Latest News
|^| Home -> Pangthi -> ഉള്ളിലുള്ളത് -> ഔചിത്യം നഷ്ടമായാല്‍ മറ്റെല്ലാം നിഷ്ഫലം

ഔചിത്യം നഷ്ടമായാല്‍ മറ്റെല്ലാം നിഷ്ഫലം

മാണി പയസ്

പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞനും സംഗീതസംവിധായകനുമായിരുന്ന അന്തരിച്ച വി. ദക്ഷിണാമൂര്‍ത്തിയുമായി ബന്ധപ്പെട്ട് ഒരു കഥ കേട്ടിട്ടുണ്ട്. സിനിമകള്‍ക്കു മാത്രമല്ല നാടകങ്ങള്‍ക്കും ബാലെകള്‍ക്കും അദ്ദേഹം സംഗീതം പകര്‍ന്നിരുന്നു. ഒരു ബാലെയ്ക്കു സംഗീതം കൊടുത്ത അവസരത്തില്‍ സംഭവിച്ചതാണ്.
കാവ്യഗുണം തൊട്ടുതീണ്ടിയിട്ടില്ലാത്ത വരികള്‍ക്കു സംഗീതം കൊടുത്തു സ്വാമി വശംകെട്ടു.
“ഇവിടത്തെ രാജാവ് നല്ലവനാണ്; അതുകൊണ്ടു രാജ്യത്തു ക്ഷാമമില്ല”
എന്നതുപോലുള്ള ഇരുമ്പുലക്ക പരുവത്തിലുള്ള വരികള്‍ക്കാണു സംഗീതത്തിന്‍റെ ചിറകുകള്‍ മുളപ്പിക്കേണ്ടത്.
“ശ്രാന്തമാബരം നിഗാഘോഷ്മള സ്വപ്നക്രാന്തം…”
എന്നാരംഭിക്കുന്ന മഹാകവി ജി. ശങ്കരക്കുറുപ്പിന്‍റെ കടുകട്ടി കവിതയ്ക്കു സുന്ദരരാഗത്തിന്‍റെ വെണ്ണ പുരട്ടി ശ്രവണസുഖം പകര്‍ത്തിയിട്ടുള്ള ദക്ഷിണാമൂര്‍ത്തിക്കു ബാലെയിലെ വരികള്‍ക്കു മുന്നില്‍ മനഃസാന്നിദ്ധ്യം നഷ്ടമാകുന്നതായി തോന്നി.
ഒരു ദിവസം രാവിലെ ബാലെ എഴുത്തുകാരന്‍ എത്തുംമുമ്പ് ഒരു ദിനപത്രത്തിലെ വാര്‍ത്തയ്ക്കു സംഗീതം നല്കി സ്വാമി കാത്തിരുന്നു. ബാലെകവി മുന്നില്‍ അവതരിച്ചപ്പോള്‍ ആ വരികള്‍ പാടി കേള്‍പ്പിക്കുകയാണു സ്വാമി ആദ്യം ചെയ്തത്. നിങ്ങളുടെ വരികളേക്കാള്‍ സുഖമാണു പത്രവാര്‍ത്തയ്ക്കു സംഗീതം കൊടുക്കുന്നത് എന്ന ഒരു കമന്‍റും.
കഴിഞ്ഞ ദിവസം ഒരു തിരുനാള്‍ കുര്‍ബാന ചൊല്ലിയ പ്രശസ്ത ഗായകന്‍ കൂടിയായ വൈദികന്‍ ബൈബിള്‍ വായനയുടെ സന്ദര്‍ഭത്തില്‍ വിശുദ്ധ ഗ്രന്ഥത്തിലെ വരികള്‍ ഗാനരൂപത്തില്‍ അവതരിപ്പിച്ചതിനു സാക്ഷ്യം വഹിച്ചപ്പോള്‍ “സ്വാമീ സംഭവം” ഓര്‍ത്തുപോയി. ഔചിത്യമില്ലാത്ത കര്‍മങ്ങളെ മനസ്സില്‍ കണ്ടാവണം, “അധികമായാല്‍ അമൃതും വിഷം” എന്ന പ്രയോഗം ഭാഷയിലുണ്ടായത്. പാട്ടിന് അഥവാ സംഗീതത്തിനു മനുഷ്യരെ പാട്ടിലാക്കാനുള്ള (വശത്താക്കാനുള്ള) കഴിവുണ്ട്. എന്നാല്‍ അനവസരത്തിലും അമിതവുമായാല്‍ പാട്ട് പഴഞ്ചോര്‍ പരുവമാകും.
