ദിവ്യകാരുണ്യസ്വീകരണം

മിഴിവട്ടത്തിലെ മൊഴിവെട്ടം-13

എം.പി. തൃപ്പൂണിത്തുറ

ആദ്യകുര്‍ബാന സ്വീകരണത്തിന്‍റെ നാളുകളാണ്. മിക്കവാറും ഇടവകകള്‍ ആഘോഷപൂര്‍വം ഇതു നടത്തുകയും ചെയ്യും. ക്രൈസ്തവനെ സംബന്ധിച്ച് കൗദാശിക സ്വീകരണവും അതിന്‍റെ ആരാധനക്രമവും, ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ആദ്യകുര്‍ബാന സ്വീകരണം ക്രിസ്ത്യാനിയുടെ വിശ്വാസജീവിതത്തിന്‍റെ അവസാനനിമിഷംവരെ ക്രിസ്തു ബന്ധത്തിലും ബോധത്തിലും നിലനിര്‍ത്തുന്ന ജീവബന്ധമാണ്. കുര്‍ബാന ജീവിതത്തില്‍നിന്ന് ഒഴിവാക്കുന്ന ഒരു വിശ്വാസി, തന്‍റെ ജീവിതത്തിന്‍റെ പരമാശ്രയത്തെയാണ് നിഷേധിക്കുന്നത്.

ഇത്രയേറെ പ്രാധാന്യമര്‍ഹിക്കുന്ന വിശുദ്ധകുര്‍ബാന സ്വീകരണത്തിന് ഒരുക്കങ്ങള്‍ നിശ്ചയമായും ആവശ്യവും അനിവാര്യവുമാണ്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന പഠനക്കളരികളും ധ്യാനശുശ്രൂഷകളും ഒക്കെ നമ്മുടെ ദേവാലയങ്ങളില്‍ ഒരുക്കപ്പെടുന്നുണ്ട്. അതെല്ലാം ക്രമമായി സംഘടിപ്പിക്കപ്പെടുന്നു.

നമ്മുടെ ആധ്യാത്മികജീവിതത്തിന്‍റെ ഉറവിടമായ കുര്‍ബാന സ്വീകരിക്കണമെങ്കില്‍, അഥവാ അര്‍പ്പണത്തില്‍ പരിപൂര്‍ണ ഭാഗഭാഗത്വമുണ്ടാകണമെങ്കില്‍, ബലിയുടെ സത്യബോധത്തിലേക്ക് നാം ഉയര്‍ത്തപ്പെടണം. നമസ്കാരങ്ങള്‍ പഠിച്ചു ചൊല്ലി കേള്‍പ്പിച്ച്, ചിലയിടങ്ങളില്‍ പേപ്പറില്‍ എഴുതി വാങ്ങിച്ച്, കഴിയുമ്പോള്‍ ഒരു സര്‍ട്ടിഫിക്കറ്റും കൊടുത്ത് പിരിച്ചു വിടാവുന്നതല്ല ആദ്യകുര്‍ബാന സ്വീകരണം. ബലിയര്‍പ്പകന്‍റെ അടിസ്ഥാന ഭാവത്തിലേയ്ക്കും ബോധ്യത്തിലേയ്ക്കും സ്വീകര്‍ത്താവിനെ ഉയര്‍ത്തുകയാണ് ഏറെ പ്രധാനപ്പെട്ടത്.

മാമോദീസാവഴി ക്രിസ്തുവിനോടു കൂടെ ലോകത്തിനു മരിച്ച് ക്രിസ്തുവില്‍ ജീവിക്കുന്നവരാണ് നമ്മളെന്ന പരമാര്‍ത്ഥം ബോധപൂര്‍വം അര്‍ത്ഥികള്‍ക്ക് അനുഭവമാക്കിക്കൊടുക്കാന്‍ നമുക്ക് കഴിയണം. അതിനാല്‍ത്തന്നെ നമ്മില്‍ ക്രിസ്തുജീവിക്കുന്നുവെന്നും നാം ക്രിസ്തുവില്‍ ജീവിക്കുന്നുവെന്നും, യേശുവിനോടൊപ്പം പിതാവിനുള്ള ആരാധനയായി നാം അര്‍പ്പിക്കപ്പെടുന്നുവെന്നും അര്‍ത്ഥി തിരിച്ചറിയണം. ആ ബോധ്യത്തിലെത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാതെ, സ്വീകരിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്?

