Latest News
|^| Home -> Pangthi -> മിഴിവട്ടത്തിലെ മൊഴിവെട്ടം -> നന്ദിക്കൊന്ത

നന്ദിക്കൊന്ത

എം.പി. തൃപ്പൂണിത്തുറ

പ്രാര്‍ത്ഥനയെന്നാല്‍ ബന്ധമെന്നാണ് അര്‍ത്ഥം. ദൈവത്തിലേക്കും ദൈവത്തിലൂടെ മനുഷ്യരിലേക്കും, മനുഷ്യരിലൂടെ ദൈവത്തിലേക്കും പ്രവേശിക്കാനും പൂര്‍ണത പ്രാപിക്കാനും ദൈവം നല്‍കിയ സിദ്ധിയും ദാനവുമാണത്. ഇന്ന് അനേകര്‍ കരുതുന്നതുപോലെ ദൈവത്തിന്‍റെ മനസ്സ് മാറ്റി ഉദ്ദിഷ്ടകാര്യം സാധിക്കാനുള്ള കുറുക്കുവഴിയല്ലത്. ജീവിതാവശ്യങ്ങളില്‍ ദൈവത്തോട് അപേക്ഷിക്കുന്നത് തെറ്റാണെന്നല്ല ഇതിനര്‍ത്ഥം. ആ അപേക്ഷകള്‍ വഴിയായി നാം ദൈവാശ്രയത്തിലേക്കും ദൈവപരിപാലനയുടെ അനുഭവത്തിലേക്കുമാണ് ഉയരുന്നത്.

എന്നാല്‍ പ്രാര്‍ത്ഥന പലപ്പോഴും അതിന്‍റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍നിന്ന് ഏറെ അകന്നാണ് കാണപ്പെടുക. ഇഷ്ടമില്ലാത്തതൊക്കെ മാറ്റിത്തരണമെന്നും കഷ്ടമായതൊക്കെ മാറ്റിത്തരണമെന്നും ഇല്ലാത്തതൊക്കെ കൂട്ടിത്തരണമെന്നും വിലപിക്കുന്നതിനെ പ്രാര്‍ത്ഥനയായി നാം തെറ്റിദ്ധരിക്കുന്നു. പ്രാര്‍ത്ഥനയെ സംബന്ധിച്ച അടിസ്ഥാനപരമായ ഈ പിഴവ് തിരുത്താത്തതിനാല്‍ യഥാര്‍ത്ഥ ദൈവാനുഭവം നമുക്ക് അന്യമാകുന്നു.

ഇത്തരത്തില്‍ ലോകാഭിമുഖ്യമുള്ള മനസ്സ്, പ്രാര്‍ത്ഥനവഴി അനുഭവിക്കേണ്ട ദൈവിക-മാനുഷിക ബന്ധങ്ങളുടെ പൂര്‍ണതയിലേക്ക് പ്രവേശിക്കാത്തതു നിമിത്തം, തങ്ങള്‍ മാറുന്നതിനു പകരം പ്രാര്‍ത്ഥനകളെ മാറ്റി മാറ്റി പരീക്ഷിക്കുകയും പുതിയ പ്രാര്‍ത്ഥനകളും രീതികളും കണ്ടെത്തുകയും ചെയ്യുന്നു.

ഇത് വന്നുഭവിക്കാവുന്ന ഒരു പ്രലോഭനമായതിനാലാണ്, സഭ പ്രാര്‍ത്ഥനകളെ സാമാന്യഗതിയില്‍ അംഗീകരിച്ച് നല്‍കിയിട്ടുള്ളത്. അതിനാല്‍ പ്രാര്‍ത്ഥനയാകുന്ന ദൈവികബന്ധത്തില്‍ പ്രവേശിക്കാന്‍ സഭ പ്രാര്‍ത്ഥനകളുടെ ഒരു നിക്ഷേപം തന്നെ നമുക്ക് പരമ്പരാഗതമായി കൈമാറിതന്നു.

മിക്കവാറും പുതിയ പ്രാര്‍ത്ഥനകള്‍, സന്ദേശങ്ങളായോ തോന്നലുകളായോ നമ്മില്‍ വരാം. ചില പ്രാര്‍ത്ഥനാ പരിഷ്കാരങ്ങളും. ഇവ ഏതായാലും വ്യക്തിപരമായിപോലും ഉപയോഗിക്കുന്നതിനുമുമ്പ് ആ ത്മീയനിയന്താവിനെ ബോധ്യപ്പെടുത്തി, പ്രലോഭനത്തില്‍നിന്ന് മോചനം നേടണം. ഒരു കാരണവശാലും അതു പരസ്യപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപദേശമായി നല്‍കുകയോ ചെയ്തുകൂടാ. അത് നിലവിലുള്ള പ്രാര്‍ത്ഥനയുടെ സഭാത്മകതയ്ക്ക് എതിരായതിനാല്‍ മാത്രമല്ല. അത് ബന്ധത്തിലേയ്ക്കല്ല വിഭജനത്തിലേക്കാണ് നമ്മെ നയിക്കുക.

