സാക്ഷികളും രക്തസാക്ഷികളും

117-ല്‍ ദിവംഗതനായ പ്രസിദ്ധ റോമന്‍ ചരിത്രകാരനാണു ടാസിറ്റസ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു രാജ്യം എത്രകണ്ട് അഴിമതിയാലാകുന്നുവോ അത്രകണ്ട് അധികമായിരിക്കും അതിലെ നിയമങ്ങള്‍. നിയമങ്ങളുടെ പെരുപ്പം പുരോഗതിയല്ല അധോഗതിയാണു സൂചിപ്പിക്കുന്നത്. നീറോ, റോമാ ചക്രവര്‍ത്തിയായി ജീവിച്ചിരുന്ന ഏ.ഡി. 64-ല്‍ നടന്ന കുപ്രസിദ്ധമായ നീറോയുടെ മതമര്‍ദ്ദനത്തെക്കുറിച്ച് ഇങ്ങനെ അദ്ദേഹത്തിന്‍റെ ചരിത്രത്തില്‍ (Annals) എഴുതി: "അവര്‍ റോമാനഗരം കത്തിച്ചു എന്ന മനുഷ്യവംശത്തോടുള്ള വെറുപ്പ് (adio humani generis) മൂലം ഒരു വലിയ ക്രൈസ്തവജനതയെ കുറ്റം വിധിച്ചു." ക്രൈസ്തവരെ രാത്രിയില്‍ വെളിച്ചത്തിനുവേണ്ടി പന്തമായി കത്തിക്കുകയും ആ ദൃശ്യവിസ്മയം നീറോ നോക്കി ആസ്വദിക്കുകയും പൊതുജനങ്ങള്‍ കാണാന്‍ അദ്ദേഹത്തിന്‍റെ തോട്ടങ്ങള്‍ തുറന്നുകൊടുക്കുകയും ചെയ്തു എന്നു ടാസിറ്റസ് എഴുതി.

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയി, പശുവിനെ മോഷ്ടിച്ചു, പശുഇറച്ചി സൂക്ഷിച്ചു എന്ന പേരിലൊക്കെ താഴ്ന്ന വര്‍ഗക്കാരായ പാവങ്ങളെ പിടികൂടി റോഡിലൂടെ തല്ലിച്ചതച്ചു കൊണ്ടുപോകുന്നു. അതു ചിത്രീകരിക്കുകയും അവ നോക്കിനിന്ന് ആസ്വദിക്കുകയും ചെയ്യുന്ന ഭീകരദൃശ്യങ്ങള്‍ നാം കാണുന്നു. ഇത്തരം മനുഷ്യത്വരഹിതമായ രംഗങ്ങള്‍ അരങ്ങേറുന്നു. പാവപ്പെട്ടവരെ തല്ലിച്ചതയ്ക്കുന്നതു ദൃശ്യവിസ്മയമായി പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും അതിന്‍റെ ചിത്രങ്ങള്‍ നാടുനീളെ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ലെവീനാസ് കലാബോധവും സൗന്ദര്യാരാധനയും വലിയ ധാര്‍മ്മിക ആഭാസമായി മാറുന്നു എന്നു പറഞ്ഞിട്ടുണ്ട്. പകര്‍ച്ചവ്യാധിയുടെ കാലത്തെ അമൃതേത്തിനോടാണ് അദ്ദേഹം ഇതിനെ ഉപമിച്ചത്. മരണം വായ്പിളര്‍ക്കുന്നിടത്തു വലിയ സദ്യ ആസ്വദിക്കുന്ന വൈകൃതം നമ്മെയും പിടികൂടിയിരിക്കുന്നു. തൂങ്ങിച്ചാകുന്നതിന്‍റെ ഫോട്ടോയെടുക്കാന്‍ താത്പര്യപൂര്‍വം കാത്തുനില്ക്കുന്നവന്‍റെ സൗന്ദര്യബോധം ഏതു മനുഷ്യനെയാണ് അമ്പരപ്പിക്കാത്തത്?

ഇത്തരം വൈകൃതഭീകരത ഈ സംസ്കാരത്തില്‍ എങ്ങനെ പ്രവേശിച്ചു? അതിന്‍റെ പേരാണു മൗലികവാദം. അത് ഏറ്റവും ഭീകരമായതു നാസിസത്തിലും സ്റ്റാലിനിസത്തിലുമായിരുന്നു. അതാണു ടാസിറ്റസ് എഴുതിയ "മനുഷ്യനോടുള്ള വെറുപ്പ്." വെറുപ്പാണിവിടെ പ്രചരിപ്പിക്കുന്നത്, പടര്‍ന്നു വളരുന്നതും. അത് അധികാര ലാഭങ്ങള്‍ക്കുവേണ്ടിയാകുമ്പോള്‍ ആ രാഷ്ട്രീയം നീറോയുടേതുതന്നെ.

