അനാഥ പ്രേതമാകാതിരിക്കാന്‍

അനാഥ പ്രേതമാകാതിരിക്കാന്‍

പോള്‍ തേലക്കാട്ട്

ഡാനിയല്‍ ഡെഫോയുടെ 'റോബിന്‍സണ്‍ ക്രൂസോ' കപ്പല്‍ഛേദഫലമായി 25 വര്‍ഷം ആളൊഴിഞ്ഞ ഒരു ദ്വീപില്‍ ഏകനായി വസിച്ചതിന്റെ കഥയാണ്. ഈ ഏകാന്തവാസത്തില്‍ അയാളുടെ ഏറ്റവും വലിയ പേടി തന്നെ ഒരു ഭൂമികുലുക്കമോ വന്യജീവികളോ മനുഷ്യനെ തിന്നുന്ന കാപ്പിരികളോ വിഴുങ്ങുമോ എന്നതായിരുന്നു. ജീവനോടെ മരിക്കുന്ന പ്രാണവേദന. അയാള്‍ ഭയപ്പെട്ടതു മരണമായിരുന്നില്ല. മറിച്ചു മൃഗീയമായ മരണമായിരുന്നു. മനുഷ്യനു യോജിച്ച ഒരു മരണം ലഭിക്കില്ല എന്ന പേടിയായിരുന്നു. അയാള്‍ ആഗ്രഹിച്ചതു മരണമല്ല, വിലപിക്കാനാരുമില്ലാത്ത മരണമാണു ഭയപ്പെട്ടത്. അയാളെ ജീവനോടെ കുഴിച്ചിടുന്നതായി ഭയന്നു.

അയാള്‍ ആകുലപ്പെട്ടതു മരണശേഷമുള്ള ചിന്തയുമായിട്ടാണ്. മരണശേഷമുള്ള ജീവിതമാണ് ആകുലതയുടെ പ്രശ്‌നം. മരണശേഷം ശവസംസ്‌കാരം, വിലാപം, ഓര്‍മയാചരണം ഇതൊന്നുമില്ലാത്ത മരണമാണു വേദനിപ്പിക്കുന്നത്. മരണശേഷമുളള പ്രേതം അനാഥമാകുന്നതു സഹിക്കാനാവാത്ത ദുഃഖമായി. മരണചിന്ത അങ്ങനെ മരണശേഷമുള്ള പ്രേതചിന്തയായി.
ഈ ചിന്തയില്‍ ചിന്തയും ഭാവനയും ഒന്നാകുന്നു. മരണശേഷമെന്നതു ജീവിക്കുമ്പോഴുള്ള മരണശേഷത്തിന്റെ സങ്കല്പമാണ്. മരണശേഷം പ്രേതം അടക്കാനോ ദഹിപ്പിക്കാനോ ആരും ഇല്ലാതാകുക. മരണശേഷമുള്ളതു മറ്റുള്ളവരാണല്ലോ. ഞാന്‍ മറ്റാരുടെയെങ്കിലും കൈകളിലേക്കു മരണശേഷം ഉത്തരവാദിത്വം ഏല്പിക്കാനില്ലാതാകുക. ആ ഉത്തരവാദിത്വം ആര്‍ക്കുമില്ലാത്ത സ്ഥിതിയാണ് അനാഥപ്രേതത്തിന്റേത്. എന്റെ മരണശേഷം എന്നെ ജീവിപ്പിക്കുന്നത് അവരാണ്. അവര്‍ക്കു ഞാന്‍ എന്നെ ഏല്പിച്ചു കടന്നുപോകുകയാണ്. ഇനി ഇവിടെ എന്റെ ജീവിതം അവരുടെ ഉത്തരവാദിത്വത്തിലാണ്. പ്രേതം അനാഥമാകാതെ കാക്കുന്നവര്‍ എന്നെ ജീവിപ്പിക്കുന്നു. എന്നെ ഓര്‍മിക്കുന്നു, എന്നെക്കുറിച്ചു പറയുന്നു – മരണാനന്തരത്തിലൂടെ – അതു വിലാപമാണ്, ശ്രാദ്ധമാണ്, എന്റെ മരണപത്രത്തിന്റെ നടത്തിപ്പുകാര്‍ – അവരിലൂടെ ജീവിക്കുന്നു; അവരിലൂടെ എനിക്കു മരണാനന്തരം ഉണ്ടാകുന്നു. എന്റെ പേരിന്റെ ഉത്തരവാദിത്വം അവരെ ഏല്പിച്ചുകൊണ്ടു പോകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org