Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> നാണിക്കാനുള്ള കൃപ

നാണിക്കാനുള്ള കൃപ

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

ലൈംഗികഇരപിടുത്തം ഏറ്റവും ഹിംസാത്മകമായി മാറിയ ഭീകരനാളുകളാണിത്. കുട്ടികളെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം കേരളത്തില്‍ 2016-ല്‍ ആയിരത്തിലധികം കേസുകളാണ് എടുത്തിട്ടുള്ളത്. നാലായിരത്തിലധികം ലൈംഗികപീഡനസംഭവങ്ങളില്‍ കഴിഞ്ഞ വര്‍ഷം കേസെടുത്തു. ജാതിമത-രാഷ്ട്രീയ-പ്രായ-ലിംഗ ഭേദമില്ലാതെയാണ് വേട്ടക്കാരുടെ വിളയാട്ടം. ഓരോ പീഡനവാര്‍ത്തയുടെയും പിന്നില്‍ ചിതറിത്തെറിച്ച ജീവിതങ്ങളുണ്ട്. ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും ലോകം പൊടുന്നനെ കീഴ്മേല്‍ മറിയുകയാണ്. പീഡനസംഭവങ്ങള്‍ പെരുകുമ്പോള്‍ സമൂഹത്തിനു മൂല്യവിചാരവും പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കാനുള്ള ബാധ്യത സത്യധര്‍മങ്ങളുടെ സ്വരൂപമായി സ്വയം വിശ്വസിക്കുകയും സമൂഹം കരുതുകയും ചെയ്യുന്ന സഭയ്ക്കുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സഭയിപ്പോള്‍ സ്വയംപ്രതിരോധത്തിന്‍റെ മുള്‍വഴിയിലാണ്.
പീഡനസംഭവങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി പുറത്തുവരുമ്പോള്‍ പലതരം പ്രതിരോധനടപടികളുണ്ടാകും. നിയമപാലനവും കേസന്വേഷണവും ചടുലമാകും; മാധ്യമങ്ങള്‍ അന്വേഷണാത്മകമാകും; അവ വാര്‍ത്താ വിചാരണയുടെ നിശാകോടതികള്‍ തുറന്നുവയ്ക്കും; അതിക്രമങ്ങളെക്കുറിച്ച് ഉത്തരവാദിത്വമുള്ളവരും ഇല്ലാത്തവരും മാപ്പുപറയും; സമൂഹം കുറച്ചുകൂടെ ജാഗരൂകമാകും; സിസിടിവി ക്യാമറകള്‍ വിന്യസിക്കല്‍ തുടങ്ങി പ്രായോഗിക മുറകള്‍ ആവിഷ്കരിക്കും. എന്നാല്‍ ഇവകൊണ്ടൊക്കെ അക്രമങ്ങള്‍ അപ്പാടെ തടയാന്‍ പറ്റും എന്ന് വിശ്വസിക്കുന്ന നിഷ്കളങ്കരല്ല നമ്മളാരും.
ലൈംഗികഅതിക്രമങ്ങളുടെ ആധിക്യം ഗുരുതരമായ ഒരു സാമൂഹികസൂചന തരുന്നുണ്ട്. അതായത്, അതിക്രമങ്ങളെ ക്ഷിപ്രസാധ്യമാക്കുന്ന ഒരു സമൂഹമനസ്സ് ഇവിടെ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സമൂഹത്തിലെ മൂല്യശ്രേണി തകിടം മറിയുന്നതിന്‍റെ പ്രകടമായ ഒരു ഉപോത്പന്നമാണ് പീഡനങ്ങള്‍. അത് തിരുത്താതെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പീഡനങ്ങളുടെ എണ്ണം കുറക്കാനാവില്ല. എവിടെയെല്ലാം സാമൂഹികമായ തിരുത്തലുകള്‍ വേണം എന്ന വിഷയത്തിലേക്ക് നാമിവിടെ കടക്കുന്നില്ല. എന്നാല്‍ പൊതുസമൂഹത്തിനുള്ളിലെ ക്രിസ്തീയസമൂഹം എന്ന നിലയില്‍ സഭയും ഇത്തരം ഒരു ശ്രമം നടത്തേണ്ടതുണ്ട്. പ്രത്യേകിച്ചും, സഭാവിശ്വാസികളും സഭാശുശ്രൂഷകരും പീഡനക്കേസുകളില്‍ പ്രതികളായും ഇരകളായും മാറുന്ന ഇക്കാലത്ത്.ڔപീഡനസംഭവങ്ങളെ മുന്‍നിര്‍ത്തി 2014-ല്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു, ലജ്ജിക്കാനുള്ള കൃപ ദൈവം നമുക്ക് തരട്ടെ. നാണം രക്ഷാകരമാകുമ്പോള്‍ അത് കൃപാഭരിതമായ പ്രതികരണങ്ങളുണ്ടാക്കും.
