തിരുമുഖം തുടയ്ക്കുമ്പോള്‍

നോമ്പ് ആചരണത്തിന്‍റെ കാലത്താണ് നാം. ആചാരത്തിന്‍റെ പുറംമോടികൊണ്ട് അവനവന്‍റെ ഹൃദയത്തെ മൂടിവച്ച് സ്വയം പുണ്യപ്പെടുത്താം. അഥവാ അവനവന്‍റെ ഹൃദയത്തെ വെടിപ്പാക്കാന്‍ ആത്മാനുതാപത്തിന്‍റെ ചാക്കുടുത്ത് ജീവിതമോഹങ്ങളെ അഗ്നിയില്‍ സ്ഫുടം ചെയ്ത് ചാരം പൂശി, നിലനില്‍പ്പിന്‍റെ ഉത്കണ്ഠകളെ കൈവിട്ട് ഉപവാസത്തിന്‍റെ വഴിയിലൂടെ മുന്നോട്ട് നടക്കാം.

ക്രിസ്തുവാകുന്ന മൊഴിവെട്ടത്തില്‍ സ്വയം പരിശോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ആചരണങ്ങള്‍ ആത്മീയ വിരുദ്ധമായി പരിണമിക്കും. ഏഴുയാമങ്ങളിലെ പ്രാര്‍ത്ഥനയും, ആഴ്ചതോറുമുള്ള ഉപവാസവും ക്ഷാളനകര്‍മ്മങ്ങളും ദാനധര്‍മ്മങ്ങളും സാബത്ത് ആചരണവും വേദപഠനവുമെല്ലാം ജീവിതചര്യയാക്കി മാറ്റിയ ഒരു ജനവിഭാഗത്തിന്‍റെ നേര്‍ക്കുതിരിഞ്ഞാണ് ക്രിസ്തു പറഞ്ഞത്, നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കില്ലെന്ന്.

ആചാരങ്ങള്‍ സ്വയം മറയ്ക്കാനുള്ള കുപ്പായമായി കരുതി, വിശ്വാസരാഹിത്യത്തിന്‍റെ നഗ്നതയെ മറയ്ക്കാനുള്ള ശ്രമം ഇന്ന് വ്യാപകമാണ്. അത് ഒരു മതത്തില്‍ മാത്രമല്ല. ലോകത്ത് ആകമാനം അത് അരങ്ങുതകര്‍ക്കുന്നുണ്ട്. എന്നാല്‍, നമുക്കത് ആകാമോ? യഹൂദമതത്തിന്‍റെ ആചാരബന്ധനങ്ങള്‍ തകര്‍ത്തെറിഞ്ഞാണ് ക്രിസ്തുസഭയെ സ്ഥാപിക്കുന്നത്. നിലനില്‍ക്കുന്ന മതസങ്കല്പങ്ങളെ പൊളിച്ച്, മാനവന്‍ എന്ന സ്വാതന്ത്ര്യത്തിന്‍റെ നവലോകം തുറക്കുകയാണ് സഭാഗാത്രത്തിലൂടെ അവിടുന്ന്. സാഹോദര്യത്തിന്‍റെ സൗന്ദര്യം തന്‍റെ ശരീരത്തില്‍ നമ്മെ ചേര്‍ത്തുകൊണ്ടാണ് അവിടുന്ന് വ്യാഖ്യാനിച്ചത്. മുന്തിരിച്ചെടിയും ശാഖകളും അത് പ്രകാശിപ്പിക്കുന്നു.

ആത്മീയതയെ ഭൗതികജീവിതത്തിന്‍റെ സമ്പൂര്‍ണതയാക്കിയല്ല ആത്മതത്വത്തെ അപരത്വത്തില്‍ പൂര്‍ത്തീകരിച്ച് ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍. അത് എളുപ്പമല്ല. സ്വയം ഉപേക്ഷയെന്ന സത്യമാര്‍ഗത്തിലൂടെയല്ലാതെ അതു സാധ്യമല്ല. ഈ വൈഷമ്യം, എങ്ങനെയും ക്രിസ്തുവിനെ തന്നെ മാറ്റിവരയ്ക്കാനുള്ള പ്രലോഭന കാരണമായി നമ്മെ വലയം ചെയ്യുന്നു.

