നല്ല നിലത്തിന്‍റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുക

നല്ല നിലത്തിന്‍റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുക

ഫാ. വര്‍ഗ്ഗീസ് പെരുമായന്‍

നോമ്പിലെ രണ്ടാമത്തെ ആഗ്രഹം ഇതാണ്: "എന്‍റെ ഹൃദയ വയലിലെ വഴിയരികും പാറയും മുള്‍ച്ചെടി നിറഞ്ഞ ഇടവും തിരിച്ചറിഞ്ഞ്
അവയെയും കൂടി കൃഷി യോഗ്യമാക്കുക വഴി നൂറുമേനി വിളവു നല്കുന്ന നല്ല
നിലത്തിന്‍റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുക."
ഇറ്റലിയില്‍ മുസ്സോളിനിയുടെ ഫാസിസത്തിന്‍റെ നാളുകളില്‍ നടന്ന കാര്‍ഷിക മുന്നേറ്റംഅറിയപ്പെടുന്നതു "ബോനിഫിക്ക അഗ്രാരിയ (Bonifica Agraria) എന്നാണ്. "കാര്‍ഷിക മെച്ചപ്പെടുത്തല്‍" എന്ന് ഇതു തര്‍ജ്ജമ ചെയ്യാനാകും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന ചതുപ്പുനിലങ്ങള്‍, ഗവണ്‍മെന്‍റിന്‍റെയും കര്‍ഷകസംഘടനകളുടെയും കൂട്ടായ പ്രയത്നഫലമായി ജലസേചന കനാല്‍ നിര്‍മാണത്തി ലൂടെയും മറ്റും കൃഷിയോഗ്യമാക്കി തീര്‍ത്ത പദ്ധതിയായിരുന്നു ഇത്. ഈ പദ്ധതിയിലൂടെ ഇറ്റലിയില്‍ 1923-38 കാലഘട്ടത്തില്‍ 62 ലക്ഷം ഹെക്ടര്‍ ഭൂമിയാണു കൃഷിയോഗ്യമാക്കി തീര്‍ത്തത്.
യേശു പറഞ്ഞ വിതക്കാരന്‍റെ ഉപമ (മത്താ. 13:1-8; 19-23) മനസ്സിലാക്കാന്‍ ഈ "കാര്‍ഷിക മെച്ചപ്പെടുത്തല്‍" പ്രതീകം സഹായകമാണ്. ഈ ഉപമ നാലുതരം വചനശ്രോതാക്കളെ അവതരിപ്പിക്കുന്നതിനേക്കാളുപരി, യേശുവിന്‍റെ വചനം ശ്രവിക്കുന്ന ഒരുവന്‍റെ ഹൃദയവയലിന്‍റെ നാലുതരം പ്രതികരണങ്ങള്‍ വരച്ചുകാണിക്കുന്നു. ഉപമയില്‍ പറയപ്പെടുന്ന നാലു തരം നിലങ്ങളുടെയും – പാതയോരം, പാറ, മുള്‍ച്ചെടി നിറഞ്ഞ സ്ഥലം, നല്ല നിലം – മിശ്രിതമാണ് ഓരോരുത്തരുടെയും ഹൃദയവയല്‍. ഈ നിലങ്ങളുടെ വിസ്തൃതിയുടെ അനുപാതം ഓരോരുത്തരിലും വ്യത്യസ്തമാണെന്നു മാത്രം. യേശുവിന്‍റെ അനേകം വചനങ്ങള്‍ നമ്മില്‍ നല്ല നിലം കണ്ടെത്തി നൂറുമേനി ഫലം പുറപ്പെടുവിക്കുന്നുണ്ട്. അതേസമയം തന്നെ, യേശുവിന്‍റെ ചില വചനങ്ങള്‍ നമ്മുടെ ഹൃദയവയലില്‍ വെയിലേറ്റു വാടുകയും ഞെരുക്കപ്പെടുകയും ചെയ്യുന്നുണ്ട്. എല്ലാ കല്പനകളും ചെറുപ്പം മുതലേ അനുസരിച്ചിരുന്ന ധനികനായ യുവാവിന്‍റെ ഹൃദയവയലിലെ നല്ല നിലത്തിന്‍റെ വിസ് തൃതി പ്രശംസനീയം തന്നെ. എന്നാല്‍ യേശു അവനോടു പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഉള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു നല്കാന്‍ പറഞ്ഞപ്പോള്‍ അവനില്‍ ഇനിയും കൃഷിയോഗ്യമാക്കേണ്ട ഇടം കാണിച്ചു കൊടുക്കുകയായിരുന്നു (ലൂക്കാ 18:18-24).
