ക്രിസ്തുവിനു ചില കിനാവുകളുണ്ട്

ക്രിസ്തുവിനു ചില കിനാവുകളുണ്ട്

നോമ്പുകാല ധ്യാനങ്ങള്‍-3

നിബിന്‍ കുരിശിങ്കല്‍

ദാരിദ്ര്യത്തെ മാത്രം കെട്ടിപ്പിടിച്ചുറങ്ങാന്‍ വിധിക്കപ്പെട്ട ഒരമ്മയും മകനും. ഓരോ രാവിലും പീടികത്തിണ്ണകളുടെ ഉമ്മറം അടിച്ചു വൃത്തിയാക്കി കൊടുക്കുന്നതിനാല്‍ കടക്കാര്‍ നല്കുന്ന ചില്ലറ തുട്ടുകളെയാണ് ആ സ്ത്രീ അടുക്കളയില്‍ അന്നമാക്കി മാറ്റുന്നത്. കാശില്ലാത്തതുകൊണ്ട് ആകെയുള്ള കുഞ്ഞിനെ പഠിപ്പിക്കുവാനും അവര്‍ക്കാവതില്ല. 'പഠിക്കാന്‍ പോകണം' എന്ന മകന്‍റെ ആഗ്രഹത്തിനു ചിറക് തുന്നാന്‍ തനിക്കാവുന്നില്ലല്ലോ എന്ന സങ്കടത്തിനുമേല്‍ അവരെന്നും ദേഷ്യത്തിന്‍റെ ചായം പൂശിയിരുന്നു. 'പുസ്തകത്തിന്‍റേം പേനേടേം കാര്യോം പറഞ്ഞ് എന്‍റടുത്തു വന്നേക്കരുത്" എന്നു പറയുമ്പോഴും ആ അമ്മയുടെ നെഞ്ച് പിടയുന്നുണ്ടായിരുന്നു.

അന്നു പള്ളിപ്പെരുന്നാളായിരുന്നു. പതിവ് തെറ്റിച്ച്, വെളുപ്പിനേ അമ്മേടെ പിന്നാലെ അവനും ചെന്നു പീടികത്തിണ്ണ തുടയ്ക്കാന്‍. തക്കം കിട്ടിയപ്പോള്‍ അവന്‍ അമ്മയോടു ചോദിച്ചു: "അമ്മേ, ഈ കീറിയ ഷര്‍ട്ട് മാറ്റി ഒരെണ്ണം പുതിയതു വാങ്ങാന്‍ കാശ് തര്വോ?"

"പൊക്കോണം എന്‍റെ മുന്നീന്ന്… ഇവിടെ മനുഷ്യന്‍ രണ്ടറ്റോം കൂട്ടിമുട്ടിക്കാന്‍ പാടുപെടാ! നിന്‍റെ കൂട്ടുകാരൊക്കെ ഉള്ളോടെത്തെയാ, നീ വഴിമറിയേടെ മോനാ… അതു മറക്കണ്ടാ."

