Latest News
|^| Home -> Pangthi -> മിഴിവട്ടത്തിലെ മൊഴിവെട്ടം -> വര്‍ത്തമാനകാലത്തിന്‍റെ ദര്‍ശനമാനം

വര്‍ത്തമാനകാലത്തിന്‍റെ ദര്‍ശനമാനം

Sathyadeepam

മിഴിവട്ടത്തിലെ മൊഴിവെട്ടം – 1

എം.പി. തൃപ്പൂണിത്തുറ

മുന്നിലുള്ളവയെ നാം കാണുന്നുണ്ട്. എന്നാല്‍ ആ കാഴ്ച അതിന്‍റെ പൊരുളിലേക്ക് തിരിയുന്നില്ല. കാണുകയും നോക്കുകയും നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും സ്വീകരിക്കുകയും നിരസിക്കുകയും ചെയ്യുന്നുണ്ട് നാം. എന്നാല്‍ അത് ഒരു ദര്‍ശനത്തിലേക്ക് ഉയരുന്നില്ല. ഏതു കാഴ്ചയും ദര്‍ശനമാകുന്നതു വരെ അപൂര്‍ണ്ണമാണ്. കാഴ്ചകള്‍ വ്യാജമാണ്. ദര്‍ശനം യാഥാര്‍ത്ഥ്യവും. വര്‍ത്തമാനകാലപ്പരിസരങ്ങള്‍ കണ്ട് നോക്കി നിരീക്ഷിച്ച് വിശകലനം ചെയ്ത് സ്വീകരിച്ച് തള്ളിക്കളഞ്ഞ് നാം അവസാനിപ്പിക്കുകയാണ്.

നമ്മുടെ ജീവിത ചുറ്റുവട്ടങ്ങളില്‍ ആചാരവും ആചാരലംഘനവും ഒക്കെ കത്തിപ്പടരുന്ന ചര്‍ച്ചയാവുകയാണ്. അതിന്‍റെ കാഴ്ച എന്നും നാം കാണുന്നു. അറിയാനായി നാം നോക്കുന്നു. അതിന്‍റെ വിവിധ വശങ്ങളെ നിരീക്ഷിക്കുന്നു. ന്യായാന്യായങ്ങളെ വിശകലനം ചെയ്യുന്നു. കുറേപ്പേര്‍ സ്വീകരിക്കുകയും കുറേപ്പേര്‍ തള്ളിക്കളയുകയും ചെയ്യുന്നു. പക്ഷേ, അതിന്‍റെ ദര്‍ശന പരതയിലേയ്ക്ക് നാം തിരിയുന്നില്ല.

ആചാരങ്ങള്‍ മനുഷ്യനു വേണ്ടിയാണ്. മനുഷ്യന്‍ ആചാരത്തിനു വേണ്ടിയല്ല. കൃത്യമായി സാബത്ത് ആചരിച്ചു പോന്ന യഹൂദരോട് യേശു പറയുന്നു. സാബത്ത് മനുഷ്യനു വേണ്ടിയാണ് മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ലെന്ന്. അതുകൊണ്ട്, സാബത്ത് ദിവസം വയലിലൂടെ കടന്നു പോയപ്പോള്‍ ശിഷ്യന്മാര്‍ ഗോതമ്പു മണികള്‍ പറിച്ചു തിന്നത് അവിടുന്ന് സാധൂകരിച്ചു. കൈ ശോഷിച്ചവനെയും മഹോദരരോഗിയേയും കൂനിപ്പോയവളെയും സുഖപ്പെടുത്തി. യഹൂദര്‍ക്ക് ഇത് ഇടര്‍ച്ചയായി. എന്നാല്‍ ക്രിസ്തു അത് കാര്യമായി പരിഗണിക്കുന്നില്ല. ആചാരങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ വ്യവസ്ഥാപിത താല്പര്യങ്ങളെ അത് അസ്വസ്ഥമാക്കും. എന്നാല്‍ മതാത്മക സുകൃതങ്ങളുടെ പ്രഥമ ഭാവം നിലനില്ക്കുന്നവയില്‍ തഴങ്ങാതിരിക്കുകയാണ്. മതം കേവലാചാരത്തിന്‍റെ തഴക്കങ്ങളെ തകര്‍ത്തു മാത്രമേ നിലനില്ക്കൂ.

