ധാര്‍മ്മികതയുടെ നട്ടെല്ല്

ധാര്‍മ്മികതയുടെ നട്ടെല്ല്

നോമ്പുകാല ധ്യാനങ്ങള്‍-6

നിബിന്‍ കുരിശിങ്കല്‍

'സ്ട്രോബെറി വില്ക്കുന്ന പെണ്‍കുട്ടി.' അതാണ് ആ കഥയുടെ പേര്. ഏതാണ്ട് ഊട്ടിയോ കൊടൈക്കനാലോ പോലുള്ള തണുപ്പുള്ള പ്രദേശം. ഒരു വലിയ ബസ്സില്‍ ആ ദേശത്ത് വന്നിറങ്ങുന്ന ചെറുപ്പക്കാരനാണു കഥാപാത്രം. ബസ്സിലിരിക്കുമ്പോള്‍ത്തന്നെ അയാള്‍ ശ്രദ്ധിക്കുന്നുണ്ട് സുന്ദരിയായ ഒരു പെണ്‍കുട്ടിയെ. ഒരു കുട്ട നിറയെ സ്ട്രോബെറി തലയിലേന്തിക്കൊണ്ടു വില്‍ക്കാന്‍ നടക്കുകയാണവള്‍. ഒന്നുരണ്ടു ദിവസത്തെ അടുപ്പിച്ചുള്ള കണ്ടുമുട്ടലുകള്‍ അവര്‍ക്കിടയിലൊരു കൊച്ചു സൗഹൃദം വളര്‍ത്തി. വിശ്വസിക്കാന്‍ കൊള്ളാവുന്ന ആളാണെന്നു കരുതിയതിനാലാകണം അവള്‍ അയാളെ വീട്ടിലേക്കു ക്ഷണിച്ചത്.

പാതി ലഹരിയിലിരിക്കുന്ന കാരണവരെയും കണ്ടുകൊണ്ടാണ് അയാള്‍ അവളുടെ വീടിന്നുമ്മറത്തേയ്ക്കു കയറിയത്. പാന്‍റ് സും കോട്ടുമൊക്കെ ധരിച്ച ഏമാനെ കണ്ടപ്പോള്‍ വേച്ചുവേച്ചാണേലും അയാളെഴുന്നേറ്റ് കൈ കൂപ്പി നിന്നു. പോക്കറ്റില്‍ കയ്യിട്ടു കുറച്ചു കാശെടുത്തു നീട്ടിയപ്പോള്‍ ആര്‍ത്തിയോടെ അയാള്‍ അതു വാങ്ങിക്കൊണ്ടോടി.

"അപ്പച്ചനാണ്. എപ്പോഴും കുടിയാണ്; ഇന്നിനി നോക്കണ്ട; നാളെയേ വരൂ"-അവള്‍ പറഞ്ഞു.

അകത്തെ കട്ടിലില്‍ ആരോ കിടക്കുന്നതുകണ്ട് ആരാണെന്ന് തിരക്കിയപ്പോള്‍ 'കുറേ നാളുകളായി തളര്‍ന്നുകിടക്കുന്ന അമ്മയാണെന്ന് അവള്‍ പറഞ്ഞു.

ചുരുക്കിപ്പറഞ്ഞാല്‍ ആ സമയം ആ വീട്ടില്‍ അയാളും സുന്ദരിയായ ആ പെണ്‍കുട്ടിയും മാത്രം.

'നമുക്കല്പം നടക്കാം' – അയാള്‍ പറഞ്ഞു. എന്തൊക്കെയോ സംസാരിച്ചുകൊണ്ട് അവരങ്ങനെ നടക്കുന്നതിനിടയില്‍ അവള്‍ പെട്ടെന്ന് മൗനിയായി. തെല്ല് നേരത്തെ മൗനത്തിനുശേഷം വിതുമ്പലോടെ അവള്‍ പറയാന്‍ തുടങ്ങി: "സാറേ, ഇതിനുമുമ്പും ഇതുപോലെ കുറേ സാറന്മാര് എന്‍റെ വീട്ടില്‍ വന്നിട്ടുണ്ട്. വന്നവരൊക്കെ അപ്പനു കാശ് കൊടുക്കും. അപ്പന്‍ പോയാലുടന്‍ തന്നെ അവരെന്നെക്കയറി പിടിച്ചിട്ടുണ്ടാകും.

ആദ്യമായിട്ടാ ഒരാളെന്നെ കയറിപ്പിടിക്കാത്തത്. സത്യായിട്ടും ഞാനാശിച്ചു പോകുവാ; സാറ് എന്നെ ഒന്ന് തൊട്ടിരുന്നുവെങ്കിലെന്ന്."

