Latest News
|^| Home -> Pangthi -> നോമ്പിന്റെ വഴിയിൽ -> നോമ്പ് അര്‍ത്ഥങ്ങളും സാദ്ധ്യതകളും

നോമ്പ് അര്‍ത്ഥങ്ങളും സാദ്ധ്യതകളും

Sathyadeepam

ജോബി ജോര്‍ജ്ജ്

പ്രധാനപ്പെട്ട റോഡുകളില്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കാന്‍ ‘ഹമ്പ്’ പണിതു വയ്ക്കാറുണ്ട്. നമ്മുടെ ഓട്ടപ്പാച്ചിലിന്‍റെ മുന്നില്‍ എല്ലാവര്‍ഷവും കടന്നുവരുന്ന ഒരു ഹമ്പാണ് നോമ്പുകാലം. വേഗത കുറയ്ക്കാനും ചുറ്റും നോക്കാനും ശ്രദ്ധിച്ചു മുന്നോട്ടു പോകാനുമാക്കെ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ഹമ്പ്. മറ്റെന്തൊക്കെയാണു നമുക്കു നോമ്പ്? എല്ലാ വര്‍ഷവും മുറ തെറ്റാതെ കടന്നുവരുന്ന ഈ നോമ്പുകാലം എന്തു മാറ്റങ്ങളാണു നമ്മുടെ ജീവിതത്തില്‍ വരുത്തുന്നത്.

പരിശോധിച്ചു നോക്കാത്ത ജീ വിതം വ്യര്‍ത്ഥമാണെന്നു പറഞ്ഞ തു സോക്രട്ടീസാണ് (The unexa-mined life is not worth living). ഈ പ്രസ്താവനയ്ക്കു വളരെ വിപുലമായ വ്യാഖ്യാനങ്ങള്‍ ഉണ്ടെങ്കില്‍കൂടി, സ്വന്തം ജീവിതത്തെ വിലയിരുത്തുക, പരിശോധിക്കുക എന്നുള്ളതു ജീവികളില്‍ മനുഷ്യന്‍റെ മാത്രം പ്രത്യേകതയാണ് എന്നു പറയാം. ജീവിതത്തിന്‍റെ പരക്കം പാച്ചിലില്‍ നമ്മള്‍ ഏറ്റവും എളുപ്പത്തില്‍ മറക്കുന്നതു നമ്മുടെ ഉള്ളിലേക്കു നോക്കാനാണ്. ജീവിതത്തിന്‍റെ വ്യഗ്രതകള്‍ വല്ലാണ്ട് കീഴ്പ്പെടുത്തുന്ന ഒരു കാലത്താണു നമ്മള്‍ ജീവിക്കുന്നത്. മുന്നോട്ടു മാത്രം നോക്കാനാണു നമ്മള്‍ ഇപ്പോള്‍ ശീലിക്കുന്നത്. അല്പം വൈകിയാല്‍ പിന്തള്ളപ്പെട്ടു പോകുന്ന ഒരു മത്സരം പോലെയാണ് പലര്‍ക്കും ഇപ്പോള്‍ ജീവിതം. ഇങ്ങനെയുള്ള ആധുനിക മനുഷ്യനു നോമ്പുകാലം അവനവനെ തന്നെ കണ്ടെത്തുന്ന അപൂര്‍വമായ ഒരു അവസരമായി മാറുന്നു. സ്വന്തം മുറിയില്‍ ശാന്തമായി ഇരിക്കാന്‍ പറ്റാത്തതാണു മനുഷ്യരാശിയുടെ പ്രശ്നങ്ങള്‍ക്കു കാരണമെന്നു തത്ത്വചിന്തകനായ പാസ്കല്‍ എഴുതി. നോമ്പ് എന്നാല്‍ ഇതുതന്നെയാണു; ശാന്തമായി ഇരിക്കാനുളള ഒരു ശ്രമം.

