Latest News
|^| Home -> Pangthi -> മിഴിവട്ടത്തിലെ മൊഴിവെട്ടം -> പ്രഘോഷണത്തിലെ താളപ്പിഴകള്‍

പ്രഘോഷണത്തിലെ താളപ്പിഴകള്‍

എം.പി. തൃപ്പൂണിത്തുറ

സുവിശേഷ പ്രഘോഷണ കേന്ദ്രങ്ങളും പ്രഘോഷണങ്ങളും നമ്മുടെ ചുറ്റുപാടില്‍ ഏറെയുണ്ട്. എന്താണ് സുവിശേഷ പ്രഘോഷണത്തിന്‍റെ ലക്ഷ്യമെന്ന് ചോദിച്ചാല്‍ ആത്മരക്ഷയും മാനസാന്തരവും എന്നൊക്കെ നാം പറയും. ക്രിസ്തുവിനെ ലോകത്തിന് അനുഭവമാക്കാനുള്ള ദൈവവിളിക്ക് പ്രത്യുത്തരം കൊടുക്കാന്‍ ഓരോ ക്രൈസ്തവനും കടമയുണ്ട്. ക്രൈസ്തവന്‍ എന്നതുകൊണ്ട് ക്രിസ്തുവിശ്വാസി എന്ന അര്‍ത്ഥമല്ല നാം വിവക്ഷിക്കുന്നത്. ക്രിസ്തുവില്‍ ജീവിക്കുന്നവര്‍ക്ക് എന്ന അര്‍ത്ഥത്തിലാണ്. അത്തരമൊരാളാണ് കത്തോലിക്കാ സഭയുടെ സന്താനമെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.

സുവിശേഷ പ്രഘോഷണവേദികളില്‍, ഇന്ന് മൂന്നു തരം പ്രഘോഷണങ്ങളാണ് പൊതുവെ ഉയര്‍ന്നു കേള്‍ക്കുന്നത്. ഒന്ന് ഭയത്തിന്‍റെ പ്രഘോഷണം, രണ്ട് കുറ്റപ്പെടുത്തലിന്‍റെ പ്രഘോഷണം, മൂന്ന് മോഹജന്യമായ പ്രഘോഷണം. യഥാര്‍ത്ഥത്തില്‍ വിശ്വാസപ്രഘോഷണത്തിന് ഇവയുമായി ഒരു ബന്ധവുമില്ല. ഈ വേദികളിലെ പ്രഘോഷണ കര്‍മ്മം യഥാര്‍ത്ഥ സുവിശേഷ പ്രഘോഷണവുമല്ല. സുവിശേഷം വാക്കിലല്ല, നേരെ വിരുദ്ധവുമാണിവ. ജീവിതത്തിലാണല്ലോ പ്രഘോഷിക്കപ്പെടേണ്ടത്.

നമ്മുടെ വിശ്വാസജീവിത ചുറ്റുപാടില്‍, ഈ നാളുകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന വിശ്വാസപ്രഘോഷണത്തിന്‍റെ അടിസ്ഥാന പ്രമേയങ്ങളില്‍ ഭയമാണ്. പരസ്യത്തില്‍തന്നെ പൈശാചിക, പാപ, ശാപ ബന്ധനങ്ങളില്‍ നിന്നു മോചനം എന്നാണ് കാണുക. ക്രിസ്തു ഭൂമിയിലേക്ക് ചരിത്രത്തിന്‍റെ ഭാഗമായി അവതരിച്ചുകൊണ്ട് പറഞ്ഞ പ്രധാനപ്പെട്ട കാര്യം ഭയപ്പെടേണ്ട എന്നതായിരുന്നു. അതുകൊണ്ട് ക്രിസ്തു അഭയമായി മാറണമെന്നാണ് ക്രിസ്തുവിജ്ഞാനീയം നമ്മെ പഠിപ്പിച്ചത്.

