Latest News
|^| Home -> Pangthi -> നോമ്പുകാല ചിന്തകൾ -> നോമ്പുകാല ചിന്തകള്‍

നോമ്പുകാല ചിന്തകള്‍

Sathyadeepam

സി. സെലസ്റ്റിന്‍ ഫ്രാന്‍സിസ് ASMI
സുപ്പീരിയര്‍ ജനറല്‍

“ഇതാ നമ്മള്‍ ജറുസലേമിലേയ്ക്കു പോകുന്നു! മനുഷ്യപുത്രന്‍ പ്രധാനപുരോഹിതന്മാര്‍ക്കും നിയമജ്ഞര്‍ക്കും ഏല്പിക്കപ്പെടും. അവര്‍ അവനെ മരണത്തിന് വിധിക്കുകയും വിജാതീയര്‍ക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യും (മത്താ. 20:18-19). ഈശോ താന്‍ അനുഭവിക്കാന്‍ പോകുന്ന പീഡാനുഭവങ്ങളെപ്പറ്റി ശിഷ്യര്‍ക്ക് മുന്നറിയിപ്പു കൊടുക്കുകയാണിവിടെ. തനിയ്ക്കു സംഭവിക്കാന്‍ പോകുന്ന പീഡാസഹനങ്ങള്‍ ഈശോയുടെ ദൈവികസത്ത അവിടത്തേയ്ക്ക് വെളിവാക്കി നല്കുമ്പോള്‍ ആ വേദനയില്‍ ഒരല്പം ആശ്വാസത്തിനായി ഈശോയിലെ മാനുഷികസത്ത ആഗ്രഹിക്കുന്നു. “ജറുസലേം, ജറുസലേം പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുത്തേയ്ക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളെ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ചേര്‍ത്തു പിടിക്കും പോലെ നിന്‍റെ സന്താനങ്ങളെ ഒന്നിച്ചു ചേര്‍ക്കുന്നതിന് ഞാന്‍ എത്രയോ ആഗ്രഹിച്ചു. പക്ഷേ, നിങ്ങള്‍ സമ്മതിച്ചില്ല” (ലൂക്കാ 13:34) എന്ന വചനഭാഗവും മനുഷ്യന്‍ തന്‍റെ സ്നേഹവും ബലിയും തിരസ്ക്കരിക്കുന്നതില്‍ ഈശോയുടെ വേദന വ്യക്തമാക്കുന്നു. 2020-ലെ നോമ്പുകാലത്ത് വിചിന്തനത്തിനെടുക്കേണ്ട വിഷയവും ഇതുതന്നെയാകട്ടെ!

ക്രൂശിതന്‍റെ തിരസ്ക്കരിക്കപ്പെട്ട സ്നേഹത്തെക്കുറിച്ചുള്ള യഥാര്‍ത്ഥജ്ഞാനം ലഭിക്കണമെങ്കില്‍ കുരിശിന്‍ചുവട്ടില്‍ ഇരുന്ന് ധ്യാനിക്കണം. വി. പൗലോസ് ശ്ലീഹ മാനസാന്തരത്തിന്‍റെ ആദ്യഘട്ടത്തില്‍ അറേബ്യന്‍ മരുഭൂമിയില്‍ തനിയെ ഇരുന്ന് ക്രൂശിതനെ ധ്യാനിച്ച് ധ്യാനിച്ച് ക്രൂശിതന്‍റെ വില ഏറ്റവും വലുതെന്ന തിരിച്ചറിവില്‍ എത്തിച്ചേരുകയുണ്ടായി. അപ്പോള്‍ സര്‍വ്വവും ഉച്ഛിഷ്ടം പോലെ ഉപേക്ഷിച്ചു. അവനോടുകൂടെ ഒന്നായിത്തീരുന്നതിനു വേണ്ടി സഹനങ്ങള്‍ ഏറ്റെടുത്ത് ക്രൂശിതനുവേണ്ടി ജീവിതം അര്‍പ്പിക്കുകയും ചെയ്തു (ഫിലിപ്പി 3:8-9).

