|^| Home -> Pangthi -> പലവിചാരം -> പൂര്‍വപുണ്യത്തിന്റെ കയങ്ങളില്‍…

പൂര്‍വപുണ്യത്തിന്റെ കയങ്ങളില്‍…

ലിറ്റി ചാക്കോ

ഈ ജൂലൈ നഷ്ടപ്പെടുത്തിയതു രണ്ടു മഹാപ്രതിഭകളെയാണ്. രണ്ടുപേരും ഒറ്റക്കാര്യത്തില്‍ പ്രിയപ്പെട്ടവരായിരുന്നു. മൗനം എങ്ങനെ കുറച്ചു വാക്കുകളില്‍, അല്ലെങ്കില്‍ നിശ്ശബ്ദതയില്‍ വാചാലമാകാന്‍ കഴിയുമെന്നതു ജീവിതംകൊണ്ടു പഠിപ്പിച്ച രണ്ടുപേര്‍. ആറ്റൂര്‍ രവിവര്‍മ്മയും വി.എന്‍. ദാസും. വി.എന്‍ ദാസിനെക്കുറിച്ച് ഇതേ കോളത്തില്‍ പണ്ടെഴുതിയിട്ടുണ്ട്. ധ്യാനമെന്തെന്നു നിരീക്ഷിക്കുന്നതിനിടയില്‍. ആറ്റൂര്‍ പക്ഷേ കുറേക്കൂടി ആഴപ്പെട്ട ബോദ്ധ്യങ്ങളാകുന്നു.

താരാധിപത്യത്തിന്‍റെ കാലത്താണു നമ്മുടെയൊക്കെ ജീവിതം. എഴുത്തുകാരും പാട്ടുകാരുമൊക്കെ സിനിമക്കാര്‍ക്കൊപ്പമോ അതിനേക്കാളുമോ താരമൂല്യം കയ്യാളുന്നുണ്ടിന്ന്. ഇവര്‍ക്കിടയില്‍ അപവാദങ്ങളായി നിലകൊള്ളുന്ന അപൂര്‍വം ചില എഴുത്തുകാരുണ്ട്. അവര്‍ വേദികള്‍ക്കത്ര സ്വീകാര്യരാവണമെന്നില്ല. കാരണം അവരാരും സ്വന്തം ആരാധകവൃന്ദത്തെ പോഷിപ്പിച്ചു നിലനിര്‍ത്താന്‍ കഴിയാത്തവരാണ്. രസകരമാണു പുതിയ എഴുത്തുകാരുടെ ശീലങ്ങള്‍. ഒരാരവമുണ്ടാക്കി ആരാധകരുടെ ആ ഒരു ഓളത്തിനു നടുവിലേക്ക് അവതരിക്കാനാണ് ഇന്നത്തെ സെലിബ്രിറ്റി എഴുത്തുകാര്‍ ശീലിക്കുന്നത്. രാഷ്ട്രീയത്തിന്‍റെ ചേരുവകള്‍ സമത്തില്‍ ചേര്‍ത്തവതരിപ്പിക്കാന്‍ നമ്മുടെ എഴുത്തുകാര്‍ക്കിന്ന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.

അവിടെയാണ് ആറ്റൂര്‍ വ്യത്യസ്തനാകുന്നത്. ഒരാരാധകവലയത്തിനും പിടികൊടുത്തില്ല. ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകളുടെ കാലത്ത് എല്ലാ ബഹളങ്ങളോടും അകലം പാലിച്ചു. എന്നുവച്ച് അയാള്‍ ശബ്ദവിരോധിയാണെന്നര്‍ത്ഥമില്ല. തൃശൂരില്‍ പൂരത്തിനു നടുവില്‍ മേളത്തിനുള്ളില്‍ ജീവിക്കാനിഷ്ടപ്പെട്ട ആറ്റൂര്‍, ജീവിതം ബഹളമയമാക്കിയില്ലെന്നതിലാണ് ആദരം. വാക്കുകളുടെ മഹാബലിയായ പി. കുഞ്ഞിരാമന്‍ നായരെപ്പറ്റി എഴുതിയപ്പോഴും സ്വന്തം വരികളെ വെട്ടിയൊതുക്കി, വരികള്‍ക്കിടയില്‍ വാചാലനായി.