അവിടുന്നു പറഞ്ഞു: എന്‍റെ സ്നേഹിതരെ, നിങ്ങളോട് ഞാന്‍ പറയുന്നു. ശരീരത്തെ കൊല്ലുന്നതില്‍ കവിഞ്ഞ് ഒന്നും ചെയ്യാന്‍ കഴിവില്ലാത്തവരെ നിങ്ങള്‍ ഭയപ്പെടേണ്ട. എന്നാല്‍ ആരെ ഭയപ്പെടണമെന്ന് ഞാന്‍ മുന്നറിയിപ്പുതരാം. കൊന്നതിനുശേഷം നിങ്ങളെ നരകത്തിലേക്ക് തള്ളിക്കളയാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍. അതെ ഞാന്‍ പറയുന്നു: അവനെ ഭയപ്പെടുവിന്‍ (ലൂക്ക. 12:4-5). പക്ഷേ സ്വാഭാവികമായി, ദൈവത്തേക്കാള്‍, അപരനെയും അപരനേക്കാള്‍ പിശാചിനെയും നാം ഭയപ്പെടുന്നു. ഇങ്ങനെ സ്വാഭാവികമായി അനര്‍ത്ഥങ്ങളുണ്ടാക്കുന്ന ഒരു ശക്തി നമ്മെ പിന്തുടരുന്നുവെന്ന ഭയം നമുക്ക് സ്വാഭാവികമായുണ്ട്. ഈ ഭയത്തെ പെരുപ്പിച്ച്, പിശാച് നമ്മെ ഉപദ്രവിക്കാന്‍ നമുക്ക് ചുറ്റും അലറി നടക്കുന്നതായി നമ്മെ ഭയപ്പെടുത്തുന്നതായി മാറിയിരിക്കുന്നു സുവിശേഷ പ്രഘോഷണങ്ങള്‍. പിശാച് നമുക്ക് ചുറ്റും അലറി നടക്കുകയാണ് എന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കാന്‍ വചനത്തെ തന്നെ വളച്ചൊടിച്ച് ഉപയോഗിക്കുകയാണ് പ്രഘോഷകര്‍ എന്നു ധരിക്കുന്നു അനേകര്‍.

വിശുദ്ധ പത്രോസിന്‍റെ ഒന്നാം ലേഖനത്തില്‍ അഞ്ചു മുതല്‍ പതിനൊന്നു വരെയുള്ള തിരുവചനങ്ങളില്‍ വി. പത്രോസ് വിശ്വാസികളെ ഉപദേശിക്കുന്നുണ്ട്. അനുസരണം, വിനയം എന്നിവ അറിയാനും സമചിത്തതയോടെ ഉണര്‍ന്നിരിക്കാനുമാണ് ഉപദേശം. ദൈവത്തിന്‍റെ ശക്തമായ കരത്തിന്‍ കീഴില്‍, താഴ്മയോടെ നില്‍ക്കണം. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. അതുകൊണ്ട് ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പ്പിക്കണം. അവിടുന്ന് ശ്രദ്ധാലുവാണ് നമ്മുടെ കാര്യത്തില്‍ എന്ന് തിരുവചനം ഓര്‍മ്മിപ്പിക്കുന്നു.

സ്വാഭാവികമായി നമ്മുടെ ഉത്കണ്ഠകള്‍, ജീവിതവ്യഗ്രത ഇവ നമ്മെ അടിമപ്പെടുത്തും. അവ നമ്മെ ഭരിക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ ഏകാഗ്രത നഷ്ടപ്പെടും. പ്രാര്‍ത്ഥിക്കാന്‍പോലും നമുക്കാകില്ല. സമചിത്തതയോടെ, അഥവാ പ്രശ്നങ്ങളെ മറന്നുകളയുകയോ അവയില്‍നിന്ന് ഒളിച്ചോടുകയോ ചെയ്യാതെതന്നെ, അവ യാഥാര്‍ത്ഥ്യമാണെന്നും, അതോടൊപ്പം ദൈവം നമ്മുടെ സ്ഥിതി അറിയുന്നുവെന്നും അവിടുന്ന് ശ്രദ്ധാലുവാണ് എന്നും ബോധ്യപ്പെട്ട് ഉണര്‍ന്നിരിക്കാന്‍ നമുക്ക് കഴിയണം. അല്ലെങ്കില്‍ പിശാച് നമ്മെ വിഴുങ്ങുമെന്നതിനര്‍ത്ഥം. നാം ദൈവികബന്ധം മറന്ന് നിരാശയിലും ദൈവനിഷേധത്തിലും അസമാധാനത്തിലും പതിക്കുമെന്നാണ്. ഈ ഒരു വചനം മാത്രമെടുത്ത്, പിശാച് അലറി നടക്കുന്നുവെന്ന് ഭയപ്പെടുത്തുകയും, പിശാചിനെ ഓടിക്കാമെന്ന് വീമ്പിളക്കുകയും ചെയ്യുന്നു ചിലര്‍.

