ലോത്തും പെണ്‍മക്കളും

ലോത്തും പെണ്‍മക്കളും

അബ്രാഹത്തിന്‍റെ സഹോദരപുത്രനായ ലോത്ത് പറയുന്നു: "സഹോദരരേ, ഇത്തരം മ്ലേച്ഛത കാട്ടരുതെന്നു ഞാന്‍ നിങ്ങളോടു യാചിക്കുന്നു. പുരുഷസ്പര്‍ശമേല്ക്കാത്ത രണ്ടു പെണ്‍മക്കള്‍ എനിക്കുണ്ട്. അവരെ നിങ്ങള്‍ക്കു വിട്ടുതരാം. ഇഷ്ടംപോലെ അവരോടു ചെയ്തുകൊള്ളുക. പക്ഷേ, ഈ പുരുഷന്മാരെ മാത്രം ഒന്നും ചെയ്യരുത്" (ഉത്പ. 19:7-8). അബ്രാഹത്തിന്‍റെ കൂടാരപ്പടിക്കല്‍ വന്നതു മൂന്നു ദൂതന്മാരായിരുന്നു. അബ്രാഹം ദൈവതുല്യം അവരെ സ്വീകരിച്ച് ആതിഥ്യം നല്കി. എന്നാല്‍ വൈകുന്നേരം സോദോമില്‍ പാര്‍ക്കുന്ന അബ്രാഹത്തിന്‍റെ സഹോദരപുത്രന്‍റെ വീട്ടില്‍ ആതിഥ്യം സ്വീകരിക്കുന്നത് ഇവരില്‍ രണ്ടു പേരാണ് എന്നു ഞാന്‍ കരുതുന്നു. സോദോമില്‍ പത്തു നീതിമാന്മാരുണ്ടോ എന്ന് അന്വേഷിക്കാന്‍ നിയമിതരായ മാലാഖമാര്‍. രാത്രി വീടുവളഞ്ഞതു നാട്ടുകാരാണ്. അവര്‍ 'യുവാക്കള്‍ മുതല്‍ വൃദ്ധര്‍ വരെ"യുള്ളവര്‍. അവര്‍ക്കു ലോത്തിന്‍റെ വീട്ടില്‍ അതിഥികളായി വന്നവരെ വിട്ടുകിട്ടണം. എന്തിന്? "ഞങ്ങള്‍ക്ക് അവരുമായി സുഖഭോഗത്തില്‍ ഏര്‍പ്പെടേണ്ടതിന് അവരെ പുറത്തുകൊണ്ടുവരിക."

ഇതിനു വളരെ സമാനമായ ഒരു കഥ ന്യായാധിപന്മാരുടെ പുസ്തകത്തിലുണ്ട്. വീടുവിട്ടുപോയ ഉപനാരിയെത്തേടി ഒരു വൃദ്ധ ലേവായന്‍ അവളുടെ വീട്ടില്‍ ചെന്നു കാര്യങ്ങള്‍ പറഞ്ഞ് അവരെയും കൂട്ടി തിരിച്ചുപോകുന്നതു ഗിബെയക്കാരുടെ നാട്ടിലൂടെ. അവിടെ ഒരുവന്‍ അയാള്‍ക്കു രാത്രി സ്വന്തം വീട്ടില്‍ ആതിഥ്യം നല്കി. രാത്രിയില്‍ ആ നാട്ടിലെ "ചില ആഭാസന്മാര്‍ വീടു വളഞ്ഞു." അവരും മുന്‍പറഞ്ഞ ആവശ്യംതന്നെയാണ് നടത്തിയത്. ആതിഥ്യം നല്കിയ ആള്‍ പറഞ്ഞു, "ഈ മനുഷ്യന്‍ എന്‍റെ അതിഥിയാണല്ലോ. ഈ മ്ലേച്ഛ പ്രവൃത്തി നിങ്ങള്‍ ചെയ്യരുത്. എനിക്കു കന്യകയായ ഒരു പുത്രിയും ഈ മനുഷ്യന് ഒരു ഉപനാരിയുമുണ്ട്. ഞാന്‍ അവരെ നിങ്ങള്‍ക്കു വിട്ടുതരാം… ഈ മനുഷ്യനോടു നികൃഷ്ടത കാണിക്കരുത്" (ന്യായ. 19:24). രണ്ടിടത്തും ആഭാസന്മാര്‍ അതു കേട്ടില്ല. ഉപനാരിയെ ആ മനുഷ്യന്‍ വിട്ടുകൊടുത്തു. അവര്‍ അവളെ ബലാത്സംഗം ചെയ്തു കൊന്നുകളഞ്ഞു. ആ ലേവ്യന്‍ അവളുടെ ശരീരം പന്ത്രണ്ടു കഷണങ്ങളാക്കി 12 ഗോത്രങ്ങളിലേക്ക് അയച്ചുകൊടുത്തു. ഗോത്രങ്ങള്‍ ഒന്നിച്ച് ഈ ആഭാസന്മാരുടെ ബെഞ്ചമിന്‍ ഗോത്രത്തിനെതിരെ യുദ്ധം വെട്ടി.