ആദ്യകുര്‍ബാന സ്വീകരണമെന്നതിനേക്കാള്‍ കുര്‍ബാനയര്‍പ്പണത്തിന്‍റെ സമ്പൂര്‍ണതയിലേക്കാണ് അര്‍ത്ഥി പ്രവേശിക്കുന്നതെന്നത് വിസ്മരിക്കപ്പെടുന്നു. പത്താം വയസുമുതല്‍ ജീവിതാന്ത്യം വരെ ബലിയായിത്തീരേണ്ടതെങ്ങനെയെന്നും അര്‍പ്പണത്തിന്‍റെ ജീവിതമെന്തെന്നും, അര്‍ത്ഥിയെ പഠിപ്പിക്കേണ്ടതുണ്ട്.

ആദ്യാനുഭവമായി, ബലിയില്‍ ഭാഗഭാക്കാകുമ്പോള്‍, ഉപേക്ഷയാണ് ബലിയുടെ പ്രഥമപടിയെന്ന് അര്‍ത്ഥി അറിയേണ്ടതുണ്ട്. ആഢംബരങ്ങളുടെ, അത്യാഗ്രഹങ്ങളുടെ, ലോകമോഹങ്ങളുടെ, സന്തോഷങ്ങളുടെ ഉപേക്ഷയിലൂടെ ക്രിസ്തുവിന്‍റെ യാഗത്തോടെ സ്വയം ചേരാന്‍ അര്‍ത്ഥി പ്രായോഗികമായി പരിശീലിപ്പിക്കപ്പെടുകയാണ് ഓരോ ബലിയിലും എന്ന സത്യം തമസ്കരിക്കപ്പെടുകയും അതിനു വിപരീതമായവ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ഏറ്റവും ശ്രദ്ധയോടെ നിഷ്ഠയോടെ ബലിയുടെ മനോഭാവം വളര്‍ത്തുന്നതിനു പകരം വിചിത്രമായ ആചാരങ്ങളും വര്‍ണ്ണപ്പൊലിമയുടെ ബാഹ്യാര്‍പ്പണവും കൊണ്ട് കുര്‍ബാനയെ ഒരു കേവലാചാരമായി, അനുഷ്ഠാനമായി അര്‍ത്ഥി മനസ്സിലാക്കുന്നു. നന്മയായി തുടങ്ങിയവയും നന്നായി തുടങ്ങിയവയും അപകടകരമായ തിന്മയും തിന്മയിലേക്കുള്ള വഴിയുമായിത്തീരുകയാണ്. കുട്ടികള്‍ക്ക് വെള്ളവസ്ത്രം, മുടി, തിരി ഇവയൊക്കെ പ്രതീകാത്മകമായും പ്രയോജനകരങ്ങളായും മാറേണ്ടതുണ്ട്.

ആത്മീയമായി വിശുദ്ധിയോടെ നവീകൃതരായാണ് കൂദാശയില്‍ പങ്കുചേരേണ്ടത് എന്ന് ഓര്‍മ്മിപ്പിക്കാനാണ് വെള്ളവസ്ത്രം തുടങ്ങിയത്. ഇന്ന് കല്യാണവസ്ത്രം പോലെ ആഢംബരവും അനാവശ്യവുമായി അത് തീര്‍ന്നിരിക്കുന്നു. ആയിരം മുതല്‍ പതിനായിരം വരെ മുടക്കി, വിവാഹ വസ്ത്രങ്ങളുടെ പൊലിമയോടെ, ദരിദ്രന്‍റെ ജീവാര്‍പ്പണത്തില്‍ പങ്കുചേരാമെന്ന വിപരീതം കുഞ്ഞുങ്ങളെ പഠിപ്പിക്കുകയാണ് നാം. ജനിച്ചപ്പോഴും മരിച്ചപ്പോഴും വസ്ത്രമില്ലാതെ പോയ ഒരുവനുമായി ഒത്തുചേര്‍ന്ന് പിതാവിന് ആരാധനയാകേണ്ട ബലിയില്‍ ചേര്‍ന്നുനില്‍ക്കാന്‍, ഈ വസ്ത്രം എത്ര ഗുണപ്പെടും? പ്രസാദവരത്തിലേക്കുള്ള തിരികെപ്പോക്കും നിത്യമായ വിരുന്നിലുള്ള പ്രത്യാശയും വളര്‍ത്താന്‍ ഈ ആഢംബരങ്ങള്‍ എത്രത്തോളം ശക്തരാക്കും?