ഇഷ്ടമുള്ളതെല്ലാം കഴിച്ച്, ഇഷ്ടമുള്ളിടത്തോളം ഉറങ്ങി, ഇഷ്ടമുള്ളതെല്ലാം ചെയ്തു നടക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. പക്ഷേ, മനുഷ്യന്‍ എന്നാല്‍ ഒരു ശരീരം മാത്രമല്ല. ശരീരത്തിന്‍റെ ചോദനകളെ മറികടക്കാന്‍ സാധിക്കുന്ന ഒരു മനസ്സിനെ പാകപ്പെടുത്തുന്ന കാലം കൂടിയാണു നോമ്പുകാലം. മാംസത്തിന് അടിമപ്പെടാത്തവന് അതിന്‍റെ വര്‍ജ്ജനം വലിയ കാര്യമല്ല. നോമ്പിലെ ആത്മപരിശോധനകളില്‍ ഒന്ന്, നമ്മുടെ അടിമത്തങ്ങളെ കണ്ടെത്തലാണ്. അത് ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കാം. ടിവിയുടെയോ കമ്പ്യൂട്ടറിന്‍റെയോ ഫോണിന്‍റെയോ മുന്നില്‍ ദിവസവും മണിക്കൂറുകള്‍ ചെലവഴിക്കുന്നവര്‍ക്ക്, നോമ്പുകാലം അവയില്‍നിന്ന് അല്പം വിട്ടുനില്ക്കാനുള്ള കാലമാക്കി മാറ്റാവുന്നതാണ്. അത് അവര്‍ക്ക് ചുറ്റുപാടും ജീവിക്കുന്നവരുടെ ജീവിതത്തിലേക്ക് ഒരു യാത്രയായിരിക്കും.

തെറ്റുകള്‍ പറ്റാത്ത മനുഷ്യരില്ല. പശ്ചാത്താപത്തിന്‍റെ കണ്ണീര്‍ ഒഴുക്കാനുള്ള സമയംകൂടിയാണു നോമ്പ്. കരുണ കാണിക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്ന മനുഷ്യന്‍റെ ഏറ്റവും വലിയ ആശ്വാസം തന്‍റെ തെറ്റുകള്‍ പൊറുക്കാന്‍ ഒരു ദൈവമുണ്ട് എന്നതാണ്. ഓരോ നോമ്പും ഒരു പുതിയ അവസരമാണ്. ആരാണ് അതു തള്ളിക്കളയുക. ഈ നോമ്പിന്‍റെ അവസാനം ഉയിര്‍പ്പ് തിരുനാളാണ്. ഒരു പുതിയ ജീവിതത്തിനെ അതിലും മനോഹരമായി കാണിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. പ്രായപൂര്‍ത്തി എത്തുന്നതിനുമുമ്പേ മരിച്ചുപോകുന്ന ഒരേയൊരു ജീവി മനുഷ്യനാണെന്നു നോവലിസ്റ്റ് സുഭാഷ്ചന്ദ്രന്‍ തന്‍റെ നോവലില്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. മനുഷ്യന്‍റെ ജീവിതം ഒരു work in progress ആണെങ്കില്‍ അതിന്‍റെ ഒരു കണക്കെടുപ്പു സമയമാണ് ഓരോ നോമ്പും. നമ്മള്‍ എത്ര പ്രായപൂര്‍ത്തിയായി എന്നു നോക്കുന്ന സമയം. ശിശുസഹജമായത് എന്തെങ്കിലും നമ്മള്‍ ഇനിയും കൈവെടിയാനുണ്ടോ എന്ന ഒരു അന്വേഷണം.

നമ്മുടെ കൊച്ചുജീവിതങ്ങളുടെ പൊരുള്‍ തേടാന്‍ നമുക്കു ലഭിച്ചിരിക്കുന്ന കാലമാണു നോമ്പ്. അവിടെ പലപ്പോഴും ആനന്ദം മാറ്റിനിര്‍ത്തി നമ്മള്‍ നമ്മുടെ ജീവിതത്തെ ചോദ്യം ചെയ്യേണ്ടതുണ്ട്. എന്‍റെ ജീവിതംകൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനമുണ്ടോ? ഈ ഭൂമിയില്‍ ഞാന്‍ എന്തു നന്മയാണു കൊണ്ടുവരുന്നത്?
അമ്പതു ദിവസങ്ങള്‍ നീളുന്ന നോമ്പ് നമ്മെ എത്തിക്കേണ്ടത്, അനുതാപവും തീരുമാനങ്ങളും ശാന്തതയും സമ്മേളിക്കുന്ന പക്വതയുള്ള ഒരു ഹൃദയത്തിലാണ്. ആ ഹൃദയമാണ് നമ്മള്‍ ഒടുവില്‍ ഒരു കുമ്പസാരക്കൂടിനോടു ചേര്‍ത്തുവയ്ക്കേണ്ടത്. അപ്പോള്‍ ഈ നോമ്പ് നമുക്കു നിരവധി സാദ്ധ്യതകളുള്ള ഒത്തിരി അര്‍ത്ഥമുള്ള ഒന്നാകും.

Leave a Comment

*
*