ഇത് വ്യക്തിപരമായ അഭിപ്രായം മാത്രമല്ല, പ്രാര്‍ത്ഥനയെ സംബന്ധിച്ച പൊതുനിലപാടുമാണ്. ഇതൊക്കെ അറിയാമെങ്കിലും അനേകര്‍ ഇത്തരം പ്രാര്‍ത്ഥനകളും സന്ദേശങ്ങളുമായി ഇടയ്ക്കിടയ്ക്ക് രംഗപ്രവേശം ചെയ്യുന്നത്, സാധാരണമായിരിക്കുന്നു.

ഈ അടുത്ത് തൃശൂരില്‍നിന്നും പുറത്തുവന്ന ഒരു പ്രാര്‍ത്ഥനയെ സംബന്ധിച്ച സന്ദേശം കേള്‍ക്കാനിടയായി. സാമൂഹ്യമാധ്യമത്തിലൂടെയാണ് സന്ദേശം. സാമൂഹ്യമാധ്യമങ്ങള്‍ നിലവില്‍ വന്നതോടെ തോന്നുന്നത് അപ്പോഴപ്പോള്‍ പറയാമെന്ന നിലവന്നതും ആരും നിയന്ത്രണത്തിനില്ലെന്നതും ഇത്തരം സന്ദേശകരുടെ പ്രവൃത്തികളെയും അബദ്ധങ്ങളെയും കൂടുതല്‍ അപകടകരമാക്കുന്നു.

തൃശൂരിലെ ഒരു പുരോഹിതന്‍ ഇത്തരത്തില്‍ ഒരു വീഡിയോ യൂട്യൂബില്‍ അവതരിപ്പിച്ചിട്ടുണ്ട്. അത് ജപമാലയെ സംബന്ധിച്ചാണ്. ജപമാലയുടെ അടിസ്ഥാനാശയങ്ങളെ നിഷേധിക്കുന്നതാണ് പ്രസ്തുത സന്ദേശം. തുടക്കം മുതല്‍ ആ സന്ദേശത്തില്‍ പറയുന്നവയെ ഒന്നു പരിശോധിക്കാം. അതെല്ലാം മാനുഷികചിന്തകളും അതിന്‍റെ പ്രതിഫലനങ്ങളുമാണെന്നു കാണാം.

സ്വര്‍ഗത്തില്‍ യാചനകള്‍ സ്വീകരിക്കുന്ന മാലാഖമാര്‍ക്ക് വലിയ തിരക്കും, കൃതജ്ഞത സ്വീകരിക്കുന്നവര്‍ക്ക് ഒരു ജോലിയും ഇല്ലാത്ത സ്ഥിതിയുമാണത്രേ! എന്തൊരു വിഡ്ഢിത്തമാണിത്. മനുഷ്യന്‍ നന്ദി പറയുന്നത് മാലാഖമാര്‍ക്ക് പണിയുണ്ടാക്കാനാണോ? ഒമ്പത് വൃന്ദം മാലാഖമാരില്‍ പണിയില്ലാത്തവരും പണിയുള്ളവരുമെന്ന തിരിവുണ്ടോ. അദ്ദേഹത്തിന്‍റെ ഭാവനയില്‍ അങ്ങനെ തോന്നിയിട്ടുണ്ടാകാം. പക്ഷേ, അത് ഒരു അറിവായി പകരുന്നത് അബദ്ധമല്ലേ?

അദ്ദേഹത്തെ പരിചയപ്പെടുത്തിയ സന്യാസിനി, അദ്ദേഹത്തിന് നൂതനാശയങ്ങളും കൊച്ചുത്രേസ്യയെപ്പോലെ പ്രാര്‍ത്ഥനയില്‍ കുറുക്കുവഴികളുണ്ടെന്ന് പറയുന്നു. കൊച്ചുത്രേസ്യ കുറുക്കുവഴിയുടെ ആളല്ല. തന്‍റെ ജീവിതം എങ്ങനെ ഈശ്വരാര്‍പ്പണമായി അര്‍പ്പിക്കാം എന്ന് കാണിച്ചുതന്നയാളാണ്. കൊച്ചുത്രേസ്യ അത് പഠിപ്പിച്ചിട്ടുമില്ല. അത് പഠിപ്പിച്ചത് സഭയാണ്.

