നോമ്പുകാല ചിന്തകള്‍

സി. ഉദയ CHF
സുപ്പീരിയര്‍ ജനറല്‍
ഹോളി ഫാമിലി ജനറലേറ്റ്
മണ്ണുത്തി

കൊറോണچ ഭീതിയിലും യുദ്ധഭയത്തിലും തീവ്രവാദ ഭീഷണിയിലുമൊക്കെ കഴിയുന്ന ഇന്നിന്‍റെ മനുഷ്യകുലത്തില്‍ അനുഗ്രഹത്തിന്‍റെ കൃപയൊഴുകുന്ന പുണ്യദിനങ്ങളാണ് നോമ്പുകാലം. തുറന്ന മനസ്സോടെ, നന്മയുടെയും സൗഹൃദത്തിന്‍റെയും സുകൃതഫലം ദൈവമനുഷ്യബന്ധങ്ങളില്‍ ധാരാളമായി പുറപ്പെടുവിക്കുവാന്‍ തിരുസഭ നമ്മോടു പ്രത്യേകമായി ആഹ്വാനം ചെയ്യുന്നു. മനുഷ്യരക്ഷയ്ക്കുവേണ്ടി പീഡകളേറ്റ് മരിച്ച് ഉത്ഥാനം ചെയ്ത ക്രിസ്തു പ്രത്യാശയിലേക്കും പ്രതീക്ഷയിലേക്കും നമ്മെ ആനയിക്കുന്ന നോമ്പുകാലം, ഏറ്റവും ഒരുക്കത്തോടും തയ്യാറെടുപ്പോടും കൂടെ ചെലവഴിക്കാന്‍ സഭ നമ്മെ ക്ഷണിക്കുന്നു.

മാനുഷിക മൂല്യങ്ങള്‍ നഷ്ടപ്പെട്ട ഒരു യുഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. കാരുണ്യത്തിനുവേണ്ടി മനുഷ്യമക്കള്‍ ദാഹിക്കുമ്പോള്‍ അവരുടെ മുമ്പില്‍ അപ്പമായിത്തീരാനുള്ള ക്രൈസ്തവന്‍റെ വിളിയും ദൗത്യവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അവരില്‍ ഒളിഞ്ഞിരിക്കുന്ന യേശുമുഖം കണ്ടെത്താനുള്ള മിഴിയുടെ കഴിവാണ് ഇന്നിന്‍റെ ത്വരിതമായ ആവശ്യം. മനുഷ്യത്വമില്ലാത്ത, നീതിരഹിതമായ കാഴ്ചകളും, കരുണയില്ലാത്ത ബലികളും ദൈവത്തിന് സ്വീകാര്യമല്ലെന്ന് പ്രവാചകര്‍ തറപ്പിച്ചു പറയുന്നു. കരങ്ങളും ഹൃദയങ്ങളും കളങ്കിതമായതുകൊണ്ട് പ്രാര്‍ത്ഥനയും ഉപവാസവും അവിടുത്തെ മുമ്പില്‍ വിലപോകില്ലെന്നാണ് പ്രവാചക മനസ്സ്. ബോധപൂര്‍വ്വം ദൈവമനസ്സോടു ചേര്‍ന്ന് അപരനുവേണ്ടി ജീവിക്കാനുള്ള സാധ്യതകള്‍ കണ്ടെത്താനുള്ള കര്‍മ്മാനുഷ്ഠാനങ്ങളും സഹജീവികളോടുള്ള ദയാമസൃണമായ പ്രതിബദ്ധതയും വീണ്ടെടുക്കേണ്ട ലളിതമാര്‍ന്ന ജീവിതത്തിന്‍റെ തൊട്ടുണര്‍ത്തലാണ് നോമ്പുകാല സ്മൃതി.

