നമ്മുടെ തനിമ

നമ്മുടെ തനിമ

പോള്‍ തേലക്കാട്ട്

സീറോ-മലബാര്‍ സഭയില്‍ നിരന്തരമായ വിവാദങ്ങളും പ്രതിസന്ധികളും സഭയുടെ തനിമ നിര്‍മ്മാണവുമായി പ്രത്യക്ഷമോ പരോക്ഷമോ ആയി ബന്ധപ്പെട്ടതാണ്. കത്തോലിക്കാ സഭയ്ക്കുള്ളില്‍ ഒരു പ്രത്യേക റീത്തിന്റെ സഭയായി നിലകൊള്ളാന്‍ അതു മറ്റ് ലത്തീന്‍ മലങ്കര സഭകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കണം എന്ന നിര്‍ബന്ധമുള്ളവരുണ്ട്. അവര്‍ ഉന്നയിക്കുന്നതു നിരര്‍ത്ഥക പ്രശ്‌നമാണ് എന്നല്ല. സീറോ മലബാര്‍ സഭയുടെ അനന്യതയും തനിമയും ഉണ്ടാക്കുകയല്ല ഉരുത്തിരിയുകയാണ്. അതു ആവരണങ്ങളിലെ വ്യത്യാസത്തിലല്ല. അതിനു തനിമയുള്ള ഒരു ആത്മാവു വേണം. ഈ തനിമ തോമാശ്ലീഹായുടെ നടപടിയുമായും ഘര്‍-വാപസിപോലുള്ള പുനരുദ്ധാരണത്തിന്റെ പുരാണ ഘടനകളിലെും ബിംബങ്ങളിലും ബന്ധപ്പെടുത്തിയാണ് എന്നു തോന്നുന്നില്ല. പുതിയ കുപ്പായങ്ങളും തൊപ്പികളും പ്രതീകങ്ങളും കുരിശുകളും കൊണ്ട് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഗൗരവമായി പ്രശ്‌നത്തെ കാണാത്തതിന്റെയാണ് എന്നു തോന്നിപ്പോകുന്നു.
പോള്‍ റിക്കറിന്റെ അഭിപ്രായത്തില്‍ ഭാഷ, ചരിത്രം, കാലം, ശരീരം എന്നിവയാണ് തനിമയുണ്ടാക്കുന്ന മാനങ്ങള്‍. സീറോ മലബാര്‍ കത്തോലിക്കര്‍ "മരിപ്പ്" ഉണ്ടായി എന്നു പറയാറില്ല, "മരണപ്പെട്ടു" എന്നും പറയില്ല; മരണമുണ്ടായി എന്നാണ് പറയുക. മാമ്മോദീസയ്ക്കു പോയി എന്നേ പറയൂ. 'തനിമ' എന്നതു 'അതുതന്നെ' എന്നു അര്‍ത്ഥമായതുകൊണ്ട് സമുദായത്തിന്റെ മാറ്റമില്ലാത്ത മാനങ്ങളെ സംബന്ധിക്കുന്നതാണ്. കാലത്തിന്റെ ഒഴുക്കില്‍ ഒഴുകിപോകാതെ നില്‍ക്കുന്നതാണ് തനിമ. സ്ഥായിസ്വഭാവമാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്. പക്ഷെ, തനിമയും ചലനാത്മകമാണ്. തനിമ എന്നത് തട്ടിന്‍പുറത്ത് എടുത്തുവച്ച് കാത്തുസൂക്ഷിക്കുന്ന പുരാവസ്തുവല്ല. കഥനത്തിന്റെ കഥയാണ് നിലനില്ക്കുന്നത്. അത് ഒരു പാരമ്പര്യത്തിന്റെ കഥയാണ്. നിലകൊള്ളുന്നതു ശരീരത്തിലാണ്. നങ്കൂരമിട്ട് ജീവിക്കുന്നതും ജീവിതം പറയുന്നതും ശരീരത്തിലാണ്. പറയുന്നതില്‍ ആയിരിക്കുന്നതും