നട്ടെല്ല് ഊരിപ്പോകുന്ന ജെസിബികള്‍

നട്ടെല്ല് ഊരിപ്പോകുന്ന ജെസിബികള്‍

ജെസിബിക്ക് എന്തൊരു പ്രൗഢിയായിരുന്നു! ഒത്ത തലയെടുപ്പും ആരെയും കൂസാത്ത നടപ്പും എന്തിനെയും വെല്ലുവിളിക്കുന്ന ഭാവവും… ഒടുവില്‍ പവനായി ശവമായി… ജെസിബിക്ക് ഇനി ചിലയിടങ്ങളില്‍ പ്രവേശനമില്ലത്രേ!

ജെസിബി ഒരു ഭീകരജീവിയാണെന്ന് ആരും ഇതുവരെ പറഞ്ഞതായി കേട്ടിട്ടില്ല. പിന്നെ ആ പാവത്തിന് മുന്നണിയോഗത്തില്‍വച്ച് മൂന്നാര്‍ നിഷിദ്ധമായത് എന്തുകൊണ്ടാണെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ മലയോര ജെസിബികളായ ആശാനോടോ രാജപ്രഭൃതികളോടോ ചോദിച്ചറിയാമെന്നുവച്ചാല്‍, സംഭവബഹുലമായ ആ ജീവിതങ്ങള്‍ക്കു ലേശം നിവര്‍ന്നു നില്ക്കാന്‍പോലും കഴിഞ്ഞിട്ടുവേണ്ടേ? നട്ടെല്ലുപോയ ജെസിബികള്‍ എന്നല്ലാതെ എന്തുപറയാന്‍!

അങ്ങനെയിരിക്കുമ്പോഴാണ് സാക്ഷാല്‍ കാപ്പിറ്റല്‍ ജെസിബിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഒരു പ്രസംഗം വാട്ട്സ് ആപ്പില്‍ കാണാനിടയായത്. ഐഎഎസ്സുകാരോട് അദ്ദേഹം നടത്തിയ പ്രഭാഷണമാണ് സംഭവം. മൂന്നാര്‍ നായകന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലുണ്ടായിരുന്നു. സിവില്‍ സര്‍വിസിനിറങ്ങുന്ന ഉദ്യോഗസ്ഥര്‍ നട്ടെല്ലു പണയം വയ്ക്കരുതെന്നായിരുന്നു പ്രസംഗത്തിന്‍റെ രത്നചുരുക്കം. എംബിബിഎസും എംഡിയും കഴിഞ്ഞ് ഐഎഎസിനുചേര്‍ന്ന് രണ്ടാം റാങ്കോടെ പാസ്സായി ജനസേവനത്തിനിറങ്ങുന്ന ശ്രീറാമിനെപ്പോലുള്ളവര്‍ക്ക് ഇത്തരം പ്രചോദനങ്ങള്‍ തീര്‍ച്ചയായും അനുഗ്രഹപ്രദമാണ്.

അതുകേട്ടു പുളകിതനായി നില്ക്കുമ്പോഴാണ് മൂന്നാറില്‍ പെണ്ണുങ്ങള്‍ നട്ടെല്ലുയര്‍ത്തി നില്ക്കുന്നെന്നു വാര്‍ത്തവരുന്നത്. ഒത്തിരികാലമായി ഒരു മീറ്റിങ്ങു വേണമെന്ന് പെമ്പിളൈ ഒരുമൈ ആലോചിച്ചങ്ങനെ നില്ക്കുമ്പോഴായിരുന്നത്രേ ആശാന്‍ സ്വന്തം ഭാഷ കാച്ചിയത്. പിന്നെ, സമരമായി… ഉപവാസമായി… വിടമാട്ടേന്‍! മഹിജയോടുള്ള അനുഭാവം മായുന്നതിനുമുന്നേ മൂന്നാറിലെ സ്ത്രീ പക്ഷത്തേക്ക് കേരളജനതയുടെ മനസ്സു ചാഞ്ഞു. ഏതായാലും, സ്ത്രീകള്‍ ഇത്തരം വിഷയത്തില്‍ ഇതുപോലെ നട്ടെല്ലു നിവര്‍ത്തി പോരാടാന്‍ ഒരു ഗവണ്‍മെന്‍റും ഇടയാക്കിയിട്ടുണ്ടാവില്ല. എല്ലാം സര്‍ക്കാരിന്‍റെ കൃപ!