“നീ കൃഷ്ണശില തന്‍ താളം!
വിണ്ണിലോലുന്ന നീലിമ!
ആഴിതന്‍ നിത്യമാം തേങ്ങല്‍!
പൗര്‍ണമിക്കുള്ള പൂര്‍ണത!” എന്ന് സ്വന്തം ജീവിതത്തെക്കൂടി സ്വയമടയാളപ്പെടുത്തിയ കവിയാണദ്ദേഹം. പുതിയ കാലത്തിന് ഒരു പാഠപുസ്തകം.

കാറ്റുനോക്കി പാറ്റാനറിയാത്ത ഒരാള്‍. അറിയാതെ പോയി എന്നതല്ല ശരി. അതിലെ പരിഹാസ്യതയെ തിരിച്ചറിഞ്ഞു എന്നതാണ്. ഇന്ന് ഒരു ഹാപ്പി ബര്‍ത്ത് ഡേ പോലും പരസ്യമായി ആശംസിച്ചില്ലെങ്കില്‍ കുറ്റകരമായി മാറുന്ന കാലമാണ്. എനിക്കു നിന്നെ ഇഷ്ടമാണെന്ന ക്ലാസിഫൈഡ് പരസ്യമില്ലെങ്കില്‍ പ്രണയം നഷ്ടമാകുന്ന അവസ്ഥ. പാട്ടുകാരനായൊരാള്‍ പാട്ടുമാത്രം പാടിയാല്‍ പോരാ, നൃത്തവും ചെയ്താലേ സ്വീകാര്യനാവൂ എന്ന കാലം. മൂന്നു നേരവും വച്ചുണ്ടാക്കുന്ന ഭക്ഷണം ഫെയ്സ് ബുക്കിലിട്ടാലേ വീട്ടില്‍ വെപ്പും കുടിയുമുണ്ടാകാനിടയുളളൂ എന്നു വിശ്വസിപ്പിക്കേണ്ടി വരുന്ന കാലം. കാമ്പില്ലാത്ത ജീവിതാരവങ്ങള്‍ക്കിടയില്‍ ആറ്റൂര്‍ ഒറ്റയാനാകുന്നു.

“അന്ധര്‍ നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടിഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമംകൊണ്ടൊരു മോതിരം” എന്നു തുറ ന്നങ്ങു പ്രഖ്യാപിച്ചുകൊണ്ട്.

പ്രതികരിച്ചാലാണോ പ്രതികരിക്കാതിരുന്നാലാണോ മാര്‍ക്കറ്റിംഗിനു നന്നാവുക എന്നാലോചിച്ചാണു നമ്മുടെ എഴുത്തുകാര്‍ സര്‍ഗവേളകളുടെ സമയം ഏറെയും അപഹരിക്കുന്നത്. അതിനനുസരിച്ചിരിക്കും പുസ്തകങ്ങളുടെ സര്‍ക്കുലേഷനുകളും സിലബസിലേക്കുള്ള സ്വീകാര്യതയും എന്നതാണു കാരണം. എന്നാല്‍ ഒരു കോംപ്രമൈസുകളും വേണ്ടാതെ ഒരു തൊട്ടപ്പന്മാരുമില്ലാതെ നല്ല എഴുത്ത് തലപ്പൊക്കത്തില്‍ത്തന്നെ തിടമ്പേറ്റുമെന്നതിനും ആറ്റൂര്‍ ഒരു നല്ല ഉദാഹരണമാണ്. ‘സംക്രമണ’വും ‘മേഘരൂപനും’ ‘അര്‍ക്ക’വുമെല്ലാം സിലബസിലേക്കെത്തുന്നത് എഴുത്തിന്‍റെ നന്മകൊണ്ടു മാത്രമാണ്.

