നിരാസങ്ങളുടെ ഉത്സവകാലം

നിരാസങ്ങളുടെ ഉത്സവകാലം

നോമ്പിന്റെ വഴിയിൽ-2

ഫാ. സിജോ കണ്ണമ്പുഴ ഒ.എം.

ഈശോ തന്‍റെ ഭൗമീകജീവിതകാലം മുഴുവന്‍ ഒരു നോമ്പാക്കി മാറ്റിയിരുന്നു. യേശുവിന്‍റെ ഈ നോമ്പാചരണത്തില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത് അവന്‍റെ ഉപേക്ഷകളാണ്.

ദേവാലയസന്ദര്‍ശനത്തിനുശേഷം മാതാപിതാക്കളെയും മറന്ന് വേദശാസ്ത്രികളുമായി തര്‍ക്കിച്ച ബാലനായ യേശു സാധാരണ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഉപേക്ഷയാണ് നടത്തിയത്. താന്‍ വന്നിരിക്കുന്നത് പിതാവിന്‍റെ ഇഷ്ടം നിറവേറ്റുവാനാണെന്ന് വ്യക്തമാക്കുന്ന ഈശോ ഉപേക്ഷകള്‍ അതിന്, ഒഴിച്ചുകൂടാനാകാത്തതും അവലംബിക്കേണ്ടതുമായ മാര്‍ഗമാണെന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പിതാവിന്‍റെ ഹിതം സ്വന്തം അസ്തിത്വത്തില്‍ സ്വീകരിച്ചവന് സ്വന്തമായതെല്ലാം ഉപേക്ഷിച്ചേ മതിയാകൂ. ഉപേക്ഷിക്കാനായി പിതാവൊരുക്കിയവയെ നേരത്തെ തന്നെ തിരിച്ചറിഞ്ഞവനാണ് ഈശോ. വെറും ഒരു സ്വപ്നദര്‍ശനത്തില്‍ ലഭിച്ച ഉള്‍ക്കാഴ്ച്ചയില്‍ മരുഭൂമിയിലേക്ക് പലായനം ചെയ്ത യൗസേപ്പും ഇതാ കര്‍ത്താവിന്‍റെ ദാസിയെന്ന വാക്കുകളില്‍ എല്ലാ ഭാവിയും അടിയറവച്ച മേരിയും യേശുവിനെ പഠിപ്പിച്ചത്, വെട്ടിപ്പിടിക്കാനും നേടിയെടുക്കാനുമല്ല, ദൈവഹിത പൂര്‍ത്തീകരണത്തിനായി ഉപേക്ഷകളെ എങ്ങനെ സമരസപ്പെടുത്താം എന്നായിരുന്നു.

തങ്ങള്‍ക്കുള്ളതെല്ലാം വിറ്റ് അപ്പസ്തോലപാദങ്ങളില്‍ അര്‍പ്പിച്ച, ഉള്ളതെല്ലാം അയല്ക്കാരന്‍റെ കൂടിയാണെന്ന തിരിച്ചറിവില്‍ വളര്‍ന്ന ആദിമസഭാസമൂഹത്തില്‍ നിന്നു രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള്‍ എത്തിയിരിക്കുക എത്രയോ പരിതാപകരമായ അവസ്ഥയിലാണ്. ഉള്ളതെല്ലാം സഭയ്ക്ക് നല്കാന്‍ ശ്രമിച്ച ആദിമക്രിസ്ത്യാനികളും, എന്തെങ്കിലുമൊക്കെ നേടിയെടുക്കാനായി സഭയെ തന്നെ വിറ്റുതിന്നാന്‍ ശ്രമിക്കുന്ന നമ്മളും തമ്മിലുള്ള അന്തരം അജഗജാന്തരമാണ്. ഉപേക്ഷകള്‍ക്കു പകരം ആര്‍ജ്ജിക്കാനായി നാം കാണിക്കുന്ന സാഹസങ്ങള്‍ എത്രമാത്രം നമ്മെ ചൈതന്യരഹിതരാക്കും എന്നുള്ളതിന് സമീപ കാലാനുഭവങ്ങള്‍ സാക്ഷി. ഉപേക്ഷയെന്ന പുണ്യത്തെ ഭീരുത്വമായും കഴിവില്ലായ്മയായും ചിത്രീകരിക്കുന്ന ലോകത്ത്, നേടിയെടുക്കാനും സ്വന്തമാക്കാനുമുള്ള അവസരങ്ങഴോട് താല്പര്യം കാണിക്കാത്ത യേശു വേറിട്ടുനില്‍ക്കുന്നു. യേശുവിനെ ലോകം ആദരിക്കുന്നത് അവന്‍ നേടിയെടുത്തവയുടെ ധാരാളിത്തം കൊണ്ടല്ല, ഉപേക്ഷിച്ചവയുടെ ബാഹുല്യംകൊണ്ടാണ്.