പള്ളിപ്പറമ്പിലെ, അമ്മേടേം മോന്‍റേം തര്‍ക്കം കേട്ട ലോട്ടറിക്കച്ചവടക്കാരന്‍ അവനോട്, "ലോട്ടറി വിറ്റാല്‍ കമ്മീഷന്‍ തരാമെന്നേറ്റു." കയ്യില്‍ കിട്ടിയ "ഭാഗ്യം" വിറ്റ് തീര്‍ത്ത അവന്‍റെ കയ്യിലേക്ക് പത്തിന്‍റെ അഞ്ച് നോട്ടുകള്‍ അയാള്‍ വച്ചുകൊടുത്തു. ജീവിതത്തില്‍ ആദ്യമായി സമ്പാദിച്ച തുകയും പിടിച്ച് അഭിമാനത്തോടെ അവന്‍ പെരുന്നാള്‍ പറമ്പിലേക്കിറങ്ങി. കടകളങ്ങനെ കയറിയിറങ്ങി ഷര്‍ട്ട് അന്വേഷിക്കുമ്പോള്‍ ഉള്ളില്‍ അമ്മയുടെ മുഖം തെളിയുകയാണ്. "പാവം അമ്മ എത്ര നാളായി ഒരു അലുമിനീയം കലം വാങ്ങാന്‍ ആഗ്രഹിക്കുന്നു… വാങ്ങുന്ന മണ്‍കലത്തില്‍ ചോറുവച്ചു കഴിഞ്ഞാല്‍, തെരുവുപട്ടികള്‍ തലയിട്ട് എല്ലാ ചട്ടീം പൊട്ടിച്ചുകളയും." അങ്ങനെ അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ 35 രൂപ മുടക്കി അവനൊരു അലുമിനീയം കലം വാങ്ങി. കലം വാങ്ങിയ സ്ഥിതിക്ക് ഇനി അരി വാങ്ങാതെങ്ങനെയാ? 'പതിനഞ്ച്' രൂപയ്ക്ക് അരിയും വാങ്ങി കഴിഞ്ഞപ്പോള്‍ പോക്കറ്റ് കാലി.

ഷര്‍ട്ട് വാങ്ങാന്‍ ആശിച്ചു നടന്നിട്ട് ഒടുവില്‍ അരീം കലോം വാങ്ങി വീട്ടില്‍ ചെന്നു. പൊതി രണ്ടും അമ്മച്ചിയുടെ കയ്യില്‍ കൊടുത്തു. അഴിച്ചു നോക്കിയ അമ്മ പൊട്ടിക്കരയുകയാണ്. കരച്ചില്‍ കണ്ട് അത്ഭുതപ്പെട്ട് അവനിങ്ങനെ ചിന്തിച്ചു: "ഈ അമ്മച്ചിക്കെന്താണ്? അമ്മച്ചി ആഗ്രഹിച്ച പാത്രം തന്നെയല്ലേ ഞാന്‍ വാങ്ങിയത്?"

"എന്താ അമ്മച്ചി? എന്തിനാ കരയണേ?"

എം. മോഹനന്‍റെ 'കൊച്ചുകൊച്ചു മോഹങ്ങള്‍' എന്ന ഈ കഥ ഇങ്ങനെ അവസാനിക്കുമ്പോള്‍ ഉള്ളില്‍ ഉറവയെടുത്ത ചോദ്യമിതാണ്, "ഇന്നത്തെ കുഞ്ഞുങ്ങളുടെ ഉള്ളിലെന്താണ് ഇതുപോലെ 'അമ്മ' കയറിപ്പറ്റാത്തതും അപ്പന്‍ ചേക്കേറാത്തതും" കൂടെ പഠിക്കുന്ന കൂട്ടുകാരെപ്പോലെ, ഒരു കീറാത്ത കുപ്പായമിടണമെന്ന് അവനും ആഗ്രഹമുണ്ടായിരിക്കില്ലേ? മുനയൊടിഞ്ഞില്ലാതായ പെന്‍സിലിനു പകരം പുതിയതൊന്നാശിച്ചതും തെറ്റല്ലല്ലോ? എല്ലാരേംപോലെ പഠിച്ചു മിടുക്കനാകണമെന്നു കൊതിച്ചതും കുറ്റമല്ല. എന്നിട്ടും ഈ ആശകള്‍ക്കൊക്കെ എതിരായിരുന്നു ആ അമ്മ. പക്ഷേ, ആ കുഞ്ഞുമനസ്സില്‍ ആകെ നിറഞ്ഞുനിന്നിരുന്നത് ആ അമ്മതന്നെയായിരുന്നു. കളര്‍പെന്‍സിലും കുപ്പായോം പുസ്തകോം പേനേം വാങ്ങിത്തരാതിരുന്നത്, സ്നേഹമില്ലാഞ്ഞിട്ടല്ല, കാശില്ലാഞ്ഞിട്ടാണെന്ന നല്ല തിരിച്ചറിവ് അവനുണ്ടായിരുന്നു. സ്വന്തം ആഗ്രഹങ്ങള്‍ക്ക്, വാശിയുടെ സ്വരോം കനോം കൊടുത്തു ഭാരപ്പെടുത്തിയാല്‍ തന്‍റെ അമ്മയുടെ നടുവത് താങ്ങില്ലെന്ന് അവനറിയാമായിരുന്നു. ഷര്‍ട്ടന്വേഷിച്ചു നടക്കുമ്പോഴും അവന്‍റെയുള്ളില്‍ അമ്മയാശിച്ച അലുമിനീയം കലമായിരുന്നു…. അതിലെരിഞ്ഞിടേണ്ട അരിമണികളായിരുന്നു.