ലോത്തിന്‍റെ പെണ്‍മക്കളെ സോദോംകാര്‍ക്കു വേണ്ടായിരുന്നു. അവര്‍ വീട്ടിലേക്ക് ആക്രമിച്ചു കേറാന്‍ ശ്രമിച്ചപ്പോള്‍ വീട്ടിലെ അതിഥികളായ ദൂതന്മാര്‍ അവരെ അന്ധരാക്കി എന്നാണ് ബൈബിള്‍ പറയുന്നത്. അവരെ അന്ധരാക്കേണ്ടതില്ലായിരുന്നു, കാരണം അവര്‍ കാമം കത്തുന്ന കണ്ണിന്‍റെ അന്ധന്മാരായിരുന്നു. കാമത്തിന്‍റെ സൂര്യനേത്രവുമായി ഇര പിടിക്കാന്‍ നടക്കുന്നവര്‍. അവര്‍ക്കു പിതാവു തന്‍റെ പെണ്‍മക്കളെ ബലിയാടുകളായി കൊടുക്കാന്‍ സന്നദ്ധമായത് ആതിഥ്യത്തിന്‍റെ ധര്‍മ്മം പാലിക്കാനാണ്. ആള്‍ക്കൂട്ടത്തിന്‍റെ ഭ്രാന്തു ഭയന്ന ലോത്തിനു മറ്റു വഴിയുണ്ടായിരുന്നോ? ലോത്ത് അന്യനാട്ടിലാണ്; അയാള്‍ സാംസനുമല്ല, ഒരു സാധാരണക്കാരന്‍. വച്ചുമാറുന്ന കച്ചവടത്തിനു വിധേയമാക്കപ്പെട്ടവന്‍. ഇതു സോദോമിന്‍റെ നാശത്തിന്‍റെ കഥയുമാണ്. സോദോമില്‍ പത്തു നീതിമാന്മാരില്ലായിരുന്നു എന്നു തെളിയിച്ച കഥ. ജലപ്രളയത്തിനുമുമ്പു പുരുഷന്മാര്‍ സ്ത്രീകളെ പ്രാപിച്ചു പ്രളയം സൃഷ്ടിച്ചെങ്കില്‍, സോദോമില്‍ പുരുഷന്മാര്‍ പുരുഷന്മാരെ പ്രാപിച്ചാണ് അഗ്നിപ്രളയമുണ്ടാക്കിയത് – കാമാഗ്നി സൃഷ്ടിച്ച പ്രളയം.