വിശ്വാസത്തിലേക്കുള്ള ചുവടായി മാറേണ്ട ഭക്തിയെ, വിശ്വാസത്തിന്‍റെ അത്യുന്നതിയും, ദൈവാനുഭവത്തെ തന്നിഷ്ടസാധ്യമാക്കിയും വ്യാഖ്യാനിക്കുമ്പോള്‍, നിലനില്‍ക്കണമെങ്കില്‍ പുത്തന്‍പുത്തന്‍ ഭക്താഭ്യാസങ്ങളും ആചാരങ്ങളും നമുക്ക് ആവശ്യമായിവരും. സഭാജീവിതത്തെ ആചാരവല്‍ക്കരിക്കാനുള്ള പുത്തന്‍ ശ്രമങ്ങളെ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കാന്‍ വിശ്വാസിക്ക് കഴിയണം. ഇത്തരം അബദ്ധങ്ങളും നൂതനാശയങ്ങളും രൂപപ്പെടുന്നത് ഒരുപക്ഷേ, ആധികാരിക കേന്ദ്രങ്ങളില്‍ നിന്നും ആകാം. അവയ്ക്കുനേരെ കണ്ണടയ്ക്കുന്നത്, നിസംഗമാകുന്നത്, നമ്മുടെ ദൈവിക കടമയ്ക്ക് എതിരായ പ്രവര്‍ത്തനമാണ് എന്ന് തിരിച്ചറിയണം.

നാട്ടിലെ ഒരു പ്രധാന ദേവാലയത്തില്‍ അടുത്തയിടെ അരങ്ങേറിയ പുത്തന്‍ ഭക്താഭ്യാസങ്ങളെ ഒന്നു നോക്കൂ. എല്ലാ വെള്ളിയാഴ്ചകളിലും തിരുമുഖം തുടയ്ക്കല്‍ ശുശ്രൂഷ എന്നാണ് പറയുന്നത്. മുഖം തുടയ്ക്കുന്നത് ശുശ്രൂഷയാകണമെങ്കില്‍ തെരുവില്‍ ഇരിക്കുന്ന മുറിവേറ്റവന്‍റെ കണ്ണീര്‍ തുടയ്ക്കണം. നിന്‍റെ ചുറ്റുവട്ടത്തെ ഒരാള്‍ വേദനിക്കുമ്പോള്‍ അവന്‍റെ കണ്ണീര്‍ തുടയ്ക്കണം. തിരുസ്വരൂപത്തിന്‍റെ മുഖം തുടയ്ക്കുന്നതല്ല ശുശ്രൂഷ. വെറോനിക്ക തിരുമുഖം തുടച്ചത്, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ക്രിസ്തുവിന്‍റെ തിരുമുഖമാണ്. മുറിവേറ്റ, പരിത്യക്തനായ, കുറ്റവാളിയായി വിധിക്കപ്പെട്ട ഒരുവന്‍റെ മുഖം തുടയ്ക്കുന്നത് സ്നേഹ പ്രവൃത്തിയാണ്. വിശ്വാസത്തിന്‍റെ ഏറ്റുപറച്ചിലാണ്. അത് ആചാരമല്ല. ജീവാര്‍പ്പണമാണ്.

ജീവിതത്തില്‍ നിവര്‍ത്തിയാക്കേണ്ട ഒന്നിനെ ഒരു തിരുസ്വരൂപത്തിന്‍റെ മുഖം തുടയ്ക്കുന്ന ആചാരത്തിലൊതുക്കുന്നത് വിശ്വാസനിഷേധത്തിന്‍റെ പ്രവര്‍ത്തിയാണ്. കുമ്പസാരിച്ച് ദിവ്യബലിയിലും നവനാളിലും പങ്കെടുത്തിട്ടുവേണം തിരുസ്വരൂപത്തിന്‍റെ മുഖം തുടയ്ക്കാന്‍ എന്നാണ് ലഘുലേഖയില്‍. കുമ്പസാരിച്ച് നവനാളുകൂടി ദിവ്യബലിയര്‍പ്പിച്ച് നിന്‍റെ ജീവിതത്തിലേക്ക് തിരികെപ്പോയി, മുറിവേറ്റ സഹജന്‍റെ മുഖം തുടയ്ക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ അത് ആത്മീയതയായേനെ.