മുടിയും ചെണ്ടുമെല്ലാം കുഞ്ഞാടിന്‍റെ വിവാഹവിരുന്നില്‍ പങ്കുചേരാനുള്ള വിളിയുടെയും മുന്നാസ്വാദനത്തിന്‍റെയും സൂചികകളാണെങ്കില്‍ ഇന്നവ കച്ചവടച്ചരക്കായിട്ടുണ്ട്. കയ്യില്‍ കൊളുത്തിപ്പിടിക്കേണ്ട തിരി ലോകത്തിന്‍റെ പ്രകാശമായ മിശിഹായെ ഏറ്റുപറയുന്നതിനുള്ള ദൗത്യസൂചികയായി ഏത് കുഞ്ഞ് മനസ്സിലാക്കുന്നുണ്ട്?

പ്രതീകാത്മക അര്‍പ്പണത്തിന്‍റെ ഭാഗമായി നാം അണിഞ്ഞവയെല്ലാം ബലിക്കെതിരായ ആഢംബരത്തിന്‍റെ അടയാളങ്ങളായി മാറി. കൗദാശികാര്‍പ്പണത്തിനുശേഷം, കുടുംബത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ ബലിക്ക് നേര്‍വിപരീതമായ ജീവിതാനുഭവങ്ങളായി. ഭോജനപ്രിയത്തിന്‍റെയും ആസക്തികളുടെയും സല്‍ക്കാരങ്ങള്‍ കൊണ്ട്, ജീവന്‍റെ ഭക്ഷണമായ ക്രിസ്തുവിനെ നാം പുറത്താക്കി. ഇഷ്ടക്കാരും സ്വന്തക്കാരും ചേര്‍ന്ന്, തിന്നും കുടിച്ചും വിരുന്നിന്‍റെ സ്വര്‍ഗീയഛായയെ വികൃതമാക്കി.

ഓര്‍ക്കണം. ഒരായുസെത്തുന്നതുവരെ, ഈ കുഞ്ഞിന്‍റെ ജീവാര്‍പ്പണത്തിന്‍റെ വഴികളില്‍ നാഴികക്കല്ലായിരുന്നു ഈ ദിനം. കുര്‍ബാന അനുഭവത്തിന്‍റെ അഗ്നിച്ചിറകുകള്‍ അവന് സ്വന്തമാകേണ്ടിയിരുന്ന സംഭവം. എന്താണ് ഇന്നുഭവിച്ചത്? ഒരായുസിന്‍റെ അവസാനം വരെ അര്‍പ്പണത്തിന്‍റെ ബോധമുണര്‍ത്താന്‍, ഈ പ്രവൃത്തികള്‍ക്ക് കഴിയുമോ? വീടിനു പുറത്ത്, തെരുവില്‍ വിശന്ന ഒരു ബാലന് ക്രിസ്തുവിന്‍റെ ഛായയുണ്ടെന്ന്, നമ്മുടെ കുഞ്ഞിനോട് ആരു പറയും ഇനി? നീ മുറിഞ്ഞ് അപ്പമായി, അപരന് ജീവനായി മാറണമെന്ന് ആരുപറയും ഇനിയും?

ആചാരങ്ങളുടെ ബാഹ്യതമാത്രം നിലനിറുത്തി, ആഢംബരങ്ങളുടെ കൊഴുപ്പില്‍ മതിമറന്ന് ലോകത്തോടൊപ്പമാണ് യാത്രയെങ്കില്‍ ക്രൂശിതനുമായി ബന്ധമില്ല. സ്വയം പരിശോധിക്കാം. പരിവര്‍ത്തിപ്പിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org