സമ്പത്തും ധാര്‍മ്മികതയും

സമ്പത്തും ധാര്‍മ്മികതയും

മിഴിവട്ടത്തിലെ മൊഴിവെട്ടം – 7

എം.പി. തൃപ്പൂണിത്തുറ

സമ്പത്തും സൗഭാഗ്യങ്ങളും അടിസ്ഥാന മൂല്യങ്ങളാവുകയും ക്രൈസ്തവ ധാര്‍മ്മികതയുടെ അടിസ്ഥാനാശയങ്ങളായ ദാരിദ്ര്യവും സഹനമാര്‍ഗ്ഗങ്ങളും തിരസ്കൃതമാവുകയും ചെയ്യുന്ന ഒരു കാലത്താണ് നാം. മാനുഷികത എല്ലാ മൂല്യബോധങ്ങള്‍ക്കും ഉപരിയായി ഉയര്‍ത്തപ്പെടുകയും അവസാനത്തെ മനുഷ്യന്‍ വരെ എല്ലാ വിവേചനങ്ങളില്‍ നിന്നും മുക്തനാവുകയും ചെയ്യണമെന്ന ക്രൈസ്തവ ധാര്‍മ്മിക കാഴ്ചപ്പാടിന് കടകവിരുദ്ധമായ ആശയങ്ങളുടെ ആധിപത്യം നമ്മുടെ സമൂഹത്തെയും കാര്‍ന്നുതിന്നുകയാണ്.

കഷ്ടതകളും ഞെരുക്കങ്ങളും ക്രിസ്തുവില്‍ സ്വീകരിക്കാനും നിത്യത അവകാശമാക്കാനുള്ള മാര്‍ഗ്ഗങ്ങളായി കാണാനും വിശ്വാസം നമ്മെ ബലപ്പെടുത്തേണ്ടതായിരുന്നു. സ്വര്‍ഗ്ഗീയ മഹത്ത്വത്തില്‍ പങ്കുചേരുന്നവരെക്കുറിച്ച് വി. ഗ്രന്ഥം പഠിപ്പിക്കുന്നത് ശ്രദ്ധിക്കാം. "ശ്രേഷ്ഠന്മാരില്‍ ഒരുവന്‍ ചോദിക്കുന്നു: വെള്ളയങ്കി അണിഞ്ഞ ഇവര്‍ ആരാണ്? ഇവര്‍ എവിടെ നിന്നുവരുന്നു? ഞാന്‍ മറുപടി പറഞ്ഞു. പ്രഭോ അങ്ങേയ്ക്ക് അറിയാമല്ലോ. അപ്പോള്‍ അവന്‍ പറഞ്ഞു. ഇവരാണ് വലിയ ഞെരുക്കത്തില്‍ നിന്നു വന്നവര്‍. കുഞ്ഞാടിന്‍റെ രക്തത്തില്‍ സ്വന്തം വസ്ത്രങ്ങള്‍ കഴുകിവെളുപ്പിച്ചവര്‍. അതുകൊണ്ട് ഇവര്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ മുന്നില്‍ നില്‍ക്കുകയും അവിടുത്തെ ആലയത്തില്‍ രാപകല്‍ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്ഥന്‍ തന്‍റെ സാന്നിധ്യത്തിന്‍റെ കൂടാരത്തില്‍ അവര്‍ക്ക് അഭയം നല്‍കും. ഇനി ഒരിക്കലും അവര്‍ക്ക് വിശക്കുകയോ ദാഹിക്കുകയോ ഇല്ല" (വെളി. 7.13-15).

ജീവിതത്തിലുണ്ടാകുന്ന കഷ്ടതകളും ഞെരുക്കങ്ങളും ദൈവം നല്‍കുന്ന ശോധനയുടെ അവസരങ്ങളായി കാണാനും (പ്രഭാ. 2:4) മക്കളെന്ന നിലയ്ക്ക് അവിടുന്നു നമുക്ക് നല്‍കുന്ന ശിക്ഷണങ്ങളായി കാണാനും തിരുവചനം നമ്മെ പഠിപ്പിക്കുന്നു (ഹെബ്രാ. 12:7-11).

ജീവിതത്തില്‍ നാം നേരിടുന്ന ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഉപാധിയായി ദൈവത്തെ തരംതാഴ്ത്തരുത്. ജീവിതാവശ്യങ്ങള്‍, അവയുടെ യഥാര്‍ത്ഥ ലക്ഷ്യമായ ദൈവത്തിലേക്ക് എത്തിച്ചേരുക എന്ന സമ്പൂര്‍ണ്ണതയിലേക്ക് പ്രവേശിക്കണം. ആശ്രയ ബോധത്തിന്‍റെ സ്വസ്ഥത ബലമായി പരിണമിക്കുകയാണ് വിശ്വാസത്തില്‍.

പ്രൊട്ടസ്റ്റന്‍റ് ആഭിമുഖ്യമുള്ള സമ്പത്തിന്‍റെ സുവിശേഷം യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിലുള്ള രക്ഷയുടെ മാര്‍ഗ്ഗത്തില്‍ നിന്നും വിമോചനത്തിന്‍റെ മൂല്യത്തില്‍ നിന്നും നമ്മെ, ലോകാധിപത്യത്തിന്‍റെ ചെളിക്കുണ്ടിലേക്കാണ് നയിക്കുന്നത്. മണ്ണാശകളെയും ആവശ്യങ്ങളെയും ദൈവാശ്രയത്തിന്‍റെ ബലിമേശയില്‍ സമര്‍പ്പിച്ച് സ്വാതന്ത്ര്യം പ്രാപിക്കാന്‍ നമ്മെ പരുവപ്പെടുത്തേണ്ടവയാണു പ്രാര്‍ത്ഥനകള്‍. അതിനെ കാര്യസാധ്യത്തിനുള്ള കുറുക്കുവഴിയായി ആരു ചിത്രീകരിച്ചാലും അതു ക്രിസ്തു ബോധത്തിന് എതിരു തന്നെയാണ്.