ഫ്രാന്‍സിസ് പാപ്പാ പറയുന്നതുപോലെ ക്രൂശിതനുമായുളള കണ്ടുമുട്ടല്‍ (Encounter) പുതുക്കുന്നതിനും കൂദാശകളിലൂടെ (Sacraments) ജീവിതം പവിത്രീകരിക്കുന്നതിനും അവന്‍റെ വചനങ്ങളില്‍ ജീവിക്കുന്നതിനും അയല്‍ക്കാരനെ ആര്‍ദ്രമായി സ്നേഹിക്കുന്നതിനുമുള്ള വലിയൊരു അവസരം കൂടിയാണീ നോമ്പുകാലം. അതിവേഗ യുഗത്തില്‍ ജീവിക്കുന്ന നമുക്ക് ദാരിദ്ര്യദുരിതത്തിന്‍റെ മര്‍മ്മരം ശ്രവിക്കാന്‍ കഴിയണം. നന്മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍, നീതി അന്വേഷിക്കുവിന്‍ (ഏശ. 1:17). ഉപവാസവും ധര്‍മ്മാനുഷ്ഠാനങ്ങളും അര്‍ത്ഥവത്താക്കുന്ന ജീവിതചര്യക്കാണ് ഏശയ്യാ പ്രവാചകന്‍ ഇവിടെ ഊന്നല്‍ക്കൊടുക്കുന്നത്.

പീഡാസഹനങ്ങള്‍ക്കും ഉത്ഥാനമഹോത്സവത്തിനും പശ്ചാത്തലമൊരുക്കുവാന്‍ നാല്പതുനാള്‍ നീണ്ട തപസ്സിന്‍റെയും ഉപവാസത്തിന്‍റെയും മരുഭൂമി അനുഭവമാണ് നോമ്പുകാലത്തിന്‍റെ നിറവാര്‍ന്ന കാതല്‍. പിതാവിന്‍റെ ദൗത്യപൂര്‍ത്തീകരണത്തിനു പുത്രന്‍ ആത്മപ്രചോദിതനായി മരു ഭൂമിയില്‍ വാസം കൊള്ളുമ്പോള്‍ ദിവ്യമായ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് പ്രലോഭകന്‍റെ ശബ്ദം അവിടെ മുഴങ്ങി. ദൈവപുത്രനെന്ന് പരീക്ഷകന്‍ പ്രഖ്യാപിക്കുമ്പോള്‍ വിശന്നു ക്ഷീണിതനായിരിക്കുന്ന യേശു തനിക്കുവേണ്ടി യാതൊരു സാധ്യതകളും പ്രയോഗിച്ചില്ല. മമതകളും മഹിമപ്രതാപങ്ങളും വേണ്ടെന്നു വച്ച് വചനം കൊണ്ട് പ്രലോഭകനെ പരാജയപ്പെടുത്തി. ആത്മപ്രശോഭിതനായി ഒരു ധീരയോദ്ധാവിനെപ്പോലെ സങ്കടങ്ങളുടെ കൂമ്പാരമായ ഗദ്സെമനിയും കാല്‍വരിഗിരിയും ധീരമായി തരണം ചെയ്ത് ഉത്ഥാനപ്രഭയില്‍ വിളങ്ങുന്ന ഉത്ഥിതനെ സ്വന്തമാക്കാനുളള കാത്തിരിപ്പാണ് നമ്മെ ധന്യരാക്കുന്നത്.