യേശുവിന്‍റെ ഏതു വചനങ്ങളോടാണ് എന്‍റെ മനസ്സ് പ്രതിരോധിക്കുന്നത്? കൂദാശകളിലെല്ലാം സജീവമായി പങ്കെടുക്കുന്ന ഞാന്‍, സമ്പത്തു കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ യേശുവിന്‍റെ വചനങ്ങള്‍ക്കു മുള്‍ച്ചെടി നിറഞ്ഞ നിലമാകാം. ദശാംശം ഞാന്‍ കൃത്യമായി കൊടുക്കുന്നുണ്ടെങ്കിലും സഹോദരനുമായി വര്‍ഷങ്ങള്‍ നീണ്ട അതിര്‍ത്തിത്തര്‍ക്കത്തിലായിരിക്കാം. മരണാനന്തര ജീവിതം, ലൈംഗിക ധാര്‍മികത തുടങ്ങിയവയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും എന്‍റെ മനസ്സു തയ്യാറല്ലെന്നു വരും.
യേശുവിന്‍റെ എല്ലാ വചനങ്ങളും എന്നില്‍ നൂറുമേനി ഫലം പുറപ്പെടുവിക്കുമ്പോഴാണ് എന്‍റെ ഹൃദയവയല്‍ മുഴുവന്‍ നല്ല നിലമായിത്തീരുന്നത്. എനിക്കിഷ്ടപ്പെട്ട വചനവിത്തുകള്‍ മാത്രമല്ല, ആയിരം മേനി ഫലം എന്നില്‍ പുറപ്പെടുവിക്കുന്നുണ്ടാകാം. പക്ഷേ, എനിക്ക് അസ്വീകാര്യമായ വിത്തുകളെ ഒഴിവാക്കുന്നതിനുള്ള മറയാകരുത് ചിലയിടങ്ങളില്‍ മാത്രമുള്ള ഈ അമിതവിളവ്.
ഹൃദയവയലിന്‍റെ നല്ലൊരു ഭാഗം ഫലഭൂയിഷ്ഠമാണെന്നതില്‍ അഭിമാനിക്കാനും വഴിയരികും പാറയും മുള്‍ച്ചെടി നിറഞ്ഞ ഇടങ്ങളും സാവധാനത്തില്‍ കൃഷിയോഗ്യമാക്കി മാറ്റാനും ഈ നോമ്പുകാലത്തു നമുക്കാകണം. ഫ്രാന്‍സിസ് അസ്സീസിക്കു ഹൃദയത്തില്‍ ഏറ്റവും അകല്‍ച്ച തോന്നിയിരുന്നതു കുഷ്ഠരോഗികളോടായിരുന്നു. തന്‍റെ ഹൃദയവയലിലെ ആ പാറനിലത്തെ ഫ്രാന്‍സിസ് കൃഷിയോഗ്യമാക്കി മാറ്റുന്നതു കുഷ്ഠരോഗിയെ സഹോദരതുല്യം ആശ്ലേഷിച്ചുകൊണ്ടാണ്. കിട്ടിയ വിളവുകൊണ്ടു തൃപ്തരാകാതെ ഇനിയും കലപ്പയുടെ നോവേല്ക്കാത്ത ഹൃദയവയലിലെ നിലങ്ങളെയും കൂടി കൃഷിയോഗ്യമാക്കാന്‍ നോമ്പുകാലത്തെ ഉപവാസവും പ്രാര്‍ത്ഥനയും ഉപകരിക്കണം.
നോമ്പിലെ രണ്ടാമത്തെ ആഗ്രഹം ഇതാണ്: "എന്‍റെ ഹൃദയ വയലിലെ വഴിയരികും പാറയും മുള്‍ച്ചെടി നിറഞ്ഞ ഇടവും തിരിച്ചറിഞ്ഞ് അവയെയുംകൂടി കൃഷി യോഗ്യമാക്കുകവഴി നൂറു മേനി വിളവു നല്കുന്ന നല്ല നിലത്തിന്‍റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുക."
യേശുവേ, നീ വിതയ്ക്കുന്ന വിത്തുകളില്‍ ചിലതു മാത്രമേ എന്‍റെ ഹൃദയവയലില്‍ നൂറുമേനി ഫലം പുറപ്പെടുവിക്കുന്നുള്ളൂ. നിന്‍റെ ചില വചനങ്ങള്‍ എന്നില്‍ ഇനിയും വേരു പിടിച്ചിട്ടില്ല. എന്നിലെ വഴിയരികും പാറയും മുള്‍ച്ചെടി നിറഞ്ഞ ഇടങ്ങളും കൃഷിയോഗ്യമാക്കാന്‍ സഹായിക്കണമേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org