കാമ്പു നശിച്ചൊടുങ്ങുന്ന ഒരു പുതുതലമുറയ്ക്കു മുന്നില്‍ മരണംപോലും ലളിതമാക്കിക്കൊണ്ടു പഴയ തലമുറയിലെ നന്മയുടെ കണ്ണിയില്‍ ഒരറ്റമാകുന്നുണ്ടയാള്‍. ആചാരവെടിയരുതെന്ന് ഒരു കവി എഴുതിവയ്ക്കുന്ന അതേ കാലത്താണ് അവാര്‍ഡുകള്‍ക്കായി രാഷ്ട്രീയക്കാരുടെ പിണിയാളുകളാകാന്‍ പുതുതലമുറ കച്ചകെട്ടുന്നത്.

ലളിതമായ ജീവിതവും ലാളിത്യമുള്ള ഭാഷയും എഴുത്തുകാരന്‍റെ കനം കുറച്ചുകളയുന്നുണ്ട് എന്ന തോന്നലിനു നേരെ പുച്ഛച്ചിറി കോട്ടി ഈ നന്മമരം ഒരു ചൂണ്ടുവിലാകുമ്പോള്‍, ആഘോഷങ്ങളില്‍ അഭിരമിക്കുന്ന യുവത സ്വയം പഴിക്കണം. ഏഴല്ല, എഴുപതു വട്ടം. കൂവലുകളെല്ലാം സര്‍ഗാത്മകതയുടെയും സത്ക്രിയതയുടെയും അടയാളങ്ങളാണെന്നു വിശ്വസിച്ചിരിക്കുന്ന യുവതലമുറയ്ക്ക് ഒരാത്മവിശകലനത്തിനുള്ള അവസരമാണീ മരണം സമ്മാനിച്ചിരിക്കുന്നത്.

ആറ്റിലേക്കും അളന്നു കളഞ്ഞതു വാക്കുകളുടെ കണിശതയെയാണ്. അര്‍ത്ഥമില്ലാത്ത ഒരു വ്യാക്ഷേപകം പോലും എഴുത്തിലുണ്ടാവരുതെന്നു ശഠിച്ച്, ഒരാശ്ചര്യചിഹ്നത്തില്‍പ്പോലും കവിത നിറച്ച് ഈ മനുഷ്യന്‍ മഹാമൗനത്തിന്‍റെവടവൃക്ഷം തീര്‍ക്കുമ്പോള്‍,
നാമിനിയും തെരുവില്‍ കലമ്പേണ്ടതെന്തിന്?

ആരവങ്ങളില്‍ ആര്‍പ്പുവിളികളില്‍ വൈകാരികതയെ അവതരിപ്പിക്കേണ്ടതെന്തിന്?

സന്ദര്‍ഭം നോക്കി പ്രതികരിച്ചു കാമ്പില്ലാത്ത അക്ഷരങ്ങളിലേക്കു സഹൃദയശ്രദ്ധയെ വലിച്ചിഴച്ചിടുന്നതെന്തിന്?

നമുക്കു മുന്നില്‍ മാതൃകയുണ്ട്.

മനസ്സു കഴുകിത്തുറന്ന് ഒന്നു കണ്ടാല്‍ മതി.

ദാ,
“അണുധൂളി പ്രസാരത്തിന്നവിശുദ്ധ ദിനങ്ങളില്‍” ഇയാള്‍ “പൂര്‍വപുണ്യത്തിന്‍റെ കയങ്ങളില്‍ മുങ്ങിക്കിടക്കുന്നുണ്ട്.
കൂര്‍മ്മാവതാരത്തിനു കാലം കാത്ത്.

Leave a Comment

*
*