ആത്മീയവെളിച്ചം

ആത്മീയത ബാഹ്യാചാരപ്രധാനമായ ജീവിതമല്ല. ജീവിതത്തിന്‍റെ സമഗ്രതയില്‍ കാഴ്ചവട്ടത്തിലും കാണാമറയത്തും ഒരേപോലെ പ്രസക്തവും പ്രകിയാപരവുമായ ഒന്നാണത്. യഥാര്‍ത്ഥ അര്‍ത്ഥവും ഭാവവും വെടിഞ്ഞ് ഭക്താചാരങ്ങളുടെയും ആദര്‍ശാത്മകതയുടെയും പുറംമോടികള്‍കൊണ്ട് തീര്‍ത്ത കാപട്യത്തില്‍ ആത്മീയതയുടെ ജീവിതം കുഴിച്ചുമൂടപ്പെടുകയാണിന്ന്.

ഭക്താചാരങ്ങളും സ്വയംകൃത പുണ്യങ്ങളും, അവനവന്‍ പ്രകാശനത്തിന്‍റെയും, സങ്കല്പ വ്യക്തിബോധത്തിന്‍റെയും വെളിപ്പെടുത്തലുകളാണ്. അവ ആത്മബോധത്തിന്‍റെ ഉണര്‍വ്വോ അപരത്വബോധത്തിന്‍റെ തെളിവോ അല്ല എന്ന പരമാര്‍ത്ഥം നാം തിരിച്ചറിയണം.

നാം ജീവിക്കുന്ന ചരിത്ര, സാമൂഹ്യ, രാഷ്ട്രീയ ചുറ്റുപാടുകളില്‍ പ്രക്രിയാപരമായി ഇടപെട്ടുകൊണ്ടല്ലാതെ, ആത്മീയജീവിതം സാധ്യമല്ല. ഇപ്പോള്‍ കോവിഡ്-19 ന്‍റെ കാലമാണ്. ഈ കാലഘട്ടത്തിന്‍റെ സാഹചര്യങ്ങളില്‍ ഇടപെടുക എന്നതിനുപകരം, ഈ കാലഘട്ടത്തിന്‍റെ അവസരങ്ങള്‍ മുതലെടുത്ത് അവനവന്‍ മഹിമകള്‍ വാഴ്ത്തിപ്പാടുക ശോച്യമാണ് വാസ്തവത്തില്‍.

കോവിഡ്-19 ന്‍റെ പേരില്‍, പ്രാര്‍ത്ഥനാഗീതങ്ങള്‍, സാങ്കേതികത്വം ഉപയോഗിച്ചുള്ള ആരാധനയുടെ പുത്തന്‍ ആവിഷ്ക്കാരങ്ങള്‍ ഒക്കെ സുലഭവും സുപ്രധാനവുമായി അവതരിപ്പിക്കപ്പെടുകയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ. ഇവയെല്ലാം തീര്‍ത്തും അബദ്ധമെന്നോ മോശമെന്നോ ഉള്ള അര്‍ത്ഥത്തിലല്ല ഇങ്ങനെ പറയുന്നത്. ഇവയും ഇത്തരത്തില്‍ ലഭ്യമായ സമയവും സാഹചര്യവും ആത്മപ്രകാശനത്തിനുപകരം അവനവന്‍ പ്രകാശനത്തിനുള്ള വേദിയാകാന്‍ ഉണ്ടാകുന്ന പ്രേരണകളെ തിരിച്ചറിയണമെന്നുമാത്രം.

പണ്ടൊരിക്കല്‍, ഒരു അനുശോചന യോഗത്തില്‍ പങ്കെടുക്കാന്‍ ഇടയായി. പൊതുവില്‍ അനുശോചന യോഗങ്ങളോളം വേര്‍പിരിഞ്ഞവനോട് കാണിക്കാവുന്ന ക്രൂരത വേറെയില്ലെന്നതാണ് വാസ്തവം. ഇവിടെ അതല്ല പ്രസ്താവ്യം.

രാജീവ്ഗാന്ധിയുടെ മരണത്തോടനുബന്ധിച്ചുള്ള യോഗമാണ്. സ്ഥലത്തെ പ്രധാനിയും കാരണവരുമായ ഒരു മാഷും യോഗത്തില്‍ പ്രസംഗകനായുണ്ട്. രാജീവിഗാന്ധിയെക്കുറിച്ചും അദ്ദേഹത്തിന്‍റെ വിയോഗത്തെക്കുറിച്ചും പറയുന്നതിനു മുന്‍പ് യോഗത്തെക്കുറിച്ചും ഈ യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്കുണ്ടായ യോഗത്തെയും അതിലുള്ള സന്തോഷത്തെയും വെളിപ്പെടുത്തിയ പ്രസംഗം കേട്ട് ഞങ്ങള്‍ തരിച്ചിരുന്നുപോയി. പ്രസംഗം ഇങ്ങനെ… ഈ യോഗത്തില്‍ പ്രസംഗിക്കാനായത് വലിയൊരു കാര്യമായി അദ്ദേഹം കാണുന്നുവത്രേ. രാജീവ്ഗാന്ധിയുടെ മുത്തച്ഛനായ നെഹ്റുവിന്‍റെ ചരമാനന്തരമുള്ള യോഗത്തിലും, അമ്മയായ ഇന്ദിരാഗാന്ധിയുടെ അനുശോചന യോഗത്തിലും ഇപ്പോഴിതാ രാജീവ്ഗാന്ധിയുടെ മരണത്തോടനുബന്ധിച്ചുള്ള യോഗത്തിലും… ഇതൊരു ഭാഗ്യമായി അദ്ദേഹം കരുതുന്നത്രേ!

