ആരു കൈ കാണിച്ചാലും നിറുത്തുന്ന വണ്ടി

ആരു കൈ കാണിച്ചാലും നിറുത്തുന്ന വണ്ടി
Published on

സ്വര്‍ണ്ണപ്പതക്കം വാങ്ങി കഴുത്തില്‍ കെട്ടിയാല്‍ ഭാവി ഭാസുരമാകുമെന്ന് പരസ്യത്തില്‍ കണ്ടു. എത്രയോ പേരാണ് അതു വാങ്ങാനായി തിക്കിത്തിരക്കു കൂട്ടുന്നത്! എങ്കില്‍ നാമായിട്ടെന്തിന് നോക്കിയിരിക്കണം. ഭാര്യയും ഭര്‍ത്താവും കൂടി പോയി അതുവാങ്ങിച്ചെടുത്തു.

ആറുമാസം കൊണ്ട് പണം ഇരട്ടിപ്പിക്കുന്ന സൂത്രം പറഞ്ഞുകൊണ്ട് വന്ന കൂട്ടുകാര്‍ ചതിക്കുമെന്ന് അന്നു കരുതിയില്ല. കയ്യിലിരുന്നതു മുഴുവന്‍ അവരെ ഏല്പിച്ചു. പിന്നീട് അവരെ കണ്ടില്ല!

വാട്സ് ആപ്പിലൂടെ വളര്‍ന്ന ബന്ധം വളരെ ഹൃദ്യമായിരുന്നു. നാളുകള്‍ കഴിഞ്ഞപ്പോള്‍ അത് അതിശക്തമായി. ഇതു വിവാഹത്തില്‍ ചെന്നെത്തുമെന്ന് ആരും കരുതിയില്ല. വിവാഹം ഗംഭീരമായി ആഘോഷിച്ചു. പിന്നീട് ഭര്‍ത്താവിനെ കണ്ടിട്ടില്ല. സ്വര്‍ണ്ണവും പോയി.

വ്യക്തിത്വവളര്‍ച്ചയില്‍ പക്വതയിലെത്തുന്നയാള്‍ കേട്ടത് അപ്പാടെ, സ്വീകരിക്കുകയില്ല. ഇതു തനിക്കു ഗുണകരമാകുമോയെന്ന് പല പ്രാവശ്യം ആലോചിക്കുകയും പരിശോധിക്കുകയും ചെയ്യും.

സ്വന്തം അന്വേഷണം കൊണ്ട് സത്യം അറിയാന്‍ സാധിക്കില്ലായെന്ന് തോന്നുമ്പോള്‍ ജീവിതാനുഭവമുള്ളവരോട് ആലോചിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും. അവരുടെ അഭിപ്രായത്തിന് വില കല്പിക്കുകയും ചെയ്യും.

വഴിയോരത്ത് വണ്ടികിട്ടാന്‍ കാത്തുനില്‍ക്കുന്നവര്‍ നിരവധിയാണ്. അവര്‍ കാണുന്ന വണ്ടിക്കെല്ലാം കൈകാണിക്കുന്നു. ആരു കൈകാണിച്ചാലും വണ്ടി നിറുത്തുന്ന ചില ശുദ്ധാത്മാക്കളുണ്ട്. വണ്ടി കുറെ മന്നോട്ടു പോയിക്കഴിയുമ്പോഴാണ് അവര്‍ക്ക് ചതിക്കുഴികള്‍ കാണാനാവുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org