സ്നേഹത്തോടെ ദൈവത്തോടൊപ്പം

സ്നേഹത്തോടെ ദൈവത്തോടൊപ്പം

സുജാ മോൾ

ക്രൈസ്തവന്‍റെ ഏറ്റവും വലിയ തിരുനാളായ ഉയിര്‍പ്പുതിരുനാളിന്‍റെ ഒരുക്കത്തിലാണു നമ്മള്‍. അമ്പതു ദിവസത്തെ നോമ്പും പ്രാര്‍ത്ഥനയും ഉപവാസവും ഒക്കെയായി ഉയര്‍പ്പുതിരുനാള്‍ ആഘോഷിക്കാന്‍ നാം ഒരുങ്ങുന്നു. ദൈവസ്നേഹത്തെ അറിഞ്ഞും അനുഭവിച്ചും അവിടുത്തോടുകൂടെ ആയിരിക്കേണ്ടതാണ് ഒരു ക്രൈസ്തവന്‍റെ ജീവിതം എന്ന് നോമ്പിന്‍റെ ഈ നാളുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പിതാവായ ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ പാരമ്യമാണു മാനവരക്ഷയുടെ വീണ്ടെടുപ്പിനു കാലിത്തൊഴുത്തില്‍ പിറവിയെടുത്ത ഉണ്ണിയേശു. തൊണ്ണൂറ്റിയൊമ്പതിനെയും വിട്ട് നഷ്ടപ്പെട്ട ഒന്നിനെ തേടുന്ന ആ സ്നേഹം പരിധികളും അളവുകളുമില്ലാത്തതാണ്. "എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (യോഹ. 3:16). അത്രമേല്‍ നമ്മെ സ്നേഹിച്ച പിതാവ് തന്‍റെ പുത്രനെ എത്രമാത്രം സ്നേഹിച്ചിട്ടുണ്ടാകും? നമ്മില്‍ ഒരുവന്‍ പോലും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ആ പുത്രനെ നല്കിയ ദൈവപിതാവിന്‍റെ സ്നേഹം. ആ ദൈവസ്നേഹത്തിലേക്കാണ് അവിടുന്നു നമ്മെ വിളിക്കുന്നത്. ആ സ്നേഹം നുകര്‍ന്ന് അതില്‍ വളര്‍ന്ന് അതു പകര്‍ന്നു നല്കുവാനാണ് ഈ നാളുകള്‍ നമ്മോടാവശ്യപ്പെടുന്നത്. സ്നേഹപിതാവിന്‍റെ സ്നേഹസമ്മാനമായ പുത്രന്‍ നമ്മെ പഠിപ്പിക്കുന്നതും സ്നേഹംതന്നെയാണ്. സ്നേഹത്തിന്‍റെ പുതിയ പ്രമാണവുമായിട്ടാണ് അവന്‍ ലോകത്തിലേക്കു വന്നത്. "ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍" (യോഹ. 13:35).

അവനെപ്പോലെ സ്നേഹിക്കാന്‍: ബെത്ലഹേമില്‍ പിറന്ന ആ സ്നേഹത്തിന്‍റെ പാരമ്യം നാം കാണുന്നതു കാല്‍വരിക്കുരിശിലെ മൂന്നാണികളിലാണ്. അവിടംകൊണ്ടും അവസാനിക്കാത്ത ആ സ്നേഹം ദിവ്യകാരുണ്യമായി നമ്മോടൊപ്പം ഇന്നും വസിക്കുന്നു. താന്‍ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കാന്‍ പറയുമ്പോള്‍ അവന്‍ കാണിച്ചുതന്ന സ്നേഹത്തിന്‍റെ പാഠം പഠിക്കുക എന്നുതന്നെയാണ് ഉദ്ദേശിക്കുന്നത്. സാബത്തില്‍ രോഗസൗഖ്യം നല്കിക്കൊണ്ടു സാബത്തിനെ അതിലംഘിക്കുന്ന മനുഷ്യസ്നേഹത്തിന്‍റെ വ്യാപ്തി യേശു നമുക്കു കാണിച്ചുതന്നു. 'ഞാനും നിന്നെ വിധിക്കുന്നില്ലെന്ന്' പറഞ്ഞ് അന്നുവരെയുണ്ടായിരുന്ന വിധിന്യായങ്ങള്‍ക്ക് മീതെ അവന്‍ സ്നേഹത്തിന്‍റെയും കരുണയുടെയും കയ്യൊപ്പ് ചാര്‍ത്തി. കൂടെ ഉണ്ടും ഉറങ്ങിയും തോളത്തു കയ്യിട്ടു നടന്നവന്‍ 'ഞാനിവനെ അറിയില്ലെന്ന്'പറഞ്ഞിട്ടും തന്‍റെ സാമ്രാജ്യത്തിന്‍റെ താക്കോല്‍ അവന്‍റെ കയ്യില്‍ കൊടുത്തുകൊണ്ടു കാണിച്ച സ്നേഹം. വിശന്നുവലഞ്ഞ ജനക്കൂട്ടത്തോട് അനുകമ്പ തോന്നി അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ ഊട്ടിയ സ്നേഹം. കപടചുംബനത്താല്‍ തന്നെ ഒറ്റിയവനെ 'സ്നേഹിതാ' എന്നു വിളിച്ച സ്നേഹം. തന്‍റെ വേദന മറന്ന് ഓര്‍സ്ലേം സ്ത്രീകളെ ആശ്വസിപ്പിച്ച ഈശോയുടെ സ്നേഹം. ഒടുവില്‍ ഇവരോടു പൊറുക്കണമേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടു പഠിപ്പിച്ച ശത്രുസ്നേഹത്തിന്‍റെയും ക്ഷമിക്കുന്ന സ്നേഹത്തിന്‍റെയും പാഠങ്ങള്‍. ഈ പാഠങ്ങളാണു നമ്മള്‍ പഠിക്കേണ്ടത്. ഈ സ്നേഹത്തിലാണു നാം വളരേണ്ടത്. സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിയുന്നില്ല. ഈശോ സ്നേഹിച്ചതുപോലെ സ്നേഹിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാം ദൈവത്തെ അറിയാത്തവരായി മാറും. സ്നേഹംതന്നെയായ ദൈവത്തോടൊപ്പം വസിക്കാന്‍ കഴിയുമ്പോഴാണു നമ്മുടെ ഉപവാസം അര്‍ത്ഥവത്താകുന്നത്. ഈശോയില്‍ നിന്നു പഠിച്ച സ്നഹത്തിന്‍റെ പാഠമുള്‍ക്കൊണ്ടു ജീവിക്കാതെയുള്ള നമ്മുടെ ഉപവാസം തീര്‍ത്തും നിരര്‍ത്ഥകമാണ്.

