ദൈവം ബലി ചെയ്തു മനുഷ്യനായി

ദൈവം ബലി ചെയ്തു മനുഷ്യനായി

നോമ്പുകാലം-6

വിശുദ്ധ പൗലോസ് ഫിലിപ്പിയക്കാര്‍ക്ക് എഴുതി, "ദൈവം തന്നെത്തന്നെ ശൂന്യനാക്കി ദാസന്‍റെ രൂപം സ്വീകരിച്ചു മനുഷ്യനായി" (ഫിലി. 2:7). ശൂന്യമാക്കുക എന്നതുകൊണ്ട് ഒരു മരണമാണ് അര്‍ത്ഥമാക്കുന്നത്. സകല മഹത്ത്വപ്രതാപങ്ങളും ശക്തിയും ഉപേക്ഷിച്ചു. ഈ ഉപേക്ഷ അഥവാ ശൂന്യമാക്കല്‍ ഒരു ബലിയാണ്. ആഫ്രിക്കന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ ദൈവം ബലി ചെയ്തു മനുഷ്യനായി എന്നു വ്യാഖ്യാനിക്കുന്നു. ഡൊറോത്തി സൊല്ലെ എഴുതി: "സ്നേഹം കുരിശ് അനിവാര്യമാക്കുന്നില്ല, അതു യഥാര്‍ത്ഥത്തില്‍ കുരിശില്‍ എത്തിച്ചേരുന്നു." ദൈവം ലോകത്തെ അത്രയധികം സ്നേഹിച്ചതിന്‍റെ ഫലമായി സ്വന്തം പുത്രനെ ലോകത്തിലേക്ക് അയച്ചു. സ്നേഹത്തിന്‍റെ ബലിയിലാണ് അവന്‍റെ അവതാരം.

സ്രഷ്ടാവ് സൃഷ്ടിയില്‍ ഒളിച്ച മനുഷ്യനെ തൊടുന്നു. ദൈവത്തിന്‍റെ ബലിയിലൂടെ ദൈവം സൃഷ്ടിയിലും പ്രകൃതിയിലും അപ്രത്യക്ഷമായി. അവന്‍ പ്രകൃതിയിലും അതിന്‍റെ പലതിലുമായി അപ്രത്യക്ഷമായി. ദൈവം പ്രപഞ്ചത്തില്‍, അഥവാ മാംസത്തില്‍ ഒളിച്ചു. അവനെ കാണാനില്ല; കേള്‍ക്കാനില്ല, തൊടാനാകുന്നില്ല, അറിയാനാകുന്നില്ല. സൃഷ്ടിയില്‍ അവന്‍ ഒളിച്ചു ശൂന്യമായപ്പോള്‍ അവന്‍റെ അസാന്നിദ്ധ്യമാണ് അവ വിളിച്ചുപറയുന്നത്. അവയില്‍ അവന്‍ സ്വയം ശൂന്യമായത് അവ പ്രഘോഷിക്കുന്നു. അത് അസ്തിത്വഭാഷയല്ല; അസ്തിത്വമില്ലാത്തതിന്‍റെ ഭാഷയുമല്ല. ദൈവം ഇവിടെയുണ്ട് എന്നും ഇല്ല എന്നും പറയാനാവില്ല. ദൈവത്തിന്‍റെ നിഷേധഭാഷ ദൈവത്തിന്‍റെ അസാന്നിദ്ധ്യത്തെക്കുറിച്ചുള്ള ഭാഷ തന്നെ. ദൈവത്തിന്‍റെ ഇങ്ങനെ അപ്രത്യക്ഷമാകുന്നതിനെ "ദൈവത്തിന്‍റെ ഗൃഹണം" എന്ന് മാര്‍ട്ടിന്‍ ബൂബര്‍ വിശേഷിപ്പിച്ചു. "സ്വര്‍ഗത്തിന്‍റെ വെളിച്ചം ഗൃഹണത്തിലായി, ദൈവത്തിന്‍റെ ഗൃഹണം." "ഈ ഗൃഹണം മനുഷ്യന്‍റെ വ്യക്തിത്വത്തിലല്ല, അസ്തിത്വത്തിലാണ്. അതു ദൈവത്തിന്‍റെ നിശ്ശബ്ദതയാണ്; ദൈവം തന്‍റെ മുഖം മറയ്ക്കുന്നു." മിസ്റ്റിക്കായ മയിസ്റ്റര്‍ എക്കാര്‍ട്ട് എഴുതി: "സൃഷ്ടികള്‍ ദൈവം എന്ന് ഉച്ചരിക്കുമ്പോള്‍ ദൈവം ഉണ്ടാകുന്നു. അവിടെ ദൈവം ഉണ്ടാകുന്നു. ഭൂമിയില്‍, മണ്ണില്‍, പുഴയില്‍ ദൈവികതയുടെ ഉറവിടത്തില്‍ നിന്നപ്പോള്‍ ആരും എന്നോട് എവിടെ പോകുന്നു, എന്തു ചെയ്യുന്നു എന്നു ചോദിച്ചില്ല. പക്ഷേ, ഞാന്‍ സൃഷ്ടികളില്‍ നിന്നു പുറത്തുപോയപ്പോള്‍ നിലവിളിച്ചു. "ദൈവം" "സഹോദരാ, എക്കാര്‍ട്ട്, എപ്പോഴാണു താങ്കള്‍ വീടു വിട്ടത്" എന്നു ചോദിച്ചാല്‍ അത് അര്‍ത്ഥമാക്കുന്നതു ഞാന്‍ നേരത്തെ അകത്തായിരുന്നു എന്നാണ്."

