“ഓര്‍മ്മകളുടെ മാമ്പഴക്കാലം”

“ഓര്‍മ്മകളുടെ  മാമ്പഴക്കാലം”

ജോസ് മാത്യു മൂഴിക്കുളം

ഓര്‍മ്മകളുടെ ഒരു അഡാര്‍ ചെപ്പേടുതന്നെ വേദപുസ്ത കം. താളുകള്‍ നിറയെ ഓര്‍മ്മപ്പെടുത്തലുകള്‍! അനുസരണക്കേട് കാട്ടരുതെന്നുള്ള ഓര്‍മ്മപ്പെടുത്തലോടെ ആ സ്മൃതിഗ്രന്ഥത്തിന്‍റെ ചുരുളുകള്‍ നിവര്‍ന്നു തുടങ്ങുന്നു. ഒരു നൊമ്പരമായി ആദവും ഹവ്വായും നമ്മുടെ ഓര്‍മ്മകളില്‍ നിറയുന്നു. സഹോദരഘാതകനായിരുന്നിട്ടുകൂടി ആരാലും നോവിക്കപ്പെടാതിരിക്കാന്‍ വേണ്ടി മാത്രം കായേന്‍റെ നെറ്റിമേല്‍ ചാര്‍ത്തപ്പെടുന്ന സ്നേഹമുദ്ര കണ്ടു നമ്മുടെ അന്തഃരംഗം പുളകിതമാകുന്നു. ഈ അടയാളം കാണുന്നവരെല്ലാം ദൈവത്തിന്‍റെ അനന്തകാരുണ്യത്തെക്കുറിച്ചാണു തുടര്‍ന്ന് ഓര്‍മ്മിക്കുക. നൊസ്സ് ഉള്ളവനെന്നു സമൂഹം ആദ്യം പരിഹസിച്ച ആ നോഹയുമായിട്ടുപോലും സാക്ഷാല്‍ ഉടയവന്‍ ചെയ്ത ഉടമ്പടിയുടെ അടയാളുമാകുന്നു ആകാശവിതാനങ്ങളില്‍ ഇപ്പോഴും വര്‍ണവിസ്മയമാകുന്ന മഴവില്ല്. വാനില്‍ മഴവില്ലുദിക്കുമ്പോള്‍ പ്രപഞ്ചത്തെ കാത്തുപാലിക്കുന്ന പൊന്നുതമ്പുരാനെ മാത്രമാണിനി ഓര്‍മ്മിക്കേണ്ടത്. ശരീരത്തിലെ പൊക്കിള്‍ കാണുമ്പോള്‍ പ്രപഞ്ചത്തിലേക്കുള്ള നമ്മുടെ വാതായനമായ ജനനിയെ ഓര്‍മ്മിക്കേണ്ടതുപോലെതന്നെ.

പഴയനയിമ വചനഭാഗങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് യേശു പ്രലോഭകനെ തോല്പിക്കുന്നതെന്നുള്ളതു സ്മരണീയമാണ്. "ഇതൊന്നും നിങ്ങള്‍ വായിച്ചിട്ടില്ലല്ലോ" എന്ന ഓര്‍മ്മപ്പെടുത്തലോടെയായിരുന്നു അവിടുത്തെ പ്രബോധനങ്ങള്‍. അവന്‍റെ ഓരോ പ്രവര്‍ത്തനങ്ങളും ഗതകാലങ്ങളിലേക്കുള്ള കൂട്ടിക്കൊണ്ടുപോകലായിരുന്നു. "വര്‍ദ്ധിപ്പിച്ച അപ്പം ജനങ്ങളെല്ലാം ഭക്ഷിച്ചു തൃപ്തരായതിനുശേഷം അന്ന് നിങ്ങള്‍ എത്ര കുട്ടയാണു ശേഖരിച്ചത്?" എന്നൊക്കെയുള്ള കുഞ്ഞുകുഞ്ഞു ചോദ്യങ്ങളിലൂടെ അവരുടെ സ്മൃതിയുടെ ഉല ഊതിക്കത്തിക്കുകയായിരുന്നു അവിടുന്ന്. "ഇതെന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍" എന്ന കാലാതീതവും സ്നേഹത്തില്‍ രക്തം ചാലിച്ചെഴുതിയതുമായ ആഹ്വാനം നല്കുക വഴി ഓര്‍മ്മകളെ കാല്‍വരിക്കുന്നിന്‍റെ നെറുകയില്‍ എന്നന്നേയ്ക്കുമായി നാട്ടുകയായിരുന്നു അവിടുന്ന്.