ചെയ്യാനും ചെയ്യാതിരിക്കാനുമൊക്കെ അപാരമായ സാദ്ധ്യതകളും സാഹചര്യങ്ങളുമൊക്കെ ഉണ്ടായിട്ടും തെറ്റെന്നു ബോദ്ധ്യമുള്ളവ വേണ്ടെന്നുവയ്ക്കാനും ശരിയെന്നുറപ്പുള്ളവ നട്ടെല്ല് നിവര്‍ത്തി ചെയ്യാനും സാധിക്കുന്നതിനെയാണു ധാര്‍മ്മികത എന്നു വിളിക്കാനാകുന്നത്. ഒരുവന്‍റെ നന്മയും സമഗ്രതയുമൊക്കെ അളക്കപ്പെടുന്നത് അവന്‍/ അവള്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ നില്ക്കുമ്പോള്‍ 'എങ്ങനെ' എന്നതിലല്ല; തനിച്ചിരുന്നപ്പോള്‍ താനാരായിരുന്നു എന്നു തുറന്നു പറയുന്നതിലാണ്. 'ആരേലും കണ്ടാലോ' എന്ന ഭീതിയില്‍ കതകുകള്‍ ചാരാതിരിക്കുന്നവനാകുമ്പോഴാണ്.

ഇതിനുമുമ്പു പലരും ചെയ്തിരുന്ന ആ പാതകം അയാള്‍ക്കും ചെയ്യാമായിരുന്നു. പണത്തിന്‍റെ വലിയൊരു മതില്‍ അയാളെ അതില്‍നിന്ന് മറച്ചുപിടിച്ചേനെ. നല്ലതല്ലാത്ത, കുടിയനായ അപ്പന്‍റെ അറിഞ്ഞുകൊണ്ടുള്ള അസാന്നിദ്ധ്യം അയാളുടെ അപരാധത്തിനു ചുമര് തീര്‍ത്തേനെ. അനങ്ങാതായിപ്പോയ അമ്മയുടെ അധരങ്ങളൊരിക്കലും അയാള്‍ക്കെതിരെ സ്വരമുയര്‍ത്താതെയും ഇരുന്നേനെ. ഇതിനുമുമ്പു പലരും കയറിപ്പിടിച്ചിട്ടും പ്രതികരിക്കാതിരുന്ന ആ പാവം പെണ്ണും നിശ്ശബ്ദമായി സഹിച്ചേനെ. എന്നിട്ടും അയാള്‍ അതു വേണ്ടെന്നു വച്ചു.

നെഞ്ചിനകത്തെ ഏത് അനുഭവങ്ങളും ബോദ്ധ്യങ്ങളുമാണ് അയാളെക്കൊണ്ടു നന്മ നിറഞ്ഞ ആ തീരുമാനമെടുപ്പിച്ചതാവോ! ഉള്ളില്‍ പതിഞ്ഞിട്ടുള്ള ആരുടെ ജീവനുള്ള ചിത്രമാണ് അയാളോടരുതേ എന്നപേക്ഷിച്ചത്? ഒരുപക്ഷേ, പുടവ നല്കി സ്വന്തമാക്കിയ സഹധര്‍മ്മിണിയോടുള്ള സ്മരണയാകാം; ഒടേതമ്പുരാന്‍ കയ്യിലേല്പിച്ച കുഞ്ഞുങ്ങളുടെ വാത്സല്യചിരികളാകാം; ഒടപ്പെറന്നോനെ അപ്പനെപ്പോലെ കണ്ടു സ്നേഹിക്കുന്ന കുഞ്ഞുപെങ്ങളുടെ കൊലുസിന്‍ കിലുക്കമായിരിക്കാം. അതിലൊക്കെ ഉപരി ആരൊക്ക ചേര്‍ന്ന് അകത്തളങ്ങളില്‍ നിക്ഷേപിച്ച ദൈവത്തിന്‍റെ ഉറച്ച സ്വരമായിരിക്കാം. ഹേതുവെന്തായിരുന്നാലും ആരുമില്ലാത്തിടത്തുപോലും അപരാധത്തിന്‍റെ ലാഞ്ചനയേല്ക്കാതെ തന്നെത്തന്നെയും ആ പാവം പെണ്ണിനെയും കാത്തുപിടിച്ച അയാള്‍ക്കിനി സ്ഥാനം ആ പെണ്‍കുട്ടിയുടെ നെഞ്ചിലെ ശ്രീകോവിലിലായിരിക്കും എന്നത് തീര്‍ച്ച!

