ചോര ഒന്നാകിലും ലോകം പലതാക്കിടും

ചോര ഒന്നാകിലും ലോകം പലതാക്കിടും

ഒരേ കുടുംബത്തില്‍ പിറന്ന സഹോദരങ്ങള്‍ തമ്മില്‍ ഇത്രമാത്രം അന്തരമോ എന്നു പലരും ഞെട്ടലോടെ ചോദിക്കാറുണ്ട്. ഞെട്ടാനൊന്നുമില്ല. ചോര മാത്രമല്ല, വ്യക്തിയുടെ കാര്യങ്ങള്‍ നിശ്ചയിക്കുന്ന മറ്റു ഘടകങ്ങളുമുണ്ട്. വ്യക്തി വളരുന്ന സാഹചര്യങ്ങള്‍ അതിപ്രധാനമാണ്. ഇളയ മകനെ മെട്രോസിറ്റിയിലെ കോളജില്‍ ഉപരിപഠനത്തിനയച്ചു. അവന്‍ മിടുക്കനായി പഠിച്ചു വളര്‍ന്നു. തിരിച്ചുവന്നപ്പോള്‍ അവനിലെ അന്തരങ്ങള്‍ അംഗീകരിക്കാതെ വീട്ടിലുള്ളവര്‍ വഴക്കിട്ടിട്ടെന്തു ഫലം? വീട്ടിലുള്ളവര്‍ കണ്ടിട്ടില്ലാത്ത കാര്യങ്ങള്‍ അവന്‍ കണ്ടു. വീട്ടിലുള്ളവര്‍ കേട്ടിട്ടേയില്ലാത്ത കാര്യങ്ങള്‍ അവന്‍ കേട്ടു. ഗ്രഹിച്ചു വളര്‍ന്നു. ഈ പുതിയ കാര്യങ്ങളൊന്നും ഈ വീട്ടില്‍ പറ്റുകില്ല എന്നു പറഞ്ഞ് അവനെ കടന്നാക്രമിക്കുന്നതു ക്രൂരതയല്ലേ?

കാര്യങ്ങള്‍ കാര്യക്ഷമതയോടെ ചെയ്യാന്‍ അവന്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങിക്കൊണ്ടു വന്നു. എളുപ്പത്തില്‍ യാത്ര ചെയ്യാനായി ഒരു പുതിയ വാഹനവും അവന്‍ വാങ്ങി. ഇവയൊന്നും ഈ വീട്ടില്‍ കേറ്റാന്‍ പറ്റില്ല; കേറ്റിയാല്‍ തല്ലിപ്പൊട്ടിക്കുമെന്നു പറയുന്നതു വിവരമില്ലായ്മയല്ലേ!?

കുറേ വര്‍ഷങ്ങള്‍കൂടി കഴിയുമ്പോള്‍ കമ്പ്യൂട്ടര്‍ ഈ ഗ്രാമത്തിലും പ്രചാരത്തിലാകുമ്പോഴേ വീട്ടിലുള്ളവര്‍ അതിന്‍റെ ഗുണമറിയൂ! അത്രയും കാലം പഠിച്ചവന്‍ തന്‍റെ അറിവ് ഉപയോഗിക്കരുതെന്നോ? യാത്രാസൗകര്യത്തിനായി വാങ്ങിയ കാര്‍ അയല്‍വാസികളെല്ലാവരും കാറില്‍ സഞ്ചരിക്കുന്ന കാലം വരുന്നതുവരെ ഉപയോഗിക്കരുതെന്നോ? എങ്കില്‍, ഇതുമൂലം വരുന്നതു ഭീമമായ നഷ്ടമല്ലേ?

സംസ്കാരത്തിന്‍റെ വിവിധ വശങ്ങള്‍ ഒരുമിച്ച് ഒരേ സ്പീഡിലല്ല പരിവര്‍ത്തനപ്പെടുന്നത്. തന്മൂലം വിവിധ വശങ്ങള്‍ തമ്മിലുള്ള അന്തരം വലുതായിക്കൊണ്ടിരിക്കും. ഇത് അനിവാര്യമാണ്. സംസ്കാരത്തിലെ ഈ പ്രതിഭാസത്തെ ദഗ്ബേണ്‍ എന്ന അമേരിക്കന്‍ സാമൂഹ്യശാസ്ത്രജ്ഞന്‍ കള്‍ച്ചര്‍ ലാഗ് (culture lag) എന്നാണു വിളിച്ചത്. ഈ അന്തരം വ്യക്തികളെ തമ്മില്‍ അകറ്റുകയും ഭിന്നിപ്പിക്കുകയും ചെയ്തെന്നു വരാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org