നോമ്പുകാല ചിന്തകള്‍

സി. മെര്‍ളിന്‍ ജേക്കബ് MLF
സുപ്പീരിയര്‍ ജനറല്‍

പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കി ദൈവമെ, എനിക്ക് തെറ്റു പറ്റിപ്പോയി എന്ന് ഏറ്റു പറയുവാനും പരിത്യാഗത്തിന്‍റെയും പരിചിന്തനത്തിന്‍റെയും നാള്‍വഴികളിലൂടെ നടന്നുനീങ്ങുവാനും തിരുസഭ നമ്മെ നയിക്കുന്ന കാലമാണ് നോമ്പുകാലം. പാപവഴികള്‍ ഉപേക്ഷിച്ച് ദൈവകാരുണ്യത്തിന്‍റെ വഴിയെ യാത്ര ചെയ്യാന്‍ സഭ നമ്മെ ഓര്‍മ്മപ്പെടുത്തുന്ന കാലം. ഉപവാസവും പ്രാര്‍ത്ഥനയും ദാനധര്‍മ്മവും വഴി ദൈവത്തെ പ്രസാദിപ്പിക്കേണ്ട കാലം. നമ്മുടെ ഊണുമേശകള്‍ ദരിദ്രമാക്കികൊണ്ട് ദാനം ചെയ്യേണ്ട കാലം. പിതൃസ്നേഹത്തില്‍നിന്നും കുതറിയോടി സര്‍വ്വതും നഷ്ടപ്പെടുത്തി പാപത്തിന്‍റെ പന്നിക്കുഴിയില്‍ നിന്നും തിരികെവരുന്ന പുത്രനെ ഇരുകൈകളും നീട്ടി മാറോടു ചേര്‍ത്താശ്ലേഷിക്കുന്ന പിതൃകാരുണ്യം ധൂര്‍ത്തപുത്രനെപ്പോലെ നാമും അനുഭവിച്ചറിയണം. തൊണ്ണൂറ്റിയൊന്‍പത് ആടുകളെയും മരുഭൂമിയില്‍ വിട്ടിട്ട് നഷ്ടപ്പെട്ട ഒന്നിനെ തേടിപ്പോകുന്ന ഇടയന്‍ അതിനെ കണ്ടെത്തുമ്പോള്‍ കോരിയെടുത്ത് തോളിലേറ്റുന്ന അലിവുനിറഞ്ഞ ആ വലിയ കാരുണ്യത്തിന്‍റെ മുമ്പിലേക്ക് നമ്മുടെയൊക്കെ പാപപങ്കിലമായ ജീവിതത്തെ ചേര്‍ത്തു വച്ച് "ദൈവമെ ഞങ്ങളോട് കരുണ കാണിക്കണമെ"യെന്ന് ഹൃദയത്തില്‍ നമുക്കും ഏറ്റുപറയാം.

തിരുസഭയിന്ന്, വലിയ പ്രതിസന്ധിയിലാണ്. ദൈവജനം ഇന്ന് ആകുലതയിലാണ്. പ്രളയദുരന്തവും പകര്‍ച്ചവ്യാധികളും കൊറോണഭീതിയും നിമിത്തം ലോകമിന്ന് ദൈവമെ എന്ന് ഉറക്കെ നിലവിളിക്കുന്ന സമയമാണ്. "ആത്മാര്‍ഥമായ മനസ്താപത്തോടുകൂടെ ഉപവാസമനുഷ്ഠിച്ചുകൊണ്ടും കണ്ണുനീര്‍ ചിന്തിക്കൊണ്ടും പൂര്‍ണ്ണഹൃദയത്തോടെ നിങ്ങള്‍ എന്‍റെ അടുക്കലേക്ക് മടങ്ങി വരുവിന്‍. അവിടുന്ന് മനസ്സുമാറ്റി ശിക്ഷ പിന്‍വലിച്ചേക്കാം" (ജോയേല്‍ 2:12) അതെ ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും പ്രായശ്ചിത്തത്തിനുമൊക്കെ വിലയുണ്ടെന്ന് മനുഷ്യന്‍ മനസ്സിലാക്കി കര്‍ത്താവിലേക്ക് തിരികെ വരാന്‍ ഇന്നത്തെ ദുരന്തങ്ങള്‍ നമ്മെ സഹായിക്കുന്നു. ജീവിതത്തില്‍ ഏതു ദുരിതത്തിലാണ് നാം കഴിയുന്നതെങ്കിലും ദൈവം അറിയാതെ സംഭവിച്ച ദുരിതത്തിലൂടെയല്ല നമ്മള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ദുരിതം അനുവദിച്ച ദൈവത്തിന്‍റെ കയ്യില്‍ ദുരിതത്തിന്‍റെ പരിഹാരവുമുണ്ടെന്ന് ദൈവമക്കളായ നാം വിശ്വസിക്കണം.

ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കാതെയും നുകത്തിന്‍റെ കയറുകള്‍ അഴിക്കാതെയും മര്‍ദ്ദിതരെ തുറന്നുവിടാതെയും എല്ലാ നുകങ്ങളും ഒടിക്കാതെയും (ഏശയ്യ 58/6) കുരിശിന്‍റെ വഴി നടത്തി സമാധാനിക്കുന്നവരും ഭക്ഷണം ഉപേക്ഷിച്ചും പ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്തും നോമ്പില്‍ സംതൃപ്തിയടയുന്നവരും ഇന്ന് ഏറെയാണ്. ഇവിടെയാണ് നിങ്ങളുടെ വസ്ത്രമല്ല ഹൃദയമാണ് കീറേണ്ടത് എന്ന പ്രവാചക വചനത്തിന് പ്രസക്തിയുണ്ടാകുന്നത്. മനുഷ്യന്‍റെ ദുഷ്ടതയും അസൂയയും സ്വാര്‍ത്ഥതയും അഹങ്കാരവും കോപവും ജഡികതയുമൊന്നും ഉപേക്ഷിക്കാതെ മത്സ്യ മാംസാദികള്‍ മാത്രമുപേക്ഷിക്കുന്ന നോമ്പിന് എന്തു പ്രസക്തിയാണുള്ളത്? ഇങ്ങനെയുള്ളവരെ നോക്കി ഈശോ പറയും നിങ്ങളുടെ ഹൃദയം എന്നില്‍ നിന്ന് വളരെ അകലെയാണെന്ന്. ശരിക്കുള്ള അനുതാപവും മാനസാന്തരവും അവഗണിച്ച് ചില ത്യാഗങ്ങളിലും കര്‍മ്മങ്ങളിലും മാത്രം നോമ്പിനെ ഒതുക്കി നിര്‍ത്താതെ ക്രൂശിതനായ മിശിഹായെ ധ്യാനിച്ചുകൊണ്ട് നന്മയില്‍ മുന്നേറാനും ഈ നോമ്പുകാലം നമ്മെ ആഹ്വാനം ചെയ്യുന്നു. എല്ലാം കാണുന്ന ഒരു ദൈവമുണ്ട് എന്ന തിരിച്ചറിവിലേക്ക് നമുക്ക് കടന്നു വരാം. നന്മയും തിന്മയും എല്ലാം ദൈവം കാണുന്നുണ്ട്. ഒന്നും ദൈവത്തിന്‍റെ കണ്ണില്‍നിന്നും മറച്ചുവയ്ക്കാന്‍ കഴിയില്ല. എന്നെ സദാ കണ്ടുകൊണ്ടിരിക്കുന്ന ഒരു ദൈവമുണ്ടെന്നും ആ ദൈവത്തെ മറച്ചുവെച്ച് ഒന്നും ചെയ്യാന്‍ കഴിയുകയില്ലെന്നുമുള്ള തിരിച്ചറിവിന്‍റെ പേരാണ് ദൈവഭയം. ഈ തിരിച്ചറിവു വന്നാല്‍ ഒരിക്കലും നാം തെറ്റു ചെയ്യുകയില്ല. ഒരു തെറ്റു ചെയ്താല്‍ ഒരു ഭാരവും ഹൃദയത്തിലൊരു വേദനയും വരും. നമുക്ക് ദൈവഭയത്തോടെ ജീവിക്കാം.

കേരള സഭയ്ക്ക് ഈ നോമ്പുകാലം ആത്മപരിശോധനയുടേതാകട്ടെ. വന്നുപോയ കുറവുകള്‍ തിരിച്ചറിഞ്ഞ് കൂടുതല്‍ കൃപയോടെ സുവിശേഷവത്ക്കരണത്തിലേക്ക് ഇറങ്ങി പുറപ്പെടുവാനുള്ള ഊര്‍ജ്ജം ഈ നോമ്പുകാലത്തിലൂടെ നേടാന്‍ കഴിയണം. നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യുവാനും സഭയ്ക്കെതിരെയും ജീവനെതിരെയുമുളള സാത്താന്‍റെ പ്രചരണങ്ങള്‍ കൂടുതല്‍ ശക്തമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും പരിഹാരം ചെയ്യുവാനും ഈ നോമ്പുകാലം നമുക്ക് സഹായകമാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org