Latest News
|^| Home -> Pangthi -> നോമ്പുകാല ധ്യാനങ്ങൾ -> മുഖം നിറയെ കണ്ണീര്

മുഖം നിറയെ കണ്ണീര്

Sathyadeepam

നോമ്പുകാല ധ്യാനങ്ങള്‍-7

നിബിന്‍ കുരിശിങ്കല്‍

‘ഒരു ഭയങ്കര കാമുകന്‍’ എന്ന ഉണ്ണി ആറിന്‍റെ കഥയും വായിച്ചു കസേരയില്‍ ഇരിക്കുകയായിരുന്നു. സമയം ഏതാണ്ട് രാത്രി 11 ആയി. വാതിലില്‍ ആരോ മുട്ടുന്നതു കേട്ടു കതക് തുറന്നപ്പോള്‍ പരിചയമില്ലാത്ത ഒരു മുഖം. അസമയമായതുകൊണ്ട് അകത്തേയ്ക്കു ക്ഷണിക്കാതെ കാര്യം തിരക്കിയപ്പോള്‍, ഒന്നു സംസാരിക്കാനാണെന്നു പറഞ്ഞു. അത്ര ലളിതമല്ലാത്ത എന്തോ ഒന്ന് ഉള്ളില്‍ അയാളെ ഭാരപ്പെടുത്തുന്നുണ്ടെന്നു വ്യക്തമായിരുന്നു. അരികിലേക്കു നീക്കിയിട്ടു കൊടുത്ത കസേരയില്‍ ഇരിപ്പു തുടങ്ങിയിട്ടു നേരം കുറച്ചായിട്ടും ഒരക്ഷരംപോലും അയാളുടെ അധരം വിട്ടു പുറത്തു വന്നില്ല. ഉള്ളിലെ വികാരങ്ങള്‍ക്കു വാക്കിന്‍റെ വസ്ത്രം ധരിപ്പിക്കാന്‍ അയാള്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു. ഒടുവില്‍ തന്‍റേതല്ലാത്ത പുതിയൊരു സ്വരത്തില്‍ അയാള്‍ പറയാനാരംഭിച്ചു. രണ്ടു മക്കളുടെ അപ്പന്‍, നന്മ മാത്രം നിറഞ്ഞ ഭാര്യ… സന്തുഷ്ട കുടുംബം. കുവൈറ്റിലാണു താമസം. കഴിഞ്ഞ അവധിക്കു നാട്ടില്‍ വന്നപ്പോള്‍ പഴയ ഒരു പെണ്‍സുഹൃത്തിനെ കാണാനിടയായി. അവധി കഴിഞ്ഞു തിരികെ കുവൈറ്റിലെത്തിയിട്ടും ആ സൗഹൃദം തുടര്‍ന്നു. ആദ്യം ഭാര്യയുടെ അറിവോടെയും പിന്നെ അവളറിയാതെയും. നന്മയുടെയും തുറവിയും വേലിക്കെട്ടുകള്‍ക്കകത്തായിരുന്നു ആദ്യമാ ബന്ധമെങ്കിലും പിന്നീടത് അവിശ്വസ്തതയുടെയും ആസക്തിയുടെയും അരുതാത്ത മുറികളിലേക്കു താമസം മാറി (മാറ്റി). അവസാനം രണ്ടു ദിവസത്തിനുമുമ്പു പുതിയൊരു അവധിക്കായി നാട്ടിലെത്തിയ അയാള്‍ ആദ്യം ചെന്നതു പ്രലോഭനത്തിന്‍റെ മണം പരത്തുന്ന പെര്‍ഫ്യൂമായിട്ട്, തന്‍റെ വഴിപിഴച്ച സൗഹൃദം താമസിക്കുന്ന വീട്ടിലേക്കായിരുന്നു. വലിയൊരു പാപത്തിനു വഴിമരുന്നിട്ടു വച്ചിരുന്ന ആ അപകടം അന്ന് അവര്‍ക്കു മദ്ധ്യേ പൊട്ടിത്തെറിച്ചു. ദാമ്പത്യത്തിന്‍റെ ഭദ്രതയ്ക്കു മേല്‍ വ്യഭിചാരത്തിന്‍റെ കള്ളത്താക്കോല്‍!

“ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണു ഞാന്‍ ചെയ്തതെന്നറിയാം… ഉറങ്ങിയിട്ടില്ല ഞാന്‍… അവള്‍ടേം മക്കള്‍ടേം മുഖത്തു നോക്കാനാവണില്ല. സ്നേഹം കൊണ്ടു വീര്‍പ്പുമുട്ടിക്ക്വാ അവരെന്നെ. ഒരു നോട്ടം കൊണ്ടുപോലും അവളിതുവരെ എനിക്കെതിരെ നിന്നിട്ടില്ല. ഒരു വാക്ക് മറുത്തു പറഞ്ഞിട്ടില്ല. അത്രയ്ക്ക് സ്നേഹാ എന്നോടവള്‍ക്ക്. ഈ അപരാധോം വച്ചോണ്ടെങ്ങനെയാ ഞാനവളെ ഫെയ്സ് ചെയ്യുക? സങ്കടം വന്നിട്ടു സഹിക്കണില്ല… ആരോടേലും പറഞ്ഞില്ലെങ്കില്‍ നെഞ്ച് പിളര്‍ന്നു ചാകും ഞാന്‍… അതാ ഈ പാതിരാത്രി ബുദ്ധിമുട്ടിച്ചത്.”

നനഞ്ഞു കുതിര്‍ന്ന ഒരു നീര്‍പ്പഞ്ഞിയുടെ എവിടെ തൊട്ടാലും വെള്ളം കിനിയുന്നതുപോലെ അയാളുടെ മുഖം നിറയെ കണ്ണീരായിരുന്നു. അല്പനേരത്തിനു ശേഷം അയാള്‍ മുറി വിട്ടു പോയെങ്കിലും മനസ്സില്‍ നിന്നിറങ്ങിയില്ലായിരുന്നു. കാരണം ഇത്ര തീവ്രമായ ഒരു തുറന്നുപറച്ചില്‍ ആരും എന്നോട് ചെയ്തിട്ടില്ല. അനുരഞ്ജനകൂദാശയുടെ അവസാനത്തെ വാക്കായി അയാളെന്നില്‍ രൂപപ്പെടുകയായിരുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആത്മാവ് നഷ്ടപ്പെട്ട വെറുമൊരു ആചാരമാക്കി നാം കുമ്പസാരത്തെ തകര്‍ത്തു കളഞ്ഞോ? അഗ്നി കെടുത്തിക്കളഞ്ഞ ചാരമാക്കി നാം അനുരഞ്ജനത്തെ അധഃപതിപ്പിച്ചോ? കാലില്‍ കെട്ടിക്കിടന്നു കണ്ണീരുകൊണ്ടു ഭൂമിയെ നനയിച്ച പാപിനിയുടെ ദേഹത്തെ കല്ലേറില്‍ നിന്നും കാത്തുസൂക്ഷിച്ച കര്‍ത്താവിനെ നാം കുമ്പസാരക്കൂട്ടില്‍ കണ്ടിട്ടെത്ര നാളായി? അനുതാപത്തിന്‍റെ വെണ്‍കല്‍ഭരണിയുടച്ച് കാര്‍കൂന്തല്‍കൊണ്ട് കര്‍ത്താവിന്‍റെ കാല് തുടച്ച വ്യഭിചാരിണി തൊട്ട ക്രിസ്തുവിനെ കുമ്പസാരക്കൂട്ടില്‍ നാം എന്നെങ്കിലും കണ്ടിട്ടുണ്ടോ? അവനവന്‍റെ ഇഷ്ടങ്ങളുടെ ശിലകള്‍കൊണ്ട് സ്വാര്‍ത്ഥതയുടെ സൗധങ്ങള്‍ ഉയര്‍ത്തിയ നേരത്തു ദൈവത്തിന്‍റെ ഹിതം നിവര്‍ത്തിക്കാതെപോയല്ലോ’ എന്നു ഖേദിക്കാനാവുന്നതു വലിയൊരു കൃപ തന്നെയാണ്.

