ജപവഴിയിലൂടെ…

വീണ്ടും ജപവഴിയിലൂടെയുള്ള യാത്രയിലാണ് നാം. ജപമാലമാസാചരണം ഒരു ഭക്താനുഷ്ഠാനത്തിന്‍റെ രൂപത്തിലാണ് സാമാന്യമായി നമുക്ക് അനുഭവപ്പെടുക. മാതൃഭക്തിയുടെ അനുഷ്ഠാനമെന്ന നിലയ്ക്ക് അതിനെ സ്വീകരിക്കുന്നതില്‍ തല്പരരും, ബാഹ്യമായ മോടികളോടെ അത് ആഘോഷമാക്കുന്നതില്‍ ഉത്സുകരുമാണ് മഹാഭൂരിപക്ഷവും. ജപമാലയും ഈ ഭക്താചരണവും കേവല മാതൃഭക്തിക്കപ്പുറത്ത് പ്രാധാന്യവും പ്രസക്തിയും ആവശ്യമായ ഒന്നാണെന്ന് നാം ഓര്‍ക്കാറില്ലെന്നു മാത്രം.

മാതൃഭക്തിയുടെ ഒരടയാളവും ആഘോഷവുമായി നാം കരുതുന്ന ജപമാലയ്ക്ക് അതിനപ്പുറത്തുള്ള വിശ്വാസ ജീവിതമൂല്യങ്ങളുടെ ഒരു പാതയുണ്ടെന്ന് തിരിച്ചറിയുന്നവര്‍ അപൂര്‍വ്വമായിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ജപമാലയും അതിന്‍റെ ആചരണവും ലക്ഷ്യം വയ്ക്കുന്നത് ദിവ്യരഹസ്യങ്ങളുടെ മനനത്തെയാണ്. ജീവിതവഴിയെ ജപവഴിയിലൂടെ തിരിച്ചുവിടുന്നത്, നാം ധ്യാനാത്മകതയിലേക്ക് പ്രവേശിക്കാന്‍ വേണ്ടിയാണ്. ജപവും ആചരണവും ഏറ്റവും ലളിതമായ ധ്യാനത്തിലേക്കും മനനത്തിലേക്കും എങ്ങനെയാണ് നമ്മുടെ ജീവിതത്തെ ചേര്‍ത്തുവയ്ക്കാനാവുക എന്ന് നമ്മെ പഠിപ്പിക്കുന്നു.

ഒരു ആചരണം കേവലമാകുമ്പോള്‍ അത് ആഘോഷപരത വര്‍ധിപ്പിക്കുന്നതിലൂടെയാണ് അതിന്‍റെ നിലനില്പ് സാധ്യമാക്കുക. ബാഹ്യാചരണമാകുമ്പോള്‍ എളുപ്പത്തില്‍ നാമത് സ്വീകരിക്കും. അതുണ്ടാക്കുന്ന വര്‍ണ്ണപ്പൊലിമയും ശബ്ദസുഖവും, ദൈവമാതാവിനെ വണങ്ങുന്നു എന്ന ചിന്തയും അതിന്‍റെ ബാഹ്യതലമെന്ന് കരുതുമ്പോള്‍ നാമതിന്‍റെ ആന്തരികതയെ മറന്നുപോകും. ഇന്ന് ഏതാണ്ടീവഴിയിലാണ് നമ്മുടെ ജപമാലമാസാചരണം.

ജപമാല മറിയത്തെ വാഴ്ത്തിപ്പാടുന്നതോ കേവലമാതൃഭക്തിയുടതോ ആയ ഒരു പ്രാര്‍ത്ഥനാ സങ്കേതമല്ല. അത് മറിയത്തോടൊപ്പം രക്ഷാകരസംഭവത്തിന്‍റെ ധ്യാനത്തിലേക്ക് പ്രവേശിക്കാനുള്ള ഏറ്റവും ലളിതവും ഋജുവുമായ മാര്‍ഗമാണ്. ക്രിസ്തു തന്‍റെ അമ്മയെ നമുക്ക് അമ്മയായി തന്നതുകൊണ്ടും അവള്‍ വിശ്വാസത്തിന്‍റെ ഉത്തമമാതൃകയായതുകൊണ്ടും, സര്‍വ്വോപരി, അവള്‍ ദൈവത്തിന്‍റെ അടിമയായ സ്ത്രീയായതുകൊണ്ടും അവളുടെ സാമീപ്യവും തുണയും അനുഭവിക്കാന്‍ നമുക്ക് എളുപ്പമുണ്ട്. തന്‍റെ സ്വയാര്‍പ്പണം വഴി, നമുക്കും മനുഷ്യകുലം മുഴുവനും വേണ്ടി, അമ്മ ക്രിസ്തുവിനെ സ്വീകരിക്കുന്നതിലൂടെ, നമ്മുടെ സ്വീകരണത്തിലുള്ള പിഴവുകള്‍ നീക്കുന്നു. ദൈവത്തിന്‍റെ അടിമയും മനുഷ്യസ്ത്രീയുമായതിലൂടെ നമ്മുടെ മനുഷ്യത്വത്തിനും സമര്‍പ്പണത്തിനും അവള്‍ മാതൃകയാകുന്നു.