മനുഷ്യന്‍റെ അകത്തു ദൈവമുണ്ട്. മനുഷ്യന്‍ ദൈവത്തില്‍ നിന്നു സ്വതന്ത്രനാകാന്‍ ദൈവത്തെ ഒഴിവാക്കണം, ദൈവത്തെ കൊല്ലണം. അങ്ങനെ വരുമ്പോള്‍ മരിക്കുന്നതു മനുഷ്യന്‍റെ കാവ്യഭാഷയാണ്. അതു പാട്ടാണ്, സങ്കീര്‍ത്തനമാണ്, കവിതയാണ്, കഥയാണ്. അതു ചെകിടു പൊട്ടിക്കുന്ന രാത്രിയുടെ നിശ്ശബ്ദത ഉണ്ടാക്കുന്നു – അര്‍ത്ഥശൂന്യതയുടെ രാത്രി. അതിന്‍റെ വേദന, അവനെ വേട്ടയാടുന്ന യക്ഷികളോ അവനെ കാക്കുന്ന മാലാഖമാരോ ഇല്ലാത്ത ഭാഷയാണ്. സൈറണുകളുടെ ഗാനമോ ലോട്ടസ് ഭോജികളുടെ മദ്യമോ ഇല്ലാത്ത ഭൗമികയാത്രയുടെ വൈരസ്യം. നക്ഷത്രങ്ങളെ നോക്കിപ്പറക്കുന്ന പ്രകാശകണികകളില്ലാത്ത ഭാഷ. കാശിക്കു പോകുന്ന മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കെട്ടുകഥകളെ ഒഴിവാക്കിയ പാഠപുസ്തകങ്ങളുടെ ലോകം. ദൈവത്തിന്‍റെ അഭാവത്തിന്‍റെ മരണമുണ്ടാക്കുന്ന മുറിവുകളില്ലാത്ത മനുഷ്യര്‍. "ദൈവമാണെന്‍റെ സഹനം" എന്ന് എക്കാര്‍ട്ട് എഴുതിയത് അതുകൊണ്ടാണ്. ഈ വൃണത്തില്‍നിന്നാണു ഹല്ലേലുയ്യ സ്തോത്രങ്ങളും ആമേന്‍ പറയലും ഉണ്ടാകുന്നത്.