കാര്യം കാണുക എന്ന സാമാന്യത, ലോകാധിപത്യത്തില്‍ നിന്നുള്ള മോചനമല്ല, കീഴടങ്ങലാണ്. സമ്പത്ത് ആര്‍ജ്ജിക്കുന്നതാണ് ലക്ഷ്യമെന്ന് വരുമ്പോള്‍, പരമലക്ഷ്യമായ സ്വര്‍ഗ്ഗത്തില്‍ നിന്ന് നാം അകറ്റപ്പെടുകയാണ്. സമ്പത്ത് മോശമായതുകൊണ്ടോ, അത് ദാനങ്ങളിലൊന്ന് അല്ലാത്തതുകൊണ്ടോ അല്ല. അത് ദൈവത്തേക്കാളും അധികമായി പൂജിക്കപ്പെടുകയും, നാം കൂടുതല്‍ കൂടുതല്‍ ദുര്‍ബലരാവുകയും ലോകാധിപത്യത്തിന് കീഴ്പ്പെടുകയും ചെയ്യുന്നതുകൊണ്ടാണ് നിനക്കുള്ളതു വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കാന്‍ അവിടുന്ന് കല്പിക്കുന്നത്.

മൃദുലവസ്ത്രം ധരിച്ച്, വിഭവസമൃദ്ധമായ മേശയില്‍ നിന്നു കഴിച്ച് ആനന്ദിച്ച ഒരു ധനികന്‍റെ മേശ തലകീഴായ് മറിയുന്നതും ലാസര്‍ നിത്യാനന്ദത്തിലേക്ക് പ്രവേശിക്കുന്നതും ക്രിസ്തു പറഞ്ഞ ഉപമകളില്‍ നാം കേട്ടുപഴകിയ ഒന്നല്ലേ? എന്നിട്ടും നാമറിയാതെ ആഗ്രഹ പൂര്‍ത്തീകരണത്തിന്‍റെ പിന്നാലെ പായുന്നു. അതു പഠിപ്പിക്കുകയും മുതലെടുക്കുകയും ചെയ്യുന്നവര്‍ പെരുകി വരുന്നു. പ്രാര്‍ത്ഥനയുടെ പ്രയോക്താക്കളായി സ്വയം അവരോധിക്കുന്നു. തങ്ങള്‍ സ്വരൂപിച്ചവയെക്കുറിച്ച് ചോദ്യം ചെയ്യപ്പെടലുകള്‍ ഇല്ലാതിരിക്കാന്‍ ട്രസ്റ്റുകള്‍ രൂപീകരിക്കപ്പെടുന്നു. കേരളത്തിലെ ഒരു ക്രൈസ്തവരൂപത തങ്ങളുടെ അഭിമാനം തങ്ങളുടെ ആശുപത്രിയാണെന്ന് പറയുന്നു. പൊതുമാനദണ്ഡമായി സമ്പത്ത് ഉയരുകയും, അതിന്‍റെ നിലനില്‍പ്പിനായി എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍, നാം തയ്യാറാകുകയും ചെയ്യുന്നു. സത്യമായ ക്രിസ്തുവിനെ നിഷേധിച്ചും ഒത്തുതീര്‍പ്പുകളുടെ സമവായത്തിലേക്ക് തരംതാഴാന്‍ ക്രൈസ്തവ ധാര്‍മ്മികതയെ കഴുത്തുഞെരിച്ചു കൊല്ലുന്ന നിലപാടുകള്‍ വ്യക്തിതലം മുതല്‍ ഉന്നതശ്രേണിയില്‍ വരെ പ്രകടമായി ഇന്ന് തെളിയുകയാണ്.

ലോകത്തിന്‍റെ മനഃസാക്ഷിയാണ് നമ്മള്‍. നിലനില്‍ക്കുന്ന സമൂഹത്തില്‍ പുളിമാവാകേണ്ടവര്‍. അത് പഴയ പുളിപ്പാകരുത്. പണത്തിനുവേണ്ടി എന്തും ചെയ്യാമെന്ന പാഠം നാം ലോകത്തില്‍ നിന്നു സ്വീകരിക്കുമ്പോള്‍, ക്രിസ്തുവിനെ ലോകത്തിനു നല്‍കുകയെന്ന അടിസ്ഥാന ധര്‍മ്മത്തില്‍ നിന്ന് നാം നിപതിക്കുകയാണ്. സ്വര്‍ഗ്ഗത്തിന്‍റെ പാതയില്‍ നിന്ന് വീണാല്‍, അത് നിത്യനാശത്തിലേക്കുതന്നെയാണ്. അനേകരുടെ രക്ഷയ്ക്ക് ദൈവത്താല്‍ നിയോഗിക്കപ്പെട്ട നാം, ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ചയ്ക്ക് കാരണമായാല്‍, കഴുത്തില്‍ തിരികല്ലുകെട്ടി കടലിന്‍റെ ആഴത്തിലേക്ക് എറിയപ്പെടണമെന്നാണ് ക്രിസ്തുവിന്‍റെ മൊഴി.

നമുക്ക് നമ്മെ ഒന്ന് പരിശോധിക്കാം. വ്യതിചലിച്ചുപോയ വഴികളില്‍ നിന്ന് ഇടുങ്ങിയ വഴിയിലേക്ക് തിരികെ പ്രവേശിക്കാം. സത്യത്തിന്‍റെ വെളിച്ചമായി ലോകത്തെ പ്രകാശി പ്പിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org