യേശുവിന്‍റെ ഉപേക്ഷകളുടെ തീവ്രത നാം അനുഭവിക്കുന്നത് മരുഭൂമിയിലെ പരീക്ഷകളിലാണ്. മൂന്നുപരീക്ഷകളാണല്ലോ പ്രലോഭകന്‍ മുമ്പോട്ടു വയ്ക്കുക. മൂന്നും അതികഠിനം തന്നെ. മൂന്നിനെയും യേശു അതിജീവിച്ചത് ഉപേക്ഷകളിലൂടെയാണ്. ഒരു ക്രിസ്ത്യാനിക്ക് ഉപേക്ഷകള്‍ എങ്ങനെ ആത്മരക്ഷയ്ക്കുപകരിക്കുമെന്ന് ക്രിസ്തുവിന്‍റെ ഈ മരുഭൂമിയനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. നാല്പതുദിവസം നീണ്ടുനിന്ന ഉപവാസത്തിനൊടുവില്‍ വിശപ്പുമായി നില്ക്കുന്ന യേശുവിന്‍റെ മുമ്പിലേക്ക് ആദ്യത്തെ പ്രലോനം വളരെ തന്മയത്ത്വത്തോടെ അവതരിപ്പിച്ചു കൊണ്ട് പ്രലോഭകന്‍ എത്തുകയാണ്. ആര്‍ക്കും വേണ്ടാത്ത, ആരും ഉടമസ്ഥാവകാശം സ്ഥാപിക്കാത്ത, ആര്‍ക്കും നഷ്ടമുണ്ടാക്കാത്ത, ഈ വെറുംകല്ലുകളോട് അപ്പമാകാന്‍ പറയുക. മനോഹരമായ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ സമ്മാനംപോലുള്ള പ്രലോഭനം.

വിശപ്പുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അത് പല വിധത്തില്‍ പ്രത്യക്ഷപ്പെടാം. ശരീരത്തിലും മനസ്സിലും ചിന്തയിലുമെല്ലാം, പേരിനും പണത്തിനും സുഖത്തിനായി അത് കടന്നുവരും. നാം ഇവിടെ ഓര്‍ത്തിരിക്കേണ്ട ഒരു കാര്യമുണ്ട്, നമുക്ക് വിശക്കുമ്പോള്‍ അതറിഞ്ഞു വിശപ്പിനെ ശമിപ്പിക്കാന്‍ പ്രലോഭനങ്ങളുമായി വരുന്നവരെല്ലാം പഴയപ്രലോഭകന്‍ തന്നെയാണ്.

നാല്പത് ദിവസം ഭക്ഷിക്കാതെ പ്രാര്‍ഥിക്കാന്‍ കൃപ നല്കിയവന് ഒരുനേരത്തെ ഭക്ഷണം നല്‍കാന്‍ കഴിയുമെന്ന് യേശുവിനു വ്യക്തതയുണ്ടായിരുന്നു. ആരും അറിയുകയില്ല, ആരും കാണില്ല, ആര്‍ക്കും നോവില്ല എന്നെല്ലാം പറഞ്ഞുകൊണ്ട് നമ്മുടെ വിശപ്പുകളെ ശമിപ്പിക്കുവാനുള്ള പ്രലോഭനങ്ങളുമായി പ്രലോഭകന്‍ വരുമ്പോള്‍ നാം വീഴാതിരിക്കേണ്ടതു ണ്ട്.

എന്‍റെയും നിങ്ങളുടെയും ജീവിതത്തില്‍ ആരും അറിയില്ല, ആര്‍ക്കും നഷ്ടമുണ്ടാകില്ല, ആരും കാണുകപോലുമില്ല എന്നു പറഞ്ഞു കൊണ്ടു വിശപ്പുകളെ ശമിപ്പിക്കാനായി പല കല്ലുകളെയും അപ്പമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രലോഭകന്‍ സമീപിക്കും. ആരും അറിയില്ല എന്നുള്ളതാണ് അവന്‍ നമ്മുടെ മുമ്പില്‍ വയ്ക്കുന്ന പൊള്ളത്തരം. ഈ ലോകം മുഴുവന്‍ ചൂഴ്ന്നുനില്ക്കുന്ന സൃഷ്ടാവിന്‍റെ കണ്ണുകളില്‍നിന്നു ആര്‍ക്കാണ് മറഞ്ഞിരിക്കാന്‍ കഴിയുക?

