ഉടമ്പടികളുടെ മായാലോകം

എം.പി. തൃപ്പൂണിത്തുറ

നാം നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല. അഭിമുഖീകരിക്കുന്ന ജീവിതസമസ്യകള്‍ കനല്‍പോലെ മുന്നില്‍ എരിയുകയാണ്. ഏറെ സങ്കീര്‍ണ്ണവും പ്രശ്നകലുഷിതവുമാണ് നമ്മുടെ ആനുകാലിക ജീവിത ചുറ്റുപാടുകള്‍. എങ്ങനെ ഫലപ്രദമായി നാമിതിനെ നേരിടും? എങ്ങനെ ഈ പ്രതിസന്ധിയെ മറികടക്കും?

ക്രൈസ്തവ ധാര്‍മികത, ഇവയെ നോക്കിക്കാണുന്നത് എങ്ങനെയെന്നും നേരിടുന്നത് എങ്ങനെയെന്നും, ലോകം അറിയേണ്ടത് നമ്മുടെ ജീവിതത്തിലൂടെയാണ്. അത്തരമൊരു പ്രായോഗിക രീതിശാസ്ത്രത്തെ, സ്വന്തം ജീവിതത്തില്‍ സ്വീകരിക്കുകയും അതു മറ്റുള്ളവര്‍ക്കായി വെളിപ്പെടുത്തുകയും ചെയ്യുക നമ്മുടെ ജീവിതദൗത്യമാണ്.

നമ്മുടെ ജീവിതം നേരിടുന്ന നാനാവിധങ്ങളായ പ്രശ്നങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്നും എങ്ങനെ സാഹചര്യങ്ങളുടെയും സാമാന്യയുക്തികളുടെയും ഈ പ്രതികൂലതയെ നാം മറികടക്കും എന്നുമാണ് ആദ്ധ്യാത്മികത നമ്മെ പഠിപ്പിക്കേണ്ടത്. പ്രശ്ന പരിഹാര ക്രിയകളല്ല വിശ്വാസത്തിന്‍റെ വ്യവഹാരത്തെ ബലപ്പെടുത്തേണ്ടത് എന്ന സത്യം പ്രായേണ നാം അവഗണിക്കുകയാണ്.

ജീവിതം ഒരു പ്രശ്നത്തെ നേരിടുന്നു. മാനുഷികപ്രയത്നങ്ങളും പ്രവൃത്തികളും വഴിമുട്ടുമ്പോള്‍ അവിടുന്നാണ് ഏക ആശ്രയം, ദൈവത്തോട് പറയാം. അവിടുത്തേയ്ക്ക് എല്ലാം സാധ്യമാണ് എന്നത് അസാധ്യ കാര്യങ്ങള്‍ ദൈവത്തെക്കൊണ്ട് സാധിച്ചെടുക്കാമെന്ന അബദ്ധ ചിന്തയിലേക്കല്ല നമ്മെ നയിക്കേണ്ടത്. ഇതാണ് ഇന്ന് വിശ്വാസത്തിന്‍റെ വഴിയായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നത്. നിങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചാല്‍, നിങ്ങള്‍ ഇവിടെ വന്നു പ്രാര്‍ത്ഥിച്ചാല്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്നു പറയുന്നതിനോളം നീതി കേടായി മറ്റെന്തുണ്ട്? പ്രപഞ്ചാധീശനായ ദൈവത്തെ നമ്മുടെ ഇടങ്ങളില്‍ തളച്ചിട്ട് നാം ആരെന്നാണ് നാം ഭാവിക്കുന്നത്?

നമ്മുടെ ജീവിതത്തില്‍ ഒരു പ്രതിസന്ധിയോ പ്രതികൂലമോ ഉണ്ടാകുന്നത്, അപ്രതീക്ഷിതമോ? തിരുവചനത്തിന്‍റെ വെളിച്ചം നമുക്ക് കാട്ടിത്തരുന്നത് നാം നേരിടുന്ന ഈ പ്രതിസന്ധി യാദൃച്ഛികമല്ല എന്നാണ്. അതൊരു കെണിയും കുടുക്കുമായിത്തീരുന്നത്, സുഖലോലുപതയിലും മദ്യാസക്തിയിലും ജീവിതവ്യഗ്രതയിലും നാം അമരുമ്പോഴാണ് എന്ന് ദിവ്യഗുരു നമ്മെ പഠിപ്പിക്കുന്നു.