ദൈവത്തോടൊപ്പമായിരിക്കാം: ഞങ്ങള്‍ എന്തിന് ഉപവസിച്ചു? അങ്ങുന്ന് കാണുന്നില്ലല്ലോ? ഞങ്ങള്‍ എന്തിനു ഞങ്ങളെത്തന്നെ എളിമപ്പെടുത്തി? അങ്ങ് അത് ശ്രദ്ധിക്കുന്നില്ലല്ലോ? (ഏശ. 58:3) ഈ വിധം നമ്മളും പലപ്പോഴും പരിതപിക്കാറുണ്ട്. നന്മ ചെയ്യാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന ഈശോയുടെ സ്നേഹം നമ്മിലില്ലെങ്കില്‍ നമ്മള്‍ ഇത്തരത്തില്‍ വിലപിക്കേണ്ടതായി വരും. സ്വന്തം സുഖം മാത്രം നോക്കി അപരന്‍റെ വേദനകള്‍ക്കു മുമ്പില്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന നമ്മുടെ നോമ്പിലും ഉപവാസത്തിലും സ്വര്‍ഗം പ്രസാധിക്കില്ലെന്നു വചനം വ്യക്തമാക്കുന്നുണ്ട്. "ഉപവസിക്കുമ്പോള്‍ നിങ്ങള്‍ സ്വന്തം സുഖമാണു തേടുന്നത്. നിങ്ങളുടെ വേലക്കാരെ നിങ്ങള്‍ പീഡിപ്പിക്കുന്നു. കലഹിക്കുന്നതിനും ശണ്ഠ കൂടുന്നതിനും ക്രൂരമായി മൂഷ്ടികൊണ്ടു ഇടിക്കുന്നതിനും മാത്രമാണോ നിങ്ങള്‍ ഉപവസിക്കുന്നത്? നിങ്ങളുടെ സ്വരം ഉന്നതത്തിലെത്താന്‍ ഇത്തരം ഉപവാസം ഉപകരിക്കുകയില്ല. ഇത്തരം ഉപവാസമാണോ ഞാന്‍ ആഗ്രഹിക്കുന്നത്? (ഏശ. 58:3-5).