ലൈംഗികഅതിക്രമവിരുദ്ധത വിശ്വാസസമൂഹത്തില്‍ ആരംഭിക്കേണ്ടത് ലൈംഗിക സദാചാരക്ലാസ്സുകളിലോ സ്ത്രീകളെ കൈയെത്താദൂരത്ത് അകറ്റിനിര്‍ത്താനുള്ള ഉപായങ്ങളിലോ അല്ല. അതിക്രമവിരുദ്ധമായ മനസ്സ് രൂപപ്പെടണമെങ്കില്‍ നമ്മുടെ വിശ്വാസബോധ്യങ്ങളിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വേണ്ടിവരും. ഇത്തരത്തില്‍ നമ്മുടെ ഊന്നലുകളില്‍ പ്രകടമായ മാറ്റങ്ങള്‍ ആവശ്യമുള്ള മൂന്ന് തലങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്.
ഒന്ന്, ദൈവഭയം. അതായത്, ദൈവത്തിന്‍റെ സര്‍വ്വാധികാരം എപ്പോഴും പ്രകടമായി നില്ക്കുന്നതാകണം വിശ്വാസജീവിതം. ലൈംഗികഅതിക്രമങ്ങളും ദൈവത്തിന്‍റെ പരമാധികാരവും തമ്മില്‍ എന്തു ബന്ധം? ലൈംഗിക അതിക്രമങ്ങളിലെല്ലാംതന്നെ അധികാരത്തിന്‍റെ ദുര്‍പ്രയോഗമുണ്ട്. ഏതെങ്കിലും ഒരു അധികാരത്തിന്‍റെ മറയിലാണ് ഭൂരിപക്ഷം അതിക്രമങ്ങളും നടക്കുന്നത്. സ്നേഹത്തെയും പ്രണയത്തെയുംപോലും അധികാരമാക്കി ഇരകളെ കീഴ്പ്പെടുത്തുന്നവരുണ്ട്. അതിനാല്‍ എല്ലാ ബന്ധങ്ങളും അധികാരസ്ഥാനങ്ങളും അധികാര പ്രയോഗങ്ങളും അധികാരവിധികളും ദൈവത്തിന്‍റെ പരമാധികാരത്തിനു വിധേയമാക്കുന്ന സഭാസമൂഹം നമുക്കു വേണം. അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അവ തടയുന്നതിലും ഇതാവശ്യമാണ്. ഉദാഹരണത്തിന്, വിശ്വാസിയെ സംബന്ധിച്ച് പ്രഥമ പരിഗണന ഒരു പ്രവൃത്തി പിന്നീട് കേസിനും പൊല്ലാപ്പിനും കാരണമാകുമോ എന്നുള്ളതല്ല. ദൈവം ഇത് അംഗീകരിക്കുമോ ഇല്ലയോ എന്നുള്ളതാകണം. ദൈവഭയമുള്ളവന്‍റെ ഉള്‍ഭയം വക്കീലിന്‍റെ മിടുക്ക് തന്നെ തുണയ്ക്കുമോ എന്നുള്ളതായിരിക്കില്ല; മറിച്ച് സ്വന്തം മനഃസാക്ഷി തന്നെ കുറ്റപ്പെടുത്തുമോ എന്നുള്ളതായിരിക്കും. ദൈവഭയമുള്ള വിശ്വാസ സമൂഹത്തില്‍ എല്ലാ തരത്തിലുമുള്ള അതിക്രമങ്ങള്‍ കുറയും.