ഓരോ പ്രതിസന്ധിയിലും ഉള്‍ച്ചേര്‍ന്നിട്ടുള്ളത്, പരീക്ഷയും വിജയം വരിക്കാനുള്ള സാധ്യതയുമായാണ്. ഒരു ഇല്ലായ്മ ജീവിതത്തിലുണ്ടാകുമ്പോള്‍ രണ്ടുതരം വിജയങ്ങള്‍ അത് കാത്തുവയ്ക്കുന്നുണ്ട്. ഒരു സാമാന്യ ജയവും ഒരു നിത്യജയവും. സാമാന്യജയം ആ ഇല്ലായ്മയ്ക്ക് ഒരു പരിഹാരം ഉണ്ടാവുക എന്നതാണ്. അതിന്‍റെ ഒരു അസ്ഥിരത, അത് ഇനിയും പുനര്‍ജ്ജനിക്കപ്പെടുമെന്നുള്ളതാണ്. അത് താല്‍ക്കാലികമായ നേട്ടം കൊണ്ട് തൃപ്തിയടയാനല്ല, ആ സാഹചര്യത്തെ, ഇല്ലായ്മയെ മറികടക്കാനാണ് അത് നമ്മെ പരിശീലിപ്പിക്കുക.

ആ ഇല്ലായ്മയെ ക്രിസ്തുവിന്‍റെ ദാരിദ്ര്യം കൊണ്ട് ഹരിക്കണം. അപ്പോള്‍ ശിഷ്ടമൊന്നുമുണ്ടാകില്ല. ഹരണഫലം നിത്യത. ഇങ്ങനെ ഒരു കണക്ക് പഠിപ്പിക്കുകയാണ് ക്രൈസ്തവധര്‍മ്മം. അതിനു പകരം കണക്കുകൂട്ടാനും, ദൈവത്തെ പ്രീതിപ്പെടുത്തിയും അവിടുത്തെ മുന്നില്‍ കരഞ്ഞും കാര്യം കാണാനുമാണ് ഓടുന്നതെങ്കില്‍, എന്ന് ഓടിത്തീര്‍ക്കും ഈ ഓട്ടം? ഒന്നല്ലല്ലോ ജീവിത പ്രയാസങ്ങള്‍.

ജീവിതത്തെ ക്രൈസ്തവബോധത്തോടെ നേരിടാന്‍ പഠിപ്പിക്കുന്നതിനുപകരം സമ്പത്തിന്‍റെ സുവിശേഷം കൊണ്ടുവന്ന അബദ്ധങ്ങളിലുടെ നയിക്കുകയാണ് ആനുകാലിക വിശാസലോകം. അത്, ക്രമേണ അതൃപ്തികളുടെ വര്‍ദ്ധനവും നിരാശയുടെ ആഴങ്ങളും മാത്രമായിരിക്കും സമ്മാനിക്കുക. വിശ്വാസത്തിന്‍റെ അനുഭവം സാധ്യങ്ങളുടെ താഴ്വാരങ്ങളിലല്ല, കഷ്ടതകളുടെ മലമുകളിലാണ് എന്നത് കുരിശിന്‍റെ മഹത്വം നമുക്കുതന്ന മാറ്റപ്പെടാനാകാത്ത പാഠമാണ്.

നന്നായി പ്രാര്‍ത്ഥിച്ചാല്‍ നന്നായി നേടാം എന്ന പുതിയ നീതിബോധം ക്രൈസ്തവ നീതിക്കെതിരായ യുദ്ധം തന്നെയാണ്. പഴയനിയമത്തിന്‍റെ വാളും കുന്തവും സഹനത്തിന്‍റെ ജീവിതക്രമത്തില്‍ എങ്ങനെ ഉപയോഗിക്കാനാകും?