കുടുംബത്തിലെ ചെറിയൊരു കലഹത്തിന്‍റെ നേരത്ത് ആദ്യമായി അപ്പനെ കൈവയ്ക്കേണ്ടി വന്ന മകന്‍. ശരീരത്തേക്കാള്‍ മനസ്സ് നൊന്ത് അപ്പന്‍ അകത്തെ മുറിയിലേക്ക് മൗനമായി നീങ്ങിയതു മുതല്‍ ആ വീട്ടില്‍ പിന്നെ ആരും ആരോടും മിണ്ടിയിട്ടില്ല. അന്നു രാത്രി ആരുടെയും കിടപ്പറയിലേക്കു നിദ്ര കടന്നുകയറിയില്ല. അപ്പനെ കൈവച്ചതിന്‍റെ ആത്മഭാരം താങ്ങാനാകാതെ അന്തിക്ക് അത്താഴം കഴിക്കാനാകാതെ ആ ചെറുപ്പക്കാരന്‍ ഇരുട്ടില്‍ അങ്ങുമിങ്ങും നടക്കുമ്പോള്‍ അവന്‍റെയുള്ളില്‍ കന്മദമൂറുന്ന ഒരു അനുഭവമുണ്ടാകുന്നുണ്ട്. ‘അരുതാത്തത് ചെയ്തെന്‍റെ അപ്പന്‍റെ ചങ്ക് തകര്‍ത്തല്ലോ ദൈവമേ’ എന്ന നിലവളിയുടെ ജനനമാണത്. നെഞ്ചിനകത്തുണ്ടായ ആ പുതുപ്പിറവിയുടെ പേരാണ് അനുതാപം.

ഉള്ള് തുറന്നൊന്നു കുമ്പസാരിക്കണമെങ്കില്‍ ഒരുവന് ആദ്യന്തം വേണ്ടത് ആരോടെങ്കിലുമൊക്കെയുള്ള തീവ്ര സ്നേഹമാണ്. അതൊരു തരിപോലുമില്ലാതാകുമ്പോഴാണ്, ആരോടെന്ത് അപരാധം ചെയ്താലും അതു നമ്മുടെ ആത്മാവിനെ തൊടാതെ പോകുന്നത്. തലേന്നു പഠിപ്പിച്ച കണക്കോ കവിതയോ മനഃപാഠമാക്കാത്തതിന്‍റെയോ തെറ്റിച്ചതിന്‍റെയോ പേരില്‍ സ്വന്തം കുഞ്ഞിനെ വല്ലാതെ തല്ലിയ ഒരമ്മ. രാത്രി പൊന്നുമോള്‍ടെ ദേഹത്ത് പുതപ്പിടാന്‍ ചെല്ലുമ്പോള്‍ താന്‍ തല്ലിയതിന്‍റെ പാട് അവളുടെ തുടയില്‍ ഞരമ്പിനേക്കാള്‍ വലിപ്പത്തില്‍ തടിച്ചിരിക്കുന്നതു കാണുമ്പോള്‍ അതില്‍ തടവി ആ രാത്രി അമ്മ കട്ടിലിന്നരികിലിരുന്നു കരയും. ‘എത്ര നൊന്തു കാണും എന്‍റെ കുഞ്ഞി’നെന്നോര്‍ത്ത് ആരോടെന്നില്ലാതെ വിതുമ്പും. ആ വിതുമ്പലിനെ സഭ വിളിക്കുന്ന പേരാണ് അനുതാപമെന്നത്. ആരെയെങ്കിലുമൊക്കെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍ക്കു മാത്രമേ ഉള്ള് തുറന്ന് ഏറ്റുപറയാനാകൂ. ആരുടെയെങ്കിലുമൊക്കെ ആര്‍ദ്രസ്നേഹം അനുഭവിച്ചവര്‍ക്കു മാത്രമേ അവര്‍ക്ക് മുന്നില്‍ അലമുറയിട്ടും ഇടാതെയുമൊക്കെ കരയാനും പിടയാനുമൊക്കെ ആകൂ.

ആദ്യവെള്ളിയാഴ്ചകളില്‍ അനുഷ്ഠിച്ചിടേണ്ട ആചാരമോ ആണ്ടിലൊരിക്കല്‍ നിവര്‍ത്തിച്ചിടേണ്ട ചടങ്ങോ ആയിരിക്കരുത് കുമ്പസാരം. പാപംകൊണ്ടു ഹൃദയം മുറിഞ്ഞെന്നറിയുമ്പോള്‍ ഉടന്‍ പുരട്ടേണ്ടൊരു അമൃതാണു കുമ്പസാരം. അങ്ങനെയല്ലാത്തതെല്ലാം ആചാരങ്ങള്‍ക്കൊപ്പം ഒഴുകിപ്പോകും. വലിയാഴ്ചകളിലും ആദ്യവെള്ളിയയാഴ്ചകളിലും രൂപപ്പെടുന്ന കനത്ത ക്യൂ വരെ കുമ്പസാരം നീട്ടാതിരുന്നു കൂടേ നമുക്ക്?

Leave a Comment

*
*