രണ്ടാമതായി ഈശോയെ ജറുസലേം ദേവാലയാഗ്രത്തില്‍ കയറ്റിനിറുത്തിയിട്ട് പിശാച് താഴോട്ട് ചാടാനായി പ്രലോഭിപ്പിക്കുന്നു. മാലാഖമാര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്നാണ് പ്രലോഭകന്‍റെ ന്യായം. യഹൂദരുടെ ഏക ആരാധനാസ്ഥലമാണ് ജെറുസലേം ദേവാലയം. ഒത്തിരി ആളുകള്‍ എപ്പോഴും വന്നുപോകുന്ന സ്ഥലം. ആ ദേവാലയാഗ്രത്തിന്‍റെ മുകളില്‍നിന്നു താഴേക്ക് ചാടുകയും മാലാഖാമാരാല്‍ താങ്ങിനിറുത്തപ്പെടുകയും ചെയ്താല്‍ അത്, കാണുന്നവരില്‍ സൃഷ്ടിക്കുന്ന അത്ഭുതവും ആശ്ചര്യവും മുതലെടുക്കാം എന്നാണ് ഈ പ്രലോഭനത്തിന്‍റെ വ്യംഗ്യാര്‍ത്ഥം. താനൊരു അത്ഭുതമനുഷ്യനാണെന്നും അമാനുഷപ്രവൃത്തികള്‍ ചെയ്യാന്‍ സാധിക്കുമെന്നും തിരിച്ചറിയുന്ന ജനം തന്‍റെ പിന്നാലെ കൂടുമെന്നും വലിയ പ്രശസ്തിയും ആദരവും ലഭിക്കുമെന്നുമാണ് പ്രലോഭനം. പക്ഷെ പരീക്ഷണം നടത്തുന്നത് വിശ്വാസമില്ലാത്തവരാണെന്ന് അറിയുന്ന ഈശോ ആ പരീക്ഷണവും മറികടക്കുന്നു. പിശാച് ഉയര്‍ത്തുന്നതെല്ലാം നശിപ്പിക്കാന്‍ മാത്രമാണ്. പിശാചിനാല്‍ ഉയര്‍ത്തപ്പെട്ടാല്‍ നമ്മുടെ നിത്യമായ നാശം സുനിശ്ചിതമാണ്.

നമ്മുടെ ജീവിതത്തില്‍ പേരിനും പ്രശസ്തിക്കും നാം ചെയ്തു കൂട്ടുന്നതെല്ലാം അസ്ഥാനത്താണെന്നും നമ്മുടെ നൊവേന ഭ്രമവും ധ്യാനകേന്ദ്രപിക്നിക്കുകളും ദൈവത്തെ പരീക്ഷണവസ്തുവാക്കുന്നതില്‍നിന്നു നമ്മെ പിന്തിരിപ്പിക്കണമെന്നും യേശു ആഗ്രഹി ക്കുന്നുണ്ടാകും. വി. ബലിയില്‍ സജീവമായി പങ്കെടുക്കാതെ, യോഗ്യതയോടെ പ. കുര്‍ബാന സ്വീകരിക്കാതെ വി. അന്തോണിയുടെയും വി. യൂദായുടെയും നൊവേനക്കുവേണ്ടി ഓടുമ്പോള്‍ നമ്മുടെ വിശ്വാസം എത്രയോ ശോഷിച്ചതാണെന്നു നാം തിരിച്ചറിയുന്നില്ല. പ. കുര്‍ബാനയിലുള്ള മഹാത്ഭുതം കാണാതെ അതിനുവേണ്ടി ധ്യാനകേന്ദ്രങ്ങളിലേയ്ക്കു ബസ്സു പിടിക്കുമ്പോള്‍ ഞാന്‍ കസ്തൂരിമാനായി മാറുന്നു. എങ്ങനെയും പേരും പ്രശസ്തിയും ധനവും എല്ലാം നേടണമെന്ന അതിമോഹങ്ങളുപേക്ഷിച്ചു, നിസ്സാരനായ യേശുവിനെ അനുഗമിക്കുവാന്‍ ഈ നോമ്പുകാലം നമ്മോട് ആവശ്യ പ്പെടുന്നു.