വൊറോനിക്ക മുഖം തുടച്ചത്, തന്നെത്തന്നെ ഉപേക്ഷിച്ചിട്ടാണ്. ക്രിസ്തുസ്നേഹത്തിന്‍റെ അടയാളമായിട്ടാണ്. അവിടുത്തെ പീഡാനുഭവത്തില്‍ പങ്കുചേര്‍ന്നുകൊണ്ടാണ്. ഇവിടെ തിരുസ്വരൂപം തുടയ്ക്കുന്നതോ? പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ മനസില്‍ ഓര്‍ത്തുകൊണ്ട്, കാര്യം കാണാന്‍ മുഖം തുടയ്ക്കണം എന്ന് ലഘുലേഖവഴി. ഈ കേന്ദ്രം പറയുന്നു. എന്തു വിരോധാഭാസമാണ്. വെറോനിക്കയെ അധിക്ഷേപിക്കുകയാണിവിടെ. മാത്രമല്ല, ജീവാര്‍പ്പണത്തിന്‍റെ വഴിയെ സ്വാര്‍ത്ഥമോഹത്തിന്‍റെ നുകത്തില്‍ കെട്ടിയിടാന്‍ പരിശീലിപ്പിക്കുകയാണിവിടെ.

കുരിശിന്‍റെ വഴിയിലെ ആറാം സ്ഥലത്തിന്‍റെ ധ്യാനവിഷയത്തെ പ്രത്യേകമായി ഓര്‍ക്കുന്ന നവനാള്‍ പ്രാര്‍ത്ഥനയില്‍ തെറ്റൊന്നുമില്ല. അങ്ങനെ ധ്യാനിക്കാം. കൊച്ചുത്രേസ്യയുടെ ഭക്തിയും മോശമല്ല.

നിന്ദനത്തിന്‍റേയും കഷ്ടപ്പാടിന്‍റേയും പര്യായമാണ് ഈശോയുടെ തിരുമുഖം. വ്യഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് ആശ്വാസമല്ല. ആത്മബലവും തീക്ഷ്ണതയുമാണ് വെറോനിക്ക പകര്‍ന്നുനല്‍കുന്നത്. നിന്ദനങ്ങളും വേദനകളും സമചിത്തതയോടെ സഹിക്കാനും, സഹനവഴിയിലായവര്‍ക്ക് ആശ്വാസമാകാനും ഇടയാക്കുമെങ്കില്‍ ഭക്താചരണം നല്ലതുതന്നെ.

ഉപവസിച്ച്, ഒരുക്കത്തോടെ തിരുമുഖം തുടച്ച് അനുഗ്രഹം പ്രാപിക്കാനുള്ള ആഹ്വാനം, ദൈവാനുഭവത്തെ ഭൗതിക നേട്ടമായി തരംതാഴ്ത്തുന്നതായിപ്പോകുന്നു. അത് ഇപ്പോള്‍ ഒരു ഭക്താഭ്യാസത്തിന്‍റെയും പ്രത്യേകതയല്ല. ഭക്താഭ്യാസം വിശ്വാസവഴിയിലുള്ള ജീവിതത്തിന് കരുത്തുപകരുന്നു എന്നതാണ് ശരി. പക്ഷെ, വിശ്വാസത്തിന് ലഭിക്കേണ്ട പ്രതിഫലമായി നേട്ടങ്ങളെ വരച്ചുകാണിക്കാനുള്ള പ്രവണതകളെ നിഷ്കളങ്കമെന്ന് കരുതിക്കൂടാ.

നോമ്പ് ആചരണത്തില്‍ വൊറോനിക്കയും തുവാലയും വീണ്ടും വരികയാണ്. നോമ്പുകാല ആചരണങ്ങളിലെ ഒന്നായി മാത്രം കുരിശിന്‍റെ വഴിയെ കാണുകയുമരുത്. ആചരണങ്ങള്‍ നമ്മുടെ ജീവിതചര്യയെ ക്രിസ്തുബോധത്തില്‍ നിലനിറുത്താന്‍ ഉതകുന്നതാകണം. അങ്ങനെ ജീവിതവഴിയില്‍, മിഴിനീരണിഞ്ഞ, മുറിവേറ്റ അവഗണിക്കപ്പെടുന്ന, കുരിശുചുമക്കുന്ന എല്ലാവരാലും കല്ലെറിയപ്പെട്ട ഏറ്റം പരിത്യക്തനായ ഒരുവന്‍റെ ചാരെയിരിക്കാന്‍ അവന്‍റെ മുഖം തുടയ്ക്കാന്‍, അവനെ ആശ്ലേഷിക്കാന്‍ ഞാനെന്ന ബോധത്തിന്‍റെ സങ്കുചിതത്വങ്ങളില്‍ നിന്ന് പുറത്തിറങ്ങാന്‍ ബലം പകരട്ടെ നോമ്പാചരണങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org