കൊറോണയാണെങ്കിലും ഗുണപ്പെട്ടല്ലോ. എന്‍റെ കഴിവുകാണിക്കാന്‍. അമ്പട ഞാനേ! ഇത്തരം സമയങ്ങളിലും സാഹചര്യങ്ങളിലും അവനവനോടുള്ള മമതയും തന്‍വിചാരങ്ങളിലുള്ള അഭിമാനബോധവും അപകടകരങ്ങളായ ആത്മീയവീഴ്ചകളാണ്.

ഇത്തരം സാഹചര്യത്തില്‍ മാത്രമല്ല എപ്പോഴും ആത്മീയത ലംബമാനമായ ഒരു ബന്ധ സ്ഥാപനത്തിന്‍റെയും പരിശോധനയുടെയും പ്രക്രിയയായി മാറണം. ദൈവത്തിന്‍റെ മാനവരാശിയോടുള്ള സ്നേഹപ്രകാശനമാണ് ക്രിസ്തുവില്‍ നാം ഓരോരുത്തരും. അത്തരമൊരു ബോധത്തിന്‍റെ പ്രകാശവും അതില്‍നിന്നും ജനിക്കുന്ന ആത്മഫലങ്ങളുടെ പ്രവൃത്തികളും എത്രത്തോളം നമ്മിലൂടെ അവതരിപ്പിക്കപ്പെടുന്നുണ്ട് എന്നത് പ്രധാനപ്പെട്ടതാണ്.

ഒരുപക്ഷേ, എനിക്ക് ഏറ്റവും നന്നായറിയാവുന്നത് പാട്ടു പാടാനായിരിക്കും. എന്‍റെ മുമ്പിലുള്ളതാകട്ടെ വിശക്കുന്ന ഒരുവനും. അവന്‍റെ വിശപ്പിനെക്കുറിച്ചും, അതു നീക്കാന്‍ ആത്മാവിന്‍റെ ഭോജനമായ ക്രിസ്തുവേ സഹായിക്കണേ എന്നുമുള്ള ഒരു പാട്ട് പാടിയാല്‍ എന്‍റെ ദൗത്യത്തില്‍ ഞാന്‍ വിജയിക്കുകയല്ല. എന്‍റെ തന്നിഷ്ടത്തില്‍ ഞാന്‍ വീഴുകയാണ് ചെയ്യുന്നത്. പ്രത്യക്ഷത്തില്‍ ക്രിസ്തുവിലേക്ക് അവന്‍റെ മനസ്സിനെ ഉയര്‍ത്താനായല്ലോ എന്നാണ് തോന്നുക. എന്നാല്‍ ഞാന്‍ അവനു ഭക്ഷണമാവുകയായിരുന്നു വേണ്ടത് എന്നതാണ് പരമാര്‍ത്ഥം.

ആത്മാനുതാപത്തിന്‍റെ വഴിയിലൂടെ മാത്രമേ ലംബമാനമായ ബന്ധത്തിന്‍റെ ബലക്ഷയങ്ങളെ നീക്കാനാകൂ. സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, നമ്മുടെ തന്നിഷ്ടങ്ങളുടെയും സ്വാര്‍ത്ഥത്തിന്‍റെയും അഹങ്കാരത്തിന്‍റെയും സ്നേഹരാഹിത്യത്തിന്‍റെയും നൂറ് നൂറ് പോരായ്മകള്‍ നമുക്ക് നമ്മില്‍തന്നെ കാണാനാകും. ക്രിസ്തു നമ്മെ സ്നേഹിച്ചതനുസരിച്ച് നമുക്ക് അവിടുത്തെ സ്നേഹിക്കാന്‍ കഴിഞ്ഞില്ല, അവനവനെയാണ് നാം സ്നേഹിക്കുന്നത് എന്ന സത്യം ഉള്ളിനെ പൊള്ളിക്കുന്നതാണ് അനുതാപം. ക്രിസ്തു പിതാവിനെ സ്നേഹിച്ചതുകൊണ്ട് തന്നെ ഉപേക്ഷിച്ച് പിതാവിനോടുള്ള സ്നേഹത്തെപ്രതി മനുഷ്യനായി. പിതാവ് നല്‍കിയ പാനപാത്രം കുടിച്ചു.