മൂന്നാമത്തെ പ്രലോഭനം മലമുകളിലാണ്. ലോകത്തെ മുഴുവന്‍ കാണിച്ചുകൊടുത്തിട്ടു, തന്നെ കുമ്പിട്ടാരാധിച്ചാല്‍ ഇതെല്ലാം നല്‍കാമെന്ന് ഈശോയോട് പ്രലോഭകന്‍ പറയുന്നു. ഒരുപക്ഷെ ഈശോയ്ക്കുണ്ടായ ഏറ്റവും വലിയ പ്രലോഭനം ഇതായിരിക്കാം. ഈശോ വന്നത് ഈ ലോകം മുഴുവന്‍ നേടാനാണ്. പിതാവില്‍ നിന്ന് അത് തട്ടിയെടുത്തത് പിശാച് തന്നെയാണ്. ഇപ്പോള്‍ പിശാച് പറയുന്നു നീ എന്നെ കുമ്പിട്ടാരാധിച്ചാല്‍ ഇതെല്ലം നിനക്ക് തരാമെന്ന്. കുരിശുമരണമില്ലാതെ, പീഡാസഹനമില്ലാതെ, ഒറ്റപ്പെടലും തിരസ്കരണവുമില്ലാതെ, ലോകത്തെ വീണ്ടെടുക്കാനുള്ള ഉപായം സാത്താന്‍ ഈശോയുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. കൈ നനയാതെ മീന്‍പിടിക്കാനുള്ള അവന്‍റെ നിര്‍ദ്ദേശം അല്പം പരുഷമായിതന്നെ ഈശോ എതിര്‍ക്കുന്നു, അവനെ ആട്ടിയകറ്റുന്നു.

എന്‍റെ ജീവിതത്തിലും കഷ്ടപ്പാടുകളുണ്ട്, ദുരിതങ്ങളുണ്ട്, രോഗങ്ങളുണ്ട്, വേദനകളുണ്ട്. അതെന്‍റെ ജീവിതയാത്രയിലെ അനിവാര്യതയായി കാണാന്‍ കഴിയട്ടെ. കത്തിത്തീരാനും മുറിച്ചു നല്കാനും അതുവഴി ചുറ്റുമുള്ളവര്‍ക്ക് വെളിച്ചമാകാനും തെളിച്ചമേകാനും നമുക്ക് കഴിയട്ടെ. വേദനകളെയും സഹനത്തെയും മാറ്റിനിറുത്തുമ്പോള്‍ നാം പിശാചിന്‍റെ മൂന്നാമത്തെ പ്രലോഭനത്തെ അതിജീവിക്കാനാകാതെ, കുരിശുകളെ, ത്യാഗത്തെ ഉപേക്ഷിക്കുന്നവര്‍ ആകുന്നു. ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ ഇവിടെ സ്മരണാര്‍ഹമാണ്. കുരിശില്ലാതെ നാം യാത്ര തുടരുമ്പോള്‍, കുരിശില്ലാതെ നാം പടുത്തുയര്‍ത്തുമ്പോള്‍ കുരിശില്ലാതെ നാം ഒരു ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുമ്പോള്‍ നാം കര്‍ത്താവിന്‍റെ ശിഷ്യരല്ല.

നിരാസങ്ങള്‍ എന്നും ക്രിസ്ത്വാന്വേഷകന് ഒരു മാര്‍ഗദീപമായിരുന്നു. തീവ്രമായ ദൈവാനുഭവങ്ങള്‍ക്കു വേണ്ടി മരുഭൂമിയിലേക്കോടിയവരുടെയും മതില്‍കെട്ടിനകത്തേക്ക് ചുരുങ്ങിയവരുടേയും ഒരു നിരതന്നെ നമുക്ക് മുന്നിലുണ്ട്. അവര്‍, നിരാസങ്ങളെ ഉപാസനകള്‍ ആക്കിയവര്‍.

ഉപേക്ഷിക്കേണ്ട വിശപ്പുകളെ തിരിച്ചറിയാനും കുരിശുകളെ മാറോടുചേര്‍ക്കാനും ഈ നോമ്പുകാലം നമ്മെ ഒരുക്കട്ടെ. ക്രിസ്തു ഉയിര്‍പ്പിക്കപ്പെടേണ്ടത് നമ്മുടെ ഹൃദയത്തിലാണ്. പാപത്തിന്‍റെയും തിന്മയുടെയും പാറക്കല്ലുകള്‍ ഉരുട്ടിമാറ്റി യേശു ജീവിതത്തില്‍ ഉത്ഥിതനാകുന്ന ഒരു അനുഭവമായി ഉയിര്‍പ്പ് തിരുന്നാള്‍ മാറട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org