Latest News
|^| Home -> Pangthi -> നോമ്പുകാല ധ്യാനങ്ങൾ -> ഇൗറ്റുനോവിന്റെ നോമ്പുകാലം

ഇൗറ്റുനോവിന്റെ നോമ്പുകാലം

Sathyadeepam

നോമ്പുകാല ധ്യാനങ്ങൾ-1

നിബിൻ കുരിശിങ്കൽ

പിറവിയുടെ നേരത്ത്, വയർപിളരുന്ന സമയത്ത് ഒരു പെണ്ണു കടന്നുപോകുന്ന പിടച്ചിലിന്റെ പേരു മാത്രമല്ല ഇൗറ്റുനോവ്. ഭൂമിയിൽ നല്ലതെന്തൊക്കെയോ സംഭവിക്കുന്നതിനുമുമ്പ് അതിനു മുന്നോടിയായി പലരും ഏറ്റെടുക്കുന്ന സർവപ്രയാസങ്ങൾക്കും മധുരനൊമ്പരങ്ങൾക്കും മാമ്മോദീസ മുക്കി കൊടുക്കാനാവുന്ന പേരാണ് ഇൗറ്റുനോവെന്നത്.

പന്ത്രണ്ടാം ക്ലാസ് വരെ പള്ളിയിലെ ബലിപീഠത്തിനരികെ അൾത്താര ബാലനായിരുന്ന ഒരു പയ്യൻ. ഡിഗ്രി പഠനത്തിനായി പെരുമ്പാവൂരിനടുത്തുള്ള പുതിയ കോളജിൽ മാതാപിതാക്കൾ അവനെ ചേർത്തു. ആദ്യത്തെ ആറു മാസത്തെ ഹോസ്റ്റൽ ജീവിതം കഴിഞ്ഞപ്പോൾത്തന്നെ മകനെ തങ്ങൾക്കു നഷ്ടമാകുന്നത് അവർ വേദനയോടെ തിരിച്ചറിഞ്ഞു. വീട്ടിൽ ആരോടും സംസാരമില്ല… പൊട്ടിത്തെറിക്കുന്ന ദേഷ്യം… രാത്രി എങ്ങോട്ടെന്നില്ലാത്ത ഇറങ്ങിപ്പോകൽ… എല്ലാവരോടും എല്ലാറ്റിനോടും അരിശവും ദേഷ്യവും മാത്രം!

കൈവെള്ളയിൽനിന്നു ചോർന്നുപോകുന്ന മകനെ ചേർത്തു പിടിക്കാനാവുന്നില്ലല്ലോ ദൈവമേ എന്ന തേങ്ങലുമായി അവന്റെ അമ്മ ചെന്നതു പൊന്നുരുന്നി ആശ്രമത്തിലെ ഒരു വൃദ്ധവൈദികന്റെ അരികിലേക്കാണ്. സങ്കടം കേട്ട ആ വയോധികൻ താഴ്ന്ന സ്വരത്തിൽ ആ സ്ത്രീയോടു പറഞ്ഞു: “”ഇൗശോയുടെ മുന്നിൽനിന്നു കണ്ണീരോടെ പ്രാർത്ഥിക്ക്, മകനെ ഒരു വണ്ടിയിടിക്കാൻ.” ഞെട്ടലോടു കൂടിയാണ് ആ സ്ത്രീ അതു കേട്ടത്. സ്വന്തം കുഞ്ഞിന്റെ ദേഹത്തു വണ്ടിയിടിക്കണേന്ന് ഏതമ്മയ്ക്കാ പ്രാർത്ഥിക്കാനാവുന്നത്? ദീർഘമായ ആശ്വസിപ്പിക്കലുകൾക്കൊരുമ്പെടാതെ വേച്ച് വേച്ച് പോകുന്ന ആ വൃദ്ധവൈദികനെ നോക്കി അവരങ്ങനെ നിന്നു.