അതോടൊപ്പം സഹോദരനോടുള്ള സ്നേഹം നിമിത്തം അവര്‍ക്ക് പകരവും പരിഹാരവുമായി മാറി. ഈ രണ്ട് ബന്ധങ്ങളുടെ അറിവുകള്‍ ചിന്താമണ്ഡലത്തിലിട്ട് അമ്മാനമാടി ധ്യാനാത്മകതയുടെ നൂതനാവിഷ്കാരങ്ങള്‍ രുചിച്ചും അവതരിപ്പിച്ചും ജീവിതത്തില്‍ നിഷേധിച്ചും നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ ക്രിസ്തുവിരുദ്ധവും സ്നേഹനിഷേധവുമായി തുടരുകയാണ്.

മഹാമാരികളും ദുരന്തങ്ങളുമുണ്ടാകുമ്പോള്‍, അപരന്‍റെ തകര്‍ച്ച കാണുമ്പോള്‍, നമ്മുടെ ഹൃദയതാപം വര്‍ദ്ധിക്കുകയാണ് വേണ്ടത്. അതിന്‍റെ പേരാണ് ഒരുവിധത്തില്‍ ആത്മീയത. അതോടൊപ്പം സകലര്‍ക്കുംവേണ്ടി ക്രിസ്തു പകരവും പരിഹാരവും ദൈവകാരുണ്യവും ആയിരിക്കുന്നത് എപ്രകാരമെന്ന് ജീവാര്‍പ്പണം വഴി, ആനുകാലികലോകത്ത് നാം സാക്ഷ്യപ്പെടുത്തണം.

മറ്റുള്ളവരുടെ ഭാരങ്ങള്‍ വഹിച്ചുകൊണ്ട് പകരമാകാന്‍ നമുക്ക് കഴിയണം. അവര്‍ക്കാകാത്തത് പൂര്‍ത്തീകരിക്കാനായി നാം നമ്മെ ശീലിപ്പിക്കണം. ആഢംബരത്തില്‍ ലോകം മുഴുകുമ്പോള്‍, ദാരിദ്ര്യം കൊണ്ട് നാമതിനെ പൂരിപ്പിക്കണം. സമ്പത്തില്‍ ആശ്രയിക്കുന്ന ലോകത്തിനെ ദൈവാശ്രയത്വവും മിതത്വവും കൊണ്ട് പൂരിപ്പിക്കണം. കഴിവുകളും സാങ്കേതികത്വങ്ങളും ആശ്രയകേന്ദ്രമാകുന്ന ലോകത്ത് ആധുനികമൂല്യങ്ങളെ നാം ഉയര്‍ത്തിപ്പിടിക്കണം. ഇങ്ങനെ പകരമായി സന്തുലിതാവസ്ഥ നിലനിറുത്തണം.

മറ്റുള്ളവരുടെ പാപത്തിന് പരിഹാരമാകുന്ന ജീവിതം നയിക്കണം. സഹോദരങ്ങളുടെ ദ്രോഹങ്ങള്‍ സഹിച്ചുകൊണ്ടും, അപരന്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് പരിഹാരക്രിയയായി നന്മകള്‍ അനുഷ്ഠിച്ചുകൊണ്ടും നമുക്കതിനു കഴിയും. വളരെ ലളിതമാണത്. വഴിയിലേക്ക് ഒരാള്‍ വലിച്ചെറിയുന്ന ഉച്ഛിഷ്ടം, മാലിന്യനിക്ഷേപത്തിനായി നിശ്ചയിക്കപ്പെട്ടിടത്തേക്ക് നാം നീക്കിയിടുമ്പോള്‍, കുറ്റം വിധികള്‍ക്കുപകരം, ക്ഷമയോടെ അപരനുപകരം മാപ്പപേക്ഷിക്കാന്‍ തുടങ്ങുമ്പോള്‍ ക്രിസ്തുവിന്‍റെ പരിഹാരത്തിന്‍റെ പക്ഷം ചേരുകയാണ് നാം.

ഏറ്റം പ്രധാനമായി, നാം അപരനുള്ള ഭക്ഷണമാണ് എന്ന ക്രിസ്തുബോധത്തില്‍ ജീവിക്കലാണത്. എന്നെ അപരന് വേണ്ടി മുറിച്ചു വിളമ്പാനുള്ള പ്രയോഗരീതിയാണത്. കുര്‍ബാനയില്‍ കൗദാശികളായി അര്‍പ്പിക്കുന്നതിനെ ജീവിതപ്രക്രിയയാക്കി മാറ്റലാണത്. അപ്പോഴാണ് ഉന്നതമായ ആത്മീയതയായി, ക്രൈിസ്തവ ജീവിതത്തിന്‍റെ സൗഖ്യദായക ശക്തി ലോകത്ത് അടയാളപ്പെടുത്തുക.

martheenos@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org