കാണാതായവനെ നോക്കി നടന്നവര്‍

കാണാതായവനെ നോക്കി നടന്നവര്‍

നോമ്പുകാലം-1

"യേശുവിനെ തിരക്കി അവര്‍ ജെറുസലേമിലേക്കു തിരിച്ചുപോയി… മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി. അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദിക്കുകയും ചെയ്യുകയായിരുന്നു. കേട്ടവരെല്ലാം അവന്‍റെ ബുദ്ധിശക്തിയിലും മറുപടികളിലും അത്ഭുതപ്പെട്ടു" (ലൂക്കാ 2:45-46). യേശുവിന്‍റെ കൗമാരത്തെക്കുറിച്ച് ലൂക്കാ മാത്രം നല്കുന്ന വിശിഷ്ടമായ ഒരു വിവരണമാണിത്. പെരുന്നാളിനു പോയവന്‍ ഒളിച്ചോടുന്നു. അത് ഒരു പ്രത്യേക സദസ്സിലേക്കായിരുന്നു. കേള്‍ക്കുകയും ചോദിക്കുകയും ചെയ്യുന്ന യോഗം. കേള്‍വിയാണു ചോദ്യങ്ങള്‍ ജനിപ്പിക്കുന്നത്. പ്രപഞ്ചത്തോടും മറ്റുള്ളവരോടും ചോദിക്കാന്‍ തുറന്ന മനസ്സ് തരുന്നതു കേള്‍വിയാണ്. അതു ഭക്തന്‍റെ തുറന്ന മനസ്സാണ്. കേള്‍വിയുടെ മനസ്സ് ചിന്തയും ചോദ്യവും ഉണര്‍ത്തുന്നു.

എന്തിനെക്കുറിച്ചാണു ചിന്ത? എന്തിനെക്കുറിച്ചാണു കേട്ടതും അന്വേഷിച്ചതും? അവന്‍ അവിടെ എന്തോ അന്വേഷിക്കുന്നു. മറുവശത്തു മാതാപിതാക്കള്‍ അവനെ അന്വേഷിക്കുന്നു. ആ അന്വേഷണത്തില്‍ വ്യഗ്രതയും വ്യസനവുമുണ്ട്. കാരണം അവന്‍ അപ്രത്യക്ഷനായി. അവര്‍ അവനെ തേടി. അവസാനം അവനെ കണ്ടെത്തിയതു ദോവലയത്തില്‍. അപ്രത്യക്ഷമായതു ചോദ്യമാക്കുന്നത് അവന്‍റെ അമ്മയാണ്. "ഞങ്ങളോടു ഇങ്ങനെ ചെയ്തത് എന്തേ?" അവര്‍ അവനെ അന്വേഷിച്ചു. അവന്‍ ചിന്തയുടെ ഭക്തിയിലായിരുന്നു. പക്ഷേ, അവന്‍റെ മറുപടി വേറൊരു ചോദ്യമായിരുന്നു. "നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്‍റെ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്നു നിങ്ങള്‍ അറിയുന്നില്ലേ?" ആ ചോദ്യത്തില്‍ ഭക്തിയുണ്ട്. അതു ഭക്തിയുടെ ചോദ്യമാണ്.

പിതാവും മാതാവും കാണാതായവനെ അന്വേഷിക്കുന്നു. ആരേ, പുത്രനെ. പക്ഷേ, പുത്രനും അന്വേഷണത്തിലാണ്. ആരേ, പിതാവിനെ. രണ്ടുതരം അന്വേഷണങ്ങളാണു രണ്ടു കൂട്ടരും അന്വേഷിക്കുന്നത്. കാണാതായതാണ്.