ദൈവത്തിലേക്കു ദൈവം മറഞ്ഞിരിക്കുന്ന സൃഷ്ടികളുടെ വഴിതന്നെ സ്വീകരിക്കണം. അവനെ സ്നേഹിക്കാന്‍ സൃഷ്ടികളെ സ്നേഹിക്കണം. അവനെ മറന്നു സൃഷ്ടികളെ സ്നേഹിക്കണമെന്നല്ല. സൃഷ്ടികളെ സൃഷ്ടികള്‍ എന്ന വിധത്തിലല്ല അവയിലേക്കു നീങ്ങേണ്ടത്. അവയെ സ്വന്തമാക്കാനല്ല, അവയെ കാമിക്കാനല്ല. അതാണ് എക്കാര്‍ട്ട് പറഞ്ഞ അനാസക്തി. അനാസക്തമായി അവയെ സ്നേഹിക്കുമ്പോള്‍ അവയ്ക്ക് ആതിഥ്യം നല്കുമ്പോള്‍ നീ എത്തിച്ചേരുന്നത് അഥവാ അനുഭവിക്കുന്നത് അവരിലൂടെ ദൈവത്തിലാണ്. ദൈവികതയിലേക്കുള്ള യാത്ര അനാസക്തിയുടെയാണ്. അത് എന്നെ ഒഴിവാക്കി ഞാന്‍ നടത്തുന്ന യാത്രയാണ്. ഞാന്‍ എന്നെ ശൂന്യനാക്കി അപരനിലേക്കു ചെന്നെത്തുന്ന യാത്ര. അത് അഹത്തിന്‍റെ മരണത്തില്‍ അപരനെ കണ്ടെത്തുന്നതാണ്. എന്നില്‍ നിന്നുള്ള എന്‍റെ ഓട്ടം എത്തുന്നത് എന്‍റെ ബലിയിലാണ്. ദൈവത്തിന്‍റെ ദൈവികത ബലി ചെയ്തു മനുഷ്യനായെങ്കില്‍, മനുഷ്യന്‍റെ മനുഷ്യത്വം ബലി ചെയ്ത് അപരനിലൂടെ ദൈവത്തിലേക്ക്. ദൈവത്തിന്‍റെ അസാന്നിദ്ധ്യം സൃഷ്ടിച്ച മനുഷ്യ ബലിയിലൂടെ ദൈവം പ്രകാശിതമാകുന്നു. സൃഷ്ടിദൈവത്തിന്‍റെ കണ്ണാടിയാവാന്‍ തന്‍റെ കണ്ണുകള്‍ കുത്തി പൗലോസിനെപ്പോലെ അന്ധനായി ദൈവത്തിന്‍റെ കണ്ണുകളിലൂടെ കാണാന്‍ തുടങ്ങണം. അപ്പോഴാണ് "കാഴ്ചയില്ലാത്തവര്‍ കാണുകയും കാഴ്ചയുള്ളവര്‍ അന്ധരായിത്തീരുകയും ചെയ്യേണ്ടതിനു ന്യായവിധി" (യോഹ. 9:39) ഈ ലോകത്തില്‍ വന്നെത്തുന്നത്. അപ്പോള്‍ വില്യം ബ്ലേക്കിനെപ്പോലെ വനപുഷ്പത്തില്‍ സ്വര്‍ഗം കാണുന്നു. ചില നിരീശ്വരത്വവും നിഷേധദൈവശാസ്ത്രവും ദൈവത്തിനുവേണ്ടിയുള്ള വലിയ ആഗ്രഹമാണ്, ആ ആഗ്രഹം തന്നെ ഒരു പ്രാര്‍ത്ഥനയുമാണ്. ദൈവത്തില്‍നിന്ന് എന്നെ ഒഴിവാക്കണമെന്നു ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നവന്‍റെ നിലപാട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org