Latest News
|^| Home -> Pangthi -> നോമ്പുകാലം -> അനിവാര്യമായ ലഹരി

അനിവാര്യമായ ലഹരി

ഫാ. പോള്‍ തേലക്കാട്ട്

നോമ്പുകാലം-7

പന്തക്കുസ്താനുഭവത്തെക്കുറിച്ച് ലൂക്കാ ഇങ്ങനെ എഴുതി: “അവര്‍ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാം ഗലീലിയരല്ലേ? നാമെല്ലാവരും താന്താങ്ങളുടെ ഭാഷയില്‍ ശ്രവിക്കുന്നതെങ്ങനെ…? എന്നാല്‍ മറ്റു ചിലര്‍ പരിഹസിച്ചു പറഞ്ഞു: “പുതുവീഞ്ഞു കുടിച്ച് അവര്‍ക്കു ലഹരി പിടിച്ചിരിക്കുകയാണ്” (അപ്പ. പ്രവ. 2:13). എല്ലാവരും സമ്മതിക്കുന്ന കാര്യമാണു ലൂക്കാ എഴുതിയത്. “അവര്‍ക്കു ലഹരി പിടിച്ചിരിക്കുകയാണ്.” ആ ലഹരിയുടെ അടിസ്ഥാനം വീഞ്ഞാണെന്നു പറയുന്നവര്‍ പരിഹസിക്കുന്നു. ദൈവാത്മാവിനെ സ്വീകരിച്ചവര്‍ ലഹരിപിടിച്ചവരായി. അതു ധീരതയുടെയും ഭാഷണത്തിന്‍റെയും ലഹരിയായിരുന്നു – അതെ, ദൈവത്തില്‍നിന്നു ലഭിച്ച ലഹരി. ഇങ്ങനെയൊരു ലഹരിയില്ലാതെ അര്‍ത്ഥപൂര്‍ണ്ണമായി ജീവിക്കാനാവുമോ? ജീവിതം മുഴുവന്‍ സ്നേഹത്തിന്‍റെ ലഹരിയില്‍ ജീവിക്കുന്നവരുടെ അസാധാരണ ജീവിതങ്ങള്‍ കണ്ണു തുറന്നാല്‍ കാണാം.

ഇതേ ലഹരിയിലാണു മഗ്ദലേന മറിയം യേശുവിനെ അടക്കിയ തോട്ടത്തില്‍ അന്വേഷിച്ചത്. തോട്ടക്കാരനാണ് എന്ന് അവള്‍ കരുതിയവനോട് അവള്‍ ചോദിച്ചു: “പ്രഭോ അങ്ങ് അവനെ എടുത്തുകൊണ്ടുപോയെങ്കില്‍ എവിടെ വച്ചു എന്ന് എന്നോടു പറയുക. ഞാന്‍ അവനെ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം” (യോഹ. 20:15). അവള്‍ അവിടെനിന്നു പോയത് അവന്‍ അവളില്‍ ബാധിച്ചവളായിട്ടാണ്, അവനെയും കൊണ്ടാണു ശിഷ്ടകാലം അവള്‍ ജീവിച്ചത്. സ്വാധീനങ്ങളെ പ്രേതവാസം എന്നും വിളിക്കാറുണ്ട്. അതു വെറും സ്വാധീനമല്ല, സ്വന്തം ബോധത്തെ മറന്ന് അവനോ അവളോ ലഹരിയായി മാറുന്ന സാഹചര്യങ്ങളുണ്ട്. മണ്ണടിഞ്ഞവര്‍ നമ്മെ വല്ലാതെ സ്വാധീനിക്കുകയും നമ്മെ ബാധിക്കുകയും ചെയ്യുന്നുണ്ട്. “എല്ലാം ചത്തൊടുങ്ങുന്നു, പേരുകള്‍ മാത്രം നിലനില്ക്കുന്നു.” 12-ാം നൂറ്റാണ്ടിലെ മോര്‍ലെയിലെ വില്യം തന്‍റെ ലത്തീന്‍ ഭാഷയിലെഴുതിയ കവിതയില്‍ പറഞ്ഞു. പ്ലേറ്റോയും സോക്രട്ടീസും ക്രിസ്തുവും മാര്‍ക്സും നമ്മെ ആവസിക്കുന്നു. അവര്‍ മരിച്ചെങ്കിലും നമ്മോടൊത്തുണ്ട്.