ദൈവഭയം ജനിപ്പിക്കാന്‍ ദൈവത്തിന്‍റെ പരമാധികാരം സഭയില്‍ പ്രകടമാക്കപ്പെടണം. ദൈവത്തേക്കാള്‍ പ്രമാണിയായി ദൈവത്തിന്‍റെ പ്രതിപുരുഷന്മാര്‍ ചമയരുത്. ദൈവവചനത്തേക്കാള്‍ പ്രധാനപ്പെട്ടതായി മനുഷ്യരുടെ നിയമങ്ങള്‍ മാറരുത്. ദൈവവിശ്വാസത്തേക്കാള്‍ കനപ്പെട്ടതായി സഭയിലെ വിശ്വാസബാഹ്യവിഷയങ്ങള്‍ മാറരു ത്. ദൈവത്തേക്കാള്‍ പ്രധാനപ്പെട്ട മൂല്യമായി വീടുകളിലും സ്ഥാപനങ്ങളിലും മാമ്മോന്‍ മാറിക്കൂടാ. ഓരോ കാര്യവും ചെയ്യാനൊരുങ്ങുമ്പോള്‍ നാട്ടുകാര്‍ എന്തു പറയും, ഇതുകൊണ്ട് ലാഭമുണ്ടാകുമോ, എനിക്ക് ഗുണമാകുമോ എന്നിവയാകരുത് ഒന്നാംനിര ചോദ്യങ്ങള്‍. മറിച്ച് ഇത് ദൈവത്തിനു ബോധിക്കുമോ എന്നതാകണം പ്രാഥമിക ചോദ്യം; വീടുകളിലുമതെ, സഭാസമൂഹത്തിലുമതെ. കുട്ടികളെയും ഇത്തരത്തില്‍ ചിന്തിക്കാന്‍ മുതിര്‍ന്നവര്‍ പ്രേരിപ്പിക്കണം. ഇത്തരത്തില്‍ ദൈവത്തിന്‍റെ പരമാധികാരം അംഗീകരിക്കുന്നില്ലെങ്കില്‍ നാം ദൈവത്തെ വളര്‍ത്തു ദൈവമാക്കി മാറ്റുകയാണ്. അവിടെ ദൈവത്തെ മറയാക്കി പൈശാചിക കാര്യങ്ങള്‍വരെ നടക്കും.
രണ്ട്, മനുഷ്യമഹത്ത്വ തുല്യത. മനുഷ്യമഹത്ത്വം എന്നത് വലിയ തോതില്‍ പുരുഷമഹത്ത്വമായി കണക്കാക്കുന്ന സമൂഹമാണ് നമ്മുടേത്. പെണ്ണിനും ആണിനും ഒരേ മഹത്ത്വമാണെന്ന് പ്രയോഗത്തില്‍ അംഗീകരിക്കപ്പെടണം. സ്ത്രീയെ രണ്ടാം തരക്കാരിയും ഉപഭോഗ വസ്തുവുമായി കാണുന്ന സമൂഹത്തില്‍ സ്ത്രീപീഡനങ്ങള്‍ ഉണ്ടാവും. അത് കല്യാണത്തിനുമുമ്പോ അതോ പിമ്പോ അല്ലെങ്കില്‍ സ്വന്തം പുരുഷനില്‍നിന്നോ അതോ പരപുരുഷനില്‍ നിന്നോ എന്നേ ചോദിക്കാനുള്ളൂ.