ദൈവം വിണ്ണില്‍നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവരാന്‍ ഗോവണിയാക്കിയ മറിയത്തിലൂടെ ക്രിസ്തുവിലേക്കും അവനില്‍ സ്വര്‍ഗരാജ്യത്തിലേക്കും നമുക്കും വഴിയുണ്ടെന്ന ബോധ്യം നിലനിര്‍ത്തി, ക്രിസ്തുരഹസ്യങ്ങളെ നമ്മുടെ ജീവിതത്തിലേക്കും നമ്മുടെ ജീവിതത്തെ ക്രിസ്തുരഹസ്യങ്ങളിലേക്കും ഇഴചേര്‍ക്കാന്‍ മറിയത്തിന്‍റെ തുണയെ നാം സ്വീകരിക്കുകയാണ് ജപമാലയില്‍. അങ്ങനെ തിരിച്ചറിയാതെ കൊന്ത ചൊല്ലിയാല്‍ മാതാവ് പ്രസാദിക്കും എന്നു കരുതുന്നത് നിഷ്കളങ്കമായ ഒരു ഭക്തിയായി പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും വിശ്വാസത്തിന്‍റെ പുരോഗതിയില്‍ എത്രത്തോളം നിഷേധാനുഭവമാണ് അത് നല്‍കുക എന്ന് തിരിച്ചറിയണം.

സന്തോഷത്തിന്‍റെ രഹസ്യങ്ങള്‍ നാം ധ്യാനിക്കുമ്പോള്‍, മനുഷ്യാവതാരത്തെ ധ്യാനിക്കുന്നതോടൊപ്പം, നമ്മുടെ ജീവിതത്തിന്‍റെ സന്തോഷങ്ങളെയും യഥാര്‍ത്ഥ സന്തോഷത്തെയും ചേര്‍ത്തുവച്ച് പരിശോധിക്കാന്‍ അത് വേദിയാവുകയാണ്. കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ നമ്മുടെ സന്തോഷങ്ങളില്‍ നിന്ന് യഥാര്‍ത്ഥ സന്തോഷങ്ങളിലേക്ക് അതു നമ്മെ പ്രവേശിപ്പിക്കും. നശ്വരമായ സന്തോഷം അനശ്വരമാവുകയാണ്.

ദുഃഖത്തിന്‍റെ രഹസ്യങ്ങള്‍ ധ്യാനിക്കുമ്പോള്‍, ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങളെ ധ്യാനിക്കുകയാണ് ചെയ്യുന്നതെങ്കിലും, നമ്മുടെ കഷ്ടാനുഭവങ്ങളെ ക്രിസ്തുവിന്‍റെ പീഡകളോട് ചേര്‍ക്കാന്‍ നാം കരുത്താര്‍ജ്ജിക്കുകയാണ്. ദുഃഖങ്ങളുടെ മേല്‍ വിജയം വരിക്കാനും നമ്മുടെ ക്ലേശങ്ങള്‍ രക്ഷാകരമാക്കാനും അത് നമ്മെ ശക്തിപ്പെടുത്തും.