ആകേണ്ടതുമുണ്ട്. അതില്‍ സംഘാതമായ ബോധമുണ്ട്. ഞാന്‍ ആരാണ് എന്നതു ഞാന്‍ എവിടെ നില്‍ക്കുന്നു എന്നതിലാണ്. എവിടെ നില്‍ക്കുന്നു എന്നതിന്റെ ആഖ്യാനം നില്‍ക്കുന്നവന്റെ നിലപാടിനെ വ്യത്യസ്തമാക്കുകയും ചെയ്യും. ആന്തരികത എങ്ങനെ പ്രത്യക്ഷമാക്കുന്നു എന്നതാണ്. ജീവിതത്തിന്റെ ഒരു രൂപമാണ് തനിമയായി മാറുന്നത്. അതു ഭാവിയിലേ ക്കു ചൂണ്ടുന്ന ദിശാസൂചന യും പേറുന്നു. കാര്യക്ഷമത അധ്വാനശീലം, ആര്‍ജ്ജവത്വം, സത്യനിഷ്ഠ, അച്ചടക്കം, സൗഹൃദം, ആഢ്യത്വം, പരിശ്രമ ശീലം, സഹന ക്ഷമത… ഇങ്ങനെ സംഘബോധത്തി ന്റെ ആന്തരിക മാനങ്ങള്‍ പലതാണ്. ഇവയെല്ലാം കലകളും കഥകളുമായി ബന്ധപ്പെട്ട പുരാണം പറച്ചിലുമാണ്.
ഇതിന്റെയെല്ലാം പിന്നില്‍ ജീവിതശൈലിയുടെ പാരമ്പര്യമുണ്ട്. അതിന്റെ ഉറവിടങ്ങളുണ്ട്, അതിന്റെ ശ്രോതസ്സുകളുണ്ട്. ഇവിടെ തോമാശ്ലീഹായിലൂടെ ലഭിച്ച സുവിശേഷം മാറ്റിവയ്ക്കാനാവില്ല. അതു ക്രിസ്തുവില്‍ പുലര്‍ത്തുന്ന വിശ്വാസമാണ്. ആ വിശ്വാസം ജീവിച്ച ശൈലികളും വിധങ്ങളുമാണ്. സീറോ മലബാര്‍ കത്തോലിക്കരുടെ സാമൂഹ്യ ജീവിതത്തിന്റെ അലകുംപിടിയും മാറുകയാണ്. ഗ്രാമീണവും കാര്‍ഷികവുമായ പാരമ്പര്യം കൊഴിഞ്ഞ നഗരജീവിതത്തിന്റെ വ്യാകരണം ഉണ്ടാക്കുകയാണ്. വചനം മാംസം ധരിച്ച സുവിശേഷമായ യേശുക്രിസ്തുവിന്റ ശരീരമായി നാലു കഥനങ്ങളാണ് നിലകൊള്ളുന്നത്. അതില്‍ തോമാ ശ്ലീഹായെ ഒരു കഥാപാത്രമാക്കുന്നതു യോഹന്നാന്റെ സുവിശേഷം മാത്രമാണ്. യോഹന്നാന്റെ സുവിശേഷം യേശുവിന്റെ അന്ത്യത്താഴത്തിന്റെ കുര്‍ബാന സ്ഥാപനത്തിനു പകരം കാലുകഴുകലാണ്. അതും ശരീരത്തിന്റെ ശുശ്രൂഷാ കഥനമാണ്. യേശുവിന്റെ ശരീരം തേടുന്ന മഗ്ദലന മറിയത്തിന്റെയും തോമസിന്റെയും കഥകള്‍കൊണ്ട് സുവിശേഷം അവസാനിക്കുന്നു. അവന്റെ ശരീരമാണ് അസന്നിഹിതമാകുന്നത്. ദൈവം യേശുക്രിസ്തുവില്‍ മനുഷ്യവര്‍ഗ്ഗത്തെ തൊടുന്നു. ക്രൈസ്തവികത മനുഷ്യനെ തൊടുന്ന സുവിശേഷമാണ്. ഇതു തോമസിലൂടെ വെളിവാകുന്നു. ശരീരത്തിലൂടെ മാത്രമേ ദൈവത്തെ തൊടാനാകൂ. അവന്റെ ശരീരത്തിന്റെ ശുശ്രൂഷയാണ് ക്രൈസ്തവവിശ്വാസം. അവന്റെ ശരീരം തേടുന്ന ദൗത്യത്തില്‍ മഗ്ദലേന മറിയവും തോമസും ഒരേ നിലയിലാണ്.