തേടലുകളും നേടലുകളും അല്ല ക്രൈസ്തവ ആത്മീയത. അവയ്ക്കിടയില്‍ കിടന്ന് നട്ടം തിരിയുകയല്ല, അതിജീവനത്തിന്‍റെ ആത്മബോധമാണ് നമ്മില്‍ ഉണരേണ്ടത്. ഒരു വര്‍ഷത്തേക്ക് 'ഉടമ്പടി' എടുത്താല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് വിശ്വാസിയെ കബളിപ്പിക്കുകയാണ്. അതിന് കത്തോലിക്കാ മണമുണ്ടാകാന്‍ 'മരിയന്‍ ഉടമ്പടി' എന്നു പേരും ചേര്‍ക്കപ്പെടുന്നു. രണ്ട് ഉടമ്പടിയേയുള്ളൂ. ഒന്ന് പഴയതും ഒന്ന് പുതിയതും. പഴയത് പ്രവൃത്തിക്ക് അനുസരിച്ച് പ്രതിഫലം നല്‍കുന്ന പഴയ രീതിബോധമാണ്. പുതിയതാകട്ടെ, നിന്‍റെ പ്രവൃത്തികളെ കൈവിട്ട് ക്രിസ്തുവിന്‍റെ പ്രവൃത്തികൊണ്ട് നിനക്ക് സൗഭാഗ്യം നല്‍കുന്നതും. പ്രവൃത്തികള്‍ കൊണ്ട് നേടാനാകുമെന്ന് പഠിപ്പിച്ചാല്‍, നാം പഴയനിയമത്തിന്‍റെ ഉടമ്പടിഫലകങ്ങള്‍ ചുമക്കുന്നവരാകും. ദൈവത്തോട് മാമ്മോദീസയില്‍ കൊടുത്തതല്ലാത്ത ഒരു വാഗ്ദാനവും നമുക്കിനി കൊടുക്കാനില്ല. അവയേക്കാള്‍ സാധുവായ എന്ത് വാഗ്ദാനമാണ് നമുക്കിനി ദൈവത്തിനു കൊടുക്കാനാവുക? അവിടുന്ന് വാഗ്ദാനം നിറവേറ്റുന്നവനാണ്. ക്രിസ്തുവില്‍ സമ്പൂര്‍ണ്ണഫലം വെളിപ്പെടുത്തിയ ഈ ഉടമ്പടിയുടെ ശുശ്രൂഷകനാണ് നമ്മള്‍. നമ്മെ വീണ്ടും പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കരുത്. ക്രിസ്തുവാകുന്ന പുതുവീഞ്ഞാണല്ലോ നമ്മള്‍.

ഇത്രനാളേക്ക് ധ്യാനശുശ്രൂഷകളില്‍ പങ്കുചേരുമെന്ന് ഉടമ്പടിയെടുത്താല്‍ കാര്യ സാധ്യമുണ്ടാകുമെന്ന പ്രചാര വേല മതനിന്ദയാണ്. അത് അഭംഗുരം തുടരുന്നത് മനുഷ്യന്‍റെ അന്ധവിശ്വസത്തെയും അത്യാര്‍ത്തിയെയും മുതലെടുത്തിട്ടാണ്. ഇത്തരം സങ്കേതങ്ങള്‍ ക്രൈസ്തവ ധാര്‍മികതയുടെ അടിസ്ഥാനബോധത്തെ കാര്‍ന്നുതിന്നുന്നവയും ജീവിതത്തിന്‍റെ രക്ഷാകരമായ മാനത്തെ തകര്‍ത്തുകളയുന്നവയുമാണ്. അവര്‍ പറയുന്നത് സുവിശേഷവുമല്ല. സുവിശേഷം, ക്രിസ്തുവാണ്. അവന്‍ എന്നിലും നിന്നിലും ജീവിക്കുമ്പോള്‍, ക്ലേശങ്ങള്‍ നീങ്ങിപ്പോകാനല്ല, അവയില്‍ മരിച്ച് അവനില്‍ ഉയിര്‍ക്കുകയാണ് വേണ്ടത്.

കഷ്ടതകളെയകറ്റി മാറ്റി എപ്പോഴും സമ്പന്നതയുടേയും സമൃദ്ധിയുടെയും ഒരു ലോകം പടുത്തുയര്‍ത്താന്‍ നമുക്കുള്ള ആഗ്രഹത്തെ നിഷ്ക്കളങ്കമായ ഒന്നായിട്ടല്ല, ആത്മനാശകാരണമായ ഒരു പ്രലോഭനമായിട്ടാണ് തിരിച്ചറിയേണ്ടത്. അത്തരം പഠനങ്ങള്‍ ചുറ്റുവട്ടത്ത് അരങ്ങേറുമ്പോള്‍ അതിനെതിരായ നിലപാടുകള്‍ നാം സ്വീകരിച്ചേ മതിയാകൂ.

നാം പ്രാര്‍ത്ഥിച്ച് കര്‍ത്താവിന് മാനസാന്തരമുണ്ടായി, അവിടുന്ന് പറഞ്ഞത് കേള്‍ക്കേണ്ട നമ്മുടെ വാക്കുകള്‍ കേട്ട് അവിടുന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങുമെന്ന ബോധം അങ്ങേയറ്റം വികലമല്ലേ? നാം പറഞ്ഞതുകേട്ട് അവിടുന്ന് പ്രവര്‍ത്തിക്കുന്നതാണോ അനുസരണം? അതോ അവിടുന്നു പറയുന്ന വഴിയിലൂടെ നാം ചരിക്കുന്നതോ? ഇന്ന് നാം നയിക്കപ്പെടുന്നത് അബദ്ധങ്ങളുടെ വഴിയിലൂടെയാണ്. അതിനായി നാം കൂട്ടുപിടിക്കുന്നത്, ക്രിസ്തുവിന്‍റെ പടയാളികളായ വിശുദ്ധാത്മാക്കളോടും.