മാനസാന്തരത്തിന്‍റെ വാതില്‍ തുറന്ന് ആത്മീയതയുടെ ആന്തരാര്‍ത്ഥം ധ്യാനാത്മകമായി വിചിന്തനം ചെയ്ത് നാം നടത്തുന്ന ഒരു തീര്‍ത്ഥയാത്രയാണ് ഈ നോമ്പുകാലം. ഭയം കൂടാതെ പീഡകളുടെ മനുഷ്യനായ ദൈവപുത്രന്‍റെ സങ്കടങ്ങളില്‍ ആത്മദുഃഖങ്ങള്‍ അലിയിച്ച് ചേര്‍ത്ത് ക്രിസ്തുവില്‍ മാത്രം അഭയം തേടുന്ന പ്രതീക്ഷയുടെ മഹോത്സവത്തിലേയ്ക്ക് പുത്തന്‍ദര്‍ശനങ്ങളുമായി നമുക്കു ചുവടുകള്‍ വയ്ക്കാം. തിരുവചനത്താളുകളില്‍ ഏറ്റവും അധികം ആവര്‍ത്തിക്കപ്പെടുന്ന ഒന്നാണ് 'ഭയപ്പെടേണ്ട' എന്ന അമൃതവചനം. ആണിപ്പാടുകളുളള ക്രൂശിതന്‍റെ തൃക്കരങ്ങളില്‍ സര്‍വ്വഭയങ്ങളും ആകുലതകളും പ്രതീക്ഷകളും അര്‍പ്പിച്ച് തപസ്സും പ്രായശ്ചിത്തവും ഉപവാസവും കൊണ്ട് സംസ്കരിച്ചെടുത്ത ജീവിതം വഴി ക്രൂശിതനിലേക്ക് നിര്‍ഭയം നടന്നടുക്കുന്ന സഹനത്തിന്‍റെ ആഘോഷയാത്രയിലാണു നാം. ചരിത്രത്താളുകളില്‍ കുറിച്ചിട്ട, വേറിട്ട ഈ യാത്രയില്‍ ദൂരെയായും അകലെയായും നാം കണ്ടുമുട്ടുന്ന മനുഷ്യനൊമ്പരങ്ങളുടെ, കണ്ണ് നനഞ്ഞൊഴുകുന്ന കാഴ്ചകള്‍ സ്വാനുഭവങ്ങളെന്നപോലെ നമ്മുടെ അകക്കണ്ണുകളെ ഈറനണിയിക്കട്ടെ. ആദ്ധ്യാത്മികവും ഭൗതീകവുമായ സാധ്യതകള്‍ ഏറെയുളള നമുക്ക് സഹോദരന്‍റെ വേദനിക്കുന്ന ഹൃദയത്തുടിപ്പുകള്‍ക്കായി കാതോര്‍ക്കാം.

ദരിദ്രര്‍, ദുഃഖിതര്‍, പീഢിതര്‍, രോഗികള്‍, ആകുലര്‍, നിരാശ്രയര്‍, നിരാശര്‍, കടബാധിതര്‍ എന്നിവരൊക്കെ നമ്മുടെ ഇടയിലില്ലേ? ചുറ്റിലുമില്ലേ? ഇടവകയിലില്ലേ? അവരുടെ ദാരുണാവസ്ഥയെ കണ്ണുതുറന്നു കാണാന്‍, നൊമ്പരങ്ങളെ കാതു കൂര്‍പ്പിച്ചു കേള്‍ക്കാന്‍, ആവശ്യങ്ങളില്‍ കൈ അയച്ചുസഹായിക്കാന്‍, തളര്‍ച്ചകളില്‍ കരംപിടിച്ചുയര്‍ത്താന്‍, തകര്‍ച്ചകളില്‍ ആശ്വാസവും പ്രത്യാശയും പകരാന്‍ ഈ നോമ്പുകാലം വിനിയോഗിച്ചാല്‍ ഇതിലും വലിയ സുകൃതമില്ല. കരുണയുടെയും പങ്കുവക്കലിന്‍റെയും ഒരു സംസ്ക്കാരം വളര്‍ത്തിയെടുക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ.

ക്രിസ്തുവിന്‍റെ സഹനത്തോട് ഒന്നായ്ത്തീര്‍ന്ന വിശുദ്ധാത്മാക്കള്‍ നോമ്പുകാല ചൈതന്യത്തിന്‍റെ വിപ്ലവം തീര്‍ത്ത് ഉയിര്‍ത്തെഴുന്നേറ്റവരാണ്. പീഡകളുടെ മനുഷ്യനായ ക്രിസ്തുവിനോടുചേര്‍ന്ന് ജീവിച്ച അവരുടെ സ്വര്‍ഗീയകൂട്ടായ്മയില്‍ നമുക്കും പങ്കുചേരാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org