മറ്റു ചിലര്‍, പൂര്‍വിക ദോഷങ്ങളെയും തലമുറ ദോഷങ്ങളെയും കുടുംബ വൃക്ഷങ്ങളെയുംകുറിച്ച് ഭയപ്പെടുത്തുന്നു. മറ്റൊരു വിഭാഗം, കുറ്റപ്പെടുത്തി പാപിയെന്ന ബോധത്തെ, അടിമത്തത്തിനുള്ള അവസരമാക്കി ഉപയോഗിക്കുന്നു. പാപം ചെയ്യുന്നവന്‍ പാപത്തിന്‍റെ അടിമയാണെന്ന്, വചനം മുറിച്ച് ഇവര്‍ സ്ഥാപിക്കുന്നു. അതിനു താഴെ പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാണ് എന്ന പരമാര്‍ത്ഥം അവഗണിക്കപ്പെടുന്നു.

അതുകൊണ്ട് രോഗം പാപത്തിന്‍റെ പരിണതഫലമാമെന്നും വഴിവിട്ട ലൈംഗികബന്ധങ്ങളാണ് മന്ദബുദ്ധികളെ ജനിപ്പിക്കുന്നതെന്നും, സ്വയം പ്രബോധകരായി അവരോധിക്കുന്ന ഇവര്‍ പറഞ്ഞു പരത്തുകയാണ്. ഇങ്ങനെ കുറ്റബോധം കൊണ്ട് നിറച്ചാല്‍ മനുഷ്യന്‍ അനുതപിക്കുകയല്ല, അപരാധികളാവുകയാണ് ചെയ്യുക എന്ന് ഇവര്‍ അറിയുന്നില്ല. മൂന്നാമത്, എല്ലാം ശരിയാക്കിത്തരാം. മോഹം നടക്കാന്‍ സൂത്രപ്പണികള്‍ എന്ന രീതിയാണ്. ഉപാധികള്‍ വച്ച് ദൈവാനുഗ്രഹം പ്രാപിക്കാം എന്ന തട്ടിപ്പ്. ഉടമ്പടി എടുത്താല്‍, സൗഖ്യകുര്‍ബാനയില്‍ പങ്കെടുത്താല്‍, ഈ സ്ഥലത്ത് തീര്‍ത്ഥാടനം നടത്തിയാല്‍ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുതരാം എന്ന് മോഹിപ്പിക്കലുകളാണ്.

ഇവയെല്ലാം ക്രിസ്തുവിരുദ്ധങ്ങളാണ്. മനുഷ്യനെ അസമാധാനത്തിലേക്കും അന്ധവിശ്വാസത്തിലേക്കും തള്ളിയിടാന്‍, ദൈവവചനത്തെ ഉപയോഗിക്കുന്നത് മഹാ അപരാധമാണ്. ക്രിസ്തുവില്‍ അഭയവും, സമാധാനവും സ്വാതന്ത്ര്യവും പ്രാപിക്കാന്‍ വേണ്ടിയാകണം ദൈവവചനം പ്രഘോഷിക്കപ്പെടേണ്ടത്. ആധുനികലോകത്ത് മനുഷ്യന്‍ നേരിടുന്ന അരക്ഷിതബോധത്തില്‍നിന്നും, നിരാശ്രയത്വത്തില്‍ നിന്നും അവനെ മോചിപ്പിക്കാന്‍ കുരിശില്‍ മരിച്ചവനെ, ജീവിതംകൊണ്ട് അനുഭവപ്പെടുത്താന്‍ കഴിയാതെ പോകുന്നതാണ് നമ്മുടെ പരാജയം.

martheenos@gmail.com

Leave a Comment

*
*