ആവശ്യങ്ങള്‍ നേടുന്നത് ഒരു താല്‍ക്കാലികമായ വിജയമാണ്. അവ ദൈവം അനുവദിക്കുന്നവ തന്നെയാണ്. പക്ഷേ, നിത്യവിജയത്തിന്‍റെ ഒരു പാത മുന്നിലുണ്ടായിരുന്നു. അതു ക്രിസ്തുവില്‍ വെളിവാക്കപ്പെട്ടതും, വിജയം വരിച്ചതുമായ മാര്‍ഗ്ഗമാണ്. ആ മാര്‍ഗ്ഗത്തില്‍ വസിക്കുന്ന നാം ഇടയ്ക്കുവച്ച് വ്യതിചലിച്ച് ലോകനേട്ടങ്ങളുടെ നശ്വരഭവനങ്ങളില്‍ അന്തിയുറങ്ങുന്നത് യുക്തിഭദ്രമാണോ? ഗൗരവമാര്‍ന്ന ഒരു ചോദ്യമാണത്.

നേടിത്തരാമെന്ന വാക്കിന് ക്രിസ്തുമാര്‍ഗ്ഗത്തില്‍ എന്ത് പ്രാധാന്യമാണുള്ളത്? നേടിത്തരാവുന്നതെല്ലാം അവിടുന്ന് നല്‍കിയിട്ടുണ്ട്. അത് പിശാചിന്‍റെ മേലുള്ള വിജയമായിരുന്നു. ലോകത്തിന്‍റെ മേലുള്ള വിജയമായിരുന്നു. അത് ശാപവിമോചനമായിരുന്നു. അത് അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്കുള്ള വഴിനടത്തലായിരുന്നു.

അവിടെ ഒരിടത്തുപോലും നമ്മുടെ പങ്കില്ല. നാം പ്രാര്‍ത്ഥിച്ചതുകൊണ്ടല്ല അവയൊന്നും നമുക്കായി നല്‍കപ്പെട്ടത്. അവനില്‍ സമ്പൂര്‍ണ്ണമായ ആ രക്ഷയുടെ അനുഭവത്തിലേക്ക് പ്രവേശിക്കാന്‍ എന്നെ ഒരുക്കുന്നവയാണ് പ്രാര്‍ത്ഥനകള്‍. നമ്മുടെ പ്രാര്‍ത്ഥനകളില്‍ സംപ്രീതനായി നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അപരിഷ്കൃതനായ ഒരാളായി ക്രിസ്തുവിനെ തരംതാഴ്ത്തരുത്. നീ ചോദിക്കുന്നതിനുമുമ്പേ നിന്‍റെ ആവശ്യമറിയുന്നു നീ ജനിക്കുന്നതിനുമുമ്പേ ഉള്ളം കയ്യില്‍ നിന്‍റെ പേരെഴുതിയ, നിന്നെക്കുറിച്ചുള്ള പദ്ധതി മെനഞ്ഞ ഒരുവനാണ് ദൈവമെന്ന് തിരിച്ചറിയണം.

അതുകൊണ്ട് പ്രതിസന്ധികള്‍ അകന്നുപോകാനല്ല, അവിടുത്തെ പ്രതിനിധിയായി അവയെ നേരിടാനാണ് നമ്മുടെ ദൈവവിളി. അതാണ് അവിടുത്തെ നാമത്തിലുള്ള ജീവിതം. അതാണ് ദൈവമഹത്വത്തിന്‍റെ മാര്‍ഗ്ഗം. അതിലേയ്ക്ക് എത്തിച്ചേരാന്‍ നമ്മെ സഹായിക്കുന്നവയാകണം ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍. അതിനുപകരം അവ ക്രിസ്തുവിരുദ്ധമായ, സുഖലോലുപതയുടെ മാര്‍ഗ്ഗം പഠിപ്പിക്കുന്നുവെങ്കില്‍ അവ, നമ്മിലെ ബലക്ഷയങ്ങളെയാണ് വെളിപ്പെടുത്തുന്നത്. അവ നവീകരിക്കപ്പെട്ടേ മതിയാകൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org