തകർന്ന നെഞ്ചോടെയാണേലും അന്നു രാത്രി അവരങ്ങനെതന്നെ പ്രാർത്ഥിച്ചു. രണ്ടാം ദിവസം നേരം പുലർന്നതു “മകനെ വണ്ടിയിടിച്ചു’ എന്ന ഫോൺ കോളോടുകൂടിയാണ്. പ്രാർത്ഥന ഫലിച്ചതോർത്തു ദൈവത്തോടു കലഹിച്ച ആദ്യത്തെ ഭക്തസ്ത്രീയായിരിക്കണം അവർ. അനക്കമില്ലാത്ത മകന്റെ ശരീരത്തിന്നരികിൽ ആയുസ്സിനോടു പ്രാർത്ഥിച്ച് അവർ നിന്നത് ആറു ദിവസമാണ്. ഏഴാം ദിവസം അവൻ മിഴി തുറന്നതോ പുതിയൊരു ജീവിതത്തിലേക്കും. നഷ്ടമായിപ്പോകുമായിരുന്ന ജീവനെ മാത്രമല്ല, ആറു മാസത്തെ കോളജ് ഹോസ്റ്റൽ ജീവിതം കാർന്നുതിന്നാൻ ആരംഭിച്ച ലഹരിയുടെ അടിമത്തത്തിൽ നിന്നു കൂടിയായിരുന്നു മകനെ അമ്മ രക്ഷിച്ചെടുത്തത്. ക്രിസ്തുവിനെ പീഡിപ്പിച്ചു പാഞ്ഞുകൊണ്ടിരുന്ന സാവൂളിനെ കുരിതപ്പുറത്തുനിന്ന് തള്ളിയിട്ടു. മൂന്നു ദിനം ഇരുട്ടിന്റെ ഗാഢസ്നാനം നടത്തി. ഒടുവിൽ വെളിച്ചത്തിന്റെ ദേശത്തിലേക്കു ക്രിസ്തു കൈപിടിച്ചു നടത്തിയ അതേ അനുഭവം.

വലിയൊരു മുറിവിലൂടെ കടത്തിവിട്ടിട്ടാണേലും തിരികെ കിട്ടിയ പൊന്നുമകനെയുംകൊണ്ടു പൊന്നുരുന്നിയിലേ അതേ ആശ്രമത്തിലേക്കു നന്ദി പറയാൻ അവർ ചെന്നു. വന്ന കാര്യം തിരക്കിയ ആ വൃദ്ധവൈദികനോടു കാര്യം പറഞ്ഞപ്പോൾ “എനിക്കോർമ്മയില്ലെ’ന്നു പറഞ്ഞ് അദ്ദേഹം നടന്നു നീങ്ങി.

“”എന്റെ മക്കളേ ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതു വരെ വീണ്ടും ഞാൻ നിങ്ങൾക്കുവേണ്ടി ഇൗറ്റുനോവനുഭവിക്കുന്നു” വെന്നു സെന്റ് പോൾ കുറിച്ചുവച്ചതു വായിക്കുമ്പോൾ ഉള്ളിലുടലെടുക്കുന്ന ചോദ്യമിതാണ്, “എന്നിൽ ക്രിസ്തു രൂപപ്പെടാൻ എന്തിനീ മനുഷ്യൻ നോവേറ്റെടുക്കുന്നു? ചില അനുഭവങ്ങൾ അങ്ങനെയാണ്. രക്തധമനികളിലൂടെ വേദനയുടെ ഉൽക്കകൾ പാഞ്ഞുപോയപ്പോഴുണ്ടായ പൊള്ളലുകളുടെയും പ്രയാസങ്ങളുടെയും അനുഭവമുള്ളൊരാൾക്കു മാത്രമാണു വേറൊരുവന്റെ സങ്കടക്കനൽ കാണുമ്പോൾ ഉള്ള് പൊള്ളുന്നത്. താൻ പീഡിപ്പിക്കുന്നവൻതന്നെയാണു തന്റെ പ്രാണനുറവിടം എന്ന തിരിച്ചറിവ് അയാൾക്കുണ്ടായതുകൊണ്ടാണ് അതേ പ്രകാശം മറ്റുള്ളവർക്കും ലഭിക്കണമെന്ന് അയാൾക്കു നിഷ്ഠയുണ്ടായത്. ആ നിഷ്ഠ നിവർത്തിക്കാൻ അയാളേറ്റെടുക്കുന്ന നോവിന്റെ പേരാണ് ഇൗറ്റുനോവ്.

അൾത്താരയിൽ ചുവടുവച്ചു വളർന്നുവന്നൊരു മകൻ അഴുക്കുചാലിലേക്ക് ഇടറിവിഴുന്നതു കാണുമ്പോൾ ഏതമ്മയ്ക്കാണ് അതു കണ്ടു നില്ക്കാനാവുക. പുതിയ ഒരു ഉടലിന് ഉയിരേകാൻ ഒരുവൾ ഏറ്റെടുക്കുന്ന വേദനയുടെ പേരായി ഇൗറ്റുനോവിനെ ചുരുക്കരുത്. പ്രസവത്തിന്റെ നേരത്തു പെണ്ണുടലിൽ സംഭവിക്കുന്ന പേശീവലിവ് മാത്രമല്ല അത്. ജന്മം നല്കാനും വളർത്തി വലുതാക്കാനും ഒടുവിൽ മക്കൾക്കുളളിൽ ക്രിസ്തുവിനെ രൂപപ്പെടുത്താനും അപ്പനമ്മമാർ ഏറ്റെടുക്കേണ്ട ദിവ്യപ്രയാസങ്ങളുടെ ചുരുക്കെഴുത്താണ് ഇൗറ്റുനോവ്.