ലോത്തിനു തന്‍റെ പെണ്‍മക്കളോട് ഉത്തരവാദിത്വമില്ലേ എന്നു നാം ചോദിച്ചേക്കാം. അയാള്‍ക്കു തന്നെത്തന്നെ വിട്ടുകൊടുക്കാമായിരുന്നില്ലേ? സോദോമില്‍ നിന്ന് ഓടിരക്ഷപ്പെട്ട ലോത്തിന് "സോവാറില്‍ പാര്‍ക്കാന്‍ ഭയമായിരുന്നു. അതുകൊണ്ട് അവന്‍ തന്‍റെ രണ്ടു പെണ്‍മക്കളോടുകൂടെ അവിടെനിന്നു പുറത്തു കടന്നു മലയില്‍ ഒരു ഗുഹയ്ക്കുള്ളില്‍ പാര്‍ത്തു" (ഉത്പ. 19:30).

തിന്മയുടെ സംഘാതമായ ശക്തിയുടെ വിധി തടുക്കാനാവാതെ അതിഥികളെ സംരക്ഷിക്കാന്‍ സ്വന്തം മക്കളെ ആ ശക്തികള്‍ക്കു വിട്ടുകൊടുക്കുന്ന ഒരു ബലിയായിട്ട് ഇതു വായിക്കാം. ലോത്ത് സംരക്ഷിക്കാന്‍ ശ്രമിച്ചതു സ്വന്തം മാംസത്തെ ബലി ചെയ്ത് അന്യനെയാണ്. അബ്രാഹം സ്വന്തം മകനെ ബലി ചെയ്യാന്‍ സന്നദ്ധമായതുപോലെതന്നെ. അന്ധതയുടെ തമസ്സില്‍ ജീവിച്ച ഒരു ജനതയുടെ ഇടയില്‍ ധര്‍മ്മം കാക്കാന്‍ ശ്രമിച്ച ഒരു സാധാരണക്കാരന്‍റെ കാഴ്ചയുടെ കഥയാണിത്. ലോത്തിന്‍റെ ആര്‍ജ്ജവം പിന്നീടു ദുഃഖമുണ്ടാക്കിയേക്കാം, ചോദ്യങ്ങള്‍ ഉന്നയിച്ചേക്കാം.

അന്യനായ മനുഷ്യനോടു കാണിക്കുന്ന ധര്‍മ്മത്തിലൂടെയല്ലാതെ ദൈവത്തെ അറിയാനോ സ്നേഹിക്കാനോ സാധിക്കില്ല. ദൈവത്തെ നേരിട്ടു ബന്ധപ്പെടാനാവില്ല. മനുഷ്യബന്ധത്തിന്‍റെ മാധ്യമത്തിലൂടെ മാത്രമാണു ദൈവവുമായുള്ള ബന്ധം. അന്യനെയും പരദേശിയെയും അനാഥനെയും വിധവയെയും പരിരക്ഷിച്ചു മാത്രമേ ദൈവത്തിലേക്കു വഴിയുള്ളൂ. അന്യനായ അതിഥിക്കുവേണ്ടി സ്വന്തം മാംസത്തെയും മക്കളെയും ബലിയായി നല്കിയ നീതിയുടെ കഥയാണിത്. ഈ നീതിബോധം നമുക്കുള്ളില്‍ പേരില്ലാത്ത എന്തോ ആയി വസിക്കുന്നു. അതു കേള്‍ക്കുന്നവരാണ് അതിഥികളെ ദേവതുല്യം ആദരിക്കുന്നത്. ഒരു അസാന്നിദ്ധ്യത്തിന്‍റെ പ്രശ്നമാണിവിടെ കഥയാകുന്നത്. സോദോമില്‍ അസന്നിഹിതമായതു നീതിയാണ്, അതു ദൈവികതയുടെ അഭാവമായിരുന്നു. ദൈവം മരിച്ചിടമായി സോദോം. കാരണം അവിടെ നീതിമാന്മാരുണ്ടായിരുന്നില്ല. ഒരു നാടും നഗരവും വീടും നീതിയില്ലാതെ നിലനില്ക്കില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org