അവനവന്‍റെ ആശകള്‍ക്കു ചായം പൂശി, നിറം നല്കുന്നതി നേക്കാള്‍ വേറൊരുവന്‍റെ ഹൃദയത്തില്‍ മഴവില്ല് ചാര്‍ത്താനാകുന്നതിന്‍റെ ചേല് ചെറുതൊന്നുമല്ല. സ്വാര്‍ത്ഥതയുടെ മാളികപ്പുറത്തുനിന്ന് കുചേലന്‍റെ കുടിലിലേക്ക് ഒരു കൂടുമാറ്റം. ആരുടെയെങ്കിലുമൊക്കെ ഇഷ്ടങ്ങള്‍ക്കുവേണ്ടി നഷ്ടപ്പെടുത്തിയ ഇഷ്ടങ്ങളുണ്ടോ നമുക്ക്? എങ്കില്‍ അവയെ വിളിക്കേണ്ട പേരാണു ദൈവേഷ്ടമെന്നത്.

എത്രയോ ആളുകള്‍ ത്യജിച്ച പ്രിയ സ്നേഹങ്ങളുടെ ആകെത്തുകയാണ് നാം ഓരോരുത്തരും. നീണ്ട ഒമ്പതു മാസത്തെ ഭാരം പേറിയും അവയ്ക്കിടയിലെ ഏനക്കേടുകളും ഒടുവിലത്തെ ഈറ്റുനോവും വീട്ടിലെ ആ പെണ്ണ് വേണ്ടെന്നു വച്ചിരുന്നെങ്കില്‍ എഴുതാന്‍ ഞാനും വായിക്കാന്‍ നീയും ഉലകത്തിലുണ്ടാകുമായിരുന്നില്ല. തലമുറകളെ പ്രണയിക്കുന്ന… പേറ്റുനോവിന്‍റെ പ്രയാസങ്ങളെ പ്രണയിക്കുന്ന പെണ്ണുങ്ങളവസാനിക്കാത്തിടത്തോളം കാലം ഭൂമിയില്‍ എന്‍റെയും നിന്‍റെയും കുലം നിലനില്ക്കുകതന്നെ ചെയ്യും.

"മാതാപിതാക്കളുടെ ചങ്കു പൊട്ടും എന്ന കാരണത്താലാണു ഞാന്‍ നിന്നെ പ്രണയിക്കാത്തത് എന്ന് ഏതെങ്കിലും പെണ്ണ് പറഞ്ഞാല്‍, പിന്നെ അവളെ പ്രണയിക്കാന്‍ നില്ക്കരുത്, കേറിയങ്ങ് കെട്ടിയേക്കണം" എന്നു വായിച്ചപ്പോഴും ഇതുതന്നെയാണു തോന്നിയത്. ജന്മം നല്കിയ അപ്പനമ്മമാരുടെ ഇഷ്ടങ്ങളുടെ ബലിക്കല്ലില്‍ പ്രണയത്തെ ബലിയര്‍പ്പിക്കുന്നവള്‍; ദൈവം പ്രണയിക്കുന്ന പെണ്ണാണ്.