കാണാതായതിനെ കാണുക, അതിനാണു പിതാവിനെ അന്വേഷിക്കുന്നത്. അവര്‍ ദേവാലയത്തിലാണ്. അവന്‍ ഈ പ്രപഞ്ചത്തിലാണ്. നമ്മളും ഈ ലോകത്തിലാണ്. ഈ പ്രപഞ്ചത്തിന്‍റെ നിത്യവിസ്മയങ്ങള്‍ കണ്ണിലേക്ക് ഇടിച്ചുകയറ്റുമ്പോള്‍ ആ കാഴ്ചകളില്‍ കാണാത്തവനുണ്ട്. കാഴ്ചകള്‍ കാണിക്കുന്നവനെ ആരു നോക്കുന്നു? അവന്‍ പിതാവിനെ നോക്കി ദേവാലയത്തിലെത്തി. അവന്‍റെ ഭക്തി കേള്‍വിയും ചോദ്യവുമാക്കി. ശബ്ദമുഖരിതമായ ലോകത്തില്‍ കേള്‍ക്കേണ്ടവനെ കേള്‍ക്കുന്നുണ്ടോ? ദൃശ്യവിസ്മയത്തിന്‍റെ പിന്നില്‍, നാട്യക്കാരനില്ല, കേള്‍ക്കേണ്ടവനെ കേള്‍ക്കുന്നില്ല. അവിടെ ചിന്ത ചോദ്യമാകുന്നത്, കേട്ടതു കാണാന്‍ വേണ്ടിയാണ്.

മാതാപിതാക്കള്‍ അന്വേഷിച്ചതല്ല, അവന്‍ അന്വേഷിച്ചത്. രണ്ടു കൂട്ടരും അന്വേഷിക്കുന്നു, കാണാന്‍. കാണാതായവനെ കാണാന്‍. കാണാന്‍ വേണ്ടി പ്രത്യക്ഷത്തില്‍നിന്ന് അവര്‍ പിന്‍വലിയുന്നു. പിതാക്കള്‍ക്ക് അവന്‍റെ അന്വേഷണ പ്രശ്നം മനസ്സിലായില്ല. "പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല." "പക്ഷേ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു." അതു മൗനത്തിന്‍റെയും ധ്യാനത്തിന്‍റെയും കാര്യമാണ്. പ്രത്യക്ഷത്തിന്‍റെ പിന്നിലേക്കു നോക്കുക; പ്രത്യക്ഷത്തിനു പിന്നിലെ പരോക്ഷം. ലോകത്തിലെ ലൗകികനോട്ടത്തിന്‍റെ പ്രത്യക്ഷത്തിന്‍റെ പിന്നില്‍ കാണാന്‍ നോക്കുന്നവര്‍ നാട്യത്തിന്‍റെ പിന്നിലെ നാട്യക്കാരനെ കാണുന്നു; വ്യാകരണത്തിന്‍റെ പിന്നിലെ വൈയാകരണനെ കാണുന്നു. അതു നാട്യത്തിന്‍റെ പിന്നിലെ വെളിപാടു കാണലാണ്. അതു കണ്ണിനും കാതിനും കാണാനോ കേള്‍ക്കാനോ വിഷയമാകാത്ത കാഴ്ചയും കേള്‍വിയുമാണ്. അവന്‍ പ്രത്യക്ഷത്തില്‍ അങ്ങനെ ഒന്നും കാണാത്തവനാണ്.

നീതി അപ്രത്യക്ഷമായത് എങ്ങനെ കാണുന്നു, ഐക്യം നാടുവിട്ടതു കാണുന്ന കണ്ണേതാണ്? സ്നേഹം വറ്റിയതു കാണുന്നുണ്ടോ കേള്‍ക്കുന്നുണ്ടോ? ദൈവം ഇറങ്ങിപ്പോയവനെ നിങ്ങള്‍ കാണുന്നുണ്ടോ? കാണുന്നു, പക്ഷേ, ഇറങ്ങിപ്പോയ ദൈവത്തെ കണ്ടത് എങ്ങനെ? ദൈവത്തെ കാണാതായാല്‍ അന്വേഷിച്ചുപോകേണ്ടത് എവിടെ? അന്വേഷണത്തിന്‍റെ ചോദ്യങ്ങള്‍ ഭക്തിയുടെ ചോദ്യങ്ങളാണ്. കാണാതായ സ്നേഹത്തെ, നീതിയെ, സമാധാനത്തെ അന്വേഷിച്ച് എവിടെ പോകും? അതിനെ കണ്ടെത്താന്‍ ഭക്തിയുടെ ചോദ്യങ്ങള്‍ ഉന്നയിക്കണം.