ഗദ്യരൂപത്തിലുള്ള സുവിശേഷവചനങ്ങളെ സംഗീതത്തില്‍ അവതരിപ്പിച്ചപ്പോള്‍ ആശയത്തിന്‍റെ ഒഴുക്കു തടസ്സപ്പെട്ടതിനൊപ്പം അവ്യക്തവുമായി. പിന്നാലെ വന്ന തിരുനാള്‍ പ്രസംഗകന്‍ ഈ ബൈബിള്‍വചനങ്ങളെ പരാമര്‍ശിച്ചു പ്രസംഗിച്ചില്ലെന്നു മാത്രമല്ല, തിരുനാളിന് ആധാരമായ വിശുദ്ധനെക്കുറിച്ചു പറയാന്‍പോലും ശ്രമിച്ചില്ല. മറന്നുപോയതാകുമോ? മറ്റൊരു വേദിയില്‍ മറ്റൊരു സന്ദര്‍ഭത്തില്‍ കയ്യടി കിട്ടുമായിരുന്ന പ്രസംഗം ഈ സന്ദര്‍ഭത്തില്‍ ഔചിത്യമില്ലായ്മയുടെ ഒന്നാന്തരം ഉദാഹരണമായി മാറുകയായിരുന്നു.
എന്തിനെയും ന്യായീകരിക്കാന്‍ കഴിയുന്ന ഒരു കാലത്തിലൂടെയാണു നാം കടന്നുപോകുന്നത്. രാഷ്ട്രീയത്തിലെ ‘അടവുനയം’ പോലുള്ള വാക്കുകള്‍ അത്തരം മനോഭാവത്തിന്‍റെ സൃഷ്ടികളാണ്. അടവുനയംകൊണ്ട് എവിടെയും രക്ഷപ്പെടുന്ന ഒരു കേമന്‍ ഒരിക്കല്‍ സഹപ്രവര്‍ത്തകനായ കീഴ് ജീവനക്കാരന്‍റെ കരണത്ത് ഒന്നു പൊട്ടിച്ചു. സംഗതി അതിരു കടന്നെന്നു കണ്ടപ്പോള്‍ അടവുനയം പുറത്തെടുത്ത് ആശ്വസിപ്പിച്ചതിങ്ങനെ? “തന്നെയൊക്കെയ്ല്ലാതെ മറ്റ് ആരെയാണെടോ എനിക്കു തല്ലാന്‍ പറ്റുക?”
സ്നേഹംകൊണ്ടാണു തല്ലിയത് എന്നാണു ന്യായീകരണം. ഉദ്ദേശശുദ്ധിയുള്ള തല്ലായിരുന്നതിനാല്‍ സംഗതി വിട്ടുകളയ് എന്നാണ് ആവശ്യപ്പെടുന്നത്. മഹാകവി ചങ്ങമ്പുഴ എഴുതിയിട്ടുണ്ട്.
“മഹദ്വചനങ്ങള്‍ക്കു മാര്‍ദവമില്ലെങ്കില്‍ ഉദ്ദേശശുദ്ധിക്കു മാപ്പൂ നല്കൂ.” എന്ന്.
പീപ്പിള്‍സ് ഡയറി ഡവലപ്പ് മെന്‍റ് പ്രോജക്ടിന്‍റെ (പിഡിഡിപി) ജീവാത്മാവും പരമാത്മാവുമായിരുന്ന അന്തരിച്ച ഫാ. ജോസഫ് മുട്ടുമന ക്ഷിപ്രകോപിയായിരുന്നു. കോപാവേശത്തില്‍ തല്ലുകിട്ടിയ ജീവനക്കാരുണ്ട്. തല്ലുകഴിഞ്ഞാല്‍ അച്ചനു വിഷമമാകും. തല്ലുകൊണ്ടവനെ എപ്രകാരം ആശ്വസിപ്പിക്കാമെന്ന ചിന്തയാണു പിന്നീട്. അങ്ങനെ വന്നപ്പോള്‍ സ്ഥാപനത്തില്‍ ഒരു പ്രയോഗം രൂപപ്പെട്ടു: “മുട്ടുമന അച്ചന്‍റെ തല്ലു കിട്ടിയാല്‍ രക്ഷപ്പെട്ടു.” മുട്ടുമനയച്ചന്‍റെ ഉദ്ദേശശുദ്ധി ജീവനക്കാര്‍ക്കു ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ടാണു തല്ലു കിട്ടിയിട്ടും അവര്‍ സ്നേഹം തുടര്‍ന്നത്. ഒരാളുടെ ധാര്‍മികതയുടെ ഉയര്‍ന്ന നിലവാരത്തെക്കുറിച്ച് അപരനുള്ള ബോദ്ധ്യംകൊണ്ടു സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണിത്. ഇല്ലെങ്കില്‍ ശത്രുതയിലേക്കും ബലപരീക്ഷണത്തിലേക്കും സമരത്തിലേക്കും മറ്റും നീങ്ങാന്‍ സാദ്ധ്യതയുള്ള സംഭവം.