വി. ലിഖിതത്തിലെ രക്ഷാകരചരിത്രം ഇൗ ഇൗറ്റുനോവിന്റെ തുടർച്ചയുടെ സാക്ഷ്യങ്ങളാണ്. “നീ നിന്റെ ദേശം ഉപേക്ഷിക്കുക’ എന്ന കല്പന ഏറ്റെടുത്ത ആദ്യപിതാവ് അബ്രാഹത്തിനുമുണ്ടായിരുന്നു. പിറന്ന മണ്ണിനെ പിന്നിലേക്കാക്കി ചുവടുവച്ചപ്പോൾ ഇൗ നോവ് പ്രവാചകന്മാരും പുരോഹിതരും പരാജയപ്പെടുന്നതു കണ്ടു സ്വപുത്രനെ അയയ്ക്കാൻ തീരുമാനമെടുത്ത പിതാവിന്റെ നെഞ്ചിലും ഇൗറ്റുനോവിന്റെ മുറിവുണ്ട്. കാലിത്തൊഴുത്തിന്റെ കൂരിരുട്ടിലും പലായനത്തിന്റെ പേടിപ്പെടുത്തലുകളിലും ശീമോന്റെ പ്രവചനത്തിലും മകന്റെ മരണത്തിലും മറിയത്തിന്റെ മനസ്സും ഇൗറ്റുനോവിന്റെ ചോരപ്പാടിനാൽ വിവർണമായി. ഒടുവിൽ മനുഷ്യനെ അത്ര അഗാധമായി സ്നേഹിച്ച ക്രിസ്തുവിന്റെ ക്ഷതങ്ങളിലും ഇൗറ്റുനോവിന്റെ മുദ്ര ലിഖിതമാണ്.

നോമ്പുകാലം ഒരു ഒാർമ്മപ്പെടുത്തലാണ്. സ്നേഹിക്കുന്നവർക്കുവേണ്ടി മുറിവുകളും പ്രയാസങ്ങളും കയ്പുനീരും ചവർപ്പനുഭവങ്ങളും വിശപ്പും ദാഹവും നിശ്ശബ്ദമായി സ്നേഹപൂർവം ഏറ്റെടുക്കേണ്ടതുണ്ട് എന്ന ഒാർമ്മപ്പെടുത്തൽ. ആദ്യം കുറിച്ചുവച്ച അനുഭവങ്ങൾക്കകത്തെ ആ സ്ത്രീ “മകനെ വണ്ടിയിടിക്കണേ’ എന്നു പ്രാർത്ഥിച്ചപ്പോൾ എത്ര ഉലഞ്ഞുകാണും അവളുടെ നെഞ്ചകം. ആശുപത്രിക്കിടക്കയിലെ മകന്റെ ശരീരത്തിൽ നിന്ന് പ്രാണനെടുത്തേക്കല്ലേ ദൈവമേ എന്നു പ്രാർത്ഥിച്ചപ്പോൾ എത്ര പിടഞ്ഞുകാണും അവരുടെ പ്രാണൻ! കുഞ്ഞിന്റെ ഉള്ളിൽ നന്മയുടെ ക്രിസ്തു രൂപപ്പെടാൻ അമ്മയെടുത്ത നോവാണ് ഇൗറ്റുനോവ്.

ആത്മീയത ചോർന്നുപോയ ഒരു ആചാരമാക്കി നോമ്പുകാലത്തെ ചുരുക്കാതെ നോക്കാം. വിരുന്നുമേശയിൽ വിളമ്പപ്പെടുന്ന വിവങ്ങളുടെ കയറ്റിറക്കങ്ങളിൽ കുടുങ്ങിപ്പോകരുത് ഇൗ നോമ്പുകാലം. തിരക്കിട്ട ഇൗ ലോകത്തിൽ എല്ലാവരും അവരവർക്കായി ഒാടുന്ന നേരത്തു ക്രിസ്തുവിനൊപ്പം അല്പനേരമിരുന്ന് ആരുമില്ലാത്തവർക്കൊപ്പം നടക്കാൻ നീക്കിവയ്ക്കേണ്ട കാലമാണിത്. ഉള്ളിന്റെയുള്ളിലും കൂടെയുള്ളവരിലും ക്രിസ്തു രൂപപ്പെടാൻ ഇൗറ്റുനോവിന്റെ വിശുദ്ധ കാസ നമുക്കേറ്റടുക്കാം.

Leave a Comment

*
*