“എന്‍റെ ആത്മീയത എന്‍റെ പ്രവര്‍ത്തനമാണ് “

“എന്‍റെ ആത്മീയത എന്‍റെ പ്രവര്‍ത്തനമാണ് “

ഭൂമി വിവാദത്തെക്കുറിച്ചോ കന്യാസ്ത്രീ സമരത്തെക്കുറിച്ചോ ആധികാരികമായി പറയാന്‍ എനിക്കൊന്നുമറിയില്ല. പക്ഷേ വട്ടോലിയച്ചനെയറിയാം. ഏതാണ്ട് രണ്ടാം ക്ലാസ്സോ മൂന്നാം ക്ലാസ്സോ തൊട്ടറിയാം. എന്‍റെ തിരുബാല സഖ്യക്കാലത്തോ സി.എല്‍.സി.ക്കാലത്തോ മുതല്‍ക്ക്. എന്‍റെ ദേവാലയത്തിന്‍റെ അള്‍ത്താരയ്ക്കരികില്‍ മിഴിയടച്ച് കരംകൂപ്പി നില്‍ക്കുന്ന ഒരു കൊച്ചു ഷിജുവച്ചനെ. ആത്മീയതയുടെ ബാല്യകാലാനുഭവങ്ങള്‍ എങ്ങനെയായിരിക്കുമെന്നത് പിന്നീട് ചിന്തിച്ചപ്പോഴൊക്കെ ഈ മുഖമെന്‍റെ മനസ്സിലുണ്ട്. നീണ്ട സെമിനാരിക്കാലത്തിന്‍റെ ഇടവേളകളിലൊക്കെ ആ അള്‍ത്താരയിലും ചുറ്റുവട്ടങ്ങളിലും ഗൗരവത്തോടെ വ്യാപരിക്കുന്ന, എന്നാല്‍ കുഞ്ഞുനര്‍മ്മങ്ങളിലും നിഷ്കളങ്കമായി ഉറക്കെ പൊട്ടിച്ചിരിക്കാനറിയുന്ന ഷിജുവച്ചനെ ഞങ്ങള്‍ക്ക് ഏറെ ആദരമായിരുന്നു.

അച്ചന്‍റെ തിരുപ്പട്ടനാളില്‍ തൈലം പൂശിയ ആ കരങ്ങളില്‍ ചുംബിച്ചതിന്‍റെ സുഗന്ധം ഇന്നുമെന്‍റെ അനുഭവതലത്തിലുണ്ട്; വിശുദ്ധിയുടെ ഗന്ധമാണത്.

ദേവാലയത്തിലെ അലങ്കാരങ്ങള്‍ക്കും മറ്റും രാപ്പകലില്ലാതെ ഞങ്ങളുടെ ഒരു സംഘം ഈ ദേവാലയത്തിന്‍റെ ചുറ്റുവട്ടങ്ങളിലുണ്ടായിരുന്നു. ഈ തിരുപ്പട്ടം ഒരാള്‍ക്കു കിട്ടിയതല്ല, ഒരു നാടിനാണെന്ന ഭാവമായിരുന്നു ഞങ്ങള്‍ക്ക്. ഞങ്ങളോരോരുത്തരും ആസ്വദിച്ച ഒരു ദിനം.

കാലം കുറേ കഴിഞ്ഞ് നാട്ടിലെത്തുമ്പോഴൊക്കെ അശരണര്‍ക്കും പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമിടയില്‍ നിരന്തരം വ്യാപരിക്കുന്ന ഷിജുവച്ചനെ കൂടുതലറിഞ്ഞു. സോഷ്യല്‍വര്‍ക്ക് സ്റ്റുഡന്‍റ്സും നിരവധി ആക്ടിവിസ്റ്റുകളും അച്ചനെക്കുറിച്ച് വാതോരാതെ സംസാരിച്ചു. പരിസ്ഥിതി സമരങ്ങളിലും നില്‍പ് സമരത്തിലും എന്നു വേണ്ടാ, ഏതുതരം ജനകീയ സമരങ്ങളിലും ബോബിയച്ചനെയും ഷിജുവച്ചനെയും കാണുമ്പോള്‍ സഭയോട് ആദരവു തോന്നി.

ക്രിസ്തുദര്‍ശനങ്ങളുടെ മനുഷ്യ രൂപമാകുവാന്‍ നിരന്തരം പരിശ്രമിക്കുമ്പോള്‍ വെല്ലുവിളികളേറെയാണ്. നിലപാടുകളുണ്ടാവുന്നതും അതില്‍ തുടര്‍ന്നു ജീവിക്കുന്നതുമായ ആയാസകരമായ ഒരവസ്ഥയില്‍ പരീക്ഷണങ്ങളെ മറികടക്കുവാന്‍ ഊന്നുവടികളും ഈ ദര്‍ശനങ്ങള്‍ തന്നെ. സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞ സഭയുടെ പ്രതീക്ഷ നല്‍കുന്ന മാനുഷികമുഖമാണ് ഷിജു അച്ചനെപ്പോലുള്ളവര്‍ സമൂഹത്തിനു നല്‍കുന്ന പ്രതീക്ഷ.

എന്‍റെ ജീവിതമാണെന്‍റെ സന്ദേശമെന്നു പറയണമെങ്കില്‍ അസാമാന്യ ചങ്കൂറ്റം വേണം. അതുറക്കെ പ്രഖ്യാപിക്കുവാന്‍ യോഗ്യതയുള്ളവര്‍ ഇന്നു സമൂഹത്തില്‍ വിരളമാണ്. അവിടെ തലയുയര്‍ത്തി, എന്‍റെ ആത്മീയത എന്‍റെ പ്രവര്‍ത്തനമാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍ വട്ടോലിയച്ചനു കിട്ടുന്ന ചങ്കൂറ്റം വ്യഭിചരിക്കപ്പെട്ടിട്ടില്ലാത്ത ക്രിസ്തു ദര്‍ശനങ്ങളുടെ ജീവിതാനുഭവങ്ങളാണ്.

ഈ മനുഷ്യന്‍ കടന്നു പോകുന്ന നിരവധി സംഘര്‍ഷങ്ങളുണ്ട്. അധികമാര്‍ക്കും കഴിയാത്ത ഈ വഴിയിലൂടെ അയാള്‍ സഞ്ചരിക്കുമ്പോള്‍ കരുത്തു പകര്‍ന്നു കൂട്ടുനില്‍ക്കേണ്ടവരാണ് നമ്മള്‍. സമരമെന്നത് പ്രതിഷേധമോ ആക്രമണങ്ങളോ അല്ല, അതെന്‍റെ കരച്ചിലാണെന്ന് ഈ മനുഷ്യന്‍ ചങ്കുതകര്‍ന്നു പറയുമ്പോള്‍, അതു കേള്‍ക്കാതെ പോകാന്‍ ആര്‍ക്കൊക്കെ കഴിഞ്ഞാലും, അദ്ദേഹത്തിന്‍റെ ജന്മനാടിനും സൗഹൃദങ്ങള്‍ക്കും കഴിയില്ലെന്ന് വിനയപൂര്‍വ്വം ഓര്‍മ്മിച്ചുകൊണ്ട്, വട്ടോലിയച്ചനൊപ്പം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org