നിലാവില്‍ നടത്തിയ സൗഹൃദനൃത്തത്തില്‍ വീഞ്ഞില്‍ അല്പം നനയാന്‍ ഇടയായ ഒരു യുവാവ്, പെറ്റമ്മയുടെ മുന്നില്‍ നിന്നു നിറകണ്ണകളോടെ "ഇനി ആവര്‍ത്തിക്കില്ലമ്മേ" എന്നു കെട്ടിപ്പിടിച്ചു വാക്ക് കൊടുക്കുമ്പോഴും അമ്മയുടെ കണ്ണീര്‍പെയ്ത്തില്‍ അവന്‍ ഒഴുക്കിവിട്ടത് അവന്‍റെ ചെറുതാത്പര്യങ്ങളുടെ കളിവഞ്ചികളായിരുന്നു.

എത്രയോ ഇഷ്ടങ്ങളെ കെട്ടിപ്പിടിച്ച് ഉറങ്ങിക്കൊണ്ടിരുന്ന രാത്രിയിലാണു ഗബ്രിയേല്‍ മറിയത്തിന്‍റെ ഉറക്കം ഊതിക്കെടുത്തിയത്. ആ ഉയിര്‍ത്തെഴുന്നേല്ക്കലില്‍ അവള്‍ക്കു നഷ്ടമായത്, തലേന്ന് നെയ്തുവച്ച സ്വപ്നങ്ങളായിരുന്നു. സ്വന്തം ഇഷ്ടങ്ങളെ ദൂതന്‍റെ കൈവശം കൊടുത്തയച്ച് ദൈവേഷ്ടത്തെ പകരം വാങ്ങി സ്വര്‍ഗവുമായി ഒരു 'ബാര്‍ട്ടര്‍ സമ്പ്രദായം' തുടങ്ങിവച്ച അമ്മയുടെ മകനാണു ക്രിസ്തു. അതുകൊണ്ടുതന്നെയാണു ഗെദ്സെമന്‍ തോട്ടത്തിലും ഗാഗുല്‍ത്തായിലും ആ ചെറുപ്പക്കാരന്‍ അപ്പന്‍റെ ഹിതമന്വേഷിച്ചെത്തിയതും അതു നിറവേറ്റിയതും.

അവനവന്‍റെ ഇഷ്ടങ്ങളുടെ മേല്‍നോട്ടക്കാരനും കാര്യസ്ഥനുമൊക്കെയായി കറങ്ങി നടക്കുന്ന നമുക്ക് ഒരല്പനേരം നില്ക്കാനും കര്‍ത്താവിന്‍റെയും കൂടെയുള്ളവരുടെയും ഹിതമെന്തെന്നും അന്വേഷിക്കാനും വേണ്ടി നിശ്ചയിക്കപ്പെട്ട നാളുകളിലേക്കാണു നെറ്റിയില്‍ കുരിശു വരച്ചിട്ടു നാം പ്രവേശിച്ചത്. ദൈവത്തിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ട എന്‍റെ ഇഷ്ടങ്ങളെയാണു 'ബലി' എന്നു ക്രിസ്തു വിളിക്കുന്നത്. കൂടെയുള്ളവര്‍ക്കുവേണ്ടി സ്നേഹപൂര്‍വം ത്യജിച്ച അവനവന്‍റെ ത്യാഗങ്ങളുടെ ആകെത്തുകയെയാണു 'സ്നേഹ'മെന്നു ക്രിസ്തു വിളിക്കുന്നത്. മനുഷ്യന്‍റെ കുറുകിയ കരങ്ങളില്‍ അവന്‍ കൊണ്ടുനടക്കുന്ന കുഞ്ഞുകിനാക്കള്‍ 'കടം കൊടുക്കാന്‍' ക്രിസ്തു പറയാറുണ്ട്. കൊടുക്കാന്‍ മടിക്കുന്നവര്‍ക്കു നഷ്ടമാകുന്നതു ക്രി സ്തു അവരെപ്പറ്റി കണ്ട കിനാവുകളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org