'എന്‍റെ സത്യാന്വേഷണ പരീക്ഷണകഥ'യിലാണു ഗാന്ധി ചില ഞെട്ടിക്കുന്ന തുറന്നെഴുതലുകള്‍ നടത്തിയത്. അതേ നല്ലതല്ലാത്ത ഒരു കൂട്ടുകാരന്‍റെ കയ്യും പിടിച്ച്, വാക്ക് കേട്ട് ശരീരത്തിന്‍റെ കാമനകളുമായി വ്യഭിചാരത്തിന്‍റെ കിടപ്പുമുറിയിലേക്ക് ഒന്നിലധികം തവണ ഗാന്ധി ചുവടുവയ്ക്കുന്നുണ്ട്. പക്ഷേ, കുഞ്ഞുനാളിലേ രൂപപ്പെട്ട മനഃസാക്ഷിയിലെ നിഷ്കളങ്കതയുടെ പളുങ്കുപാത്രം പൊട്ടിക്കാനാവാതെ, പെണ്ണിന്‍റെ മുന്നില്‍ കെല്പില്ലാത്തവനെപ്പോലെ മണിക്കൂറുകള്‍ മഞ്ഞുപോലെ മരവിച്ചിരിക്കുന്ന, ഒടുവില്‍ ഗണികകളുടെ ആക്ഷേപത്തിന്‍റെ കറ പുരണ്ട ഗാന്ധിയെയും നാം ആ ആത്മകഥാവീഥിയില്‍ കണ്ടുമുട്ടുന്നു. കാമത്തിന്‍റെ കുപ്പായം ധരിക്കാതെ പാപം ചെയ്യാതിറങ്ങിപ്പോരാന്‍ സാധിച്ച എല്ലാ നിമിഷങ്ങളെക്കുറിച്ചും ഗാന്ധി ഓര്‍ത്തെടുക്കുന്നതിപ്രകാരമാണ് "ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് ആ പാപത്തില്‍ ഞാന്‍ പെടാതിരുന്നത്."

"ചില തെറ്റുകള്‍ നാം ചെയ്യാതിരിക്കുന്നതു നമുക്കു മാത്രമല്ല നമ്മോടു കൂടെയുള്ളവര്‍ക്കും നന്മയ്ക്കു കാരണമാകാറുണ്ട്." അവനവനെ മാത്രം ബാധിക്കുന്ന ഒരു പ്രവൃത്തിയും പ്രപഞ്ചത്തിലില്ലല്ലോ. ഒരു കുഞ്ഞു പൂമ്പാറ്റയുടെ കേരളത്തിലെ ചിറകടി അന്‍റാര്‍ട്ടിക്കയിലും അനക്കം സൃഷ്ടിക്കുന്നുണ്ടെന്നു ശാസ്ത്രം 'ബട്ടര്‍ഫ്ളൈ ഇഫക്ടി' ലൂടെയൊക്കെ പഠിപ്പിക്കുമ്പോള്‍ സത്യത്തില്‍ നാം അല്പം ഭയപ്പെടേണ്ടതല്ലേ, നമ്മുടെ തീരുമാനങ്ങളുടെയും തിരഞ്ഞെടുപ്പുകളുടെയും അനന്തരഫലങ്ങളോര്‍ത്ത്?

ക്രിസ്തുവെന്ന മനുഷ്യപുത്രനെ വധിക്കാനും വിടുവിക്കാനും പ്രാപ്തിയുള്ളൊരാളായിരുന്ന പീലാത്തോസ്. എന്നാല്‍ നിലപാടെടുക്കേണ്ടിയിരുന്നവന്‍ അതിനു മുമ്പില്‍ ആയുധംവച്ചു കീ ഴടങ്ങിയപ്പോള്‍ ഒടുങ്ങിയത് നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരന്‍റെ ജീവിതവും ജീവനുമായിരുന്നു. 'ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്ക് പങ്കില്ലെന്ന്' പറഞ്ഞ ആ നിമിഷത്തില്‍ പീലാത്തോസ് ചരിത്രത്തിലേക്കൂരിവച്ചത് രക്തം വറ്റിപ്പോയൊരു നട്ടെല്ലായിരുന്നു. യഹൂദപ്രമാണിമാരുടെ പെരുപ്പം കണ്ട്, അധികാരക്കസേരയുടെ ഇളക്കം കണ്ടു ചകിതനായ പീലാത്തോസ് നീതിയുടെ വിധിവാചകം ഉച്ചരിക്കാതെ നിസ്സംഗനായപ്പോള്‍ ക്രിസ്തുവിന്‍റെ കഴുമരത്തിന്‍റെ വരവിന് അതു വലിയൊരു നിദാനമായി. ചില തീരുമാനങ്ങള്‍ ഞാന്‍ എടുക്കാതിരുന്നാല്‍ അതു ചരിത്രത്തോട് ചെയ്യുന്ന അപരാധമാകും. ചില സത്യങ്ങളറിഞ്ഞിട്ടും ഞാന്‍ പറയാതെയും പ്രതികരിക്കാതെയുമിരുന്നാല്‍ അത് ഒരേ സമയം ആത്മവഞ്ചനയും ചരിത്രത്തില്‍ കുറിക്കപ്പെടുന്ന നിലവിളിക്കുന്ന നീതിമാന്മാരുടെ രക്തക്കറ പിടിച്ച കുറിപ്പടികള്‍ക്കും കാരണമാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org