സ്നേഹംകൊണ്ടു മുറിവേറ്റവര്‍

സ്നേഹംകൊണ്ടു മുറിവേറ്റവര്‍

നോമ്പുകാല ധ്യാനങ്ങള്‍-4

നിബിൻ കുരിശിങ്കൽ

അധികം വൈകാതെതന്നെ ഈ ആയുസ്സ് അസ്തമിക്കും എന്നുറപ്പുള്ളതിനാലാകണം അയാളീ തുറന്നു പറച്ചില്‍ നടത്തിയത്. നിങ്ങളിത് ആരോടെങ്കിലുമൊക്കെ പറയണം; ആളുകള്‍ അറിയട്ടെ, അറിഞ്ഞു പിന്മാറട്ടെ, ഇതില്‍ നിന്നൊക്കെ. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തൊട്ടു കള്ളുകുടിക്കുന്നവനാണു ഞാന്‍. കള്ളല്ല; അന്നൊക്കെ ചാരായമാണ്. എ.കെ. ആന്‍റണി നിര്‍ത്തിച്ച ചാരായം. അന്നയാളുടെ അമ്മയ്ക്കു വിളിച്ചിട്ടുണ്ട് ഞാന്‍. പ ക്ഷേ ഇന്നയാളുടെ അമ്മയ്ക്കു നന്ദി പറയുകയാണ്. അതുപോലൊരു പുണ്യം ചെയ്യാന്‍ ഒരു മകനെ ഈ നാടിനു തന്നതിന്.

ഞാന്‍ കുടിക്കുന്നതു കണ്ട് എന്നെ തിരുത്താനും തല്ലാനും ഒരുത്തനും വന്നിട്ടില്ല. അന്നവിടെയുണ്ടായിരുന്ന ഒരു കെളവിത്തള്ളയല്ലാതെ. അപ്പനെ ഉപദേശിച്ചു പുണ്യാളനാക്കാന്‍ പാടുപെട്ടു പണ്ടാരമടങ്ങിയിരിക്കുന്നതിനാലാകണം അമ്മേം എന്നോട് കുടിക്കരുതെന്ന് പറഞ്ഞിട്ടില്ല. കുടിയനായതുകൊണ്ട് അന്നു പെണ്ണൊന്നും കിട്ടാതിരിക്കില്ല. കാരണം കേരളത്തില്‍ കുറേ കുടിയന്മാരുണ്ടായിരുന്നു; അവര്‍ക്കൊക്കെ പെണ്‍മക്കളും. അവറ്റകളെ കെട്ടിച്ചയയ്ക്കാന്‍ അമ്മമാര്‍ ഇങ്ങനെ ആധിപിടിച്ച് നടക്ക്വാണ്. കെട്ടിക്കൊണ്ടോണവന്‍ നല്ലവനാകണമെന്ന് ഒരു നിര്‍ബന്ധോം ഇല്ല. കുടിച്ചു വെളിവില്ലാത്ത നേരത്ത് സ്വന്തം ഭര്‍ത്താവ് കേറി മോളെ പിടിക്കുന്ന ദുരന്തം അവര്‍ക്കിനി കാണണ്ടല്ലോ, അത്രയുമാശ്വാസം.

കാര്യങ്ങളിങ്ങനെയായതുകൊണ്ട് എനിക്കും കിട്ടി നല്ലൊരു പെണ്ണിനെ… കര്‍ത്താവ് പറഞ്ഞതുപോലെ 'പന്നിക്ക് കിട്ടിയ മുത്ത്!' കൂലിപ്പണീം കഴിഞ്ഞു വൈകീട്ട് കുപ്പീം കൊണ്ടേ ഞാന്‍ വീട്ടില്‍ കേറാറുളളൂ. അടുക്കളേല് അവളുണ്ടാക്കിവച്ചേക്കണ ചോറും കറീമെടുത്ത് ഉമ്മറത്തു വന്നിരുന്നടിക്കും. ഏതാണ്ട് എട്ടുപത്ത് മണിയൊക്കെയാകുമ്പോഴേക്കും ഞാന്‍ ഫ്ളാറ്റായി കാണും. പിന്നെ കണ്ണു തുറക്കണതു പാതിരായ്ക്കു രണ്ടു മണിക്കും മൂന്നു മണിക്കുമൊക്കെയാണ്… ഞാനൊറ്റയ്ക്കല്ല; എന്‍റെയുള്ളില്‍ വളര്‍ന്ന ഒരു പിശാചുണ്ട്; കാമപിശാച്. അവനുമെഴുന്നേല്ക്കും. ഉറങ്ങികെടക്കുന്ന ഭാര്യയേം വിളിച്ചെഴുന്നേല്പിക്കും. ശവം കൊത്തിപ്പറിക്കണ കഴുകനെപ്പോലെ ഞാന്‍ കൊത്തിപ്പറിച്ചിട്ടുണ്ട് അവളെ. പക്ഷേ, ഒരിക്കല്‍പ്പോലും അവള് കരയുന്നതു ഞാന്‍ കണ്ടിട്ടില്ല.

