘനത്തിന്‍റെ രീതികളുടെ നേരെ കണ്ണടയ്ക്കുന്നതു ശരിയല്ലല്ലോ. ചിലയിടങ്ങളില്‍ നല്ലവെള്ളിയില്‍, നേര്‍ച്ചക്കഞ്ഞിയെന്ന പേരില്‍ ഭക്ഷണം കൊടുത്ത് ഉപവാസം ലംഘിപ്പിക്കുന്നവരും, സ്വീകരിച്ച് ലംഘിക്കുന്നവരും ഉണ്ട് എന്നത് വിസ്മരിച്ചുകൂടാ. എന്നിട്ട് ആചാരമെന്ന ഓമനപ്പേരും സ്വയുക്തികളും അതിനെല്ലാം മറയാക്കുകയും ചെയ്യും.

സമ്പൂര്‍ണ്ണാശ്രയത്വം ദൈവത്തിലര്‍പ്പിക്കുകയാണ് ഉപവാസ ലക്ഷ്യം. അതേപോലെ മണ്ണാശകളെ വെടിയുന്നതിന്‍റെ ഭാഗമാണ് മാംസവര്‍ജ്ജനം. ഏറ്റം പ്രിയംകരമായ ഭക്ഷണ രുചികളെ വെടിയുകയും എന്തിനോടെല്ലാം മനസ് മമതയിലാണോ, അതില്‍ നിന്നെല്ലാം വിടുവിക്കുകയും ചെയ്യണം നമ്മെ. വിണ്ണിലേയ്ക്കുയരാന്‍ അനിവാര്യമായ ഒരു ബന്ധവിച്ഛേദനം. പക്ഷെ, ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും, നോമ്പിന്‍റെ അവസാനം തിരികെയെടുക്കാനായി മാറ്റിവയ്ക്കുന്നതുമാകുന്നു വര്‍ജ്ജനങ്ങള്‍. ഏഴ് ആഴ്ചകള്‍കൂടി അറവുമാടിന്‍റെ ജീവന് ദൈര്‍ഘ്യം നല്‍കാനല്ല, നിത്യതയോളം നമുക്കുയരാനാണ് നോമ്പ്.

ദാനധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവരാണ് നമ്മള്‍. അതൊരു പുണ്യപ്രവൃത്തിയായി കരുതിപ്പോരുകയും ചെയ്യുന്നു. ഉപേക്ഷിക്കുന്ന ഭക്ഷണത്തിന്‍റെ വക മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്ന മാനുഷിക യുക്തിയും സുലഭം. എന്തിനാണ് ദാനം ചെയ്യുന്നത്. അതൊരു ധര്‍മ്മമാണ്. വൃക്ഷം ചൂടേറ്റ് വാങ്ങി തണല്‍ നല്‍കുന്നതുപോലെ, ധാര്‍മ്മികമായ ഒന്ന്. അത് നമ്മുടെ ഔദാര്യമല്ല. ദൈവം അപരനുവേണ്ടി നിന്‍റെ കയ്യില്‍ ഏല്‍പ്പിച്ചത്, ഉത്തരവാദിത്വമുള്ള കാര്യസ്ഥനെപ്പോലെ അവനെ ഏല്‍പ്പിക്കുക. അതിലപ്പുറം ഒന്നുമില്ല ദാനത്തില്‍. ക്രമവിരുദ്ധമായി ദൈവദാനങ്ങളില്‍ തഴങ്ങി ദൈവത്തില്‍ നിന്ന് അകലം വരാതിരിക്കാനാണ് ധര്‍മ്മദാനം.

ആശകളെയും ആശ്രയത്വങ്ങളെയും തന്നിഷ്ടങ്ങളെയും ലോകമോഹങ്ങളെയും വിട്ട് വിണ്ണിന്‍റെ മഹത്വത്തിലേക്ക് ഭൗമിക ക്ലേശങ്ങളുടെ വഴിയിലൂടെ ഒരു ജീവിതയാത്രയ്ക്ക് കരുത്തുപകരുന്ന ക്രിസ്തു അനുഭവമാകട്ടെ ആഗതമാകുന്ന നോമ്പുകാലം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org