ധര്‍മ്മസങ്കടത്തിന്‍റെ അനിവാര്യത

ധര്‍മ്മസങ്കടത്തിന്‍റെ അനിവാര്യത

നോമ്പുകാലം-3

വിശ്വാസത്തിനുവേണ്ടി ധര്‍മ്മം ബലി ചെയ്യേണ്ടി വരുമെന്നു പറയുന്നതു ക്രൈസ്തവ ചിന്തകനായ കീര്‍ക്കെഗോറാണ്. അങ്ങനെയാണ് അബ്രാഹം വിശ്വാസത്തിന്‍റെ പിതാമഹനാകുന്നത്. ദൈവത്തോടുള്ള ഉത്തരവാദിത്വവും പൊതുവായ ധാര്‍മ്മികബാദ്ധ്യതകളും തമ്മില്‍ സംഘര്‍ഷമുണ്ടാകാം. അവിടെ പൊതുപ്രമാണവും ദൈവവുമായുള്ള ബന്ധവും പൊരുത്തപ്പെടാതെയാകുന്നു. സാര്‍വത്രികമായ കടമയുടെ തലം വിട്ടുപോകാതെ വിശ്വാസത്തിന്‍റെ ആത്മീയ നിര്‍ദ്ദേശം പാലിക്കാന്‍ പറ്റില്ല. അദ്ദേഹം എഴുതി: "നിശ്ശബ്ദതയാണു ചെകുത്താന്‍റെ കെണി. എത്രകണ്ട് ഒരുവന്‍ നിശ്ശബ്ദനാകുന്നുവോ അത്രകണ്ടു പിശാച് ഭീകരമാകും. പക്ഷേ, ദൈവവും വ്യക്തിയും തമ്മിലുള്ള പരസ്പരധാരണയും നിശ്ശബ്ദതയിലാണ്. ധര്‍മ്മം ആവശ്യപ്പെടുന്ന ഭാഷണം ഒരു പ്രലോഭനവുമാണ്" കീര്‍ക്കെഗോറിന്. വ്യക്തിയും ഈശ്വരനും തമ്മിലുള്ള രഹസ്യബന്ധത്തിന്‍റെ നിശ്ശബ്ദതയിലാണ് ആത്മീയത. പക്ഷേ, ആ നിശ്ശബ്ദതയില്‍ അപകടവും പതിയിരിക്കാം.

ആരോടും വിശദീകരിക്കാനോ പറയാനോ പറ്റാത്ത അവസ്ഥ അബ്രാഹത്തിനുണ്ട്. പറഞ്ഞാല്‍ ആളുകള്‍ അയാളെ കൊല്ലുന്ന പ്രതിസന്ധി. കാരണം മകനെ ബലി ചെയ്യുന്നതു വലിയ ഭീകരതയാണ്, ധര്‍മ്മനിഷേധമാണ്. അതിനു ഭാഷയില്‍ സാധൂകരണമില്ല. വിശ്വാസത്തിന്‍റെ രഹസ്യാത്മകതയുടെ പേരില്‍ നരബലി പാടുണ്ടോ? ദൈവം കൊല്ലാന്‍ പറഞ്ഞാല്‍ കൊല്ലണോ?

ഈ ചോദ്യത്തിനു വളരെ ആത്മീയനും യഹൂദചിന്തകനുമായ ലെവീനാസിന്‍റെ ഉത്തരം വ്യക്തമാണ്. "ദൈവത്തേക്കാള്‍ പ്രമാണങ്ങളെ അനുസരിക്കുക." ഞാനും ദൈവവുമായുള്ള വ്യക്തിബന്ധം ദൈവമായിട്ടുതന്നെ എന്ന് എങ്ങനെ ഉറപ്പാക്കാം? അതു സങ്കല്പത്തിലെ ദൈവമെന്ന വി ഗ്രഹമായിക്കൂടേ? അതുകൊണ്ടു ദൈവകല്പന പാലിച്ചു വ്യാജദൈവത്തെ ബലി ചെയ്യുക. പക്ഷേ, കീര്‍ക്കെഗോറും അബ്രാഹവും ഉയര്‍ത്തുന്നത് പ്രശ്നം സങ്കീര്‍ണമല്ലേ? സാമൂഹികമായി നാം ഇന്ന് അംഗീകരിക്കുന്ന ധര്‍മ്മം അത്ര കേവലവും ചോദ്യം ചെയ്യപ്പെടാനാകാത്തതുമാണോ? ധര്‍മ്മം മനസ്സിലാക്കുന്നതില്‍ കാലഘട്ടങ്ങളും യുഗങ്ങളും തെറ്റുന്നില്ലേ? അതുകൊണ്ടാണു പ്ലേറ്റോ ദൈവനിവേശിതമായ ഭ്രാന്തിനെ സ്വീകരിക്കുന്നത്. ദൈവം അയയ്ക്കുന്ന ഭ്രാന്ത് മാമൂലുകളെയും ചട്ടങ്ങളെയും നിഷേധിക്കുന്നതാകാം. ദൈവത്തിന്‍റെ ശല്യപ്പെടുത്തല്‍ നിലനില്ക്കുന്ന ധാര്‍മ്മികമാമൂലുകളെ ലംഘിക്കാന്‍ കാരണമാകില്ലേ? പ്രവാചകരും കവികളും മിസ്റ്റിക്കുകളും അതു ചെയ്തിട്ടില്ലേ? അവിടെയാണു ഞാന്‍ എന്‍റെ സുരക്ഷിതത്വം എന്‍റെ കയ്യില്‍ നിലനിര്‍ത്താനള്ള എന്‍റെ ധര്‍മ്മാവകാശം മറന്നു ഞാന്‍ എന്നെ ബലിയാക്കുന്നത്. അവിടെ ഞാന്‍ മരണം സമര്‍പ്പിക്കുന്നു – അത് അപരന്‍റെ മരണമല്ല, എന്‍റെ മരണം. അതുകൊണ്ടവസാനിക്കുന്നില്ല. ഞാന്‍ ചിലപ്പോള്‍ അപരന്‍റെ മരണത്തിനും കാരണമാകും.