ക്രൈസ്തവജീവിതം അവന്റെ ശരീരമെടുക്കലാണ്. അവന്‍ ആവസിക്കലാണ്. അവന് ശരം കൊടുക്കലാണ്. അവനെ തൊട്ടുവേണം ജീവിക്കാന്‍. അവന്റെ കഥയാണ് ക്രൈസ്തവന് തുടരാനുള്ളത്. അവന്റെ കഥ അവന്‍ ശരീരമെടുത്തു ജീവിച്ചു മരിച്ച് ഉയിര്‍ത്ത കഥയാണ്. ആ കഥ ജീവിക്കണം, അതാണ് അനുവര്‍ത്തിക്കാനുള്ളതും ആവര്‍ത്തിക്കാനുള്ളതും. ആവര്‍ത്തനം ഇരട്ടിക്കലല്ല. ഫ്രാന്‍സിസ് അസ്സീസി രണ്ടാം ക്രിസ്തുവാണ്. ക്രിസ്തു ആവര്‍ത്തിക്കുന്നു – ഇരട്ടിക്കുകയല്ല. ആവര്‍ത്തനം സ്ഥലകാലങ്ങളില്‍ വ്യത്യസ്തമാകും. അതു സ്ഥലകാലങ്ങള്‍ അനിവാര്യമാക്കുന്നു.
കാലവും സ്ഥലവും അവന്റെ ശരീരമെടുക്കലിന്റെ കഥയാകുമ്പോള്‍ ക്രൈസ്തവര്‍ സൃഷ്ടിക്കുന്ന ചരിത്രം അവന്റെ ചരിത്രത്തിന്റെ തുടര്‍ച്ചയാകും. ദൈവത്തിന്റെ മാംസധാരണത്തിന്റെ കഥയും ചരിത്രവും കാലദേശങ്ങളുടെയും സംസ്‌കാരത്തിന്റെ പുതിയ പുതിയ വര്‍ണ്ണങ്ങളില്‍ വിലസിക്കും. നാലു സുവിശേഷങ്ങള്‍ അവന്റെ ശരീരത്തിന്റെ നാലു പ്രതികളാണ്. വചനമാകുന്ന പുസ്തകത്തിന്റെ ശരീരവും ശരീരമാകുന്ന പുസ്തകത്തിന്റെ വചനവും ഒന്നായി. വചനം ശരീരമാകണം, ശരീരം വചനവുമാകണം. വചനം ഭാഷയാണ്, ഭാഷിക്കുന്നവന്റെ ഗാത്രം. ശരീരത്തിലൂടെ മാത്രമാണ് ദൈവത്തിലേക്കുള്ള വഴിയുണ്ടാക്കുന്നത്. "അന്ത്യപ്രലോഭനം" എഴുതിയ കസന്‍ദ്‌സാക്കീസ് എഴുതി, "ഈ പുസ്തകം ഒരു ജീവചരിത്രമല്ല, ഇതു മല്‍പ്പിടുത്തം നടത്തുന്ന മനുഷ്യന്റെ ഏറ്റു പറച്ചിലാണ്." ഈ ഏറ്റുപറച്ചിലായിരിക്കും തനിമയുണ്ടാക്കുന്നതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org