എല്ലാ ആചാരങ്ങളും അങ്ങനെയല്ല. വിശുദ്ധ പാരമ്പര്യങ്ങള്‍ ആചാരങ്ങളല്ല. അവ വിശുദ്ധരുടെ ജീവിത വഴിയാണ്. അവ നമുക്ക് മുന്നോടികളും തുണയുമാണ്. അവ പ്രായോഗികജീവിതവും തത്ത്വവും തമ്മിലുള്ള അകലത്തെ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാനായി അടയാളങ്ങളിലൂടെ നടത്തുന്ന ശ്രമങ്ങളാണ്. അവ ആവര്‍ത്തിക്കപ്പെട്ട് ക്രമേണ തഴക്കമായും ദുഷിപ്പായും മാറാം. ആവര്‍ത്തനങ്ങള്‍ അര്‍ത്ഥരഹിതവും ആത്മരക്ഷയ്ക്ക് വിഘാതവും ആയി മാറാം. നല്ലതായാലും മോശമായാലും ആചാരങ്ങള്‍ക്ക് നിലനില്പ് ഉണ്ടാകണമെന്ന വാദം മതത്തെ നിര്‍ജീവാവസ്ഥയില്‍ തളച്ചിടാം.

നിലനില്‍ക്കുന്നവയെ അതിലംഘിക്കുന്നില്ലെങ്കില്‍ ആചരണം അടിമത്തമായി എന്നു വേണം കരുതാന്‍. എന്നും രാവിലെ ബലിയര്‍പ്പിക്കുന്നത് ഒരു ശീലമോ ആചാരനിഷ്ഠയോ ആയാല്‍ അത് അപകടകരമായ ഒരു തഴക്കം മാത്രമാണ്. വിശുദ്ധ കുര്‍ബാന എന്നെ തന്നെ ക്രിസ്തു യാഗത്തോട് ചേര്‍ത്ത് ജീവിതമര്‍പ്പിക്കുന്നതിന്‍റെ ആഘോഷമാണ്. കുറവുകള്‍ തീര്‍ത്ത് പരിപൂര്‍ണ്ണമാക്കുന്ന ദൈവ ഐക്യത്തിന്‍റെ വേദിയായി വിശുദ്ധ കുര്‍ബ്ബാനയെ തിരിച്ചറിയുന്നില്ലെങ്കില്‍ എന്തു ഗുണം?

അവനവനെ അര്‍പ്പിക്കുന്ന കുര്‍ബ്ബാന ബലിയായി അര്‍പ്പിക്കപ്പെടുന്നത് ജീവിതത്തിലാണ്. ക്ലേശങ്ങളുടെ കുരിശില്‍ യാഗമാകാന്‍ നടത്തിയ വിചാര വാക് പ്രവൃത്തി ഉപേക്ഷകളില്‍വന്ന വീഴ്ചകളെ കുറിച്ച് അനുതപിച്ച്, അവനവന്‍റെ കുറവുകള്‍ ഏറ്റു പറഞ്ഞ് ജീവനും ജീവിതവും അര്‍പ്പിക്കാന്‍ വിളിക്കപ്പെട്ടവര്‍ ജീവിത കുരിശുകള്‍ മാറ്റിത്തരാനുള്ള നിയോഗത്തിനായി കുര്‍ബാനയര്‍പ്പിക്കുമ്പോള്‍, എത്ര വിരോധാഭാസമായി അതു മാറും. ഇഷ്ടമുള്ളത് നടക്കാനും ഇഷ്ടമില്ലാത്തത് നീക്കാനും പ്രതിബന്ധങ്ങള്‍ തകര്‍ക്കാനും കുര്‍ബാനയെ ഉപയോഗിക്കുന്നത് ഒരാചാരപ്പിഴവായി നമ്മോടൊപ്പം കൂടിയിട്ടുണ്ട്. ഇനി ശത്രുസംഹാരത്തിനായി ദൈവപ്രീതിക്കായി ബലിയര്‍പ്പിക്കുന്നത് എന്നാണ് വന്നു ചേരുക?