പീലിപ്പോസ് ചോദിക്കുന്നു: "കര്‍ത്താവേ, പിതാവിനെ കാണിച്ചുതരിക. ഞങ്ങള്‍ക്ക് അതു മതി" (യോഹ. 14:8). "എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു." അത് അവര്‍ക്കു മനസ്സിലായോ? യേശുവിനെ കാണുന്നു, യേശുവിനെ കണ്ടവര്‍ പിതാവിനെ കണ്ടോ? കണ്ടു എന്നും കണ്ടില്ല എന്നും പറയാം. യേശുവിന്‍റെ പ്രത്യക്ഷത്തില്‍ പിതാവു പരോക്ഷമാണ്. "ശാഖ" കാണുന്നവര്‍ ചെടി കാണുന്നുണ്ടോ? പരോക്ഷത്തിന്‍റെ കാഴ്ച യ്ക്കും കേള്‍വിക്കും കണ്ണും കാതും വേണോ? ഹിമബിന്ദുവാല്‍ കാനനം കാണുന്നതെങ്ങനെ?

കാണാതായത് അന്വേഷിക്കുന്ന കാലമാണു നോമ്പുകാലം. അതാണു കാഴ്ചയും കേള്‍വിയും ഭിന്നമായി കാണുകയും കേള്‍ക്കുകയും ചെയ്യുന്ന രക്ഷാകരമായ കാലം. കാണാതായവന്‍ മനസ്സില്‍ നിറഞ്ഞിരുന്നാല്‍ മാത്രമേ കാണുന്നതിന്‍റെ പിന്നില്‍ നോക്കി കണ്ണുനിറയെ കാണാനാവൂ. അതിനു കാണാതായ നഷ്ടബോധം അനിവാര്യമാണ്. കാണാതായി എന്ന മുറിവ് ഉള്ളില്‍ ഉള്ളവരേ വേദനയുടെ ചോദ്യങ്ങള്‍ ഉന്നയിക്കൂ. ആ ചോദ്യത്തില്‍ കാണാനും കേള്‍ക്കാനുമുള്ള ദാഹമുണ്ട്. മകന്‍ കാണാതായ മാതാപിതാക്കള്‍ വീട്ടിലേക്കു പോയില്ല. അവര്‍ മകനെ വേദനയോടെ അന്വേഷിച്ചു. പക്ഷേ, മകനും കാണാതായ പിതാവിനെ അന്വേഷിച്ചു ദേവാലയത്തില്‍ ചോദ്യത്തിന്‍റെ ഭക്തിയുമായി സമ്മേളനത്തിലിരിക്കുന്നു.

കാണാതായ യേശുവിനെ അന്വേഷിക്കണം! അവന്‍ എവിടെയുണ്ട്? യേശു പറഞ്ഞു: "നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിന്‍" (മത്താ. 6:33). ആദ്യം അന്വേഷിക്കേണ്ടത് എന്‍റെ രാജ്യമല്ല, അവന്‍റെ രാജ്യം. ആദ്യം അന്വേഷിക്കേണ്ടതു നിന്‍റെ നീതിയല്ല, "അവന്‍റെ നീതി." അത് എന്‍റെ ശരീരത്തിന്‍റെ വിശപ്പിന്‍റെ അന്വേഷണമല്ല, എന്‍റെ ആത്മാവിന്‍റെ വിശപ്പിന്‍റെ അന്വേഷണമാണ്. എന്‍റെ ആഹാരം നിനക്കു ഞാന്‍ നല്കുമ്പോള്‍ എനിക്കു വിശന്നേക്കാം, പക്ഷേ, എനിക്കു കിട്ടുന്നതു നിന്‍റെ ഔന്നത്യമാണ്. ജീവിതമദ്ധ്യത്തില്‍ നിന്നു കാണാതായ ദൈവികത അന്വേഷിച്ചിറങ്ങുക. അന്വേഷണം ഇരിക്കപ്പൊറുതി നല്കാത്ത വേദനയാവട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org