ഇന്നെനിക്കു ക്യാന്‍സറാണ്. അതിലൊരു സങ്കടോമില്ല. പക്ഷേ, എന്‍റെ ക്രൂരതകള്‍ക്കിടയിലൊന്നും കരയാതിരുന്ന അവള്‍, ഇന്നെന്‍റെ സൂക്കേടിനെയോര്‍ത്തു കരയുന്നതു കണ്ടിട്ടു സഹിക്കുന്നില്ല. അവളുടെ ഈ സ്നേഹാണ് എനിക്കുള്ള വലിയ ശിക്ഷ. കീമോ ചെയ്ത വേദന കുറയാന്‍ കാല് തടവുന്ന നേരം ഞാനവളോടു ചോദിച്ചു: "നിന്നെ വേദനിപ്പിച്ചപ്പോഴൊന്നും കരയാതിരുന്ന നീ എന്തിനാടീ ഇപ്പോ എന്നെയോര്‍ത്തു കരയുന്നേ?" എന്ന്.

"ഞാന്‍ കരഞ്ഞില്ലെന്നു നിങ്ങളോടാരാ പറഞ്ഞേ? നമ്മുടെ തലയിണകള്‍ കീറിപ്പോയിട്ടുണ്ടെങ്കില്‍ അതൊക്കെ ഞാന്‍ കടിച്ചു കീറിയതാ. ഒറ്റ മുറിക്കകത്തു താമസിക്കുന്ന നേരത്ത് എന്‍റെ ഞെരുക്കങ്ങളൊന്നും മക്കളറിയാതേം കേള്‍ക്കാതേം കാക്കലായിരുന്നു വലിയ പാട്. സ്നേഹിക്കുമ്പോഴാണേലും വേദനിക്കുമ്പോഴാണേലും എന്‍റെ സ്വരം മക്കള്‍ക്കിടര്‍ച്ചയുണ്ടാകാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കുടിയന്മാരുടെ പെണ്ണുങ്ങള്‍ സഹിക്കുന്നതു പകലല്ല; രാത്രിയിലാണ്. കിടക്കമേല്‍ നടക്കുന്ന ക്രൂരതകള്‍ അവളാരോടു പറയാനാണ്; ഈശ്വരനോടല്ലാതെ.

ആയുസ്സിന്‍റെ പാതിനാളുകള്‍ അയാളുടെ തഴമ്പിച്ച കൈകളുടെ പ്രഹരമേറ്റിട്ടും അവസാനം അയാള്‍ക്കുറങ്ങാന്‍ തന്‍റെ മാര്‍ദ്ദവമേറിയ കൈകള്‍ പൂമെത്തയാക്കിയ ഒരു പെണ്ണ്. ആ കൈകളില്‍ ആണിപ്പഴുതുകള്‍ ഇല്ലെന്നേയുള്ളൂ… ഹൃദയം തിരുഹൃദയം തന്നെയാണ്. മുപ്പതിനും മുപ്പത്തിമൂന്നു വയസ്സിനുമിടയില്‍ ക്രിസ്തു എന്ന ചെറുപ്പക്കാരന്‍ ചെയ്തുകൂട്ടിയതു മുഴുവന്‍ നന്മ മാത്രമാണ്. ഉലകത്തിലിന്നുവരെ ആരും ചോദിക്കാന്‍ ധൈര്യപ്പെടാതിരുന്ന ചി ല ചോദ്യങ്ങളും അയാള്‍ ചോദിക്കുകയുണ്ടായി, "ആര്‍ക്കെന്നില്‍ കുറ്റമാരോപിക്കാനാകും?" "ഞാന്‍ ചെയ്ത ഏതു അപരാധത്തിന്‍റെ പേരിലാണ് നിങ്ങളെന്നെ തല്ലിയത്?" എന്നൊക്കെ ഉയരുന്ന ഉത്തരംമുട്ടിച്ച ചോദ്യങ്ങള്‍. കറയേല്ക്കാത്ത ഖല്‍ബാണു തന്‍റേതെന്ന അപാര ചങ്കൂറ്റത്തിന്‍റെ മേലെ നിന്നുകൊണ്ടാണയാള്‍ ചോദ്യശരമെയ്തത്. എന്നിട്ടും അയാള്‍ കുരിശിലേറ്റപ്പെട്ടതോ, 'കുറ്റവാളി' എന്ന മുദ്ര കുത്തപ്പെട്ടുകൊണ്ടും. യഹൂദന്മാരുടെ കൂരമ്പുകളെക്കാളും ക്രിസ്തുവിനെ വേദനിപ്പിച്ചതു താന്‍ സ്നേഹിച്ചവരുടെ മൗനമായിരുന്നിരിക്കണം; സ്നേഹംകൊണ്ടു മുറിവേറ്റൊരാള്‍!