അസ്സീസിയിലെ വി. ഫ്രാന്‍സീസ് ക്രൂശിതനുമായി ഐക്യപ്പെട്ട് പഞ്ചക്ഷതം സ്വീകരിച്ച് രണ്ടാം ക്രിസ്തു എന്ന അപരനാമത്തിലറിയപ്പെടുന്നു. “സ്നേഹം സ്നേഹിക്കപ്പെടുന്നില്ല” എന്ന് വിലപിച്ച് കരഞ്ഞുകൊണ്ട് അസ്സീസിയിലെ തെരുവീഥിയിലൂടെ നടക്കുന്ന കാഴ്ച സാധാരണമായിരുന്നു. അദ്ദേഹം തന്‍റെ ഉടുതുണി പോലും ഊരിക്കൊടുത്ത് സര്‍വ്വസംഗ പരിത്യാഗിയായി ദാരിദ്ര്യ മണവാട്ടിയെ പുല്കിയ മഹത്വ്യക്തിയായി മാറി.

“ക്രൂശിതനായ ക്രിസ്തുവിന്‍റെ വിരിക്കപ്പെട്ട കൈകളില്‍ നിങ്ങളുടെ കണ്ണുകള്‍ ഉറപ്പിച്ചു പിടിക്കുക” എന്നാണ് പരിശുദ്ധ പിതാവ് ഓരോ ക്രൈസ്തവനോടും ഈ നോമ്പുകാലത്ത് ആഹ്വാനം ചെയ്യുന്നത്. അങ്ങനെ നമുക്ക് പാപങ്ങളില്‍നിന്നും പാപസാഹചര്യങ്ങളില്‍നിന്നും രക്ഷപ്പെടാനുള്ള കരുത്തു ലഭിക്കും – ക്രൂശിതനില്‍ വിശ്വസിക്കുക. വലിയ സ്നേഹത്തോടെ അവിടുന്ന് ചൊരിഞ്ഞ തിരുരക്തത്താല്‍ നാം വിശുദ്ധീകരിക്കപ്പെടുകയും ചെയ്യട്ടെ.

പരിശുദ്ധ അമ്മയുടേയും വി. ഫ്രാന്‍സിസ് അസ്സീസിയുടേയും നാമത്തില്‍ സ്ഥാപിതമായ ASMI സഭാസ്ഥാപകന്‍ ദൈവദാസന്‍ ജോസഫ് കണ്ടത്തിലച്ചന്‍റെ സര്‍വ്വ ആശ്രയവും ക്രൂശിതനായിരുന്നു. ക്രൂശിതനുമായി താദാത്മ്യപ്പെട്ടതുകൊണ്ടു മാത്രമാണ് തന്‍റെ ജീവിതം കുഷ്ഠരോഗികള്‍ക്കുവേണ്ടിയും അവശരും ആലംബഹീനരുമായവര്‍ക്കുവേണ്ടിയും ചെലവഴിക്കാന്‍ അദ്ദേഹത്തിനു സാധിച്ചത്. തന്‍റെ സഭാംഗങ്ങള്‍ക്ക് ക്രിസ്തു ഐക്യത്തിന്‍റെ സാക്ഷ്യമായി അദ്ദേഹം മാറുകയായിരുന്നു.

സഹോദരങ്ങളെ, വരുവിന്‍ നമുക്കും ആ ക്രൂശിതന്‍റെ ചുവട്ടില്‍ നില്‍ക്കാം. വിരിയ്ക്കപ്പെട്ട കൈകളിലേയ്ക്കും, കുത്തിത്തുറക്കപ്പെട്ട ആ വിലാപ്പുറത്തേയ്ക്കും നോക്കി നില്‍ക്കാം, ആ തിരുരക്തത്താല്‍ മാനസാന്തരപ്പെടാം, തിരിച്ചറിവ് നേടാം, വിശുദ്ധ പാതയില്‍ ചരിക്കാം, അവിടുന്ന് ഏല്പിച്ച സ്നേഹദൗത്യം – ത്യാഗജീവിതത്തിന് തയ്യാറാകാം. അങ്ങനെ ഈ നോമ്പുകാലം ഫലവത്താക്കാം.

Leave a Comment

*
*