യഹൂദചിന്തകനായ ഷാക് ദരീദ 1993-ല്‍ എഴുതിയ പുസ്തകത്തിന്‍റെ പേര് ‘മാര്‍ക്സിന്‍റെ പ്രേതങ്ങള്‍” എന്നാണ്, ഒന്നല്ല അനവധി പ്രേതങ്ങള്‍. മാര്‍ക്സിനെ മാവോയിസ്റ്റുകള്‍ മനസ്സിലാക്കുന്നതുപോലെയല്ല ഇവിടത്തെ മാര്‍ക്സിസ്റ്റുകള്‍ മനസ്സിലാക്കുന്നത്. ചൈനയിലെ കമ്യൂണിസ്റ്റുകാര്‍ മനസ്സിലാക്കുന്നതു വേറെ വിധമാകാം. ജനലക്ഷങ്ങളെ ഇന്നു മാര്‍ക്സ് സ്വാധീനിക്കുന്നു. നമ്മുടെ പിതാമഹന്മാര്‍, പൂര്‍വികര്‍, ബന്ധുക്കള്‍, ഗുരുക്കന്മാര്‍… ഇങ്ങനെ മരണം അവസാനിപ്പിക്കാത്തവരുടെ സ്വാധീനം നമ്മളിലുണ്ടാക്കുന്നു. ഭൂതകാലമാണു പ്രേതമായി വര്‍ത്തമാനകാലത്തില്‍ ആവസിക്കുന്നത്. ഗാന്ധിജി നമ്മെ എല്ലാം ആവസിക്കുന്നു.

ഭൂതത്തിന്‍റെ ആവാസം മാത്രമല്ല; ഭാവിയും നമ്മെ ആവസിക്കും. ഭാവിയുടെ സ്വപ്നങ്ങള്‍, മോഹങ്ങള്‍, അതു നല്കുന്നവര്‍, അവര്‍ ഏതോ പ്രേതംപോലെ മാലാഖമാരായി നമ്മിലേക്കു വരുന്നു. ഭൂതവും ഭാവിയും വ്യക്തികളായി നമ്മെ ആവസിക്കുമ്പോള്‍ നാം വിറകൊള്ളുന്നു. വര്‍ത്തമാനകാലത്തെ വിറപ്പിക്കുന്ന സ്വാധീനങ്ങള്‍. സാഹിത്യത്തിന്‍റെ സ്വാധീനത്തെ പ്രേതവാസമായി കാണുന്നവരുണ്ട്. സാഹിത്യം ഭാവിയുടെ ഭാഷയാണ്. യോദ്ദാം ഗറീസിം മലയുടെ മുകളില്‍ നിന്നു പറഞ്ഞ കഥ നൂറ്റാണ്ടുകളിലൂടെ നമ്മെ വിറകൊള്ളിക്കുന്നു. നാഥാന്‍ ദാവീദിനെ ചോദ്യം ചെയ്യുന്നതും നമ്മെ അമ്പരപ്പിക്കുന്നു. ഇത്തരം കഥകള്‍ ഏതോ വിദൂരതയില്‍നിന്നുവരുന്നു. അവ നമ്മെ പിടികൂടുന്നു. നക്ഷത്രങ്ങളെ നോക്കി പറക്കുന്ന പ്രകാശകണികയുടെ പ്രരോധനം നമ്മുടെ വിലാപവുമാണ്. പ്രേതവാസമില്ലാത്ത ജീവിതം വിരസവും നിരാശ നിറഞ്ഞതുമാകും. വായന തന്നെ പ്രേതലോകവും ഭാവിയുടെ കഥകളുമായുള്ള ബന്ധമാണ്. അക്ഷരങ്ങളുടെ ഭാഷ യാഥാര്‍ത്ഥ്യങ്ങളുടെ പ്രേതലോകമാണ്. ആ ഭാവിയുടെ അകം ശൂന്യമാകാം; പക്ഷേ, അവ ചൂണ്ടുന്നു. അക്ഷരങ്ങളില്‍നിന്നു ചാടി ആത്മാവിനെ ഗ്രസിക്കുന്നു. സുവിശേഷം വായിക്കുന്നു, പഠിക്കുന്നു. സുവിശേഷം അനുഷ്ഠാനമായി യേശുക്രിസ്തുവിന്‍റെ ജീവിതസഹനമരണ ഉത്ഥാനങ്ങള്‍ ആഘോഷിക്കുന്നു. ദൈവരാജ്യത്താല്‍ ഗ്രസിക്കപ്പെട്ടവര്‍ വലിയ ലഹരി ബാധിച്ചവരായി ലോകത്തില്‍ വ്യാപരിക്കുന്നു. ക്രിസ്തു ആവസിച്ചവരായിരിക്കണം ക്രൈസ്തവന്‍. “ഞാന്‍ അവനെ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം”-ക്രിസ്തുവാഹകര്‍ ക്രിസ്തുവിനെ വഹിച്ചു ജീവിക്കുന്നവരാണ്. “അവന്‍ വഴിയില്‍വച്ചു വിശുദ്ധ ലിഖിതം വിശദീകരിച്ചുകൊണ്ടു നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?” ഈ ജ്വലനമാണു ലഹരി, ആവാസം. “അവന്‍ അപ്പോള്‍ത്തന്നെ എഴുന്നേറ്റു ജെറുസലേമിലേക്കു പോയി” (ലൂക്കാ 24:32-33). യേശുവിന്‍റെ ഉയിര്‍പ്പ് ഉണ്ടാക്കിയത് ഈ ജ്വലനവും അവന്‍റെ ആവാസവുമായിരുന്നു.

Leave a Comment

*
*