ഞാന്‍ ഒരാളുടെ വിളി കേള്‍ക്കുമ്പോള്‍ മറ്റൊരാളുടെ മുറവിളി അവഗണിക്കേണ്ടി വരുന്നു. അത് എന്‍റെ പരിമിതിയുടെ പ്രശ്നമാണ്. ഒരേ സമയം രണ്ടാളെ രക്ഷിക്കാന്‍ കഴിയാത്ത എന്‍റെ പരിമിതി. പക്ഷേ, ആ പരിമിതിയില്‍ അപരന്‍ കൊല്ലപ്പെടും. ഒരാളെ ഞാന്‍ രക്ഷിക്കുമ്പോള്‍ മറ്റൊരാളെ എനിക്കു രക്ഷിക്കാനാവില്ല. അത് അവനെ ഞാന്‍ മരണത്തിനു വിട്ടുകൊടുക്കുന്നതായി മാറും. അവിടെ എന്‍റെ ധര്‍മ്മം പരാജയപ്പെടുന്നു. അത് എനിക്കുണ്ടാക്കുന്നതു ധര്‍മ്മസങ്കടമാണ്. ഞാന്‍ ഒരാളെ രക്ഷിക്കാന്‍ വേണ്ടി അപരനെ ഉപേക്ഷിച്ചു. ആ ഉപേക്ഷ എന്‍റെ ധര്‍മ്മബോധത്തെ മുറിപ്പെടുത്തുന്നു. അത് എന്‍റെ പരാജയമാണ്, എന്‍റെ പരോക്ഷമായ വീഴ്ചയാണ്. ഞാന്‍ ആരെയും കൊന്നില്ല ഒരുവനെ ഞാന്‍ രക്ഷിച്ചപ്പോള്‍ അത് അവനാകാമായിരുന്നതു ഞാന്‍ ചെയ്തില്ല; അവനെ ഞാന്‍ ഉപേക്ഷിച്ചു. ഇത്തരം ബലികളില്ലാതെ ജീവിക്കാനാവുമോ? ഞാന്‍ എപ്പോഴും ആര്‍ക്കൊക്കെയോ എതിരായി കത്തി ഉയര്‍ത്തുന്നു. അത് എനിക്കെതിരെയാണ്. എന്നെ അതു കടക്കാരനാക്കുന്നു. ലോകത്തിലെ ഏതു കുറ്റത്തിലും ഞാന്‍ പരോക്ഷമായി പങ്കാളിയാകുന്നു. ദൈവത്തെ മറന്നു വേണം ദൈവത്തോടു കൂടെയായിരിക്കാന്‍. ഒരുവനെ രക്ഷിക്കാനുള്ള മുറവിളി കേള്‍ക്കുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥനയ്ക്കു പിന്‍വലിയുന്നതു പേഗനിസമായി മാറില്ലേ എന്നു സംശയിക്കുന്നു. ദൈവത്തിനുവേണ്ടിയാകുന്നതു മനുഷ്യനുവേണ്ടിയാകുന്നതാണ്. പക്ഷേ, മനുഷ്യര്‍ പലരാണ്. ഒരാള്‍ക്കു വേണ്ടിയാകുമ്പോള്‍ അപരനുവേണ്ടിയല്ലാതായി മാറുന്നു. ഞാനാണെങ്കില്‍ എന്‍റെ സ്വീകരിക്കാനുള്ള കഴിവിനപ്പുറം ദാനങ്ങള്‍ സ്വീകരിച്ചവനാണ്. അതിന്‍റെ ഒരു ഭാഗംപോലും കൊടുക്കാനായില്ല എന്ന കുറ്റബോധമുണ്ട്. ഉത്തരവാദിത്വത്തിന്‍റെ ഭാരം സഹിക്കാനാവാത്ത വിധം പേറുന്നു. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയില്ല എന്ന കുറ്റബോധമാണു ധര്‍മ്മസങ്കടത്തിന്‍റെ കാതല്‍. അയല്ക്കാരന്‍റെ മുമ്പില്‍ എത്തുന്ന ദാസനാണ്. പക്ഷേ, വൈകിപ്പോയി എന്ന ബോധം പീഡിപ്പിക്കുന്നു. മറ്റുള്ളവര്‍ക്കു വേണ്ടതു വേണ്ടുവോളം ചെയ്തില്ല എന്ന കുറ്റബോധത്തോടെ എല്ലാവരുടെയും മുമ്പില്‍ നില്ക്കേണ്ടി വരുന്നു. ഇതാണു ധര്‍മ്മസങ്കടം – ഇതു ധര്‍മ്മത്തിന്‍റെ ഒഴിയാത്ത സങ്കടമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org