ഈ വെറുപ്പിന്‍റെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതു ക്രൈസ്തവരും യഹൂദരുമായിരുന്നു. ഈ രണ്ടു മതക്കാരും ഒരേ മാനവികതയുടെ പ്രഘോഷകരാണ്. ജാതിഗോത്രവര്‍ഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ദൈവത്തിന്‍റെ മക്കളാണ് എന്ന ഉറച്ച ബോദ്ധ്യം. മാത്രമല്ല ദൈവത്തിലേക്കു നേരിട്ടു വഴികളില്ല. ദൈവത്തിലേക്കുള്ള വഴി മനഷ്യനിലൂടെ മാത്രം. ഒരു റാബ്ബിയുടെ കഥയുണ്ട്. ഒരു മണല്‍ക്കാട്ടിലൂടെ രണ്ടുപേര്‍ യാത്ര ചെയ്യുകയാണ്. ഒരാളുടെ പക്കല്‍ മാത്രം അല്പം വെളളമുണ്ട്. അത് ഒരാള്‍ മാത്രം കുടിച്ചാല്‍ അയാള്‍ക്കു നഗരത്തില്‍ എത്താം. രണ്ടുപേരും കഴിച്ചാല്‍ രണ്ടുപേരും മണല്‍ക്കാട്ടില്‍ മരിക്കും. എന്തു ചെയ്യും? റാബ്ബി പറഞ്ഞു: "രണ്ടുപേരും ആ വെള്ളം കുടിക്കട്ടെ. അപ്പോള്‍ നിന്‍റെ സഹോദരന്‍ നിന്‍റെ കൂടെ ജീവിക്കും."

യഹൂദര്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണ് എന്ന് അവകാശപ്പെടുന്നു, ക്രൈസ്തവരും. എന്തിനാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്? ലെവീനാസ് എഴുതി; ഇവിടെ എല്ലാ ജനതകളിലുംനിന്നു വ്യക്തി തിരഞ്ഞെടുക്കപ്പെടുന്നു. അവന്‍റെ ഊഴത്തിനു കാത്തുനില്ക്കാതെ ഉത്തരവാദിത്വത്തോടുകൂടി മറുപടി പറയാനും ജീവിക്കാനും. "ഇതാ ഞാന്‍ എന്‍റെ ഇടം നിങ്ങള്‍ക്കുവേണ്ടി ഒഴിയുന്നു." ഇടം ഒഴിയല്‍ ഭൂമിയില്‍ നിന്നു പോകലാണ് – മരിക്കലാണ്. അപരനുവേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്നു യേശു പഠിപ്പിച്ചു. അപരനുവേണ്ടിയാകുന്നതാണ്, ക്രിസ്ത്യാനിയാകുന്നത്. അതൊരു പുറപ്പാടു യാത്രയാണ്. എന്നില്‍ നിന്നിറങ്ങി നിന്നിലേക്കുള്ള യാത്ര. അതാണു ദരീദയുടെ പുസ്തകത്തിന്‍റെ സാരം – "മരണത്തിന്‍റെ ദാനം." അപരനു കൊടുക്കാവുന്നത് എന്‍റെ ഇടമാണ്, എന്‍റെ ഇടം ഒഴിയുമ്പോള്‍ എന്‍റെ മരണമാണു നിനക്കു ഞാന്‍ തരുന്നത്.

വിശ്വാസം പീഡിതമായ കാലത്ത് ആന്‍റിയോക്കിലെ ഇഗ്നേഷ്യസ് (+108) എഴുതി, "ഞാന്‍ എല്ലാ സഭകള്‍ക്കും എഴുതുന്നു, ഞാന്‍ എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ എന്‍റെ സ്വന്തം മനസ്സാല്‍ ദൈവത്തിനുവേണ്ടി മരിക്കും." ദൈവത്തിനുവേണ്ടി എന്നതു മനുഷ്യനുവേണ്ടിയാകുന്നതാണു ക്രൈസ്തവതനിമ. അതുകൊണ്ടു തെര്‍ത്തുല്യന്‍ (+220) എഴുതി, "രക്തസാക്ഷിയില്‍ ക്രിസ്തുവാണ്" (Chistus in martyre est). ആദിമ ക്രൈസ്തവര്‍ രണ്ടു തരക്കാരായിരുന്നു: ക്രിസ്തുവിനുവേണ്ടി കൊല്ലപ്പെട്ട രക്തസാക്ഷികളും ക്രിസ്തുവിനു മരണംകൊണ്ടു സാക്ഷ്യം നല്കിയ സാക്ഷികളും. ജീവിതം കുമ്പസാരമാണ് -ഏറ്റുപറച്ചില്‍, അതിനായി വിളിക്കപ്പെടുന്നു. അപരനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന സാക്ഷികള്‍. മനുഷ്യാവതാരത്തിന്‍റെ സത്യം നാം മറ്റുള്ളവര്‍ക്കു പകരവും പരിഹാരവുമാണ് എന്നതല്ലേ? ദൈവപുത്രന്‍ എനിക്കു പകരമാകുമ്പോള്‍ ഞാന്‍ അപരനു പകരമാകണം. ആ അപരന്‍ ക്രിസ്ത്യാനിയാണോ എന്ന ചോദ്യമുയരില്ല. അപരന്‍ അപരനാണ്, അവന്‍റെ മുഖത്താണു ക്രിസ്തുവിന്‍റെ മുഖം കണ്ടത്. ക്രിസ്തുവിനു പകരമായി ഞാന്‍ പോകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org