ഉത്ഥാനത്തിന്‍റെ രഹസ്യങ്ങള്‍ ക്രിസ്തുവിന്‍റെ ഉത്ഥാനത്തില്‍ ഒതുങ്ങുന്നതല്ല. അനശ്വരമായ ഉത്ഥാനത്തിന്‍റെ രഹസ്യത്തിലൂടെ നമ്മുടെ മരണത്തിനപ്പുറത്തേയ്ക്ക് നമ്മെ അതു കൂട്ടിക്കൊണ്ടുപോകും. അങ്ങനെ മറിത്തിന്‍റെ സ്വര്‍ഗ്ഗാരോപണം നമ്മുടെ പ്രത്യാശയെ ക്രിസ്തുവില്‍ ഉറപ്പിക്കും. നമുക്കു ലഭിക്കാനിരിക്കുന്ന കിരീടം കഷ്ടതയുടെ കയ്പിനെ നീക്കിക്കളയും.

ക്രൈസ്തവജീവിതം നമുക്ക് നല്‍കുന്ന വിശ്വാസത്തിന്‍റെ വെളിച്ചം നമ്മില്‍ പ്രകാശിക്കുന്നതിന്‍റെ നാനാതലങ്ങളെ പ്രകാശത്തിന്‍റെ രഹസ്യങ്ങളിലൂടെ നാം അനുഭവിക്കും. വെളിച്ചമായ ക്രിസ്തുവില്‍ വെളിച്ചമായിരിക്കാനും ലോകത്തിന്‍റെ അന്ധകാരം നീക്കാനും നിയോഗിക്കപ്പെട്ടവരെന്ന ബോധത്തിലേക്ക് നമ്മെ ഉയര്‍ത്തും. ഇങ്ങനെ വ്യക്തിഗതമായി നാം നടത്തുന്ന ഒരു മനനപ്രവൃത്തിയെ നിത്യതയുടെ പ്രകാശം കൊണ്ടു നിറയ്ക്കാന്‍ നമ്മുടെ അമ്മയായ മറിയത്തോടും തിരുസഭയോടുമൊപ്പം നാം നടത്തുന്ന ശ്രമങ്ങളെ പ്രാധാന്യത്തോടെയും വ്യക്തതയോടെയും അഭ്യസിക്കാനുള്ള കളരിയാണ് ഒക്ടോബറിന്‍റെ ആചരണങ്ങള്‍.

അതിനാല്‍ അതു മരിയഭക്തിയില്‍ നിന്നുകൊണ്ട് ക്രിസ്തുധ്യാനത്തിലേക്ക് കൈ എത്തിക്കാനുള്ള ഒരു ആഹ്വാനമായി നാം തിരിച്ചറിയേണ്ടതുണ്ട്. ആ ജപമാലയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്താന്‍ ജപമാലാചരണങ്ങള്‍ക്കും റാലികള്‍ക്കും ഒക്കെ കഴിയും. എന്നാല്‍, അങ്ങനെ ഒരു ധ്യാനത്തിലേക്ക് പ്രവേശിക്കാത്ത കാലത്തോളം അത് പുറംപൂച്ചു മാത്രമായി തരംതാഴും.

ക്രിസ്തുവിന്‍റെ ചരിത്രജീവിത വഴിയിലൂടെ പ്രാരംഭം മുതല്‍ അവസാനം വരെ ഉണ്ടായിരുന്നവളും നമ്മോടു കൂടെയായിരിക്കാന്‍ നിയോഗിക്കപ്പെട്ടവളുമാണ് മറിയം. അവളോടൊപ്പം ക്രിസ്തു രഹസ്യങ്ങളെ ധ്യാനിക്കുന്നതും ക്രിസ്തു അനുഭവത്തിലേക്ക് പ്രവേശിക്കുന്നതും സുഗമമാവുകയാണ് ജപമാലയില്‍. ആ നിലയില്‍ ജപമാലയുടെ രഹസ്യങ്ങളെ മറിയത്തോടൊപ്പം അനുഭവിക്കാനാകുന്നില്ലെങ്കില്‍ ജപമാലയര്‍പ്പണം വഴി മാതൃഭക്തിയിലാണെന്ന് തെറ്റിദ്ധരിച്ച് നാം എവിടെയും എത്താതെ പോവുകയാണ്. ക്രിസ്തുവിന്‍റെ രക്ഷാകര പ്രവൃത്തിയില്‍ സമ്പൂര്‍ണ്ണമായി സഹകരിച്ച മറിയത്തിന്‍റെ വിരല്‍ത്തുമ്പില്‍ തൂങ്ങി, രക്ഷാകരാനുഭവത്തിലേക്ക് നമുക്കും പ്രവേശിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org