ലോകത്തിന്‍റെ മുറിവില്‍ സൗഖ്യത്തിന്‍റെ തൂവാലയണിയിപ്പിച്ച മദര്‍ തെരേസയാണ് 'വേദനിക്കുന്നതുവരെ സ്നേഹിക്കണം' എന്നു പറഞ്ഞത്. മറ്റൊരു രീതിയില്‍ എഴുതിയാല്‍, 'മുറിവേല്ക്കപ്പെട്ടിട്ടില്ലെങ്കില്‍ നാം ആരെയും കാര്യമായിട്ടു സ്നേഹിച്ചിട്ടില്ലെന്നാണര്‍ത്ഥം. 'അവനവനില്‍നിന്നുള്ള വേദനാജനകമായ പുറപ്പാടാണ്, ഇറങ്ങിപ്പോകലാണ് സ്നേഹം' എന്ന ജിദ്ദു കൃഷ്ണമൂര്‍ത്തി സൂക്തം ചേര്‍ത്തു വായിക്കുന്നതു നല്ലതാണ്. ക്രിസ്തുവിന്‍റെ ക്ഷതങ്ങളോടൊക്കെ നമുക്കു പ്രണയം തോന്നുന്നത് അത് സ്നേഹം കൊണ്ടുണ്ടായ മുറിപ്പാടുകളായതിനാലാണ്. ഉള്ളില്‍ നിന്ന് ഒരു കുഞ്ഞിറങ്ങിപ്പോയ പാടുകള്‍ വയറിനു വെളിയില്‍ ഉദരഭൂപടം കണക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആലിലവയറിനിതൊരു അഭംഗിയാണെന്നു ചില സ്ത്രീകള്‍ക്കു തോന്നാതിരുന്നത്. അതും സ്നേഹംകൊണ്ടുള്ള മുറിവായതിനാലാണ്. ഷുഗറ് നോക്കാന്‍പോലും വിരല്‍ത്തുമ്പിലൊരു സൂചി കുത്താന്‍ അനുവദിക്കാതിരുന്ന പേടിതൊണ്ടന്‍ അപ്പന്‍, എങ്ങനെയാണ് 'അമ്മയ്ക്കു പാതി കരളു മുറിച്ചു കൊടുത്തോ ഡോക്ടറേ' എന്നു സമ്മതം മൂളിയത് എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. കാരണം മറ്റൊന്നുമല്ല, സ്നേഹംകൊണ്ടു മുറിവേല്ക്കാന്‍ മാത്രം സ്നേഹം സൂക്ഷിച്ചതുകൊണ്ടുതന്നെയാണ്.

ഒരായുഷ്കാലം മുഴുവന്‍ കെട്ട്യോന്‍ തുപ്പിത്തെറിപ്പിച്ച ചാരായത്തുള്ളികളും, ഛര്‍ദ്ദിച്ചൊഴുക്കിയ അത്താഴവിരുന്നും കഴുകിത്തുടച്ച് ഒടുവില്‍ അയാളെയോര്‍ത്ത് സ്നേഹപൂര്‍വം കൂട്ടിരിക്കാനും കരയാനും ഒരു പെണ്ണിനു സാധിക്കുക എന്നത് എത്ര കുലീനമായ കാര്യമാണ്. നമ്മുടെ നന്മ മരമായ ക്രിസ്തു ചാഞ്ഞപ്പോള്‍ കെവുറീന്‍കാരനായ ശിമയോന്‍ താങ്ങിയതുപോലെ കൂടെ ജീവിക്കുന്നവര്‍ ഇടറി വീഴുമ്പോള്‍ അയാള്‍ നീതിമാനാണേലും പാപിയാണേലും താങ്ങാനൊരാള് വേണം. ഇല്ലെങ്കില്‍ അവര്‍ പാതിവഴിക്കു മരിച്ചു പോയേക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org