ഓര്‍മ്മകളുടെ പെരുമഴക്കാലം ആസ്വദിക്കണമെന്നും അതില്‍ ജീവിക്കണമെന്നും ശക്തമായി ആഹ്വാനം ചെയ്യുന്ന പൊന്നുതമ്പുരാന്‍ ബോധപൂര്‍വം തന്നെ ഓര്‍മ്മയുടെ ഒരു വാതില്‍ നമ്മോടു കൊട്ടിയടയ്ക്കുവാന്‍ ആവശ്യപ്പെടുന്നുണ്ട്; അല്പം പരുഷമായിട്ടുതന്നെ. അതു നമ്മുടെ പാപത്തിലേക്കുള്ള വാതിലാകുന്നു. "പൊയ്ക്കൊളളുക, ഇനിമേലില്‍ പാപം ചെയ്യരുത്" (യോഹ. 8:11) എന്ന താക്കീത് അവിടുന്ന് ആവര്‍ത്തിക്കുന്നതായി കാണാം.

ഓര്‍മ്മകളെക്കുറിച്ചാണു പറഞ്ഞുതുടങ്ങിയത്. നോമ്പുകാലം ഒരു വലിയ ഓര്‍മ്മക്കാലംതന്നെ. യേശുവിന്‍റെ പീഡാനുഭവത്തെക്കുറിച്ചു ധ്യാനിക്കുന്ന നാളുകള്‍! ഭൂതകാലത്തില്‍ പ്രഭാവതന്തുക്കളാല്‍ ഭൂതിമത്തായൊരു ഭാവിയെ നെയ്യേണ്ട കാലം – വള്ളത്തോള്‍ നാരായണമേനോന്‍ പാടിയത് സത്യമാക്കേണ്ട കാലം.

യേശു തന്‍റെ ക്രൂശാരോഹണത്തിനു മുന്നോടിയായിട്ടാണു കഠിനമായ ഉപവാസനാളുകളിലൂടെ കടന്നുപോകുന്നത്. മരണത്തെയല്ല ഉയിര്‍പ്പിനെയാണു നാം ധ്യാനിക്കേണ്ടതെന്നര്‍ത്ഥം. മാത്രവുമല്ല യേശുവിന്‍റെ പീഡാസഹനവും കുരിശുമരണവും സംഭവിച്ചുകഴിഞ്ഞ രക്ഷാകരയാഥാര്‍ത്ഥ്യങ്ങളായതിനാല്‍ ഇനി ക്രിസ്തുവിന്‍റെ രണ്ടാം വരവിനായിട്ടാണു നമുക്ക് ഒരുങ്ങുവാനുള്ളത്. ക്രിസ്തുവിനോടുകൂടി മഹത്ത്വത്തിലേക്കുള്ള ആ സ്വര്‍ഗീയ പ്രവേശനത്തിനു തടസ്സമായി ഇനിയും എന്നില്‍ ശേഷിക്കുന്ന കളകളും മുള്‍പ്പടര്‍പ്പുകളും മാറ്റേണ്ട കാലമല്ലേ നോമ്പുകാലം? "ഭക്ഷണക്കൊതിയനെങ്കില്‍ നീ നിയന്ത്രണം പാലിക്കണം" (സുഭാ. 23:2) എന്നു വേദപുസ്തകം പഠിപ്പിക്കുന്നു. നോമ്പുകാലത്തു നാം ചെയ്തുകൊണ്ടിരിക്കുന്ന ഉപവാസം നല്ല കാര്യംതന്നെ. ഓര്‍ക്കുക – മൂലപാപങ്ങളില്‍ ഒന്നു മാത്രമാണു കൊതി. അഹങ്കാരവും ദ്രവ്യാഗ്രഹവും മോഹവും കോപവും അസൂയയും മടിയും മൂലപാപങ്ങളായതിനാല്‍ അവയെ വേരോടെ പി ഴുതെറിയുകയും ചുട്ടെരിക്കുകയും ചെയ്യേണ്ട നാളുകള്‍ കൂടിയാണിത്. എങ്കില്‍ മാത്രമേ ഉത്ഥിതനോടൊപ്പം ഉയിര്‍ത്തെഴുന്നേല്ക്കാന്‍ നമുക്കു കഴിയൂ.

ജോര്‍ജ് സാന്തിയാന എന്ന ചിന്തകന്‍ പറഞ്ഞതുപോലെ 'Those who do not remember the past are condemned to repeat it' – ഭൂതകാലത്തിന്‍റെ ഓര്‍മ്മ സൂക്ഷിക്കാത്തവര്‍ അത് ആവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. "ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശദ്ധാത്മാവില്‍ പങ്കുകാരാകുകയും ദൈവവചനത്തിന്‍റെ നന്മയും വരാനിരിക്കുന്ന യുഗത്തിന്‍റെ ശക്തിയും രുചിച്ചറിയുകയും ചെയ്യുന്നവര്‍ വീണ്ടും വീണുപോവുകയാണെങ്കില്‍ അവരെ അനുതാപത്തിലേക്കു പുനരാനയിക്കുക അസാദ്ധ്യമാണ്. കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്സാ അധിക്ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു" (ഹെബ്രാ. 6:46).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org