തല്ലുക എന്നതു തെറ്റിനെ തെറ്റുകൊണ്ടു കീഴടക്കാനുള്ള ശ്രമമാണ്. അത് ഔചിത്യമില്ലാത്ത കര്‍മമമാണ്. ഏതു പ്രവൃത്തിക്കുമുമ്പും അതിന്‍റെ ഔചിത്യത്തെക്കുറിച്ചു ചിന്തിക്കണം. ഒരു കരണത്ത് അടികൊണ്ട വ്യക്തി മറുകരണവും കാണിച്ചു തരുമ്പോള്‍ മര്‍ദ്ദകനു തന്‍റെ കര്‍മത്തിന്‍റെ ഔചിത്യത്തെക്കുറിച്ചു ചിന്തിക്കാന്‍ സമയം കിട്ടുന്നുണ്ട്. അപ്പോള്‍ രണ്ടാമതു കൈ പൊക്കാതിരിക്കാം. ഔചിത്യം അറിഞ്ഞുള്ള കര്‍മം സമാധാനത്തിലേക്കു നയിക്കുന്നു എന്ന സൂചന ഇവിടെയുണ്ട്. ക്ഷമയും ഔചിത്യവും പരസ്പരപൂരകങ്ങളായ ഗുണങ്ങളാണ്.
നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നത് ഔചിത്യത്തോടെയാവണം. ഒരാള്‍ ഖേദത്തോടെ പറഞ്ഞ അനുഭവമാണ്. അയാളുടെ മകളുടെ വിവാഹം. പെണ്‍കുട്ടി തൃശൂര്‍ അതിരൂപതക്കാരി. വരന്‍ ഇരിങ്ങാലക്കുട രൂപതക്കാരന്‍. വരന്‍റെ ഇടവകപ്പള്ളി പുതുക്കിപ്പണിയുന്നതിനാല്‍ കല്യാണം നടക്കുന്നതു തൊട്ടടുത്ത എറണാകുളം അതിരൂപതയിലെ പള്ളിയില്‍. മൂന്ന് ഇടവകകളിലെ വികാരിമാര്‍ നിയമങ്ങളെ ഔചിത്യമില്ലാതെ കടും പിടുത്തത്തോടെ വ്യാഖ്യാനിച്ചു തന്‍റെ മനഃസമാധാനം നശിപ്പിച്ചതിനെക്കുറിച്ച് അയാള്‍ വിവരിച്ചപ്പോള്‍ വാസ്തവത്തില്‍ കരയണോ ചിരിക്കണോ എന്നറിയില്ലായിരുന്നു. ഒരാളുടെ ഔചിത്യമില്ലായ്മ അപരനെ കരയിക്കരുത്. നവവൈദികന്‍ ഇടവകപ്പള്ളിയില്‍ പ്രസംഗിക്കുകയാണ്. വൈദികനായതുകൊണ്ടു വീട്ടില്‍ നിന്ന് അകലെയാവുന്നില്ല. മാതാപിതാക്കള്‍ക്ക് അച്ചനാവുന്നില്ല എന്നൊക്കെ സമര്‍ത്ഥിക്കുകയാണ്. അദ്ദേഹം. അച്ചനായാലും വീട്ടിലെ ആവശ്യങ്ങള്‍ക്കെല്ലാം വരാം. എത്ര ദിവസം വേണമെങ്കിലും താമസിക്കാം. മാതാപിതാക്കള്‍ ഒരു കാര്യം ശ്രദ്ധിക്കണം, മറ്റുള്ള മക്കള്‍ വിവിധ ജീവതമാര്‍ഗങ്ങള്‍ തേടി മറുനാട്ടില്‍ കഴിയുമ്പോള്‍ നിങ്ങളെ നോക്കാന്‍ ഏറ്റവും അടുത്തുണ്ടാവുക, വൈദികനായ മകനായിരിക്കും എന്നിങ്ങനെ പ്രസംഗം നീണ്ടു.
ദൈവവിളി പ്രോത്സാഹിപ്പിക്കുവാന്‍ പറഞ്ഞ ഈ വാക്കുകള്‍ അങ്ങനെതന്നെ ഉള്‍ക്കൊണ്ടു വൈദികവൃത്തിയിലേക്കു വരുന്ന ഒരു ചെറുപ്പക്കാരനു തന്‍റെ വിളിയോടു നീതി പുലര്‍ത്താനാവുമോ? നല്ല ആശയങ്ങള്‍ അവതരിപ്പിക്കുമ്പോഴും ഔചിത്യം നഷ്ടമാകാതെ നോക്കണം. ഇല്ലെങ്കില്‍ ഉണ്ടാവുന്ന ഗുലുമാലുകള്‍ പലതായിരിക്കും. അന്യനോടു ചെയ്യുന്ന അനീതിയുമാകും.

Leave a Comment

*
*