പുതിയ ആശയം നന്ദിക്കൊന്തയാണ്. ജപമാല അര്‍പ്പിക്കുന്നതിനുമുമ്പ് ദൈവം തന്നെ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദിയായി ഈ ജപമാല ധ്യാനിക്കുന്നു എന്ന് ഒരു ഭക്തന് പറയാം. അതില്‍ തെറ്റില്ല. എന്നാല്‍ നന്ദിക്കൊന്ത അഥവാ Rossary of thanks എന്നൊരു കൊന്ത തിരുസഭയിലില്ല. ഒരു പ്രാര്‍ത്ഥനയോ മാറ്റമോ സഭയില്‍ നല്‍കാന്‍ മാര്‍പാപ്പയുണ്ട്. അത് മറ്റാരെയും തിരുസഭ ഏല്‍പ്പിച്ചിട്ടില്ല. ജപമാലയില്‍ എത്ര നൂറ്റാണ്ടുകള്‍ക്കിടയ്ക്കാണ് ഒരു കൂട്ടിച്ചേര്‍ക്കലുണ്ടായിട്ടുള്ളതെന്ന് ചരിത്രം പഠിക്കുമ്പോള്‍ മനസ്സിലാകും. പരിശുദ്ധ കന്യകയുടെ ജപമാല എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ചാക്രികലേഖനം ജപമാലയെക്കുറിച്ച് പഠിപ്പിക്കുന്നത് ഇത്തരക്കാര്‍ വായിച്ചിട്ടില്ലെന്ന് തോന്നുന്നു.

ജപമാലയില്‍ ഏറ്റവും ലളിതമായ, വാചിക ധ്യാനാത്മക പ്രാര്‍ത്ഥനയുടെ സമ്മേളനമുണ്ട്. രഹസ്യം ധ്യാനിക്കുകയും ജപം ചൊല്ലുകയും ചെയ്യുന്ന രീതിയിലൂടെയാണ് ജപമാലയര്‍പ്പണം. നന്മ നിറഞ്ഞ മറിയം എന്ന പ്രാര്‍ത്ഥന വെറുതെ ഉരുവിടുകയല്ല, ആ സമയം രഹസ്യം ധ്യാനിക്കുകയുമാണ് ഭക്തര്‍. ഓരോ നന്മ നിറഞ്ഞ മറിയം കഴിയുമ്പോഴും ലഭിച്ച നന്മകളെ ഓര്‍ക്കാന്‍ പറയുന്നതിലൂടെ ദിവ്യരഹസ്യധ്യാനത്തെ, ഈ പുത്തന്‍ ആശയം നിരാകരിക്കുന്നു. ഇനിയാണ് ഈ നന്ദികളുടെ നന്ദികേട് മനസ്സിലാവുക.

യഹൂദരെപ്പോലെ നന്ദി പറയാനാണ്, ഇവിടെ നിര്‍ദ്ദേശിക്കപ്പെടുന്നത്. അംഗവൈകല്യം കൂടാതെ ജനിപ്പിച്ചതിന്, നന്ദി പറയണമത്രേ! യഹൂദന്‍ അങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നു. അപ്പോള്‍ അംഗവൈകല്യം ദൈവാനുഗ്രഹമല്ലേ? അംഗവിഹീനര്‍ ദൈവത്താല്‍ അനുഗ്രഹിക്കപ്പെടാത്തവരാണോ? ഇനി ഓരോ അവയവവും ഓര്‍ത്ത് നന്ദിയാണ്. മുടി തന്നതിന് നന്ദി പറയണമത്രേ! അപ്പോള്‍ കഷണ്ടിക്കാര്‍ എന്തു പറയണം?

എന്നിട്ട് ഇതൊക്കെ സാധൂകരിക്കാന്‍ സങ്കീര്‍ത്തനങ്ങളും 1 തെസ്ലോനിക്ക ലേഖനത്തിലെ വചനങ്ങളും, ഈ പ്രാര്‍ത്ഥനകള്‍ പരീക്ഷിക്കാന്‍ ആഹ്വാനവും. ഒടുവില്‍ യൂട്യൂബ് ആശീര്‍വാദവും. നാം നമ്മെ പരിശോധിക്കേണ്ടിയിരിക്കുന്നു. ഈ യാത്ര എങ്ങോട്ടാണ്?

martheenos@gmail.com

Leave a Comment

*
*