തിരുനാള്‍ ആഘോഷിക്കുന്നത്, വിശുദ്ധരുടെ ജീവിതമാതൃകയെ ധ്യാനവിഷയമാക്കുകയും യേശു ക്രിസ്തുവിലുള്ള അവരുടെ ജീവിതത്തിലും വിജയത്തിലും പങ്കുചേര്‍ന്നുകൊണ്ട് സാക്ഷ്യമാവുകയും ചെയ്യുക എന്ന സാമൂഹ്യ നന്മ ഉദ്ദേശിച്ചാകണം അവനവന്‍റെ ജീവിതത്തെ വിശുദ്ധ ജീവിതവുമായി ചേര്‍ത്തുവച്ച് പരിശോധിച്ച് അനുതാപവും, വിശുദ്ധരുടെ തുണയാല്‍ സുകൃത ജീവിതവും ഓരോ തിരുനാളിന്‍റെയും നാള്‍വഴിയിലുണ്ട്. മാത്രമല്ല സമൂഹം ഒരു മനോവിചാരത്തിലും കൂട്ടായ്മയിലും ഒന്നിക്കുന്നു. അവയൊക്കെ നഷ്ടപ്പെട്ടാല്‍ എന്തര്‍ത്ഥം തിരുനാളിന്. ദിനാചരണങ്ങള്‍ ഒക്കെ നമ്മെ തളച്ചിടുകയാണ്. ആചാരങ്ങളുടെ അകപ്പൊരുള്‍ അറിഞ്ഞ് ജീവിതത്തിന്‍റെ പ്രായോഗികതയിലേക്ക് പ്രവേശിക്കണം.

കുടുംബ പ്രാര്‍ത്ഥന സന്ധ്യാസമയത്തെ ഒരാചാരമാക്കിയാല്‍ അതിന്‍റെ പ്രയോഗം എന്ത് ഗുണം ചെയ്യും. കുടുംബാംഗങ്ങള്‍ തങ്ങള്‍ ഒരു ദൈവിക കൂട്ടായ്മയാണ് എന്നു തിരിച്ചറിയുന്നിടത്താണ് സ്നേഹത്തിന്‍റെ ബന്ധത്തില്‍ ഒന്നാകുന്നിടത്താണ് അത് ഫലപ്രാപ്തിയില്‍ എത്തുക.

നമ്മുടെ മുന്നില്‍ ഏറ്റം ശ്രദ്ധാര്‍ഹമാകേണ്ടത് മനുഷ്യന്‍റെ വിശപ്പും വിലാപങ്ങളുമാണ്. പ്രളയത്തിന്‍റെ നാളുകളില്‍ നമ്മില്‍ അതു പ്രകടമായി. പക്ഷെ, വീണ്ടും നാം ശേഷിച്ച ചെളിയില്‍ പുരണ്ടു. പരസ്പരം അതു വാരിയെറിഞ്ഞു. അപരനെതിരെ തിരിയുമ്പോള്‍ അവനിലുള്ള യേശുവിനെ നാം കണ്ടില്ല. കാഴ്ചയുണ്ടെന്ന് പറയുന്ന നമുക്ക് സത്യത്തെ കാണാന്‍ കഴിയുന്നില്ല. യേശുവിന്‍റെ കണ്ണിലൂടെ കാണാനും കഴിയുന്നില്ല. നമ്മുടെ മിഴികള്‍ വരയ്ക്കുന്ന വൃത്തം എത്ര ചെറുതാണ്. അതിനകത്ത് എല്ലാം അറിയുന്നവരായി നാം കരുതുകയാണ്. കാഴ്ചക്ക് വെട്ടമാകേണ്ട ദൈവമൊഴിയായ ക്രിസ്തു പാദങ്ങള്‍ക്ക് വിളക്കും പാതയില്‍ പ്രകാശവുമാകട്ടെ.

martheenose@gamil.com

Leave a Comment

*
*