ഈ കാഴ്ച മായുംമുമ്പേ ടിവിയില്‍ അടുത്ത ഫ്ളാഷ് ന്യൂസായി: ഭാരതത്തിലെ മൊത്തം ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെയും നട്ടെല്ലു ദൃഢമാകാനിടയാക്കുംവിധം മുന്‍ ഡിജിപി സെന്‍കുമാറിന് കോടതിയില്‍ നിന്ന് അനുകൂലവിധി! സുപ്രീംകോടതിപോലും ജെസിബിയായി!

ഇതിനിടെ, "ജെസിബിയൊന്നും വേണ്ടാ, ദൃഢമായ ഇച്ഛാശക്തി മതി കൈയേറ്റങ്ങളൊഴിപ്പിക്കാന്‍" എന്നു പ്രഖ്യാപിച്ച കാനത്തിനും കൂട്ടര്‍ക്കും ഹാറ്റ്സ് ഓഫ്. ഈ നട്ടെല്ലു സുദൃഢമായി തുടരട്ടെ. കുരിശൊഴിപ്പിക്കാന്‍ കാണിച്ച തീക്ഷ്ണത മറ്റിടങ്ങളിലും പ്രകടമാക്കിയാലേ ഈ ഹാറ്റ്സ് ഓഫ് നിലനില്ക്കൂ എന്നും അറിയണം.

മണിയുടേതു വെറും നാടന്‍ പ്രയോഗമാണെന്ന് നിയമസഭയില്‍ തട്ടിവിട്ട ഇരട്ടച്ചങ്കന് നട്ടെല്ലില്ലെന്നു സാമാന്യ ജനം തെറ്റിദ്ധരിച്ചാല്‍ തെറ്റുപറയാനാകുമോ? ഒന്നുമില്ലേലും ഇടുക്കിയെ മൊത്തം ഇങ്ങനെ അവഹേളിക്കണമായിരുന്നോ? അതും ഇടുക്കി എന്ന മിടുമിടുക്കിയെ!

കേന്ദ്രത്തിന്‍റെ ജെസിബിയായ പട്ടാളവും സംസ്ഥാനത്തെ ജെസിബിയായ പോലീസും വല്ലാത്ത ഗതികേടിലാണ്. ഛത്തീസ്ഗഢില്‍ 25 സി.ആര്‍.പി.എഫുകാരാണ് കൊല്ലപ്പെട്ടത്. ആയിരംവട്ടം ജവാന്‍ സ്മരണയുയര്‍ത്തിയിട്ടെന്തുകാര്യം? സൈന്യം ഇത്രയേറെ അപമാനിക്കപ്പെടുന്ന ഒരു കാലം വേറെയുണ്ടായിട്ടുണ്ടോ? കേരള പോലീസിന്‍റെ കാര്യമോ, തെറ്റുപറ്റലുകളുടെ പരമ്പരയ്ക്കു തീ കൊളുത്തിയമട്ടാണ്.

നട്ടെല്ല് അടര്‍ത്തി മാറ്റിയ പട്ടാളവും പോലീസും ജനത്തെ വിറപ്പിക്കാന്‍ കൊള്ളാമെങ്കിലും രാജ്യസുരക്ഷ യ്ക്കും ക്രമസമാധാനത്തിനും തീരെ അപര്യാപ്തമാണെന്ന തിരിച്ചറിവ് ഭരിക്കുന്നവര്‍ക്ക് എപ്പോഴാണാവോ ഉണ്ടാകുന്നത്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org