അപരനില്‍ ദൈവത്തെ കാണാന്‍ കഴിയാതെ നാം എത്ര ഉപവസിച്ചിട്ടും കാര്യമില്ലെന്നു വചനം വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യനില്‍ ദൈവത്തെ കാണാനും സ്നേഹിക്കുവാനും സേവിക്കുവാനും നമുക്കു കഴിയണം. നമ്മുടെ ഹൃദയത്തിലെ ദുഷ്ടതയും തിന്മയും എല്ലാം ഒഴിവാക്കി നന്മയില്‍ വളരാന്‍ നാം തയ്യാറാകണം. അങ്ങനെ നാം അനുഷ്ഠിക്കുന്ന ഉപവാസമാണു ദൈവം നമ്മില്‍നിന്ന് ആഗ്രഹിക്കുന്നത്. യഥാര്‍ത്ഥ ഉപവാസം എന്താണെന്നു വചനത്തിലൂടെ അവിടുന്നു നമുക്കു കാണിച്ചുതരുന്നുണ്ട്. ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്‍റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം. വിശക്കുന്നവരുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്? (ഏശ. 58: 6-1). ഹൃദയവിശുദ്ധിയുള്ളവരായി അപരനില്‍ പരനെ കണ്ടു സേവിച്ചു ജീവിക്കുന്നതാണു യാഥാര്‍ത്ഥ ഉപവാസം എന്ന് അവിടുന്നു പഠിപ്പിക്കുന്നു. പ്രായശ്ചിത്തത്തിന്‍റെയും പരിത്യാഗത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും സ്നേഹത്തിന്‍റെയും ജീവിതം നയിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നതാവണം ഈ നാളുകളിലെ നമ്മുടെ ഒരുക്കങ്ങള്‍. അവനോടുള്ള സ്നേഹമാവണം നമ്മെ ഇതിനു പ്രേരിപ്പിക്കുന്നത്. കേവലം അമ്പതു നാളുകളിലൊതുങ്ങേണ്ടതല്ല നമ്മുടെ പുണ്യജീവിതം. നമ്മുടെ ആയുസ്സ് മുഴുവന്‍ പുണ്യത്തില്‍ ഉത്തരോത്തരം വളരുവാന്‍ ഊര്‍ജ്ജം പകരുന്ന ഒരുക്കത്തിന്‍റെ നാളുകളാണിത്. 'ഈ ചെറിയവരില്‍ ഒരുവന് ചെയ്തപ്പോള്‍ എനിക്കുതന്നെയാണു ചെ യ്തതെന്ന' അവിടുത്തെ വാക്കുകളെ നാം ഓരോ നിമിഷവും ധ്യാനിക്കേണ്ടതുണ്ട്. പുണ്യത്തില്‍ വളരാനും ദൈവത്തോടൊപ്പമായിരിക്കുവാനും ഈ വാക്കുകള്‍ നമുക്കു പ്രചോദനവും കരുത്തും പകരും.

നമ്മോടുള്ള സ്നേഹത്തെ പ്രതി കഠിനമായ പീഡകളേറ്റ് കുരിശുമരണം വരിച്ചവനാണ് ഈശോ. നമ്മുടെ ജീവിതത്തിലെ സഹനങ്ങളും പീഡകളും കാല്‍വരിയില്‍ ഈശോ വഹിച്ച കുരിശോടു ചേര്‍ത്തു വഹിക്കാന്‍ നമുക്കു കഴിയണം. പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ആ കുരിശ് നമുക്കു കരുത്തു പകരും. ദൈവത്തോടു ചേര്‍ന്നു വഹിക്കേണ്ട കുരിശുകള്‍ ഒറ്റയ്ക്കു വഹിക്കുമ്പോള്‍ അതു നമുക്കു സഹനമായി അനുഭവപ്പെടും. അവിടുത്തോടു ചേര്‍ന്നു വഹിക്കുന്ന ആ ഭാരം നമുക്കു സഹനത്തിനപ്പുറം സ്നേഹമായി മാറും. ഈശോയ്ക്ക് നമ്മോടുള്ള സ്നേഹമാണു കാല്‍വരിയില്‍ അവിടുന്നു പ്രകടമാക്കിയത്. ആ സ്നേഹത്തിലേക്കു വളരണമെങ്കില്‍ നമുക്കും നമ്മുടെ ചുറ്റുമുള്ളവര്‍ക്കായി ജീവിക്കാന്‍ സാധിക്കണം. മറ്റുള്ളവര്‍ക്കു നന്മ ചെയ്യാനും അപരനുവേണ്ടി സഹിക്കാനും ത്യജിക്കാനും നമ്മള്‍ തയ്യാറാകണം. അങ്ങനെ അവന്‍റെ സഹനത്തിലും അപമാനത്തിലും കുരിശുമരണത്തിലും നമുക്കും പങ്കുപറ്റാനാകും. എങ്കില്‍ മാത്രമേ ഈശോയോടൊപ്പം ഉത്ഥാനത്തിന്‍റെ മഹത്ത്വത്തിലേക്കു പ്രവേശിക്കാന്‍ നമുക്കു കഴിയുകയുള്ളൂ. മരണത്തെ ജയിച്ച് ഉത്ഥാനം ചെയ്ത യേശുവിലുളള വിശ്വാസത്തിലേക്കു വളരുവാനും അവന്‍ പകരുന്ന പ്രത്യാശ നുകര്‍ന്നു ജീവിക്കാനും അവന്‍റെ സനേഹം അനുഭവിച്ചു സ്നേഹമായി തീരുവാനുമുള്ളതാകണം ഇനിയുള്ള നമ്മുടെ ജീവിതം. ഉത്ഥിതനായ യേശുവില്‍ വിശ്വസിച്ച് ആ വിശ്വാസം ഏറ്റുപറയുന്ന പ്രഘോഷകരായി നാം മാറണം. പ്രായശ്ചിത്തത്തിന്‍റെയും പരിത്യാഗത്തിന്‍റെയും ഈ നാളുകള്‍ അതിനുള്ള ശക്തി നമുക്കു പകര്‍ന്നു നല്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org