സ്ത്രീയെ ഇകഴ്ത്തുന്ന സംസാരരീതി, അവളെ ഇടിച്ചുതാഴ്ത്തുന്ന സിനിമകള്‍, ദ്വയാര്‍ത്ഥ പ്രയോഗസമൃദ്ധമായ പ്രസംഗങ്ങള്‍, സ്ത്രീകളെ പരിഹാസപാത്രങ്ങളായി അവതരിപ്പിച്ച് ചിരിയുത്പാദിപ്പിക്കുന്ന ധ്യാന പ്രസംഗങ്ങള്‍, ജീന്‍സിടാന്‍ പെണ്‍കുട്ടികളെ ബൈബിള്‍ അനുവദിക്കുന്നുണ്ടോ എന്ന് പച്ചയ്ക്ക് ചോദിച്ച് ബൈബിളിനെ സ്ത്രീവിരുദ്ധ ആയുധമാക്കി മാറ്റുന്നവര്‍…. ഇതെല്ലാം സ്ത്രീജന്മം ഉപയോഗിക്കപ്പെടാനുള്ളതാണെന്ന കറുത്ത സന്ദേശം പ്രചരിപ്പിക്കുന്നു. സ്ത്രീമഹത്ത്വം തുല്യമനുഷ്യമഹത്ത്വമായി ഹൃദയത്തിലേറ്റുവാങ്ങാത്ത സമൂഹത്തില്‍ സ്ത്രീപീഡനം ഉണ്ടാവുന്നതില്‍ അസ്വാഭാവികമായൊന്നുമില്ല.
മൂന്ന്, സത്യസന്ധത. കള്ളത്തരങ്ങളും അഴിമതിയും തട്ടിപ്പും ധനാസക്തിയും സാധാരണമാകുന്ന സമൂഹത്തില്‍ ലൈംഗികഅതിക്രമങ്ങള്‍ക്കും ഇടം ലഭിക്കും. അതിനാല്‍ പീഡനപരിസരം ഒഴിവാകണമെങ്കില്‍ വിശ്വാസജീവിതത്തില്‍ മുഴുവനും സത്യസന്ധതയും സുതാര്യതയും അനിവാര്യമാണ്. സുതാര്യജീവിതം കുറയുംതോറും അതിക്രമങ്ങള്‍ക്ക് ഒളിയിടങ്ങള്‍ ലഭിക്കും. അതിനാല്‍ തെറ്റുതെറ്റാണെന്നു പറയുന്നതുതന്നെയാണ് സുതാര്യതയുടെ ഒന്നാം പാഠം. നുണപറയുന്നതും വെട്ടിപ്പു കാണിക്കുന്നതും വാക്കുവ്യത്യാസം വരുത്തുന്നതും വ്യഭിചാരം ചെയ്യുന്നതും അന്യരെ ദ്രോഹിക്കുന്നതുമെല്ലാം തെറ്റാണെന്ന് പറയാതെ പോകുന്നിടത്ത് ലൈംഗിക അതിക്രമങ്ങളും അവയുടേതായ ന്യായീകരണങ്ങള്‍ തേടിക്കണ്ടുപിടിക്കും.
മുകളില്‍ സൂചിപ്പിച്ച മൂന്ന് തലങ്ങളില്‍ ഊന്നല്‍ കൊടുത്താല്‍ എല്ലാ സ്ത്രീപീഡനങ്ങളും ഉടനടി നിലക്കുമോ? ഇല്ല. ഈ മൂന്ന് കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകുമോ? പോര. എങ്കിലും ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: നിരത്തിലിറക്കി ഓടിക്കാനുള്ള ഒരു വണ്ടി യുടെ നട്ടും ബോള്‍ട്ടും അഴിഞ്ഞുകിടന്നാല്‍ അപകടം ഉറപ്പാണ്. അതുകൊണ്ടാണ് സഭ അടിസ്ഥാന ബോധ്യങ്ങളുടെ തലത്തില്‍ അതിന്‍റെ സ്വരൂപം വീണ്ടും ദൃഢമാക്കണമെന്ന് പറഞ്ഞത്. നട്ടും ബോള്‍ട്ടും മുറുക്കിയാലും വാഹനം അപകടത്തില്‍പെടാം. അങ്ങനെ വന്നാല്‍ത്തന്നെ വണ്ടിക്കല്ല, വണ്ടിക്കാരനായിരിക്കും ഉത്തരവാദിത്വം.

Leave a Comment

*
*